മറ്റത്തൂരിൽ വീണ്ടും ബിജെപി - കോൺഗ്രസ് ഡീൽ; അവിശ്വാസപ്രമേയത്തിൽ നിന്ന് അംഗങ്ങൾ വിട്ടുനിന്നു

മറ്റത്തൂർ: തൃശൂർ മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ വീണ്ടും ബിജെപി - കോൺഗ്രസ് ഡീൽ. അവിശ്വാസപ്രമേയത്തിൽ നിന്ന് കോൺഗ്രസ്, ബിജെപി അംഗങ്ങൾ വിട്ടുനിന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് എൽഡിഎഫ് അംഗങ്ങൾ അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്. നിലവിലെ കോൺഗ്രസ് ഭരണസമിതി ബിജെപി പിന്തുണയോടെയാണ് നിലനിൽക്കുന്നത്.
തദ്ദേശതെരഞ്ഞെടുപ്പ് ഫലം വന്ന സമയത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചാണ് ബിജെപി - കോൺഗ്രസ് സഖ്യം അധികാരത്തിലേറിയത്. ഇടതുപക്ഷത്തെ അധികാരത്തിൽ നിന്ന് നീക്കാനായാണ് ഈ അവിശുദ്ധസഖ്യം ഉണ്ടായത്.
അവിശ്വാസപ്രമേയത്തിന്റെ സമയത്ത് കോൺഗ്രസ്, ബിജെപി അംഗങ്ങൾ വീണ്ടും മുൻകൂട്ടി തീരുമാനിച്ചപ്രകാരം ചർച്ചയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. തുടർന്ന് കോറം തികയാതെ ചർച്ച നടക്കാതെപോയി. ഇനി ആറുമാസം കഴിഞ്ഞാലേ വീണ്ടും പ്രമേയം കൊണ്ടുവരാൻ സാധിക്കുകയുള്ളു.
ആറുമാസങ്ങൾക്ക് ശേഷം വീണ്ടും പ്രമേയം കൊണ്ടുവരാനാണ് എൽഡിഎഫ് അംഗങ്ങളുടെ തീരുമാനം. വർഗീയകൂട്ടുകെട്ടിനെ ഒരുകാരണവശാലും നിലനിൽക്കാനനുവദിക്കില്ല എന്ന നിലപാടിലാണ് എൽഡിഎഫ് അംഗങ്ങൾ.
തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് എട്ട് അംഗങ്ങൾ, എൽഡിഎഫിന് പത്ത് അംഗങ്ങൾ, ബിജെപിക്ക് നാലംഗങ്ങൾ എന്ന നിലയിലായിരുന്നു. എൽഡിഎഫ് അധികാരത്തിൽ വരും എന്ന സാഹചര്യം വന്നപ്പോൾ ഇരുകൂട്ടരും കൈകോർക്കുകയായിരുന്നു. വർഗീയത്തോട് സന്ധിചേർന്ന കോൺഗ്രസ് നിലപാടിനെതിരെ അന്ന് വലിയ വിമർശനങ്ങളാണ് ഉയർന്നത്.








0 comments