കവർസ്റ്റോറി
മാറുന്ന മലയാളസാഹിത്യം: വിച്ഛേദങ്ങളും വിനിമയങ്ങളും

എതിർദിശ സുരേഷ്
Published on Jun 27, 2026, 11:29 AM | 15 min read
ഭാവുകത്വം മാറുകയാണ്. ഭാവനയുടെ മണ്ഡലത്തിലും പ്രവർത്തിക്കുന്നത് ചരിത്രത്തിന്റെ ഇച്ഛയായതുകൊണ്ട്, തീർച്ചയായും, കേവലം സാഹിത്യവിഷയമല്ല ഇത്. "പൂർത്തിയായിട്ടില്ലാത്ത ഒരു പദ്ധതിയാണ് ആധുനികത’ (modernity is an incomplete project) എന്ന ഹേബർമാസിന്റെ നിരീക്ഷണത്തെ സാധൂകരിക്കുന്നുണ്ട് മലയാളത്തിലെ സമകാലരചനകളും. ആധുനികോത്തരമായിരിക്കുമ്പോഴും മലയാളത്തിലെ പുതിയ എഴുത്ത് ആധുനികതയെ വെറുമൊരു പൂർവസ്മൃതിയായി മാറ്റിനിർത്തുന്നില്ല. പ്രത്യക്ഷവും പ്രച്ഛന്നവുമായ പലതരം സാന്നിധ്യങ്ങളിലൂടെ ആധുനികതയുടെ പിന്മടക്കം നിരന്തരം നീട്ടിവയ്‌ക്കപ്പെടുന്നു. എങ്കിലും, ആഖ്യാനത്തിലെയും സൗന്ദര്യബോധത്തിലെയും അപഭ്രംശമായാണ് പുതിയ എഴുത്തിലെ ആധുനികതാസ്‌പർശം മനസ്സിലാക്കപ്പെടുന്നത്. ഏതായാലും, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽനിന്ന് വർത്തമാനകാലത്തിലേക്കുള്ള സഞ്ചാരം ആധുനികതയിൽനിന്ന് ആധുനികോത്തരതയിലേക്കുള്ള പരിണാമമാകുന്നതെന്തുകൊണ്ട് എന്നത് ഈ ലേഖനത്തിന്റെ പരിധിക്കകത്ത് ചർച്ച ചെയ്യാവുന്ന വിഷയമല്ല. സാമൂഹികജീവിതത്തിന്റെ സമഗ്രതലങ്ങളെയും സ്‌പർശിക്കുന്ന ഈ പരിണാമത്തിന്റെ ഭാഷാസാക്ഷ്യമെന്ന നിലയിലാണ് പുതിയ സാഹിത്യത്തെ മനസ്സിലാക്കേണ്ടത് എന്ന നിലപാടിലൂന്നിക്കൊണ്ട് ചില നിരീക്ഷണങ്ങൾ അവതരിപ്പിക്കാനാണ് ലേഖനം ശ്രമിക്കുന്നത്.

ഒരു കാര്യം സ്‌പഷ്ടമാണ്. വർത്തമാനസന്ദർഭത്തിന്റെ താപം സൗന്ദര്യസങ്കൽപ്പത്തെ അലിയിക്കുന്നുണ്ട്. പഴയ ബോധ്യങ്ങളിൽ ഇനി മലയാളിക്ക് തുടരാനാവില്ല. വ്യത്യസ്‌തരായിരിക്കാനും ആ വ്യത്യസ്‌തതയുടെ പേരിൽ പുറന്തള്ളപ്പെടാതിരിക്കാനുമുള്ള ആഗ്രഹം സാഹിത്യത്തിന്റെ മണ്ഡലത്തിലെങ്കിലും ഇപ്പോൾ മാനിക്കപ്പെടുന്നുണ്ട്. സാഹിത്യം ജനാധിപത്യത്തിന്റെ അരങ്ങായിത്തീരുന്നു. അപരിചിതമായ വൈകാരികലോകങ്ങൾ പുതുതായി തെളിഞ്ഞുവരുന്നതിലൂടെ സർഗാത്മകതയുടെ ക്യാൻവാസ് വിപുലമാവുകയാണ്. എല്ലാ അവകാശങ്ങളുമുള്ള വേറൊരു പ്രദേശമാണ് ന്യൂനപക്ഷം എന്ന് എഴുത്തിന്റെ ലോകം നിശ്ശബ്ദമായി പ്രഖ്യാപിക്കുന്നു. മതപരവും ജാതീയവും വംശീയവും സാമുദായികവും ഭാഷാപരവും വർണപരവും സാംസ്‌കാരികവുമായ ന്യൂനപക്ഷങ്ങളുടെ ആത്മപ്രകാശനത്തിനും അവകാശസംരക്ഷണത്തിനുമുള്ള ഉപാധിയായി മാറിക്കൊണ്ട് പുതിയ സാഹിത്യം സ്വന്തം മൂല്യം വർധിപ്പിക്കുന്നു. പരമ്പരാഗതസാഹിത്യം, പൊതുവെ, മെയ്ക്കരുത്തിന്റെ (യും) ആഘോഷമായിരുന്നു. പുതിയ കാലത്ത് ശരീരത്തിന്റെ രാഷ്ട്രീയവിവക്ഷകളെ മനസ്സിലാക്കാൻ സാഹിത്യം ശ്രമിക്കുന്നു. ഒപ്പം, അംഗപരിമിതരെ അഭിസംബോധന ചെയ്യുന്ന എഴുത്തുകൾ (disability narratives) നമ്മുടെ ഭാഷയിലും മെല്ലെയെങ്കിലും വരവറിയിക്കുന്നു. ഏബിളിസം (ableism) എന്ന അധികാരവ്യവസ്ഥയുടെ നേർക്കാണ് ഇതിന്റെ ചൂണ്ടുവിരൽ നീളുന്നത് എന്നതിനാൽ, ഇതൊരു രാഷ്ട്രീയപ്രശ്‌നം കൂടിയാണ്.
