'എനിക്ക് അറിയാത്ത ആളുകളില്ല'; ബാറുടമയുമായുള്ള ബന്ധത്തിൽ ഒഴുക്കൻ മറുപടിയുമായി മന്ത്രി ലിജു

എം ലിജു
ആലപ്പുഴ: ഡിസിസി പ്രസിഡന്റായിരുന്ന തനിക്ക് അറിയാത്ത ആളുകളും സ്ഥലവും കായംകുളത്ത് ഇല്ലെന്നും മണ്ഡലത്തിലുള്ളവരെ നല്ല പരിചയമുണ്ടെന്നും എക്സൈസ് മന്ത്രി എം ലിജു. തനിക്കും ഉന്നത ഉദ്യോഗസ്ഥർക്കും ബാറുടമകളുമായി അടുത്ത ബന്ധമുണ്ടെന്ന് എക്സൈസ് കമീഷണറായിരുന്ന സീറാം സാംബശിവറാവു റിപ്പോർട്ട് നൽകിയതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എക്സൈസ് കമീഷണർ റിപ്പോർട്ട് കുറച്ചുകൂടി നേരത്തെ തന്നിരുന്നെങ്കിൽ നേരത്തെ തന്നെ അന്വേഷിക്കാമായിരുന്നു. മന്ത്രി വിളിച്ചിട്ട് ഇന്നയാൾക്ക് പൈസ കൊടുത്തിട്ടുണ്ടോ എന്ന് ചോദിക്കേണ്ടതില്ല. അതിനാണ് ഉദ്യോഗസ്ഥർ ഉള്ളത്. അവർ അന്വേഷിക്കും. എക്സൈസ് മന്ത്രിക്കും യുഡിഎഫ് സർക്കാരിനും മുകളിൽ ഉദ്യോഗസ്ഥരൊന്നും കയറില്ലെന്നും എം ലിജു പറഞ്ഞു.
എക്സൈസ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ ഗുരുതര വെളിപ്പെടുത്തലുകളുള്ള റിപ്പോർട്ടാണ് എക്സൈസ് കമീഷണറായിരുന്ന സീറാം സാംബശിവ റാവു പടിയിറങ്ങുംമുൻപ് സർക്കാരിന് നൽകിയത്. ബാറുടമകളുമായി മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമുള്ള അടുത്തബന്ധവും കൈക്കൂലി ആരോപണവും ബിനാമി ഇടപാടും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കായംകുളം കുറ്റിച്ചിറയിലെ റോമ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. വിജിലൻസ് അന്വേഷണം, അച്ചടക്ക നടപടി എന്നിവ നേരിടുന്നവരെയും സംശയകരമായ പശ്ചാത്തലം ഉള്ളവരെയും പരമാവധി ഒഴിവാക്കാൻ എത്ര ശ്രമിച്ചിട്ടും ഉന്നതതല ഇടപെടലുകളെ തുടർന്ന് സാധിച്ചില്ല. എക്സൈസ് കമീഷണറുടെ അനുമതി വാങ്ങിയശേഷം സ്ഥലംമാറ്റ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ട ഫയലിൽ, തന്നെ അറിയിക്കുകപോലും ചെയ്യാതെ 32 തസ്തികകളിൽ നിയമനം നടത്തി. ബന്ധപ്പെട്ട സെക്ഷനിൽനിന്നും വിശദീകരണം ആവശ്യപ്പെട്ടപ്പോൾ, സംഘടനാപരമായും മന്ത്രി ഓഫീസ് തലത്തിലും ചർച്ച ചെയ്താണ് ലിസ്റ്റ് തയ്യാറാക്കുന്നത് എന്നായിരുന്നു സെക്ഷൻ സൂപ്രണ്ട് രേഖാമൂലം അറിയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ജോയിന്റ് എക്സൈസ് കമീഷണർ എസ് വിനോദ്, ഡെപ്യൂട്ടി കമീഷണർ അജയ് എന്നീ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര കണ്ടെത്തലുകളാണുള്ളത്. വിനോദ് മൂവാറ്റുപുഴ ഗംഗാ ബാർ ഉടമയുമായി ബന്ധം പുലർത്തുന്നു. ഗംഗാ ബാറിൽനിന്നും അൻപതിനായിരം രൂപ കൈപ്പറ്റി. റോമ സെന്റർ ബാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ അജയ് കൈക്കൂലി വാങ്ങാറുണ്ട്. ഇരുവരെയും അടിയന്തരമായി ചുമതലകളിൽനിന്ന് നീക്കണം. ഇവർക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും സാംബശിവ റാവു ആവശ്യപ്പെടുന്നു.
ബാർ ലൈസൻസ് അനുവദിച്ചതിലെ വിവാദത്തിൽ തടിയൂരാനായി വെള്ളിയാഴ്ചയാണ് സർക്കാർ സാംബശിവ റാവുവിനെ എക്സൈസ് കമീഷണർ സ്ഥാനത്തുനിന്ന് മാറ്റിയത്. അതേദിവസം തന്നെയാണ് അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചതും.








0 comments