കവർസ്റ്റോറി
ആദ്യ വോട്ടർ പട്ടിക എന്ന ‘ഇന്ത്യൻ ഇതിഹാസം’

.റഫീഖ് ഇബ്രാഹിം
Published on Nov 07, 2026, 02:02 PM | 16 min read
“ഒരു ജനാധിപത്യ ഭരണഘടനയിൽ വോട്ടവകാശത്തിന്മേൽ ഏർപ്പെടുത്തുന്ന ഏത് കൃത്രിമ നിയന്ത്രണവും ജനാധിപത്യത്തിന്മേൽ തന്നെയുള്ള അനധികൃത നിയന്ത്രണമാണ്.”
-1928 ഓഗസ്റ്റ് 10, അലഹബാദ്1
(ഭരണഘടനയുടെ തത്വങ്ങൾ നിർണയിക്കുന്നതിനായി സർവകക്ഷി സമ്മേളനം നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൽ നിന്ന്)
“കച്ചവടത്തിനായി തട്ടിക്കൂട്ടിയ ഇടത്തോ കടയിലോ രാത്രി കഴിച്ചുകൂട്ടുന്നവർ, ഹോട്ടലിന്റെ തട്ടിൻപുറത്തു കിടന്നുറങ്ങുന്ന തൊഴിലാളികൾ, ഇവർക്കെല്ലാം അതത് കടയോ ഹോട്ടലോ സ്ഥിതിചെയ്യുന്ന പ്രദേശത്തെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ അർഹതയുണ്ടായിരിക്കും. നഗരസഭയുടെ പുറമ്പോക്ക് ഭൂമിയിൽ നിർമിച്ച ചെറുകുടിലുകളിൽ താമസിക്കുന്ന നാടോടികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവകാശമുണ്ടായിരിക്കും. ഒരു സംശയവും വേണ്ട; പൊതുവഴികളിലോ ഇടനാഴികളിലോ ബാൽക്കണികളിലോ പടിക്കെട്ടുകളിലോ ഉറങ്ങുന്ന വീട്ടുജോലിക്കാർക്കും വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ അവകാശമുണ്ട്.”
- 1949 ഏപ്രിൽ 9, ന്യൂഡൽഹി2
(ഭരണഘടനാ നിർമാണസഭാ സെക്രട്ടറിയറ്റിലെ അണ്ടർ സെക്രട്ടറി കെ വി പത്മനാഭൻ ബോംബെ സർക്കാരിന്റെ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽനിന്ന്.)
1951 ഒക്ടോബർ 25, രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്നും അറുനൂറ് കിലോമീറ്റർ മാറി, സത്ലജ് നദീതീരത്തുള്ള ‘കൽപ്പ’ എന്ന ഹിമാലയൻ ഗ്രാമത്തിൽ, താൽക്കാലികമായി സജ്ജമാക്കിയ ഒരു പോളിങ് സ്റ്റേഷനിൽ വച്ച്, മുപ്പത്തിനാല് വയസ്സുകാരനായ ശ്യാം ശരൺ നേഗ എന്ന പ്രൈമറി സ്കൂൾ അധ്യാപകന്റെ ഇടതുകൈയുടെ ചൂണ്ടുവിരലിന് ഉൾഭാഗത്ത്, ചെറിയ ഗ്ലാസ് ദണ്ഡുപയോഗിച്ച്, നാഷണൽ ഫിസിക്കൽ ലബോറട്ടറി വികസിപ്പിച്ചെടുത്ത മായാമഷികൊണ്ട് ഒരു ഉദ്യോഗസ്ഥൻ നീണ്ട ഒരു വര വരച്ചു. അയാളോ ശരീരത്തിൽ ഈ മുദ്ര ഏറ്റുവാങ്ങിയ നേഗി തന്നെയോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണത്തിന്റെ ചരിത്രത്തിലെ അതിനിർണായകമായ ഒരു കാൽവെപ്പായിരുന്നു ആ മായാമുദ്രയെന്ന് തിരിച്ചറിഞ്ഞിരിക്കാൻ വഴിയില്ല. ‘കിന്നൗരി’ എന്ന ആദിവാസി വിഭാഗത്തിലുൾപ്പെട്ട മനുഷ്യരായിരുന്നു സമുദ്രനിരപ്പിൽനിന്ന് 9711 അടി ഉയരത്തിലുള്ള, കടുത്ത ശൈത്യവും മഞ്ഞുവീഴ്ചകൊണ്ട് ദുർഘടമാവുന്ന മലമ്പാതകളുമുള്ള ആ അതിർത്തിഗ്രാമത്തിൽ പാർത്തിരുന്നത്. കോവർ കഴുതകളുടെ മുകളിൽ കെട്ടിവച്ച നിലയിലായിരുന്നു പോളിങ് സാമഗ്രികൾ ഉദ്യോഗസ്ഥർ അവിടെ എത്തിച്ചതു തന്നെ. ശൈത്യകാലം ആരംഭിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലായിരുന്നു ഗുണനിലവാരമുള്ള ആപ്പിളിന് പേരുകേട്ട ആ ഹിമാലയൻ ഗ്രാമം. രാഷ്ട്രീയത്തെക്കുറിച്ചോ രാഷ്ട്രീയ പാർടികളെക്കുറിച്ചോ ഗ്രാമീണർക്ക് കാര്യമായ ധാരണകൾ ഉണ്ടായിരുന്നില്ല. സമതലപ്രദേശങ്ങളിൽ നടന്നുപോന്ന രാഷ്ട്രീയസംവാദങ്ങളിൽനിന്ന് തെന്നിത്തെറിച്ചുവന്ന ചില ചീളുകൾ മാത്രമേ തെരഞ്ഞെടുപ്പിനെക്കുറിച്ച് അവർക്ക് ലഭിച്ചിരുന്നുള്ളൂ. തെരഞ്ഞെടുപ്പ് പ്രചാരണർഥം ജവഹർലാൽ നെഹ്റു ഹിമാചൽ സന്ദർശിച്ചിരുന്നുവെങ്കിലും ഷിംലയിലും പരിസരപ്രദേശങ്ങളിലുമായി ആ സന്ദർശനം ഒതുങ്ങി. നഗരപ്രദേശങ്ങളിലുള്ളവർ പോലും അദ്ദേഹം പുതിയ ഗവർണർ ജനറലാണെന്നാണ് കരുതിയിരുന്നത്. തങ്ങൾ നൽകുന്ന ഈ കടലാസ് കഷണംകൊണ്ട് അദ്ദേഹത്തിനെന്താണ് ഗുണം എന്നവർ അത്ഭുതം കൂറി3. ആ നിലയിൽ ‘കൽപ്പ’യിലെ ഗ്രാമീണർ എങ്ങനെയാവാം രാഷ്ട്രീയത്തെ മനസ്സിലാക്കിയിരുന്നത് എന്നൂഹിക്കാവുന്നതേയുള്ളൂ. അതെന്തായാലും നേഗ വോട്ട് ചെയ്ത ഷോംഗ്തോംഗ്4 എന്ന പോളിങ്ബൂത്തിൽ തെരഞ്ഞെടുപ്പ് പ്രവൃത്തികൾ മറ്റു തടസ്സങ്ങളില്ലാതെ തുടർന്നു.
വര: സുധീഷ് കോട്ടേമ്പ്രം
യാദൃച്ഛികമെങ്കിലും ഇന്ത്യൻ ജനാധിപത്യ പ്രക്രിയയുടെ സത്ത ഉൾക്കൊണ്ട ഒരു രൂപകാത്മക പ്രകടനമായി കാണാം ആ ഹിമാലയൻ ഗ്രാമത്തിലെ ആദ്യ തെരഞ്ഞെടുപ്പ് ദിനം. നവംബറോടുകൂടി മഞ്ഞുവീഴ്ച ആരംഭിക്കുകയും തെരഞ്ഞെടുപ്പ് നടത്താൻ കഴിയാത്ത സാഹചര്യം സംജാതമാകുകുകയും ചെയ്യുമെന്നതിനാലാണ് ടിബറ്റിനോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ഒക്ടോബർ അവസാനം തന്നെ വോട്ടെടുപ്പ് നടത്താൻ ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ ഐ സെൻ തീരുമാനിച്ചത്. പ്രായോഗികതയെ മുൻനിർത്തി നടപ്പിലാക്കിയ സാങ്കേതികമായ ഒരു നടപടി മാത്രമായിരുന്നു അതെങ്കിലും ഇന്ത്യൻ ദേശീയ ജനാധിപത്യത്തിന്റെ അന്തഃസത്തയെ ഉൾക്കൊണ്ട ‘പ്രതീകാത്മക സ്വഭാവം’ കൂടി അതിനുണ്ടായിരുന്നു. മുകളിൽ പറഞ്ഞതുപോലെ സംവാദങ്ങളാൽ ഇളകിമറിഞ്ഞ ഇന്ത്യൻ രാഷ്ട്രീയ പൊതുമണ്ഡലത്തിൽനിന്നും നാഗരിക മധ്യവർഗ ജനതയിൽനിന്നും എത്രയോ അകലെയായിരുന്നു കൽപ്പ ഗ്രാമം. നിരക്ഷരരും ആദിവാസി വിഭാഗത്തിലുൾപ്പെടുന്നവരും കർഷകരും യാത്രാസൗകര്യമോ വാർത്താവിനിമയോപാധികളോ ശരിയാം നിലയിലില്ലാത്ത ഒരു അതിർത്തി മലയോരഗ്രാമത്തിലെ നിവാസികളുമായ മനുഷ്യരാണ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഉദ്ഘാടനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. അസാധ്യമെന്നു കരുതപ്പെട്ട, ആദർശാത്മകവും സാമൂഹ്യശാസ്ത്രജ്ഞരാൽ ‘കേവലകാൽപ്പനികം’ എന്നുപോലും വിലയിരുത്തപ്പെട്ട ‘പ്രായപൂർത്തിയടിസ്ഥാനമാക്കിയുള്ള സാർവത്രിക വോട്ടവകാശം’ എന്ന തത്വത്തെ ഇന്ത്യയിൽ പ്രയോഗവൽക്കരിച്ച ആദ്യ വോട്ടറായി, പിൽക്കാലത്ത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷണറാൽ ആദരിക്കപ്പെട്ട ശ്യാം ശരൺ നേഗി. അങ്ങനെ രാജ്യതലസ്ഥാനത്തുനിന്ന് വിദൂരമായ ഒരു ദരിദ്രഗ്രാമത്തിൽനിന്ന് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വമായ ‘ഒരു വ്യക്തിക്ക് ഒരു വോട്ട്; ഓരോ വോട്ടിനും തുല്യമായ മൂല്യം’ എന്നതിന്റെ പ്രയോഗം ആരംഭിച്ചു.