ഭാവുകത്വപരിണാമത്തിന്റെ മാപിനിയായി പ്രവർത്തിക്കുന്നത് കവിതയാണ്. പുതിയ കവിത ബഹുസ്വരതയെ ആഗ്രഹിക്കുന്നു. അത് ഒരേ സമയം പലയിടങ്ങളിൽനിന്നാണ് ആവിഷ്‌കരിക്കപ്പെടുന്നത്. സമഗ്രതയും ഏകാഗ്രതയും അതിന്റെ ലക്ഷ്യമല്ല. ആൺ/പെൺ, പ്രകൃതി/മനുഷ്യൻ, ഭൂതം/ഭാവി ഇങ്ങനെ ആധുനികത നിർമിച്ച ഉറച്ച വേർതിരിവുകളെ അത് തിരസ്‌കരിക്കുന്നു. പ്രപഞ്ചം കീഴടക്കുന്ന വിരാട്പുരുഷനെ ആധുനിക കവിത ഭാവന ചെയ്‌തു. പുതിയ കവിത പക്ഷേ, ആധുനികതയുടെ അഭാവങ്ങളെ വെളിപ്പെടുത്തുന്നു. പരസ്‌പരവിരുദ്ധമെന്ന് ആധുനികത കരുതിയ ദ്വന്ദ്വങ്ങൾക്കിടയിലുള്ള സ്ഥലങ്ങളെ പുതുകവിത പ്രകാശിപ്പിക്കുന്നു. സ്‌ത്രീകളും കീഴാളരും അംഗപരിമിതരുമെല്ലാം പുരാണങ്ങൾ തൊട്ടേ സാഹിത്യത്തിൽ സന്നിഹിതരാണെങ്കിലും, അപരവൽക്കരിക്കപ്പെടാതെ അവർക്കെല്ലാം കർത്തൃത്വപദവി കിട്ടുന്നത് ഇപ്പോഴാണ്. 1988ൽ, ആധുനികതാവാദസാഹിത്യത്തിലെ ഒരു പ്രബലധാരയുടെ കൊടിയടയാളം പോലെ ആഘോഷിക്കപ്പെട്ട ‘എവിടെ ജോൺ?' എന്ന കവിതയിൽ, "ഇവനു കാവലാൾ/ഞാനല്ല ദൈവമേ’ എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് വിലപിച്ചു. എന്നാൽ, 2000ൽ ‘എവിടെ ലോൺ?' എന്ന കവിതയിൽ "ഇവനു ജാമ്യമീ/ഞാനാണ് ദൈവമേ’ എന്ന് എ സി ശ്രീഹരി ചിരിയുതിർത്തത് ചുള്ളിക്കാടിന്റെ നിൽപ്പിടത്തെത്തന്നെ അസ്ഥിരപ്പെടുത്തിക്കൊണ്ടാണ്. "ഇത്തറവാടിത്തഘോഷണത്തെപ്പോലെ/ വൃത്തികെട്ടുള്ളതാണദ്വൈതദർശനം’ എന്ന് കെ ആർ ടോണി എഴുതി. ഇവിടെയൊന്നും പാരഡി ഫലിതത്തിന്റെ മാധ്യമമല്ല. പാസ്റ്റിഷ് (Pastiche) എന്ന് പുതിയ സാഹിത്യചിന്ത പറയുന്ന blank parody/ parody without laughter ആണ് ഈ കവിതകളിലുള്ളത്. പാരഡി, പുതിയ കവിതയിൽ, പരാദമല്ല. മലയാളകവിതയുടെ പ്രബലപാരമ്പര്യങ്ങളെ ഊർജസംഭരണികളായി കവിതയിൽ ഘടിപ്പിക്കുമ്പോഴും അവയെ ഉപജീവിക്കാതെ അതിജീവിക്കാനാണ് കവിതയുടെ ശ്രമം. യൂറോപ്യൻ ആധുനികതയും ഇംഗ്ലീഷ് മാതൃകകളും യവനപുരാണങ്ങളുമെല്ലാം നമ്മുടെ കവിതയിൽ മേഞ്ഞുനടന്ന കാലത്ത്, ദ്രവീഡിയൻ എന്നു വിളിക്കാവുന്ന ഒരു ബദൽ പാരമ്പര്യമാണ് ആറ്റൂർവഴിയിൽ തെളിഞ്ഞത്. ഈ വിച്ഛേദത്തെ ശബ്ദഘോഷമില്ലാതെ, തമിഴിനെ അത്രമേൽ ആശ്രയിക്കാതെ, ലളിതമായി കയ്യേൽക്കുന്നു പി പി രാമചന്ദ്രൻ. ‘ലളിതം', യഥാർത്ഥത്തിൽ, അത്രമേൽ ലളിതമല്ല. "അത്രമേൽ ലളിതമ/ല്ലൊന്നുമീ വിശറികൾ/എത്രയോ മയിലിനെ/ കൊന്നതിൻ വിളംബരം’ എന്ന് ഡി വിനയചന്ദ്രൻ. കുമാരനാശാനിലല്ല പൊയ്കയിൽ അപ്പച്ചനിലാണ് എം ആർ രേണുകുമാറിന്റെയും എം ബി മനോജിന്റെയും വേര്. ‘നിലാവുള്ള രാത്രിയുടെ വിശദാംശങ്ങൾ' എന്ന കവിതയിൽ ഷാജു വി വി "ആകാശത്തുനിന്ന്/പ്രകാശം ചുരത്തി/ചന്ദ്രൻ/പശ്ചാത്തലം വഷളാക്കി’ എന്നെഴുതി കാൽപ്പനികതയെ തൊഴിക്കുന്നു. ഒറ്റ ബ്രാക്കറ്റിൽ നിരന്നുകാണുന്ന മലയാളിയെഴുത്തുകാർ, സൂക്ഷ്മാർഥത്തിൽ, വിഭിന്നങ്ങളായ എത്രയെത്രയോ ധാരകളുടെ പ്രതിനിധികളും പ്രത്യക്ഷങ്ങളുമാണ്.
ഭൂരിപക്ഷത്തിന്റേതല്ലാത്ത ഒരു ജീവിതത്തെ, പരമ്പരാഗതമായ ലൈംഗികമാനദണ്ഡങ്ങൾക്കു പുറത്തുനിൽക്കുന്ന (heteronormative) ഒരനുഭവമണ്ഡലത്തെയും അതുയർത്തുന്ന സ്വത്വസംഘർഷങ്ങളെയും, ഭാഷയിലൂടെ പകരാൻ പുതിയ കവിത ശ്രമിക്കുന്നു. ക്വിയർ ആയ ആദിയുടെ ‘പെണ്ണപ്പൻ' എന്ന കവിത ഇങ്ങനെ:
"പെണ്ണപ്പാ
പെണ്ണപ്പാ'യെന്ന്
നാടാകെ വിളിക്കുന്ന
അപ്പനുണ്ട്,
ബാക്കിയെല്ലാരപ്പമ്മാരും
ആണപ്പന്മാര്
എന്റപ്പൻ പെണ്ണപ്പനും.
പെണ്ണപ്പനമ്മ മരിക്കുംമുന്നേ
മീൻ നുള്ളുമായിരുന്നു,
അടുപ്പൂതുമായിരുന്ന-
ടിച്ചുവാരുമായിരുന്നു,
തോട്ടിലിറങ്ങി
അലക്കുമായിരുന്നു
‘അടിപ്പാവാടകൂടി
കഴുകിക്കൊട,യാ-
ണുങ്ങളെ പറയിപ്പിക്കാ'നെന്ന്
കരക്കാര് മുഴുവനും വാ കീറും
പെണ്ണപ്പനെന്നെ
നോക്കിച്ചിരിക്കും
‘നൂറ്റാണ്ടുകളുടെ
വിഴുപ്പലക്കിക്കളയുകാ'ന്ന്
സിദ്ധാന്തം പറയും
മൂക്കീ കൈയ്യിട്ട്
ഞാൻ പെണ്ണപ്പന്റെ
വാ നോക്കും
‘അടിപ്പാവാടയൊരു
ചീത്ത സാധനമാണോ'ന്ന്
ഞാൻ ചോയ്‌ക്കും
‘അടീലുള്ളതൊക്കെയും
ചീത്തതാണ് കൊച്ചേ'ന്ന്
പെണ്ണപ്പൻ
വീണ്ടും സിദ്ധാന്തം പറയും
അമ്മയും പറയു-
മടിച്ചുവാരണ്ടെന്ന്
അലക്കണ്ടെന്ന്
പെണ്ണപ്പൻ ചിരിക്കും
അടുത്ത പുരകളിൽ
ആണപ്പന്മാർ
ഭാര്യമാരെ ചെരവ
കൊണ്ടെറിഞ്ഞുവീഴ്‌ത്തും,
ചീത്ത വിളിക്കും,
പിള്ളേരെ പൊതിരെ തല്ലും,
മുണ്ടു പൊക്കി
നാണം കെടുത്തും
പെണ്ണപ്പനൊന്നും ചെയ്‌തില്ല
അലക്കൽ
അടിച്ചുവാരൽ
കപ്പ നടീൽ
അല്ലാതെയൊന്നും ചെയ്‌തില്ല
പെണ്ണപ്പൻ
എങ്ങോ പോയപ്പോളമ്മ
അലക്കുകെട്ടില്ലാതെ
ആറ്റിലേക്കിറങ്ങിപ്പോയി
ഞാൻ കുഴിയാനയെ
പിടിച്ചുവിട്ട്
മണ്ണപ്പം ചുടാൻ
കണ്ണൻചിരട്ട നോക്കി
കണ്ടത്തേക്ക് മണ്ടിയതായിരുന്നു
പിന്നമ്മയെ കണ്ടതില്ല
‘പെണ്ണപ്പന്റെ പിടിപ്പുകേട്!
