തിരൂരിൽ പൊലീസിനുനേരെ നടന്ന ആക്രമണം; മുഖ്യപ്രതി പിടിയിൽ

പ്രതിയായ സഫ്‌വാൻ (ഇടത്), ആക്രമിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ (വലത്)
തിരൂർ: വൈലത്തൂരിൽ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. പൂക്കയിൽ സ്വദേശി കുളങ്ങര സഫ്‌വാനാണ് പിടിയിലായത്. സംഭവത്തിൽ ഒളിവിൽ പോയ ഇയാളെ ആലപ്പുഴയിൽ നിന്നുമാണ് പിടികൂടിയത്. കേസിലെ രണ്ട് പ്രതികളും ഇതോടെ പിടിയിലായി.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് വൈലത്തൂരിൽ വാഹന പരിശോധനക്കിടെ കൽപകഞ്ചേരി പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ യുവാക്കൾ ആക്രമണം നടത്തിയത്. എഎസ്ഐ രാമചന്ദ്രൻ, സീനിയർ സിപിഒ സുധീഷ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
മദ്യലഹരിയിലായിരുന്ന യുവാക്കൾ ഇരുചക്രവാഹനം ഓടിക്കുന്നത് തടഞ്ഞതോടെയാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ യുവാക്കൾ ആക്രമണം നടത്തിയത്.
തലക്കടത്തൂർ അരീക്കാട് സ്വദേശി കിഴക്കേപുറത്ത് ദിൽഷാദി(22)നെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കൂടെയുണ്ടായിരുന്ന സഫ്‌വാൻ ഓടി രക്ഷപ്പെടുകയായിരുന്നു. ലഹരി കേസിൽ 2 വർഷം വിദേശത്ത് ജയിലിൽ കിടന്നയാളാണ് സഫ്‌വാൻ.
ഇയാൾക്കെതിരെ മോഷണ കേസ് ഉൾപെടെയുണ്ട്. സ്വന്തം വീട്ടിൽ നിന്നും നാല്പത് പവൻ്റെ മോഷ്ണവും പ്രതി നടത്തിയതായി പൊലീസ് പറഞ്ഞു. ആക്രമണത്തിൽ മൂക്കിനും ചുണ്ടിനും ഗുരുതരമായി പരിക്കേറ്റ എഎസ്ഐ രാമചന്ദ്രൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.







0 comments