ഓരങ്ങളിലെ ദരിദ്രമനുഷ്യർ സമ്മതിദാനത്തിന്റെ ആദ്യമുഖങ്ങളായത് ആകസ്മികവും പ്രായോഗികതയെ മുൻനിർത്തി സ്വീകരിച്ച സാങ്കേതിക നടപടിയുടെ കേവലഫലവുമായിരുന്നു എന്നു കരുതണമെങ്കിൽ ഇന്ത്യയുടെ ആദ്യ വോട്ടർപട്ടികയുടെ കരട് നിർമാണ പ്രക്രിയയെക്കുറിച്ച് നാം അജ്ഞരായിരുന്നേ മതിയാവൂ. 1948 നവംബർ മുതൽ ആരംഭിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർപട്ടികാ നിർമാണത്തിന്റെ ഗുണഭോക്താക്കളായിരുന്നു കൽപ്പയിലെ ആ ഗ്രാമീണർ. ഭരണഘടനാ നിർമിതിയുടെ സൂക്ഷ്മാംശങ്ങൾ നമുക്കിടയിൽ ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും, ഭരണഘടനയുടെ സാമൂഹ്യ-ദാർശനികാടിസ്ഥാനങ്ങളും വീക്ഷണങ്ങളും ആവർത്തിക്കപ്പെടാറുണ്ടെങ്കിലും, ഭരണഘടനാ നിർമാണത്തെ പലപ്പോഴും നിർണയിച്ച ആദ്യ വോട്ടർപട്ടികാ നിർമാണത്തെക്കുറിച്ചു നമുക്കിടയിൽ വലിയ ധാരണകളില്ല. നടപടിക്രമങ്ങൾ എളുപ്പമാക്കാനുമുള്ള ഒരു പട്ടിക എന്നതിനപ്പുറം വോട്ടർപട്ടികയെ ഒരു രാഷ്ട്രീയ-ദാർശനിക പാഠമായി നാം മനസ്സിലാക്കാറുമില്ല. എന്നാൽ വോട്ടർപട്ടിക എന്നത് ഒരാഖ്യാനമാണെന്നും അതിലൂടെ ഒരു യാഥാർഥ്യം വ്യാവഹാരികമായി നിർമിക്കപ്പെടുന്നുണ്ടെന്നും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വോട്ടർ പട്ടികയുടെ നിർമാണചരിത്രം നമ്മോട് പറയും. ഇന്ത്യയുടെ ആദ്യ വോട്ടർ പട്ടികാ നിർമാണത്തെക്കുറിച്ച് സൂക്ഷ്മവും ശ്ലാഘനീയവും മൂല്യവത്തായതുമായ പഠനം (How India Became Democratic: Citizenship and the Making of the Universal Franchise) തയ്യാറാക്കിയ ഇസ്രയേലി ചരിത്രകാരിയായ ഓർനിത് ഷാനി ഈ നിർമാണപ്രവർത്തനത്തിനിടെ പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾ, കുറിപ്പുകൾ, വാർത്തകൾ എന്നിവയെ ചേർത്തുവച്ച് അതിനെ ‘പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ട ഇതിഹാസം’ (serialised epic) എന്നു വിശേഷിപ്പിക്കുന്നുണ്ട്. ‘വോട്ടർ പട്ടികാ ശുദ്ധീകരണകാലത്ത്' ഈ പുസ്തകം വായിക്കുമ്പോൾ ഇതിഹാസം എന്ന പ്രയോഗത്തിന് ആദ്യ വോട്ടർ പട്ടികയുടെ കരടുരൂപം തന്നെ അർഹമാണെന്ന് നമുക്ക് ബോധ്യപ്പെടും. ഷാനിയുടെ പുസ്തകത്തിൽ നിന്നാണ് ആദ്യ വോട്ടർ പട്ടികാ നിർമാണത്തിന്റെ രേഖകളെക്കുറിച്ചുള്ള വിവരങ്ങൾ ഈ ലേഖനം കടമെടുക്കുന്നത്. രോഹിത് ദേയുമായി ചേർന്ന് അവരെഴുതിയ ഭരണഘടനാ നിർമാണ ചരിത്രം (Assembling Indias Constitution) മലയാളികൾക്ക് പരിചിതമാണെങ്കിലും മേൽപുസ്തകം അങ്ങനെ നമ്മുടെ ചർച്ചയിൽ വന്നിട്ടില്ല. വർത്തമാനപ്രസക്തിയുള്ള ഒരു കൃതിയിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നതുകൂടി ലേഖനത്തിന്റെ ലക്ഷ്യമാണ് എന്ന് സാരം.
വര: സുധീഷ് കോട്ടേമ്പ്രം
വോട്ടർ പട്ടികയുടെ
രാഷ്ട്രീയ ധാർമികത:
ആദ്യാനുഭവങ്ങൾ
ഭരണഘടനാ നിർമാണസഭാ സെക്രട്ടറിയറ്റിന് 1947 ഒക്ടോബർ 11-ന് കെ ബി മാധവ എന്ന ഗണിതശാസ്ത്രജ്ഞൻ തയ്യാറാക്കി നൽകിയ അഞ്ചുപേജുള്ള റിപ്പോർട്ടിൽ നിന്നുവേണം ആദ്യ വോട്ടർ പട്ടികയുടെ രാഷ്ട്രീയവീക്ഷണത്തിലേക്ക് കടക്കാൻ. 1947 ഏപ്രിലിൽ ഭരണഘടനാ ചർച്ചകളുടെ തുടക്കത്തിൽത്തന്നെ ഭരണഘടനാ നിർമാണസഭ ‘സാർവത്രിക വോട്ടവകാശം’ അംഗീകരിച്ചിരുന്നു. ഏതാനും മാസങ്ങൾക്കുശേഷം, ഭരണഘടന നിലവിൽ വരുമെന്ന പ്രതീക്ഷയിൽ ആദ്യ കരട് വോട്ടർ പട്ടികകൾ തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്വം ഭരണഘടനാ നിർമാണസഭയുടെ സെക്രട്ടറിയറ്റ് (Constituent Assembly Secratariate -– ഇനിയങ്ങോട്ട് CAS എന്നെഴുതുന്നു) ഏറ്റെടുത്തു. തുടർന്നുള്ള രണ്ടര വർഷക്കാലം ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുകയും അതിന്റെ മേൽനോട്ടം വഹിക്കുകയും ചെയ്ത CAS എന്നത് ഭരണഘടനാ നിർമാണസഭയുടെ പ്രവർത്തനങ്ങളെ സഹായിച്ച ഔദ്യോഗികരൂപമായിരുന്നു. ഭരണഘടനയുടെ പ്രാരംഭ കരട് തയ്യാറാക്കിയ ബി എൻ റാവു (ബെനഗൽ നരസിങ് റാവു) ഐസിഎസിന്റെ മാർഗനിർദേശത്തിൽ പ്രവർത്തിച്ച ഇടക്കാല സംവിധാനമായിരുന്നു അത്. തെരഞ്ഞെടുപ്പ് കമീഷൻ രൂപീകൃതമാവുന്നതുവരെ, വരാൻ പോകുന്ന ആദ്യ തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ സ്വരുക്കൂട്ടേണ്ട ചുമതല CAS-നായിരുന്നു. സ്വാഭാവികമായി വോട്ടർ പട്ടികയുടെ ആദ്യരൂപമുണ്ടാക്കലും. പക്ഷേ എക്സിക്യൂട്ടീവിലെ ഉയർന്ന പദവിയിലിരുന്ന് തങ്ങളുടെ ജോലി കേവലമായി നിർവഹിച്ച ഉദ്യോഗസ്ഥസംഘം മാത്രമായിരുന്നില്ല ഇവർ. 2018 ഡിസംബറിൽ നടന്ന ടൈംസ് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ഒരു സംവാദത്തിനിടെ ഓർനിത് ഷാനി ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ വിസ്മൃതനായകർ’ എന്നാണിവരെ വിശേഷിപ്പിച്ചത്. ഔദ്യോഗികജോലി സ്വയമേവ ആവശ്യപ്പെടാത്ത നിലയിൽ ഉയർന്ന സാമൂഹിക-രാഷ്ട്രീയബോധ്യവും മാനുഷികതയും പ്രകടിപ്പിച്ച കൂട്ടമായിരുന്നു ഈ ഉദ്യോഗസ്ഥർ എന്നതുകൊണ്ടാണ് ഷാനി ഇത്തരമൊരു ആദരം അവർക്ക് സമർപ്പിച്ചത്.