ആണപ്പന്മാർ പണിതു
കാണു'മെന്ന്
കരക്കമ്പി പോലും വന്നു
പെണ്ണപ്പനൊന്നും മിണ്ടിയില്ല
എന്നേം വാരി
ആണപ്പന്മാരുടെ ഇടയിൽ
നിന്നൊരൊറ്റ
ഇറങ്ങിപ്പോക്കാണ്,
ആറ്റിലേക്ക്
മഴയിലേക്ക്.
വെയിലിലേക്ക്
അടുപ്പിലേക്ക്
അടിപ്പാവാടയിലേക്ക്’
ഒരു ഭാഷയിലിടപെടുന്ന ഭൂരിപക്ഷം മനുഷ്യരുടെ ഉദാരത കൊണ്ടല്ല എഴുത്തിന്റെ സ്വരൂപം മാറുന്നത്. ക്വിയർ അല്ലാത്ത, വലിയ എഴുത്തുകാർ എന്ന പ്രിവിലേജുള്ള, തകഴിയും മാധവിക്കുട്ടിയും ബഷീറുമൊക്കെ ക്വിയർ ജീവിതം നേരത്തേ ആഖ്യാനം ചെയ്‌തിട്ടുണ്ടെങ്കിലും ക്വിയർ എന്ന് സ്വയം തിരിച്ചറിഞ്ഞവർതന്നെ തങ്ങളെ അടയാളപ്പെടുത്തുന്ന സാഹചര്യം നമ്മുടെ ഭാഷയിലുണ്ടായിരുന്നില്ല. ‘We are queer, We are here' എന്ന പ്രഖ്യപനം അര നൂറ്റാണ്ടു മുമ്പുതന്നെ ലോകത്തിൽ പലേടത്തും മുഴങ്ങി. ഇന്ത്യയിൽത്തന്നെ പല ഭാഷകളിലും നേരിട്ടുള്ള ക്വിയർ രചനകൾ പ്രത്യക്ഷപ്പെട്ടു. എന്നിട്ടും മലയാളത്തിൽ അതു സാധ്യമായത് സമീപകാലത്താണ്. ഇന്ന് വിജയരാജമല്ലിക, വിഷ്‌ണു മൃണാളിനി ജയൻ, പ്രകൃതി എൻ വി തുടങ്ങി ലൈംഗിക ന്യൂനപക്ഷത്തിലുൾപ്പെടുന്ന നിരവധിയെഴുത്തുകാർ സ്വന്തം സത്തയെ മലയാളത്തിൽ ആവിഷ്‌കരിക്കുന്നു. ക്വിയർ രചനകളുടെ സമാഹാരങ്ങൾ നമ്മുടെ വായനാമുറിയിലെത്തുന്നു.
‘സ്റ്റിൽ ലൈഫ് വിത്ത് സ്‌കൾ’. പെയിന്റിങ്: പാബ്ലോ പിക്കാസോ
എമ്പാടുമുണ്ടെങ്കിലും എവിടെയും ഹാജർ രേഖപ്പെടുത്തപ്പെടാതെ പോകുന്ന മനുഷ്യരുടെ അനുഭവങ്ങൾക്ക് വിനിമയമൂല്യമുണ്ട് എന്ന് ഇപ്പോഴുള്ളത്രയും തീവ്രതയിൽ മുമ്പൊരിക്കലും മലയാളി അംഗീകരിച്ചിട്ടില്ല. സാഹിത്യത്തിന്റെ നിർവചനങ്ങളെ വിപുലമാക്കിക്കൊണ്ട്, ചിലപ്പോൾ കീഴ്‌മേൽ മറിച്ചുകൊണ്ട്, അനുഭവാഖ്യാനങ്ങൾ തുടർച്ചയായി വരുന്നു. സാമൂഹികജീവിതത്തിൽ എന്തെങ്കിലും ധർമമനുഷ്ഠിക്കുന്നവർ എന്ന് പൊതുസമൂഹം കരുതിയിട്ടില്ലാത്തവരുടെ അനുഭവങ്ങൾ നവോത്ഥാനസാഹിത്യത്തിന്റെ കേന്ദ്രത്തിലുണ്ടെങ്കിലും, ബഷീറിനെയും പൊൻകുന്നം വർക്കിയെയും പോലുള്ള ‘അംഗീകൃത' എഴുത്തുകാരിലൂടെയായിരുന്നു ചരിത്രം അക്കാര്യം സാധിച്ചെടുത്തത്. തൊഴിലാളി എന്ന പദവിപോലും നേടാൻ കഴിയാതെപോയ, പെറുക്കികളും തെണ്ടികളും ഉന്മാദികളും പോക്കറ്റടിക്കാരുമായ, മനുഷ്യർക്ക് അതുവഴി ദൃശ്യത കൈവന്നു. കഴിഞ്ഞ ദശകങ്ങളിൽ ലൈംഗികത്തൊഴിലാളിയും കള്ളനുമൊക്കെ സ്വന്തമനുഭവങ്ങൾ കേട്ടെഴുതിച്ച് സാഹിത്യത്തിൽ കുടിയേറി. മലയാളിയുടെ ആദ്യകാല ഗൾഫ് കുടിയേറ്റങ്ങളും ഭാഷാരൂപം കൈക്കൊണ്ടു. ഇപ്പോഴാകട്ടെ, സവിശേഷമായ ഭാഷാകേളി നടത്താൻ ശേഷിയുണ്ട് എന്ന് സ്വയം കരുതാത്തവരുടെ ("സവിശേഷമായ ഭാഷാകേളിയാണ് സാഹിത്യം’ എന്ന് ടെറി ഈഗിൾടൺ) അമ്പരപ്പിക്കുന്ന ദൈനംദിനങ്ങൾ. അവർതന്നെ സ്വന്തം ശൈലിയിൽ കോറിയിടുമ്പോൾ ഭാവനയ്‌ക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത അനുഭവപ്പകർച്ചകളിൽ മലയാളം വിനീതമാവുകയാണ്. എഡിറ്റർ എന്ന അധികാരിയുടെ മാധ്യസ്ഥമില്ലാത്ത ഡിജിറ്റൽ അരങ്ങാണ് അവരുടെ എഴുത്തുകളെ സാധ്യമാക്കിയത്. എഡിറ്റുചെയ്യപ്പെടാത്ത മനുഷ്യാനുഭവങ്ങളെ അറിയാൻ ഈയെഴുത്തുകളും അനിവാര്യമെന്ന് സാഹിത്യം കരുതുന്നുണ്ടാകണം. ഏതായാലും, സ്വയം കീറി ഉണക്കാനിട്ടുകൊണ്ട്, life is stranger than fiction എന്നതിന്റെ പ്രത്യക്ഷമായി, മുഹമ്മദ് അബ്ബാസും ബാബു അബ്രഹാമുമൊക്കെ സാഹിത്യത്തിന്റെ മുന്നരങ്ങിലെത്തുന്നു. ‘വിശപ്പ് പ്രണയം ഉന്മാദം', ‘കമ്പിളികണ്ടത്തെ കൽഭരണികൾ' തുടങ്ങിയ രചനകൾക്ക് വിഖ്യാതരായ എഴുത്തുകാരിൽനിന്നുതന്നെ തുടർച്ചകളുണ്ടാവുന്നു. ജൈവസമഗ്രതയുടെ സ്വാഭാവികവും വ്യത്യസ്‌തവുമായ പ്രതിനിധാനങ്ങളാണ് ഈ പലതരം ആളുകളെന്ന അറിവിന്റെ ഭാവനാസ്വരൂപങ്ങളായി സാഹിത്യം പ്രവർത്തിക്കുകയാണ്. ഇതരദേശങ്ങളെ എഴുതുമ്പോഴും അത് സ്വന്തം നിൽപ്പിടങ്ങളിൽ തുടരുകയും നാട്ടനുഭവങ്ങളിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു. ഭൂമണ്ഡലത്തിലെവിടെയും ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ' (സുധാ മേനോന്റെ പുസ്തകം) വെളിച്ചത്തിൽ വന്ന് നിലവിളിക്കുകയാണിപ്പോൾ. ടി ഡി രാമകൃഷ്‌ണൻ നോവലെഴുതുമ്പോഴും ചിലപ്പോൾ ഇത് സംഭവിക്കുന്നു. ഖരാക്ഷരങ്ങളിലെഴുതിയ തത്വചിന്തയുടെ വിശദീകരണസ്ഥാനങ്ങളല്ല ഇന്ന് ഫിക്ഷൻ. അനുഭവങ്ങളിൽനിന്ന് സ്വയമേവ തത്വചിന്തയുണ്ടാകുന്നു. സ്വത്വപരമായി ചേർന്നുനിൽക്കുന്ന മനുഷ്യരിലൂടെ രൂപപ്പെടുന്ന അനുഭവാധിഷ്ഠിതവും അതുവഴി മൂർത്തവുമായ ഒറ്റയൊറ്റ പ്രദേശങ്ങളാണ്, അമൂർത്തമായ പ്രപഞ്ചമോ രാഷ്‌ട്രമോ അല്ല, പുതിയ സാഹിത്യത്തിന്റെ പ്രത്യക്ഷപ്രതലം.

കീഴാള - ദളിത് ആഖ്യാനങ്ങൾ എക്കാലത്തും പ്രദേശത്തിന്റെ താപം പ്രസരിപ്പിച്ചവയായിരുന്നു. (ഇന്ത്യൻ) ദേശീയതയെന്ന സവർണഘടനയ്‌ക്ക് പുറത്തായിരുന്നതിനാൽ അത്തരമാവിഷ്‌കാരങ്ങൾ കാലങ്ങളോളം അദൃശ്യമായിത്തുടർന്നു. പരമ്പരാഗത സാഹിത്യചരിത്രത്താൽ നിർമിക്കപ്പെട്ട ഭാഷാപരമായ ശ്രേണീകരണവും അതിനു നിമിത്തമായി. അക്ഷരാഭ്യാസമില്ലാത്തവർ ഉപയോഗിക്കുന്നതും അതുകൊണ്ടുതന്നെ ലിഖിതരൂപത്തിൽ ഏറെ പ്രചരിക്കാത്തതുമായ കീഴാളഭാഷയെ നീചമായി പരിഗണിക്കാൻ സാഹിത്യചരിത്രം ‘പരിഷ്‌കൃത'ജനതയെ പരിശീലിപ്പിച്ചു. കീഴാളതയെ മ്ലേച്ഛമെന്നു കരുതിയ ഭാഷയുടെ അധികാരവ്യവസ്ഥ പ്രബലമായിരുന്നു. ‘നീച'ഭാഷയിലെ ആഖ്യാനങ്ങൾക്ക്, സ്വാഭാവികമായും, ‘മാന്യത'യുടെ ലോകത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടു. കീഴാളരുടെ ഭാഷയുടെയും ഭാവനയുടെയും അനന്യതയ്‌ക്ക് സ്ഥലപരമായ ആധാരങ്ങൾ കൂടിയുണ്ട് എന്ന് കീഴാളപഠനങ്ങൾ ഇന്ന് സമർഥിക്കുന്നുണ്ട്. അതുപോലെ, പുരുഷകേന്ദ്രിതമായ ആഖ്യാനങ്ങളെ അട്ടിമറിച്ചുകൊണ്ടും സ്വന്തമനുഭവങ്ങളുടെ സൂക്ഷ്‌മതകളിലൂന്നിക്കൊണ്ടും സ്‌ത്രീകൾ രംഗത്തെത്തുന്നു. കൈക്കലത്തുണിയും ആർത്തവവും പ്രസവവും മുലയൂട്ടലും മുമ്പൊരിക്കലുമില്ലാത്തവിധം പുതിയ അർഥധ്വനികളോടെ ഭാഷയിൽ മുഴങ്ങുന്നു. അതിപരിചിതമെന്ന് കരുതപ്പെട്ടിരുന്ന വസ്‌തുക്കളും സന്ദർഭങ്ങളും സങ്കൽപ്പനങ്ങളും അമ്പരപ്പിക്കുന്ന രൂപഭാവങ്ങളിൽ തെളിയുകയാണ്. ലിംഗസമത്വത്തിന്റെ പോർക്കളമായി സാഹിത്യം മാറുന്നു. കെ രേഖ, പ്രിയ എ എസ്, വി എം ഗിരിജ, ആശാലത, എം ആർ രാധാമണി, ലോപാമുദ്ര, ഷീജ വക്കം, നിഷ നാരായണൻ, ആതിര ആർ തുടങ്ങി നിരവധി പേർ കഥയായും കവിതയായും അനുഭവാഖ്യാനമായും ഉപഹാസമായും പുതിയ കാലത്തെ സ്‌ത്രീയനുഭവങ്ങളെ വിന്യസിക്കുന്നു. ബാലാമണിയമ്മയും കെ സരസ്വതിയമ്മയും മാധവിക്കുട്ടിയും അഷിതയും ഗ്രേസിയും വിജയലക്ഷ്മിയും സാവിത്രി രാജീവനും ഇവരിൽ തുടരുകയും മുറിയുകയും ചെയ്യുന്നു.