ഭരണഘടനാ നിർമാണസഭയുടെ മൗലികാവകാശസമിതിയിലെ (Fundamental Rights Sub-Committee of the Constituent Assembly) അംഗമായ കെ ടി ഷാ 1947 ഓഗസ്റ്റ് 27-ന് സഭയുടെ അധ്യക്ഷനായ രാജേന്ദ്രപ്രസാദിന് വോട്ടർ പട്ടികാ നിർമാണവും സെൻസസ് പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത് ദുർവ്യയം ഇല്ലാതാക്കാൻ സഹായിക്കുമെന്നു ചൂണ്ടിക്കാട്ടി നൽകിയ ഒരു കത്താണ് അഞ്ചുപേജുള്ള കെ ബി മാധവയുടെ റിപ്പോർട്ട് നിർമിതിയിലേക്ക് നയിച്ചത്. രാജ്യത്താകമാനം പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക തയ്യാറാക്കുക എന്നത് ദീർഘകാലം നീളുന്നതും ചെലവേറിയതുമായ ഒരു പ്രവർത്തനമായിരിക്കും എന്നതായിരുന്നു കത്തിലെ ആശങ്ക. അതിനാൽ, ഇതേ അവസരം പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ സമ്പൂർണ സെൻസസ് കൂടി നടത്താവുന്നതാണ് എന്നു ഷാ എഴുതി. വോട്ടർ പട്ടിക തയ്യാറാക്കുന്ന പ്രവർത്തനവും സെൻസസും സംയോജിപ്പിക്കണമെന്ന ഷായുടെ നിർദേശത്തോട് യോജിക്കാൻ CAS-നു കഴിഞ്ഞില്ല. സംശയത്തോടെയുള്ള സമീപനമാണ് അവർ സ്വീകരിച്ചത്.
അന്തിമതീരുമാനമെടുക്കുന്നതിനു മുമ്പ് ഷായുടെ നിർദേശത്തെക്കുറിച്ച് വിദഗ്ധാഭിപ്രായം തേടാൻ അവർ തീരുമാനിച്ചു. കെ ബി മാധവയോടാണ് അവർ അഭിപ്രായം തേടിയത്. വോട്ടർ പട്ടിക തയ്യാറാക്കുന്ന പ്രവർത്തനത്തെ സെൻസസുമായി സംയോജിപ്പിക്കരുതെന്ന് മാധവ സംശയമേതുമില്ലാതെ നിർദേശിച്ചു. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ രേഖാശേഖരത്തിൽനിന്ന് ഈ റിപ്പോർട്ട് പരിശോധിച്ച ഓർനിത് ഷാനി മാധവയുടെ റിപ്പോർട്ടിനെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്5. അതിലൂടെ കടന്നുപോകുമ്പോൾ മൂന്ന് സുപ്രധാന തത്വങ്ങൾ അദ്ദേഹം ആ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചത് വ്യക്തമാവും.
1. വോട്ടർ പട്ടിക നിയമപ്രാബല്യമുള്ള രേഖ (statutory document) യാണ്. ഉപയോഗപ്രദമായ വിവരശേഖരം എന്നേ സെൻസസിനെ മനസ്സിലാക്കേണ്ടതുള്ളൂ. വോട്ടവകാശം ലഭിക്കുന്നതിനുള്ള യോഗ്യതകളുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടിക തയ്യാറാക്കുന്നത്. അർഹരായ എല്ലാവരെയും സമ്പൂർണമായി എണ്ണിത്തിട്ടപ്പെടുത്തേണ്ടുന്ന അതീവ ഗൗരവസ്വഭാവം വോട്ടർ പട്ടികയ്ക്കുണ്ട്. ജനസംഖ്യാപരവും സാമൂഹികശാസ്ത്രപരവും സാമ്പത്തികവുമായ സവിശേഷതകൾ രേഖപ്പെടുത്തുന്ന പ്രവർത്തനത്തിന് സമാനമല്ല അത്.
2. 1941-–നും അതിനു മുമ്പുമായി നടന്ന ദശവത്സര സെൻസസുകളെക്കുറിച്ച് ധാരാളം സംശയങ്ങൾ ജനങ്ങൾക്കിടയിലുണ്ട്. സെൻസസ് പ്രവർത്തനങ്ങളുമായി വോട്ടർ പട്ടികാ നിർമാണം ഏകോപിപ്പിച്ചാൽ ഈ സംശയങ്ങളും അവിശ്വാസവും വോട്ടർ പട്ടികയോടുമുണ്ടാവാൻ സാധ്യതയുണ്ട്. വോട്ടർ പട്ടിക കൃത്യവും കാലികവുമായി പരിപാലിക്കപ്പെടേണ്ട രേഖയാണ്.
3. പ്രായപൂർത്തിയായതിന്റെ തെളിവ് ഹാജരാക്കുക പരിഹരിക്കാനാകാത്ത പ്രശ്നമായി മാറിയേക്കാം. ഇന്ത്യയിൽ കൃത്യമായ പ്രായത്തെക്കുറിച്ചുള്ള അജ്ഞത ഏതാണ്ട് സർവസാധാരണമാണ്. പൗരത്വവും നിയമപരമായ നടപടികളിലൂടെ പൗരത്വം നേടലും (naturalization) വ്യാഖ്യാനപരമായ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. കുടിയേറ്റക്കാരുടെ കാര്യത്തിലും സമാനമായ പ്രശ്നങ്ങൾ ഉയർന്നുവരാം.
ഒരു ഗണിതശാസ്ത്ര പ്രൊഫസറായിരുന്നു എങ്കിലും രാഷ്ട്രീയ ദാർശനികരിലോ രാഷ്ട്രമീമാംസകരിലോ കാണാവുന്ന സൂക്ഷ്മതയോടെയാണ് മാധവയുടെ പ്രതികരണം. സെൻസസ് നടപടികളിൽനിന്ന് വോട്ടർ പട്ടിക തയ്യാറാക്കുന്നതിനെ വേർതിരിക്കുക എന്നതിനർഥം, ജനങ്ങളെ ‘കേവലം എണ്ണ’മായി കണക്കാക്കുന്ന സംവിധാനത്തിനുപകരം പൗരന്മാർ എന്ന നിലയിലും പരമാധികാരികൾ എന്ന നിലയിലും അവരെ രൂപപ്പെടുത്തുന്ന സംവിധാനം ആവിഷ്കരിക്കുക എന്നതായിരുന്നു എന്ന് മിഷേൽ ഫൂക്കോയെ മുൻനിർത്തി ഓർനിത് ഷാനി പറയുന്നു6. ജനങ്ങളെ ഭരണത്തിന്റെ വിഷയങ്ങളായി (object) കണ്ടുപോന്ന സമീപനത്തിൽനിന്ന് പരമാധികാരപൗരന്മാരായ വിഷയി (subject) ആയി ജനം മാറുന്നതിന്റെ ദൃഷ്ടാന്തമായിരുന്നു സെൻസസിൽ നിന്ന് വോട്ടർ പട്ടികയെ സമ്പൂർണമായി വേർതിരിക്കണമെന്ന മാധവയുടെ നിർദേശം.
വര: സുധീഷ് കോട്ടേമ്പ്രം
സെൻസസ് നടപടികളെക്കുറിച്ചുള്ള ജനങ്ങളുടെ സംശയം വോട്ടർ പട്ടികയിലേക്ക് നുഴഞ്ഞുകയറരുത് എന്ന അദ്ദേഹത്തിന്റെ മുൻകരുതലാവട്ടെ അതിപ്രധാനമാണ്. സെൻസസ് പ്രവർത്തനങ്ങളിൽ മുൻപരിചയമുള്ള മാധവ, സർക്കാരിന്റെ നയനിർമാണങ്ങളെ നിർണയിക്കേണ്ട നിർണായകസ്ഥാനം സെൻസസിനുണ്ട് എന്നതംഗീകരിക്കുമ്പോൾ തന്നെ ജനങ്ങൾക്ക് ‘നേരിട്ട് പ്രതിനിധാനം അനുഭവവേദ്യ’മാവുന്ന ഒന്നല്ല സെൻസസ് എന്നു തിരിച്ചറിഞ്ഞിരുന്നു. ഒരു ചെറുന്യൂനപക്ഷമെങ്കിലും തങ്ങളുടേതല്ലാത്ത രേഖയായാണ് സെൻസസിനെ കണ്ടത്. ഇത്തരം സംശയങ്ങളെയും സന്ദേഹങ്ങളെയും പുതുതായി നിർമിക്കുന്ന വോട്ടർ പട്ടികയിലേക്ക് ആനയിക്കരുത് എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഷായുടെ കത്ത് ഉന്നയിച്ച പ്രമേയത്തെക്കുറിച്ചല്ലാതെ ചില നിർദേശങ്ങൾ കൂടി മാധവ നൽകിയിരുന്നു. അതിൽ ഏറ്റവും പ്രധാനം പ്രായം തെളിയിക്കാനുള്ള രേഖയെ സംബന്ധിച്ചാണ്. ഭൂരിപക്ഷം ഇന്ത്യക്കാരുടെ കൈകളിലും ഇത്തരം രേഖകൾ ഉണ്ടാവാൻ സാധ്യതയില്ലെന്ന്, തന്റെ സെൻസസ് അനുഭവത്തെ മുൻനിർത്തി മാധവ ചൂണ്ടിക്കാട്ടി.
മാധവയുടെ റിപ്പോർട്ട് പരിശോധിച്ചശേഷം, CAS അണ്ടർ സെക്രട്ടറി കെ വി പത്മനാഭൻ 1947 ഒക്ടോബർ 18-ന് നിർണായകമായ ഒരു കുറിപ്പെഴുതി. അതിങ്ങനെയായിരുന്നു: ‘വോട്ടർ പട്ടികകൾ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനം ഒരു പ്രത്യേക നടപടിയായി ആരംഭിക്കണമെന്നും ഇക്കാര്യത്തിൽ പ്രവിശ്യാ ഗവൺമെന്റുകളിൽ (Provincial Governments) നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കണമെന്നും നിർദേശിക്കുന്നു.’ അണ്ടർ സെക്രട്ടറിയുടെ ഈ നിർദേശം പരിശോധിക്കും മുമ്പ് നമുക്ക് CAS-ന്റെ സെക്രട്ടറിയായ എച്ച് വി ആർ അയ്യങ്കാർ രാജേന്ദ്രപ്രസാദിന് ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് നൽകിയ നോട്ട് കാണേണ്ടതുണ്ട്. 1947 ഒക്ടോബർ 27ന് കഴിഞ്ഞ സെൻസസിൽ (1941) രാഷ്ട്രീയവും സാമുദായികവുമായ താൽപ്പര്യങ്ങൾ പ്രവർത്തിച്ചിരുന്നതിനാൽ തന്നെ കൃത്യതയില്ലാത്തതായിരുന്നു അതെന്ന വിമർശനം നിലവിലുണ്ട് എന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് എഴുതിയ ആ കുറിപ്പിൽ അദ്ദേഹം പറഞ്ഞു; “വോട്ടർമാരുടെ രജിസ്ട്രേഷനിൽ വ്യക്തിഗത താൽപ്പര്യങ്ങളോ രാഷ്ട്രീയ പർടികളുടെ താൽപ്പര്യങ്ങളോ പ്രവർത്തനക്ഷമമാവാൻ തക്ക സാഹചര്യമൊരുക്കിക്കൂടാ.” ഭരണഘടനാ അസംബ്ലി സെക്രട്ടറിയറ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആർക്കൈവ് രേഖകളിൽ റഫറൻസ് നമ്പർ CA/ I/ FR/ 48- I, ECIR ആയി ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്നു ഈ നോട്ട്. ഒരുദ്യോഗസ്ഥന്റെ ഫയലെഴുത്ത് എന്നതിനെക്കാൾ സ്വതന്ത്ര ഇന്ത്യയുടെ വോട്ടർ പട്ടികകളുടെ ധാർമികാടിസ്ഥാനം എന്തായിരിക്കണം എന്നാണ് ഒട്ടും സാഹിതീയമല്ലാത്ത ഈ ഉദ്യോഗസ്ഥക്കുറിപ്പിലൂടെ നാം വായിക്കുന്നത്7.
വഴിവെട്ടുന്ന മലയാളി, വഴികാട്ടിയാവുന്ന
‘കേരള മോഡൽ’
ഈ കുറിപ്പെഴുതിയ എച്ച് വി ആർ അയ്യങ്കാർ (1902–1978) ഇന്ത്യൻ സിവിൽ സർവീസിലെ പ്രമുഖ ഉദ്യോഗസ്ഥനായിരുന്നു. വിഭജനാനന്തര സാഹചര്യത്തിൽ മുസ്ലിങ്ങൾ നേരിട്ടുകൊണ്ടിരുന്ന ദുരവസ്ഥയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിനായി നെഹ്റു അജ്മീറിലേക്ക് അയച്ചത് എച്ച് വി ആറിനെയായിരുന്നു. കർണാടകക്കാരനായ, വോട്ടർ പട്ടിക നിഷ്പക്ഷസ്വഭാവം പുലർത്താൻ ധാർമികമായി ഉത്തരവാദപ്പെട്ടിരിക്കുന്നു എന്ന ധാരണയുടെ ആധാരശിലയിട്ട എച്ച് വി ആറിനെ സമകാല ഇന്ത്യ വേണ്ടത്ര അറിയുന്നുണ്ടോ എന്നത് സംശയം.
ഒരുപക്ഷേ, മലയാളികളായ നമ്മെ സംബന്ധിച്ച് അതിനെക്കാൾ പ്രധാനപ്പെട്ട നാമമാണ് മുകളിൽ ചൂണ്ടിക്കാട്ടിയ CASന്റെ അണ്ടർ സെക്രട്ടറിയായിരുന്ന കെ വി പത്മനാഭൻ. തലശ്ശേരിക്കാരനായ കെ വി പത്മനാഭന്റെ (1911–1994) ഔദ്യോഗികജീവിതം വടക്കേമലബറിലെ നവോത്ഥാനചരിത്രവും ഇന്ത്യയുടെ രാഷ്ട്രനിർമാണവും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന പ്രധാന കണ്ണിയായി മനസ്സിലാക്കേണ്ടതുണ്ട്. ദൗർഭാഗ്യവശാൽ നമുക്കൊട്ടും അറിഞ്ഞുകൂടാത്ത ഒന്നാണ് അദ്ദേഹത്തിന്റെ ജീവിതം (ഇതെഴുതുന്ന സമയംവരെ അദ്ദേഹത്തിന്റെ പേരിൽ മലയാളത്തിലോ ഇംഗ്ലീഷിലോ ഒരു വിക്കിപീഡിയ പേജ് പോലുമില്ല എന്നതാണ് യാഥാർഥ്യം).
മയ്യഴിയിലെ ജവഹർലാൽ നെഹ്റു ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പത്മനാഭന്റെ പഠനം. മലയാളി സാംസ്കാരിക പാരമ്പര്യവും ഫ്രഞ്ച് ഭരണത്തിന്റെ സ്വാധീനവും ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ അന്തരീക്ഷവും കൂടിച്ചേർന്ന മയ്യഴിയിലെ ജീവിതാനുഭവങ്ങൾ അദ്ദേഹത്തിന്റെ വളർച്ചയിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചു. 1947 ഓഗസ്റ്റ് 14-ന് അർധരാത്രിയിൽ ഭരണഘടനാ നിർമാണസഭയിൽ നടന്ന സ്വാതന്ത്ര്യപ്രഖ്യാപനവുമായി ബന്ധപ്പെട്ട സമ്മേളനത്തിന്റെ ഒരുക്കങ്ങളിൽ അദ്ദേഹത്തിന് ചുമതലകൾ ലഭിച്ചിരുന്നു. അദ്ദേഹവും ഭാര്യ പത്മയും ഇന്ത്യ സ്വാതന്ത്ര്യം നേടിയ ചരിത്രനിമിഷത്തിന് സാക്ഷിയാവുകയും ജവഹർലാൽ നെഹ്റുവിന്റെ പ്രസിദ്ധമായ പ്രസംഗം (Tryst with Destiny) നേരിട്ടു കേൾക്കുകയുമുണ്ടായി. ഇന്ത്യ – പാക് വിഭജനത്തിന്റെ ‘ഹണിമൂൺ കാലം’ എന്നറിയപ്പെട്ട 1950–-കളിൽ പാകിസ്ഥാനിൽ ഡെപ്യൂട്ടി ഹൈക്കമീഷണറായും ആക്ടിങ് ഹൈക്കമീഷണറായും അദ്ദേഹം പ്രവർത്തിച്ചു. വിഭജനത്തിന്റെ മുറിവുകൾ ഇരു രാജ്യങ്ങളുടെയും ബന്ധങ്ങളെ ആഴത്തിൽ ബാധിച്ചിരുന്ന കാലമായിരുന്നു അത്. സ്വത്തവകാശം, പൗരന്മാരുടെ യാത്ര, കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ തുടങ്ങിയ സങ്കീർണ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടിവന്നത് നയതന്ത്രത്തിന്റെ മാനുഷികവും രാഷ്ട്രീയവുമായ തലങ്ങളെ ഒരുപോലെ അഭിമുഖീകരിക്കേണ്ട സാഹചര്യം അദ്ദേഹത്തിനു മുമ്പിൽ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ പാകിസ്ഥാനിലെ ജീവിതാനുഭവങ്ങൾ രേഖപ്പെടുത്തുന്ന ഒരു പ്രധാന ചരിത്രരേഖയാണ് ‘പാകിസ്ഥാനിലെ മൂന്ന് വേനൽക്കാലങ്ങൾ’ (Three Summers in Pakistan). ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് (ICWA) പ്രസിദ്ധീകരിച്ച ഈ കുറിപ്പുകൾ വായിക്കുമ്പോൾ ഇന്ത്യ–പാകിസ്ഥാൻ ബന്ധങ്ങളുടെ സങ്കീർണതകൾക്കൊപ്പം വിഭജനത്തിന്റെ ഇരകൾ, യാതനകൾ, പ്രത്യാഘാതങ്ങൾ എന്നിവയും തെളിഞ്ഞുവരും. ആ കുറിപ്പുകളിൽനിന്ന് ഒരു ചെറുഭാഗം മലയാളീകരിക്കട്ടെ;