അമ്മു ദീപ എഴുതിയ ‘ജന്മങ്ങൾ' എന്ന കവിത കാണൂ:
"ഉറക്കത്തിൽ
വരയാടുകൾക്കൊപ്പം
ചെങ്കുത്തായ പാറകേറിപ്പോയി.
പൂർവജന്മത്തിൽ
ഞാനൊരു വരയാടായിരുന്നിരിക്കണം.
അടുക്കളയുടെ നനഞ്ഞ തറ പക്ഷേ,
കുളമ്പുകൾക്ക് നന്നല്ല.
ഇന്നൊന്ന് തെന്നിവീഴാൻ പോയി.’
ആൺനോട്ടത്തിലെ സ്‌ത്രീയുടലിനെയും അഴകളവുകളെയും ആഗ്രഹിക്കുന്നില്ല ആഖ്യാതാവ്. ആഖ്യാനത്തിന്റെ അബോധത്തിൽ/തൃഷ്ണയിൽ വരയാടിന്റെ ഉറച്ച മസിലുകളുണ്ട്. ഉയർച്ചയെ അസാധ്യമാക്കുന്ന, സ്വപ്‌നത്തെപ്പോലും വഴുക്കിവീഴ്‌ത്തുന്ന, ആസ്‌പദങ്ങളെയെല്ലാം കവിത നിരാകരിക്കുന്നു. കവികൾ കാണുന്ന അടുക്കള പഴയ അടുക്കളയല്ല. നോട്ടം മാറുമ്പോൾ കാഴ്‌ചയും മാറുന്നു.
"കൊഴിഞ്ഞുവീണു വീരപൗരുഷം
മൗനിയായി
മൃദുവായി... മുദുവായി
വ്യഥയിൽ വെന്തുവെന്ത്
ആർക്കും അർഥിക്കാവുന്ന
ഏതു മുറിവിനും മരുന്നായി
ഉടലാകെ സ്‌തനങ്ങളായി
പിറവിയെടുക്കുകയായിരുന്നു.’
വ്യത്യസ്‌തമായ മറ്റൊരു പെൺ/ബുദ്ധ ദൃശ്യമാണിത്. മാധവൻ പുറച്ചേരിയുടെ ‘പരിണാമ'ത്തിൽനിന്ന്. ലിംഗസ്വത്വപരമായ ഉറച്ച ബോധ്യങ്ങളെ കവിത അവിശ്വസിക്കുന്നു. ഒപ്പം, പെണ്മയെ കരുണയെന്നറിയുന്നു. പി എൻ ഗോപികൃഷ്‌ണൻ, വീരാൻകുട്ടി, കുഴൂർ വിത്സൻ, പി എ നാസിമുദ്ദീൻ, എം എസ് ബനേഷ്, ടി പി വിനോദ്, ബിന്ദു കൃഷ്‌ണ, സുബിൻ അമ്പിത്തറയിൽ തുടങ്ങി, പല തലമുറയിൽപ്പെട്ട, കവികൾ ആവിഷ്‌കരിക്കുന്നത് പുതിയ ജീവിതത്തെയാണ്. നൊസ്റ്റാൾജിയയിലും ചെടിച്ച ഭാഷയിലും കുടുങ്ങാതെ, യാഥാർഥ്യവും ചരിത്രവും ഭാവനയും ഭ്രാന്തും ത്രികാലവും കൂടിക്കലരുന്ന ആന്തരികലോകത്തിന്റെ ചിത്രങ്ങളായി, ഇവരിലൂടെ കവിത മറ്റൊരു ജീവിതം നേടിയെടുക്കുന്നു. ആധുനികതയെ ആസകലം പിൻപറ്റിയ ദേശസങ്കൽപ്പത്തെയും ഭാവനാക്രമങ്ങളെയും അതിന്റെ അതിരുകൾക്കുള്ളിൽ സ്ഥാനമുറപ്പിച്ച ജീവിതരീതികളെയും ‘മുഖ്യധാര'യായി കാണുകയും ശേഷിക്കുന്ന എല്ലാറ്റിനെയും അരികുവൽക്കരിക്കുകയും അപരവൽക്കരിക്കുകയും ചെയ്യുന്ന പൊതുബോധത്തെയാണ് പുതിയ ആഖ്യാനങ്ങൾ നിർഭയം ചോദ്യം ചെയ്യുന്നത്.
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന പദവി ദീർഘകാലമായി ആസ്വദിക്കുന്ന ‘ഇന്ദുലേഖ' എന്ന നായരാഖ്യാനത്തിനുമുമ്പും നമ്മുടെ ഭാഷയിൽ നോവലുകളുണ്ടായിരുന്നുവെന്നും അത് പഠിക്കേണ്ടതാണെന്നും ഇന്ന് നമുക്ക് തോന്നുന്നത് വർത്തമാനചരിത്രം നമ്മളിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ്. (ചിന്ത പബ്ലിഷേഴ്‌സിനുവേണ്ടി എൻ സന്തോഷ് കുമാർ എഡിറ്റു ചെയ്‌ത ‘19-ാം നൂറ്റാണ്ടിലെ മലയാള നോവലുകൾ' എന്ന പരമ്പര ഓർക്കുക). ‘ഇന്ദുലേഖ'യിലൂടെ സഫലീകരിക്കപ്പെട്ട ‘ലക്ഷണം' എന്താണ്? ആരാണ് ആ ‘ലക്ഷണം' നിശ്ചയിച്ചത്? പ്രദീപൻ പാമ്പിരികുന്ന് എഴുതുന്നു: "മണിപ്രവാളസംസ്‌കാരം സൃഷ്‌ടിച്ചിട്ടുള്ളതും ലൈംഗികതയിലൂന്നിയിട്ടുള്ളതുമായ ജ്ഞാനസൗന്ദര്യവ്യവഹാരങ്ങൾ, സ്‌ത്രീകളെ കാഴ്‌ചയുടെ ഇരയാക്കുന്ന സൗന്ദര്യവീക്ഷണം, കേരളത്തിലെ മുഖ്യവിഭവശക്തിയായിത്തീരുന്ന നായർ ആഭിജാത്യത്തിന്റെ സ്വാംശീകരണം, കൊളോണിയൽ സാധ്യതകൾക്കുമുന്നിൽ സ്വയം തല കുനിക്കാൻ സന്നദ്ധമാകുന്ന രാഷ്‌ട്രീയവിധേയത്വം, ചരിത്രനിരപേക്ഷമായ വെളുത്ത വർണബോധം, സവർണേതര സാമൂഹ്യജീവിതത്തെയോ അധ്വാനത്തെയോ സ്‌പർശിക്കാത്ത നോവലിന്റെ വരേണ്യഘടന ഇവയെല്ലാം ചേർന്ന് രൂപപ്പെടുത്തിയതാണ് ‘ഇന്ദുലേഖ'യുടെ ‘ലക്ഷണം.' (‘സരസ്വതീവിജയവും നിരൂപണത്തിന്റെ പ്രത്യയശാസ്‌ത്രവും' എന്ന ലേഖനം). ആനന്ദും ഒ വി വിജയനും എം മുകുന്ദനും കാക്കനാടനും എം പി നാരായണപിള്ളയും മറ്റും കേരളത്തിനു പുറത്തെ മഹാനഗരങ്ങളിലിരുന്ന് എഴുതിയതുകൊണ്ടാണ് അവരുടെ കഥാപാത്രങ്ങൾക്ക് ജാതിയുടെ ഭാരം ചുമക്കേണ്ടിവരാതിരുന്നത്. പി വത്സല, എം സുകുമാരൻ, സി വി ശ്രീരാമൻ എന്നിവരുടെ കൃതികളിൽ ജീവസ്സുറ്റ ദളിത് കഥാപാത്രങ്ങളുണ്ടെങ്കിലും അവ യാഥാർഥ്യമെന്നതിലുപരിയായി ഒരുതരം ‘ഉദാരത'യുടെ (generosity) ഭാഗമായാണ് അനുഭവപ്പെട്ടതെന്നും ദളിത് എഴുത്തുകാർ എഴുതിത്തുടങ്ങിയതോടെയാണ് ഭാഷയും ശൈലിയും സാഹിത്യ സൗന്ദര്യശാസ്‌ത്രവും സാവധാനം മാറിമറിഞ്ഞതെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഏതായാലും, സമകാല മലയാളസാഹിത്യം വരേണ്യത ഏതാണ്ട് കയ്യൊഴിഞ്ഞിരിക്കുന്നു. സണ്ണി എം കപിക്കാടും ടി എസ് ശ്യാംകുമാറും നമ്മുടെ ചിന്താജീവിതത്തിലിടം നേടുന്നതും സി അയ്യപ്പൻ എന്ന കഥാകൃത്ത് വീണ്ടെടുക്കപ്പെടുന്നതും രേഖാ രാജും രാഘവൻ അത്തോളിയും വിജില ചിറപ്പാടും ബിനു എം പളിപ്പാടും ധന്യ വേങ്ങച്ചേരിയും സുകുമാരൻ ചാലിഗദ്ധയും പ്രധാനപ്പെട്ട എഴുത്തുകാരായി സ്ഥാനമുറപ്പിക്കുന്നതും യാദൃച്ഛികമല്ല.
കടപ്പാട്: printerest
പ്രാദേശികാടയാളങ്ങളുടെ നിബിഡതയിലൂടെ സാർവദേശീയമായിത്തീരുന്നതും തൽക്കാലത്തിലിരുന്ന് വരുംകാലത്തോടു സംസാരിക്കുന്നതുമാണ് പുതിയ സാഹിത്യം. ദേശാതീതത്വം സാഹിത്യത്തിന്റെ ബോധപൂർവമായ തെരഞ്ഞെടുപ്പല്ല എന്നുകൂടിയാണ് ഇതിനർഥം. ഭാവിയിലെ ലോകസാഹിത്യത്തെ ഭാവന ചെയ്‌തുകൊണ്ട്, 1848ൽ, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറയുന്നതു നോക്കൂ: "ഭൗതികസ്വത്തിന്റെ കാര്യത്തിലെന്നപോലെ ധൈഷണികമായ ഉൽപ്പാദനത്തിന്റെ കാര്യത്തിലും ഓരോ ദേശത്തിന്റെയും സൃഷ്ടികൾ പൊതുസ്വത്തായി മാറും. ദേശീയമായ ഏകപക്ഷീയതയും സങ്കുചിതത്വവും കൂടുതൽക്കൂടുതൽ അസാധ്യമാകും. ദേശീയവും പ്രാദേശികവുമായ സാഹിത്യങ്ങളിൽനിന്നും ഒരു ലോകസാഹിത്യം ഉണ്ടായിവരും. "പ്രദേശം ഒരു ഭാവനാത്മകാവിഷ്‌കാരത്തിന്റെ കേവലമായ പശ്ചാത്തലമല്ല. ഭൗതികജീവിതത്തിന്റെ കളിത്തട്ട് എന്നതുപോലെ മാനസികജീവിതത്തിന്റെ ചേരുവയുമാണ് പ്രദേശം. പ്രദേശത്തെ ആവിഷ്‌കരിക്കലാണ്, സൂക്ഷ്മാർഥത്തിൽ, ഏതെഴുത്തും. ഒരുമിച്ചുജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ഭൂമിശാസ്‌ത്രപരവും സാമൂഹികവും സാംസ്‌കാരികവും പാരമ്പര്യബദ്ധവുമായ പ്രഭവങ്ങളെ അറിയുക എന്നതാണ് പ്രദേശത്തെ ആവിഷ്‌കരിക്കുക എന്നതിന്റെ താൽപ്പര്യം. അവരുടെ വിചാരപരവും അനുഭവപരവുമായ പൊരുത്തങ്ങളും അതുവഴി തെളിഞ്ഞുവരുന്നു. പൂർവനിശ്ചിതമായ നിർവചനങ്ങൾക്കകത്ത് നിർമിച്ചെടുക്കുന്ന സാംസ്‌കാരിക ഘടനയാണ് രാഷ്‌ട്രമെങ്കിൽ, അത്തരം നിർവചനതത്വങ്ങൾക്കും നിർമാണയുക്തികൾക്കും പുറത്ത് ബോധപൂർവമായ സൈദ്ധാന്തികപ്രക്രിയയുടെ മാധ്യസ്ഥമില്ലാതെ രൂപപ്പെടുന്നതാണ് പ്രദേശം. ഒരു തരത്തിലും രാഷ്‌ട്രത്തിന്റെ ചെറുപതിപ്പല്ല പ്രദേശം. രാഷ്‌ട്രം എന്ന സ്ഥൂലഭാവനയല്ല പ്രദേശം എന്ന സൂക്ഷ്‌മയാഥാർഥ്യമാണ് മനുഷ്യാനുഭവങ്ങളുടെ ഉറവിടം എന്നതുകൊണ്ടും അനുഭവങ്ങളാണ് എഴുത്തിന്റെ നിർമാണവസ്‌തു എന്നതുകൊണ്ടും സാഹിത്യം പ്രദേശത്തിന്റെ ഭാവനാത്മകജീവചരിത്രമാകുന്നു. അനുഭവങ്ങളോട് സത്യസന്ധത പുലർത്തുന്ന എഴുത്തുകാർക്ക് ‘വിശ്വപൗര'ന്മാരായി നിന്നുകൊണ്ട് ഒന്നുമാവിഷ്‌കരിക്കാൻ കഴിയില്ല എന്നുകൂടി ഇതിനർഥമുണ്ട്. "രണ്ട് മീൻകുട്ടകൾ ഒട്ടിച്ചുവെച്ച ഭൂഗോളം' എന്ന് എസ് ജോസഫ് എഴുതിയത് ലോകനോട്ടത്തിന്റെ കാര്യത്തിൽ മലയാളകവിതയുടെ അടിയടരിൽ സംഭവിച്ച മാറ്റത്തിന്റെ തെളിവായിരുന്നു. ആഖ്യാതാവിന്റെ അനുഭവലോകം അലങ്കാരകൽപ്പനയെ നിർണയിക്കുന്നു. ‘കാവ്യപ്രപഞ്ചം', ‘കാവ്യലോകം' എന്നൊക്കെ പഠനഗ്രന്ഥങ്ങൾ ഇറങ്ങിയിരുന്ന ഒരു ഭാഷയിൽ, ‘കവിതയുടെ ഗ്രാമങ്ങൾ' എന്ന് ഒരു വിമർശകൻ തന്റെയൊരു വിമർശനഗ്രന്ഥത്തിന് പേരിടുമ്പോൾ മലയാളവിമർശനത്തിന്റെ ഊന്നലിൽ വന്ന വ്യത്യാസം തെളിയുന്നു. മലയാളത്തിൽ സാഹിത്യവിമർശനമെഴുതാനുള്ള പ്രാഥമികയോഗ്യത മലയാളിജീവിതത്തെ അറിയലാണെന്ന് പുതിയ വിമർശനം കരുതുന്നുണ്ട്. നമ്മുടെ ഭാഷയിലെ ഏതു സാഹിത്യഗണത്തെയെടുത്തും, പശ്ചാത്തലമെന്നതിൽനിന്ന് പ്രമേയം തന്നെയായി മാറിയ പ്രദേശചിത്രണത്തെ ഉദാഹരിക്കാൻ കഴിയും.