“കറാച്ചിയിൽ എനിക്കു ചില മാപ്പിള സുഹൃത്തുക്കളുമുണ്ടായി വന്നു. കേരളത്തിലെ മലബാർ പ്രദേശത്തുനിന്നുള്ളവരായിരുന്നു അവർ. ഇന്ത്യാ വിഭജനത്തിന്റെ കാലത്ത് കറാച്ചിയിൽ മാത്രം ഏകദേശം നാൽപ്പതിനായിരം മാപ്പിളമാരുണ്ടായിരുന്നു. ഒരു സുപ്രഭാതത്തിൽ അവർ പാകിസ്ഥാനികളാണെന്നും വിസയില്ലാതെ കേരളത്തിലെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ കഴിയില്ലെന്നും അവരെ അറിയിച്ചു. അതുതന്നെ താൽക്കാലിക സന്ദർശനത്തിനുള്ള വിസയുടെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു സാധ്യമാകുക. പാകിസ്ഥാനിലുണ്ടായിരുന്ന മാപ്പിളമാർ ഈ യാഥാർഥ്യം തിരിച്ചറിഞ്ഞപ്പോൾ അമ്പരന്നുപോയി. വിഭജനകാലത്ത് സ്വീകരിക്കപ്പെട്ടത് ഏകപക്ഷീയമായ ഒരു തീരുമാനമായിരുന്നു: ഇന്ത്യയിലുള്ള എല്ലാ ഹിന്ദുക്കളെയും ഇന്ത്യക്കാരായും പാകിസ്ഥാനിലുള്ള എല്ലാ മുസ്ലിങ്ങളെയും പാകിസ്ഥാനികളായും കണക്കാക്കുക. പാകിസ്ഥാനിൽ തുടരാനാണോ ഇന്ത്യയിലേക്ക് മടങ്ങാനാണോ തങ്ങൾ ആഗ്രഹിക്കുന്നതെന്ന് തീരുമാനിക്കാനുള്ള അവസരം അവിടെയുണ്ടായിരുന്ന മാപ്പിളമാർക്ക് നൽകിയില്ല. പലർക്കും അപരിചിതമായിരുന്ന പാകിസ്ഥാനിൽ അവർ കുടുങ്ങിപ്പോയി. പാകിസ്ഥാൻ ഒരു ഇസ്ലാമിക രാജ്യമായിരുന്നുവെന്നത് ശരിയാണ്. എന്നാൽ അവിടത്തെ ജനങ്ങൾ സംസാരിച്ചിരുന്നത് മറ്റൊരു ഭാഷയായിരുന്നു; അരിക്കു പകരം ഗോതമ്പായിരുന്നു അവരുടെ പ്രധാന ഭക്ഷണം. തങ്ങളെ രണ്ടാംകിട പൗരന്മാരായാണ് കണക്കാക്കുന്നതെന്നും മാപ്പിളമാർക്ക് ബോധ്യമായിരുന്നു. പൂർവികർ അന്ത്യവിശ്രമം കൊള്ളുന്ന, ‘പുണ്യഭൂമി’ അഥവാ വിശുദ്ധഭൂമി എന്ന് വിളിച്ചിരുന്ന ഇന്ത്യയിലേക്കു മടങ്ങാനുള്ള അവകാശമാണ് അവർ ആഗ്രഹിച്ചത്. യാത്രാസൗകര്യങ്ങൾ നിയന്ത്രിക്കപ്പെട്ടിരുന്നതിനാൽ ചില മാപ്പിളമാർ കേരളത്തിലേക്ക് മടങ്ങാൻ അതീവ അപകടകരമായ മാർഗങ്ങൾപോലും സ്വീകരിച്ചു. മക്രാൻ തീരപ്രദേശത്തുകൂടി നടന്ന് പേർഷ്യൻ ഉൾക്കടലിലെത്തി അവിടെനിന്ന് ഒരു ബോട്ടിൽ കയറി മലബാർ തീരത്തേക്കു മടങ്ങാൻ അവർ ശ്രമിച്ചു.
ആ യാത്രയ്ക്കിടെ എത്രപേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അല്ലാഹുവിനുമാത്രമേ അറിയൂ...”9
വര: സുധീഷ് കോട്ടേമ്പ്രം
ഔദ്യോഗികജീവിതത്തിലെ ദിനസരിക്കുറിപ്പിനപ്പുറം, അഭയാർഥികളും നിർബന്ധിത പ്രവാസികളുമായി മാറിപ്പോയവരോടുള്ള അനുകമ്പ കാണാനാവുന്ന ഈ ഖണ്ഡത്തിന് സമാനമായ നിരവധി അനുഭവങ്ങൾ ‘പാകിസ്ഥാനിലെ മൂന്ന് വേനൽക്കാലങ്ങ’ളിൽ നമുക്ക് വായിക്കാൻ കഴിയും. അതിൽ ചിലരെയെങ്കിലും തന്റെ ഔദ്യോഗികപദവി ഉപയോഗിച്ച് കേരളത്തിലെത്തിക്കാൻ അദ്ദേഹത്തിനു കഴിയുക തന്നെ ചെയ്തു. വിഭജനത്തിനിടയിൽ കുടുങ്ങിപ്പോയ മനുഷ്യരോട്, ദ്വിരാഷ്ട്ര വാദത്തിന്റെ ഇരകളായ അഭയാർഥികളോട് പലപ്പോഴും നിരുപാധികമായ ഉദാര സമീപനമാണ് CAS ന്റെ അണ്ടർ സെക്രട്ടറി പുലർത്തിയത്. ഈ നിലപാട് ഇന്ത്യയുടെ ആദ്യ വോട്ടർ പട്ടികയെ ഐതിഹാസികമാനമുള്ള ഒരു രാഷ്ട്രീയ പദ്ധതിയാക്കി മാറ്റുന്നു. അതു നിസ്വരായ അനേകം അഭയാർഥികളെ വോട്ടറാക്കിയും അതുവഴി പൗരരാക്കിയും മനുഷ്യപദവിയിലേക്ക് കൈപിടിച്ചുയർത്തി. ദേശീയപ്രസ്ഥാനത്തിന്റെ ധാർമികരാഷ്ട്രീയം ആന്തരികവത്കരിച്ച ഈ ഉദ്യോഗസ്ഥരാവട്ടെ തങ്ങൾ ചെയ്യുന്നത് എന്തോ മഹത്തായ പ്രവൃത്തിയാണെന്ന് ഒരിക്കലും കരുതുകയോ അവകാശപ്പെടുകയോ ചെയ്തില്ല താനും. ന്യൂഡൽഹിയിലെ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തിലെ താഴത്തെ നിലയിൽ, പിന്നിലെ നീണ്ട അലമാരകളിൽ അടുക്കിവച്ച നിലയിൽ കെട്ടിക്കിടന്നിരുന്ന ഫയലുകളിലും രേഖകളിലും ചില കുറിപ്പുകളായും രേഖകളായും അവ ഒരു ഇസ്രയേലി ഗവേഷകയെ കാത്തു കെട്ടിക്കിടന്നു. എഴുപത് ഫയലുകളിലായി 1600-–ലധികം രേഖകളിലൂടെ കടന്നുപോകവേ, CAS അംഗങ്ങൾ തയ്യാറാക്കിയ അഭിപ്രായക്കുറിപ്പുകളുടെ പരമ്പരകൾ അവർക്കു മുമ്പിൽ അനാവൃതമായി. ഓരോരുത്തരും തനിക്കു മുമ്പുള്ള കുറിപ്പിന്മേൽ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്ന രീതിയായിരുന്നു ആ ഫയൽ കെട്ടുകൾക്കുണ്ടായിരുന്നത്. ഔദ്യോഗികവും ഔപചാരികവുമായ ഒരു ഉദ്യോഗസ്ഥയന്ത്രത്തിന്റെ പ്രവർത്തനമല്ല; മറിച്ച് ഒരു ചിന്താപ്രക്രിയ (thinking process) യുടെ പടിപടിയായുള്ള രൂപംകൊള്ളലായിരുന്നു ആ ഫയലുകൾ. നിശ്ചയമായും കെ വി പത്മനാഭൻ എന്ന മലയാളി ‘രാഷ്ട്രമീമാംസകനും ചിന്തകനു’മായ അണ്ടർ സെക്രട്ടറിക്ക് അതിൽ നിർണായക പങ്കുണ്ടായിരുന്നുതാനും.
കെ വി പത്മനാഭന്റെ പ്രാതിനിധ്യം കൊണ്ടവസാനിക്കുന്നില്ല ആദ്യ വോട്ടർ പട്ടികകയിലെ മലയാളി സാന്നിധ്യം. തിരുവിതാംകൂറിന്റെ വോട്ടർ പട്ടികാ നിർമിതിയാണ് ആദ്യ വോട്ടർ പട്ടികയുടെ കരട് നിർമാണത്തിനുള്ള മാതൃകയായി തെരഞ്ഞെടുക്കപ്പെട്ടത്. 1948–-ലെ തിരുവിതാംകൂർ തെരഞ്ഞെടുപ്പിനെ മുൻനിർത്തി എഴുതിയ ഒരു ശ്രദ്ധേയ പഠനത്തിൽ റോബിൻ ജെഫ്രി സാക്ഷരത, വിദ്യാഭ്യാസം, വാർത്താവിനിമയശൃംഖലകൾ എന്നീ സാമൂഹിക സൂചകങ്ങളെ പരിശോധിച്ചുകൊണ്ട് 1940–കളിൽത്തന്നെ തിരുവിതാംകൂറിലെ വോട്ടർമാരിൽ ഉയർന്ന തോതിലുള്ള ‘വ്യക്തിവൽക്കരണം’ (individuation) രൂപീകരിക്കപ്പെട്ടതായി ചൂണ്ടിക്കാണിക്കുന്നുണ്ട്10.