ചരിത്രസഞ്ചാരത്തിന്റെ ഒരു ഘട്ടത്തിൽ, ആധുനികതയുടെ സന്ദർഭത്തിൽ, ദേശരാഷ്‌ട്രങ്ങൾ രൂപീകരിക്കപ്പെട്ടപ്പോഴാണ്, പ്രദേശം പിന്നരങ്ങിലേക്ക് മാറ്റിനിർത്തപ്പെട്ടത്. പൗരൻ എന്ന പുതിയ പദവി നേടിയെടുത്ത മനുഷ്യന് പ്രാദേശികമായ അസ്‌തിത്വത്തെ നിസ്സാരമായി കരുതേണ്ടിവന്നു. പ്രാദേശികസ്വത്വം ദേശീയ പൗരത്വത്തിൽനിന്ന് പല നിലകളിൽ വിഭിന്നമാണ് എന്ന ഉൾവിളി താൽക്കാലികമായെങ്കിലും അനാഥമായി. ഇപ്പോൾ, രാഷ്‌ട്രം അതിന്റെ വിരാടരൂപത്തിൽ തുടരുമ്പോൾത്തന്നെ, മനുഷ്യൻ ആന്തരികജീവിതത്തിന്റെ അടിയാധാരത്തിലേക്ക് തിരിച്ചെത്തുകയാണ്. പാർപ്പിടം, സന്തോഷവും സങ്കടവും ഭയസംഭ്രമങ്ങളും രഹസ്യവികാരങ്ങളും പങ്കിട്ട് സഞ്ചരിച്ച വഴികൾ, ഇണങ്ങിയും പിണങ്ങിയും കൊതിച്ചും കാമിച്ചും വെറുത്തും പൊറുത്തും നിത്യേന കാണുന്ന മനുഷ്യർ, കയറിക്കളിച്ച കുന്നുകൾ, മദിച്ചുകുളിക്കുകയും മീൻ പിടിക്കുകയും ചെയ്‌ത ജലാശയങ്ങൾ, പഠനത്തിനും കുസൃതികൾക്കും സാക്ഷിയായ വിദ്യാലയങ്ങൾ... ഇങ്ങനെയിങ്ങനെ പലതാണ് ഏതൊരാളുടെയും നാട്ടനുഭവങ്ങൾ. എഴുത്തുവേളയിൽ, വീണ്ടെടുക്കപ്പെടുന്ന ഓർമകളായി ഇവ മനസ്സിന്റെ മുന്നരങ്ങിലേക്ക് വരാതിരിക്കില്ല. ഇവയെക്കൂടി കൂട്ടുപിടിച്ചുകൊണ്ടാണ്, ആവിഷ്‌കരണവേളയിലും പിന്നീട് വായനാസന്ദർഭത്തിലും യാഥാർഥ്യം തന്നെയായി മാറുന്ന ഭാവനകളെ ഒരാൾ രേഖപ്പെടുത്തുന്നത്. പ്രാദേശികചരിത്രത്തിന്റെയും (Iocal history) സൂക്ഷ്മചരിത്രത്തിന്റെയും (micro history) നിർണായകത്വത്തെക്കുറിച്ച് ആവർത്തിച്ചെഴുതിയ ബ്രിട്ടീഷ് ചരിത്രകാരൻ ഇ പി തോംസൺ വിശദീകരിക്കുന്നത് ഇക്കാര്യങ്ങളാണ്. "കർത്തൃത്വരൂപീകരണത്തിൽ സംസ്‌കാരചരിത്രത്തിനും ഭൂമിശാസ്‌ത്രപരമായ പരിസരങ്ങൾക്കും നിർണായകമായ സ്ഥാനമാണുള്ളത്’ എന്ന് നിരീക്ഷിച്ച ഇറ്റാലിയൻ ദാർശനികൻ അകംബനും (Giorgio Agamben) ഏതാണ്ടിതേ കാര്യം ബ്രിട്ടനിലിരുന്ന് വിളിച്ചുപറഞ്ഞ ജങ്കിൻസും (Keith Jenkins) ഇത് നമ്മുടെ മാത്രം അനുഭവമല്ലെന്ന് വ്യക്തമാക്കിത്തരുന്നു. Glocal എന്ന പുതിയ ഇംഗ്ലീഷ് വാക്കിന് ദ്രുതഗതിയിൽ കൈവന്ന പ്രചാരം ഇതിനടിവരയിടുകയും ചെയ്യുന്നു.
ആദ്യന്തങ്ങളില്ലാത്തതും ഭാവനാതീതവും അമൂർത്തവുമായ ‘മഹാകാലം' എന്ന സങ്കൽപ്പത്തിൽനിന്ന് ഇന്ദ്രിയാനുഭവവേദ്യമായ ‘ദൈനംദിനം' എന്ന യാഥാർഥ്യത്തിലേക്ക് സമയപരികൽപ്പന മാറ്റി പ്രതിഷ്ഠിക്കപ്പെട്ടതിൽ ദിനപത്രങ്ങൾ വഹിച്ച പങ്കിനെക്കുറിച്ച് നമ്മുടെ ഭാഷയിലുൾപ്പെടെ പഠനങ്ങൾ വന്നിട്ടുണ്ട്. സുനിൽ പി ഇളയിടവും കെ എം അനിലും ചേർന്നെഴുതിയ ഒരു ലേഖനത്തിൽ ഇങ്ങനെ കാണാം: "ദൈനംദിനത്തിന്റെ രാഷ്‌ട്രീയം ഈയടുത്ത കാലത്ത് നിർണായകമാണെന്നു വന്നിട്ടുണ്ട്. ബക്തിൻ, ഹെൻറി ലെവറെ, മൈക്കിൾ ഡി സെർറ്റ്യൂ, ഡെറോത്തി ഇ സ്മിത്ത് എന്നിവരെല്ലാം ദൈനംദിനത്തെക്കുറിച്ചുള്ള പഠനത്തിന് ഉപയുക്തമായ സിദ്ധാന്തങ്ങൾക്ക് രൂപം നൽകിയവരാണ്.' ‘പരിചിതമെന്നു കരുതി ഒന്നിനെക്കുറിച്ചറിയാം എന്നർഥമാക്കാനാവില്ല' എന്ന് ഹെഗൽ നിരീക്ഷിക്കുന്നുണ്ട്.