വര: സുധീഷ് കോട്ടേമ്പ്രം
അഭയസ്ഥാനമാവുന്ന പട്ടിക,
ഉൾക്കൊള്ളൽ വഴികൾ
1947 നവംബറിൽ സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ആദ്യ കരട് വോട്ടർ പട്ടിക തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ CAS ആരംഭിക്കുമ്പോൾ നേരിട്ട വലിയ പ്രതിസന്ധിയും വെല്ലുവിളിയും അഭയാർഥികളുടെ സാന്നിധ്യമായിരുന്നു. വിഭജനത്തെത്തുടർന്ന് ഏകദേശം 1.8 കോടി ആളുകൾക്ക് വീടും നാടും ഉപേക്ഷിക്കേണ്ടിവന്നതായും പത്തു ലക്ഷത്തോളം പേർ കൊല്ലപ്പെട്ടതായും കണക്കാക്കപ്പെടുന്നു. ഭരണഘടനയുടെ കരടുരൂപമല്ലാതെ ഏകീകൃതമായ ഭരണസംവിധാനമോ ഉദ്യോഗസ്ഥസംവിധാനമോ ഇല്ലാത്ത അവസ്ഥ, പ്രവിശ്യകളിലാവട്ടെ കൊളോണിയൽ ഭരണത്തിന്റെ ഭാഗമായി ഉറച്ചുപോയ ഉദ്യോഗസ്ഥസംവിധാനം. ചിതറി നിൽക്കുന്ന അഞ്ഞൂറ്റി അൻപതിലധികം നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കാനുള്ള നടപടികൾ പോലും പൂർത്തിയായിരുന്നില്ല. രാമചന്ദ്ര ഗുഹയുടെ കൗതുകകരമായ ഒരു രൂപകം സ്വീകരിച്ചാൽ, ‘കുടയിലെ പഴങ്ങൾ’ പോലെ അടുക്കും ചിട്ടയുമില്ലാതെ വാരിവലിച്ചിട്ടിരിക്കുന്ന ഭൂമിശാസ്ത്ര ഖണ്ഡങ്ങൾ. അവ്യവസ്ഥിതവും കലുഷിതവുമായ അന്തരീക്ഷമായിരുന്നുവെങ്കിലും അഭയാർഥികളെ ചേർത്തണച്ച് രാഷ്ട്രശരീരത്തിന്റെ ഭാഗമാക്കാനും രൂപംകൊള്ളുന്ന പൗരസമൂഹത്തിന്റെ അവിഭാജ്യ ഘടകമാക്കാനും വോട്ടർ പട്ടികയുടെ കരട് നിർമാണത്തിന്റെ പിന്നണിക്കാർ പ്രകടിപ്പിച്ച ഇച്ഛാശേഷിയും മാനവികതയും ലിബറൽ ജനാധിപത്യത്തിന്റെ പരമ്പരാഗത ധാരണകളെ ഒന്നൊന്നായി അതിവർത്തിക്കുന്നതായിരുന്നു.
കൊളോണിയൽ ഇന്ത്യയിലും തെരഞ്ഞെടുപ്പ് സ്ഥാപനങ്ങൾ നിലവിലുണ്ടായിരുന്നു. പക്ഷേ, ‘സാർവത്രിക വോട്ടവകാശം’ എന്ന ജനാധിപത്യ തത്വത്തിനു പകരം സ്വത്ത്, ഭൂവുടമസ്ഥത, നികുതിയടയ്ക്കൽശേഷി, വിദ്യാഭ്യാസം തുടങ്ങിയ യോഗ്യതകളുടെ അടിസ്ഥാനത്തിലായിരുന്നു വോട്ടർമാരെ നിശ്ചയിച്ചിരുന്നത്. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം ഇന്ത്യയിൽ നടപ്പാക്കുന്നത് ഭരണപരമായി അപ്രായോഗികമാണെന്നായിരുന്നു ബ്രിട്ടീഷ് സർക്കാരിന്റെ നിലപാട്. പ്രതിപക്ഷ എംപിയും തൊഴിലാളികൾക്കും ഭൂരഹിതർക്കും രാഷ്ട്രീയപ്രാതിനിധ്യം ലഭിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്ന, ലേബർ പാർടി പ്രതിനിധിയുമായിരുന്ന മേജർ മിൽനർ 1935 ഏപ്രിൽ 30-ന് ഇന്ത്യയിലെ വോട്ടവകാശം വിപുലീകരിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്റിൽ ഒരു ഭേദഗതി അവതരിപ്പിക്കുന്നുണ്ട്.11 ഇന്ത്യയുടെ കാര്യങ്ങൾക്കായുള്ള അന്നത്തെ അണ്ടർ സെക്രട്ടറി റാബ് ബട്ലർ (R A Butler) വോട്ടവകാശത്തിന്റെ വ്യാപ്തി സംബന്ധിച്ച ചർച്ചയിൽ സർക്കാരിന്റെ നിലപാട് 1935 മേയ് 15-ലെ ബ്രിട്ടീഷ് പാർലമെന്റിൽ വിശദീകരിച്ചു. ‘വോട്ടവകാശ യോഗ്യതകൾ ഇളവുചെയ്താൽ വോട്ടർ പട്ടിക നിയന്ത്രിക്കാനാവാത്തത്ര വലുതാകു’മെന്ന് അദ്ദേഹം പ്രഖ്യാപിച്ചു12.
വോട്ടർ പട്ടിക ‘നിയന്ത്രിച്ചു നിർത്തുക’ എന്നത് കൊളോണിയൽ സർക്കാരിന്റെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ അടിസ്ഥാന നിലപാടായിരുന്നു. നെഹ്റു റിപ്പോർട്ടിൽ (1928) സിലോണിലെ ഭരണഘടനാ മാതൃക ഇന്ത്യയ്ക്ക് അനുയോജ്യമായ മാതൃകയായി അംഗീകരിക്കാത്തതിന്റെ പ്രധാന കാരണം വോട്ടർ പട്ടികയുടെ നിയന്ത്രണം സിലോൺ റിഫോം കമീഷനിലും തുടരുന്നു എന്നതുകൊണ്ടാണ്. ‘പരിമിതമായ വോട്ടവകാശം’ ഇന്ത്യാക്കാർക്ക് സ്വീകാര്യമല്ലെന്ന് ഈ റിപ്പോർട്ട് അടിവരയിട്ടുറപ്പിച്ചു13.
‘ആരാണ് ഇന്ത്യൻ പൗരൻ’ എന്ന ചോദ്യം പ്രായോഗികമായി ആദ്യമായി നേരിട്ടത് CAS ആയിരുന്നു എന്നു നിസ്സംശയം പറയാം. 1948 ഫെബ്രുവരി 21ന് ഡോ. ബി ആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി പരിശോധിച്ച് പരിഷ്കരിച്ച് സമർപ്പിച്ച കരട് ഭരണഘടനയിലെ പൗരത്വത്തെ സംബന്ധിച്ച വ്യവസ്ഥകളെ അടിസ്ഥാനമാക്കിയായിരുന്നു CAS വോട്ടറാവാൻ ആർക്കൊക്കെ കഴിയും എന്നു തീരുമാനിച്ചത്.
അഭയാർഥികളുടെ പ്രശ്നവും അവർ വോട്ടവകാശത്തിൽനിന്നു പുറത്താവാനുള്ള സാധ്യതയും CASലെ ഉദ്യോഗസ്ഥർ സ്വയം മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിച്ചു എന്ന വാദം ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ ഇച്ഛാശേഷിയെ വിലകുറച്ചു കാണുന്നതിനു തുല്യമാവും. വോട്ടർ പട്ടിക തയ്യാറാക്കുന്ന ജോലിയുടെ പുരോഗതി നിരീക്ഷിക്കുന്നതിനിടയിൽ ശ്രദ്ധയിൽപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നേരിട്ടുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ട് എങ്കിലും പുതുതായി രൂപംകൊള്ളുന്ന രാഷ്ട്രീയസമൂഹത്തിന്റെ ജാഗ്രതയാണ് പലപ്പോഴും പ്രശ്നങ്ങൾ CASന്റെ ശ്രദ്ധയിൽ പെടുത്തിയത്. അഭയാർഥികളുടെ രജിസ്ട്രേഷൻ, അവരുടെ പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട് രൂപീകരിച്ച അനവധി പൗരസംഘടനകൾ നിരന്തരമായി ഇത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് CASനു കത്തെഴുതുന്നുണ്ട്. വോട്ടവകാശം അഭയാർഥികൾക്ക് നിഷേധിക്കപ്പെടുന്നുണ്ടോ എന്ന ജാഗ്രത്തായ പരിശോധനയിൽ വിവിധ പൗരസംഘടനകൾ നിരന്തരം ഏർപ്പെട്ടുകൊണ്ടിരിക്കുകയും താമസംവിനാ CASനെ കത്തു മുഖേനെ അറിയിക്കുകയും ചെയ്തുകൊണ്ടേയിരുന്നു14. പൗരസംഘടനകളുടെ കത്തുകളോടും ‘അമൃതബസാർ പത്രിക’യടക്കമുള്ള മാധ്യമങ്ങളുടെ മുഖപ്രസംഗങ്ങളോടും സംവദിച്ചുകൊണ്ടാണ് CAS നിലപാടുകൾ രൂപീകരിച്ചത്.
അഭയാർഥി വോട്ടവകാശത്തെ മുൻനിർത്തി CAS രൂപീകരിച്ച പരിഹാര ശ്രമങ്ങളെ ‘മാനവികമായ ഉൾക്കൊള്ളൽ പദ്ധതി’ എന്നു വിശേഷിപ്പിക്കാം. ഇന്ത്യയുടെ ഇലക്ഷൻ കമീഷനെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പഠനം തയ്യാറാക്കിയ ഉജ്വൽ കുമാർ സിങ്ങും അനുപമാ റോയിയും ഇതേ പ്രയോഗം ആവർത്തിക്കുന്നുണ്ട് എന്നതും ശ്രദ്ധിക്കുക. അധികാരം ജനങ്ങളിൽനിന്ന് ഉത്ഭവിക്കണമെന്ന തത്വവും വോട്ടർ പട്ടികയിൽ ഇടം നേടുന്നതിലൂടെ ഭാവി പൗരത്വത്തിലേക്ക് അഭയാർഥികളെ കൈപിടിച്ചുയർത്തുകയാണെന്ന ബോധ്യവും അതിലുടനീളം നിലീനമായിരുന്നു.
അഖിലേന്ത്യാതലത്തിൽ തന്നെ നിർവചനം സാധുവായ ഒരു രാഷ്ട്രീയ സംവർഗമായാണ് CAS വ്യവഹാരങ്ങളിൽ അഭയാർഥി എന്ന പദം പ്രയോഗിക്കപ്പെട്ടത്. “ഏതെങ്കിലും പ്രവിശ്യയെയോ നാട്ടുരാജ്യത്തെയോ സംബന്ധിച്ച്, തന്റെ പതിവ് താമസസ്ഥലത്തുണ്ടായ കലാപങ്ങളെത്തുടർന്ന് ആ പ്രവിശ്യയിലേക്കോ നാട്ടുരാജ്യത്തിലേക്കോ കുടിയേറിയ ഏതു വ്യക്തിയും അഭയാർഥിയാണ്” എന്നായിരുന്നു CAS ന്റെ അഭയാർഥീ നിർവചനം. ഈ അഭയാർഥികളാവട്ടെ, ‘എപ്പോഴും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നവരാണ്. അതിനാൽ തെരഞ്ഞെടുപ്പിൽ അവർക്ക് വോട്ടവകാശം നൽകണമെങ്കിൽ അവർക്കായി താമസയോഗ്യതാനിബന്ധന നിശ്ചയിക്കാനാവില്ല’ എ ന്നും അണ്ടർ സെക്രട്ടറി നിലപാടെഴുതി16.
വോട്ടർ പട്ടികാ നിർമാണത്തിനായി രുപീകരിച്ച ഈ നിർവചനത്തിന്റെ ഫലം ചെറുതായിരുന്നില്ല. നിസ്വരും നിരാലംബരുമായ ജനകോടികളെ രാഷ്ട്രശരീരത്തിന്റെ ഭാഗമാക്കാൻ ഈ നിർവചനങ്ങൾ ഹേതുവായി. ഈ ലേഖനത്തിന്റെ ആരംഭത്തിൽ ചൂണ്ടിക്കാട്ടിയ, ബോംബെ ചീഫ് സെക്രട്ടറിക്ക് അണ്ടർ സെക്രട്ടറി അയച്ച ചെറുകുറിപ്പിന്റെ മഹനീയത ഈ പ്രകരണത്തിലാണ് നിലകൊള്ളുന്നത്.
ജാതി, മതം, ഭാഷ, പ്രാദേശികസ്വത്വം, വർഗം എന്നിങ്ങനെയുള്ള ആഴത്തിലുള്ള ഭിന്നതകൾ നിലനിൽക്കെ തന്നെ പ്രായപൂർത്തിയായ എല്ലാ ഇന്ത്യക്കാരെയും തുല്യവ്യക്തികളെന്ന നിലയിൽ ഒരുമിപ്പിക്കുക എന്ന നിർണായക ചരിത്രദൗത്യത്തിന്റെ ആദ്യാവതരണമാണ് വോട്ടർ പട്ടികാ നിർമാണത്തിന്റെ ഈ ശ്രമങ്ങളിൽ നമ്മൾ കാണുന്നത്. ‘ഒരു വ്യക്തി = ഒരു വോട്ട്’ എന്ന ആദർശാത്മകതത്വത്തിന്റെ ഭാഗമാവാൻ എല്ലാ ഇന്ത്യക്കാർക്കും CAS അവസരമൊരുക്കി. അതിൽ രേഖകളില്ലാതായിപ്പോയ നിസ്വരെ പരിഗണിച്ച രീതിശാസ്ത്രമാണ് അഭയാർഥി സമീപനത്തിൽ നാം കാണുന്നത്. അഭയാർഥികളായിപ്പോയവർക്ക് പരമാധികാരികളെന്ന നിലയിലുള്ള അവരുടെ അധികാരം പ്രയോഗിക്കാനുള്ള ഉപാധിയായിരുന്നു വോട്ടർ പദവി. അഭയാർഥി വോട്ടവകാശവുമായി ബന്ധപ്പെട്ട നടപടികളിലൂടെയോ തിരുത്തലുകളിലൂടെയോ കടന്നുപോവുമ്പോൾ CAS വ്യക്തമാക്കാൻ ശ്രമിച്ച തത്വം വ്യക്തമാണ്. അത് വോട്ട് ചെയ്യാൻ അവകാശമുള്ളവരെ കണ്ടെത്തുക എന്നതുമാത്രമല്ല, അവരുടെ അവകാശത്തെ ഉറപ്പു വരുത്താനുള്ള തെളിവ് ഹാജരാക്കാനുള്ള ബാധ്യത (burden of proof) യും സ്റ്റേറ്റിനുണ്ട് എന്നതാണ്. അതിലൂടെയാണ് വോട്ടവകാശത്തെ ‘നിയന്ത്രിച്ചുനിർത്തുക’യും വോട്ടർ പട്ടിക ‘പുറത്താക്കൽ സമീപനം’ പുലർത്തുന്ന ഒന്നാക്കി നിലനിർത്തുകയും ചെയ്ത് ഭരണവർഗ താൽപ്പര്യങ്ങളെ ജനേച്ഛയായി തെറ്റിദ്ധരിപ്പിക്കുന്ന കൊളോണിയൽ യുക്തിയെ നാം മറികടന്നത്. മറ്റൊരു ഭാഷയിൽ, വോട്ടർ പട്ടികയിൽനിന്ന് വ്യക്തികളെ പുറത്താക്കുക, വോട്ടവകാശം നിയന്ത്രിക്കുക എന്നീ രണ്ടു താൽപ്പര്യങ്ങളുടെയും മൂലവേരുകൾ കോളനി ഭരണാധികാരികളുടേതാണ്; സ്വതന്ത്ര്യ ഇന്ത്യയുടേതല്ല.
സാർവത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആദ്യ കരട് വോട്ടർ പട്ടിക 1950 ജനുവരിയിൽ ഭരണഘടന നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് പൂർത്തിയായി. ഓർനിത് ഷാനിയെ കടമെടുത്താൽ ‘ഭരണഘടന നിലവിൽവന്ന് പൗരന്മാരാകുന്നതിനുമുമ്പുതന്നെ ഇന്ത്യക്കാർ വോട്ടർമാരായിത്തീർന്നു. 1950 ജനുവരി 25-ന് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാപിതമായി. ഇന്ത്യയുടെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി സുകുമാർ സെൻ 1950 മാർച്ച് 21-ന് ചുമതലയേറ്റു. ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിന് നേതൃത്വം നൽകാൻ അദ്ദേഹത്തിന് CAS നിർമിച്ചെടുത്ത കരട് വോട്ടർ പട്ടികയും അതിൽ ലീനമായ സാമൂഹ്യ ദാർശനിക വീക്ഷണവും തുണയായി.
ഫലശ്രുതി
ലേഖനാരംഭത്തിൽ സൂചിപ്പിച്ച ഹിമാചൽ പ്രദേശിലെ ആദ്യ തെരഞ്ഞെടുപ്പ് ദിവസം, വളഞ്ഞുകൂനിപ്പോയ തന്റെ വൃദ്ധയായ അമ്മയോടൊപ്പം രണ്ടു മൈലിലേറെ ദൂരം നടന്ന് ഇരുപത്തെട്ടുവയസ്സുകാരിയായ ഒരു യുവതി വോട്ട് ചെയ്യാനെത്തുന്നതിന്റെ ദൃശ്യകഥനം ഐറിസ് ടിങ്കർ വാക്കർ വരച്ചിടുന്നുണ്ട് (രാമചന്ദ്ര ഗുഹ പിന്നീടിത് ‘ഇന്ത്യ ആഫ്റ്റർ ഗാന്ധി’യിൽ പുനരുപയോഗിച്ചു). ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് ഓർത്തിരിക്കാനായി ഗ്രാമത്തലവൻ നൽകിയ ‘രാജാവിന്റെ ചിഹ്നം പതിച്ച പിങ്ക് നിറത്തിലുള്ള കാർഡ്’ ഇരുവരുടെയും കൈവശമുണ്ടായിരുന്നു. പല ഗ്രാമങ്ങളിലും ഗ്രാമത്തലവന്മാർ ഒരു സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയും ആ തീരുമാനം മുഴുവൻ ഗ്രാമവും പിന്തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പലപ്പോഴും ഗ്രാമത്തലവന്മാർക്ക് നിർദേശം നൽകിയിരുന്നത് സ്ഥാനാർഥിയായ പ്രാദേശിക രാജാവായിരുന്നു. രാഷ്ട്രീയ നിലപാടുകൾ പരിഗണിക്കുന്നതിനുപകരം വിജയസാധ്യതയ്ക്ക് മുൻഗണന നൽകിയ കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടികയിൽ മുൻ നാട്ടുരാജാക്കന്മാരിൽ പലരും ഇടംനേടിയിരുന്നു. തന്റെ കൈവശമുള്ള ആ കടലാസ്, തങ്ങളുടെ ദുരിതങ്ങൾ പരിഹരിക്കാൻ രാജാവിനെ ഡൽഹിയിലേക്ക് അയയ്ക്കാനുള്ള അനുമതിപത്രം ആയിരുന്നെന്നാണ് ആ ഗ്രാമീണ സ്ത്രീ കരുതിയത്. എങ്കിലും രാജാവിന് അനുമതി ലഭിക്കണമെങ്കിൽ ചിഹ്നം പതിച്ച പെട്ടിയിൽ താനൊരു കടലാസ് നിക്ഷേപിക്കേണ്ടതുണ്ടെന്ന് അവൾ പഠിച്ചുവച്ചിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന വ്യക്തമായ ധാരണയില്ലായിരുന്നെങ്കിലും എല്ലാവരും തങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് താൻ മുദ്ര കുത്തി നിക്ഷേപിക്കാൻ പോകുന്ന കടലാസിന്റെ പ്രാധാന്യം കൊണ്ടാണെന്നും ആ കടലാസ് രഹസ്യമായി കൈപ്പറ്റുന്ന താൻ "കുറഞ്ഞപക്ഷം ആ ഒരു ദിവസത്തേക്കെങ്കിലും പ്രധാനപ്പെട്ട ഒരാളാണെന്നും അവൾ തിരിച്ചറിഞ്ഞു.’17 കാലാകാലങ്ങളായി തുടർന്നുപോന്നിരുന്ന പ്രജാത്വത്തിന്റെ നിഷ്ക്രിയ സ്ഥാനത്തുനിന്ന് പൗരത്വത്തിന്റെ പ്രവൃത്തി സ്ഥാനത്തേക്കുള്ള അനുഭവപരമായ മാറ്റത്തെയാണ് വാക്കർ വരച്ചിടുന്നത്. ഈ മാറ്റത്തിന്റെ തറക്കല്ലായിരുന്നു ഇന്ത്യയുടെ ആദ്യ കരട് വോട്ടർ പട്ടികയും അതിന്റെ നിർമാണപ്രവർത്തനവും.
എന്നാൽ ഇന്ത്യയിലെ മുഴുവൻ സ്ത്രീകൾക്കും ഹിമാചലിലെ ഇരുപത്തിയെട്ടുകാരിയെപ്പോലെ ആദ്യ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രാധാന്യം അനുഭവിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഉത്തരേന്ത്യയിൽ അക്കാലത്ത് സർവ സാധാരണമായിരുന്ന സ്വന്തം പേരുകൾക്കു പകരം ‘ഇന്നയാളുടെ ഭാര്യ’, ‘ഇന്നയാളുടെ മകൾ’ എന്നിങ്ങനെ ‘ബന്ധങ്ങളിലൂടെ തിരിച്ചറിയു’ന്ന രീതി ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായ സുകുമാർ സെൻ അംഗീകരിച്ചില്ല. സ്ത്രീകളെ പുരുഷന്മാരുമായുള്ള ബന്ധത്തിലൂടെ മാത്രം രേഖപ്പെടുത്തുന്നത് വോട്ടർ പട്ടികയുടെ കൃത്യതയെയും വ്യക്തിഗത സ്വത്വത്തെയും ബാധിക്കുമെന്ന് അദ്ദേഹം ശക്തമായ നിലപാടെടുത്തു. പേരുകൾ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുന്നതിനായി പത്രങ്ങളിലൂടെ പ്രചാരണം നടത്താനും സ്ത്രീപ്രവർത്തകരുടെ സഹായം തേടാനും ശ്രമങ്ങളുണ്ടായി. വോട്ടർ പട്ടിക തയ്യാറാക്കൽ കേവലം പേരുകൾ ശേഖരിക്കുന്ന ഭരണപരമായ നടപടിയല്ലെന്നും സാമൂഹികമായ ശീലങ്ങളെയും ലിംഗപരമായ അധികാരബന്ധങ്ങളെയും അഭിമുഖീകരിക്കേണ്ട ജനാധിപത്യപ്രവർത്തനമാണെന്നും ഈ ഇടപെടൽ വ്യക്തമാക്കുന്നു.
വോട്ടർ പട്ടിക തയ്യാറാക്കൽ ജനാധിപത്യത്തിന്റെ ഭരണപരമായ മുന്നൊരുക്കം മാത്രമല്ല, ജനങ്ങളെ തുല്യ രാഷ്ട്രീയാവകാശമുള്ളവരായി അംഗീകരിക്കുന്ന സാമൂഹികപ്രക്രിയ കൂടിയായിരുന്നു. ഈ ചരിത്രം ഇന്ന് ഓർമിപ്പിക്കുന്നത്, വോട്ടർ പട്ടികയുടെ വിശ്വാസ്യത അതിൽ ഉൾപ്പെട്ടവരുടെ എണ്ണത്തിൽ മാത്രം അളക്കാനാവില്ലെന്നാണ്. പട്ടികയിൽ ഇടം നേടാൻ കഴിയാതെ പോകുന്നവരെ കണ്ടെത്താനും അവരുടെ അവകാശം ഉറപ്പാക്കാനും ഭരണകൂടം നടത്തുന്ന ശ്രമങ്ങളിലാണ് ജനാധിപത്യത്തിന്റെ ‘ഉൾക്കൊള്ളൽ’ സ്വഭാവം ഏറ്റവും വ്യക്തമായി പ്രകടമാകുന്നത്. നിശ്ചയമായും ശുദ്ധീകരണമെന്ന പേരിൽ നടക്കുന്ന ഒഴിവാക്കലുകളിലല്ല.
കുറിപ്പുകൾ
1. ഭരണഘടനയുടെ തത്വങ്ങൾ നിർണയിക്കുന്നതിനായി സർവകക്ഷി സമ്മേളനം നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൽനിന്ന്, പുറം 93.
2. കത്തിലെ ഉദ്ധരിച്ച ഭാഗങ്ങൾ Ornit Shaniയുടെ പുസ്തകത്തിൽ നിന്നാണ് (പു. 210). ഇലക്ഷൻ കമീഷൻ ഓഫ് ഇന്ത്യയുടെ ഡൽഹിയിലെ റിക്കാർഡ് റൂമിൽ നിന്നാണ് ഈ പുസ്തകത്തിലേക്കുള്ള രേഖകൾ അവർ പരിശോധിച്ചത്. ഇന്ന് ഈ ഫയലുകൾ നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിലേക്ക് മാറ്റിയിരിക്കുന്നു. 2012 ഡിസംബർ മുതൽ ഈ ഫയലുകൾ ഗവേഷകർക്ക് പരിശോധിക്കാനായി ലഭ്യമാണ്.
3. Tinker Walker, Irene. “The General Election in Himachal Pradesh, India, 1951.” Parliamentary Affairs, vol. 6, no. 3, 1952, p.253.
4. Bhanu P. Lohumi, “First voter gets special treatment at Kalpa,” The Tribune, 10 November 2017.
5. Shani, Ornit. How India Became Democratic: Citizenship and the Making of the Universal Franchise. New Delhi: Penguin Random House India, 2018, 24–25.
6. Ibid 26
7. Ibid 25
8. ശ്രീബിത പി വി. ഹൈദരബാദ് സർവകലാശലയിൽ സമർപ്പിച്ച The Making of ‘Ezhava’: Caste, Communities and Gender among North Malabar Thiyyas and Thiruvithamkoor Ezhavas എന്ന Ph.D പ്രബന്ധത്തിൽ കാരായി ദമയന്തിയുടെ സാമൂഹ്യപരിഷ്കരണപ്രവർത്തനങ്ങളെ പരിശോധിക്കുന്നുണ്ട്.
9. Padmanabhan, K. V. Three Summers in Pakistan: May 1958 to October 1960. Transcribed and recollected by Geeta Doctor, Sapru House Oral History Series, Indian Council of World Affairs, 23 July 2021, p. 8.
10. 1980–കളുടെ ആരംഭത്തിൽ എഴുതിയ ഈ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടില്ലാത്തതാണ്. പഴയ ടൈപ്പ് റൈറ്ററിൽ ടൈപ്പ് ചെയ്ത പ്രബന്ധം വായിക്കാനായി അയച്ചുതരുകയും തിരുവിതാംകൂർ ഇലക്ഷനെ സംബന്ധിച്ച് കൂടുതൽ തെളിച്ചങ്ങൾ നൽകുകയും ചെയ്ത പ്രൊഫ. റോബിൻ ജെഫ്രിക്കു നന്ദി. The “Kerala Model” and Portents for Indian Politics: Inferences from the First Universal-Suffrage Elections, Travancore, 1948’
11. ഈ ചർച്ച പൂർണമായും ഇന്റർനെറ്റിൽ ലഭ്യമാണ് കാണുക: https://hansard.parliament.uk/.
12. The Committee Appointed by the All Parties Conference. The Nehru Report: An Anti-Separatist Manifesto. 1928. Reprint, Indian Institute of Applied Political Research, 1975, p. 93.
13. Shani, Ornit. How India Became Democratic: Citizenship and the Making of the Universal Franchise. New Delhi: Penguin Random House India, 2018, pp. 63-73.
14. Ibid 79-80.
15. Ibid 60-62.
16. Tinker Walker, Irene. “The General Election in Himachal Pradesh, India, 1951.” Parliamentary Affairs, vol. 6, no. 3, 1952, p.255.







0 comments