‘ദ ലൈബ്രറി’. പെയിന്റിങ്: ട്രേസി കീർനാൻ
മനുഷ്യനാഗരികതയുടെ അടിത്തറ തന്നെ ദൈനംദിനമാണല്ലോ. മനുഷ്യർ പ്രപഞ്ചവുമായി ഇടപാട് തീർക്കുന്നതും പരസ്‌പരസ്‌നേഹവും സൗഹൃദവും ആർജിക്കുന്നതും ദുഃഖവും സന്തോഷവും അനുഭവിക്കുന്നതും ദൈനംദിനമെന്ന മാധ്യമത്തിന്റെ അടിസ്ഥാനത്തിലാണ്. സാമൂഹ്യശാസ്‌ത്രത്തിൽ ഘടനാവാദം നിർദേശിച്ച വസ്‌തുനിഷ്ഠപഠനവും വ്യാഖ്യാനസിദ്ധാന്തങ്ങൾ ഉയർത്തിപ്പിടിച്ച ആത്മനിഷ്ഠതയും തമ്മിലുള്ള വൈരുധ്യത്തെ മറികടക്കാൻ ദൈനംദിനത്തിന്റെ സിദ്ധാന്തവൽക്കരണം സഹായിക്കുമെന്നത് ഘടനാവാദാനന്തരചിന്തയിലെ ശ്രദ്ധേയമായ നിരീക്ഷണമാണ്. "പുതിയ മനുഷ്യരുടെ സ്ഥലം' ‘അനന്തമജ്ഞാതമവർണനീയ'മായ മഹാപ്രപഞ്ചമല്ല, പെരുമാറിശീലിച്ച പ്രദേശമാണ്. ദാമോദരൻ കുളപ്പുറം എന്ന എഴുത്തുകാരൻ ‘ദൈനംദിനം' എന്ന് തന്റെയൊരു കഥാസമാഹാരത്തിനു പേരിടുന്നത് ഗ്രാമീണതയെ സ്വാംശീകരിച്ച ഒരു വ്യക്തിഘടനയുടെ സ്വാഭാവികാവിഷ്‌കാരമായാണ്. ധരാപാലന്മാരുടെ അസാധാരണവേഷങ്ങളല്ല, തങ്ങളെപ്പോലുള്ളവരുടെ സാധാരണവേഷങ്ങളാണ് ഈ മനുഷ്യർക്ക് പഥ്യവും പരിചിതവും. (‘സാധാരണവേഷങ്ങൾ'- അംബികാസുതൻ മാങ്ങാടിന്റെ കഥ.) ‘ഏകജീവിതാനശ്വരഗാനം' പാടിയ മഹാകാവ്യങ്ങളിൽനിന്ന് ‘ഒറ്റയൊറ്റയായ്‌ക്കാണുമാകുലികളെ' ആവിഷ്‌കരിക്കുന്ന ചെറുരൂപങ്ങളിലേക്ക് കവിത മാറിയതും ഇടിമിന്നലിൽത്തെളിയുന്ന ദൃശ്യങ്ങളെപ്പോലെ തീവ്രവെളിച്ചം പ്രസരിപ്പിക്കുന്ന മിനിക്കഥകൾ വ്യാപകമായതുമെല്ലാം മാറിയ സമയ/ദേശ സങ്കൽപ്പങ്ങളുടെ രൂപപരമായ അടയാളപ്പെടൽ എന്ന നിലയിൽക്കൂടി മനസ്സിലാക്കേണ്ടതുണ്ട്. "ഊറിക്കൂടിയ ഉള്ളടക്കം (sedemented content) തന്നെയാണ് രൂപം’ എന്ന് ഫ്രഡറിക് ജയിംസൺ പറഞ്ഞതിന്റെ ഒരു വിശദീകരണം ഇങ്ങനെയുമാവാം. സമീപകാലത്ത് ദേശീയദിനപത്രങ്ങൾ കൂടുതൽ പ്രാദേശിക എഡിഷനുകളാരംഭിക്കുന്നതും തനിപ്രാദേശിക പേജുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതുമെല്ലാം ഈ സാധാരണമനുഷ്യരുടെ (നിശ്ശബ്ദമായ) ആവശ്യങ്ങളെ മുൻനിർത്തിയാണ്. ഗ്രാമീണവാർത്തകൾ ശ്രദ്ധിക്കാൻ മാത്രമായി റൂറൽ എഡിറ്റർ എന്ന ഒരു തസ്‌തികതന്നെ ചില ഇംഗ്ലീഷ് പത്രങ്ങൾ സമീപകാലത്തുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിലെ എൺപതുശതമാനത്തോളം വരുന്ന ‘നാട്ടുമ്പുറ'ജീവിതത്തിന് (നാട് എന്നാൽ നഗരമാണ് എന്ന ബോധമാണ് ഭാഷയിലും കാഴ്‌ചപ്പാടിലും നാട്ടുമ്പുറങ്ങളെ സൃഷ്ടിച്ചത്) ദേശീയമാധ്യമങ്ങൾ രണ്ടു ശതമാനം മാത്രം സ്ഥലം/സമയം അനുവദിച്ചിരുന്ന ഒരു കാലവുമായി ഒത്തുനോക്കുമ്പോൾ അത്ഭുതകരമായ പരിണാമം തന്നെയാണിത്.
സൈബർ ഇടം എന്നു വിളിക്കപ്പെടുന്ന, ഒരേ സമയം യഥാർഥവും പ്രതീതിനിഷ്ഠ (virtual)വുമായ, സ്ഥലപരികൽപ്പനയെ ആഘോഷിക്കുന്നവരും ജന്മവാസനകളുടെ നിശ്ശബ്ദ പിൻവിളികളാലെന്നതുപോലെ പ്രദേശത്തേക്കു തിരിച്ചെത്തുന്നുണ്ട്; ഭൗതികമായല്ലെങ്കിൽ ഭാവനാത്മകമായെങ്കിലും. നവമാധ്യമങ്ങളിലെ പ്രാദേശികക്കൂട്ടായ്‌മകളുടെ മനഃശാസ്‌ത്രം ഇതാണ്. തങ്ങൾ പങ്കിട്ടനുഭവിക്കേണ്ടതും ഒന്നിച്ച് മറികടക്കേണ്ടതുമായ പൊതുവായ ചില ജീവിതാവസ്ഥകളുണ്ടെന്ന (അബോധപൂർവമായെങ്കിലുമുള്ള) തോന്നലാണ് ഇത്തരം കൂട്ടായ്‌മകൾക്കടിസ്ഥാനം. പ്രാദേശികചരിത്രങ്ങളും നാട്ടറിവുകളും (folklore) സവിശേഷ പഠനമേഖലകളായി കരുത്താർജിക്കുന്നതും ഇതിനോടു ചേർത്താണ് മനസ്സിലാക്കേണ്ടത്. സംഭവങ്ങൾ അരങ്ങേറുന്ന പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രപരവും കാലാവസ്ഥാപരവുമായ സവിശേഷതകളെ പരിഗണിക്കുന്നില്ല എന്നത് സാമ്പ്രദായിക ചരിത്രരചനാശാസ്‌ത്രത്തിന്റെ (historiography) പരിമിതിയാണ് എന്ന പുതിയ തിരിച്ചറിവും അങ്ങനെയുണ്ടാകുന്നു. പുതുതലമുറയിലെ പ്രഗത്ഭ ചരിത്രകാരന്മാരിലൊരാളായ ഡോ. ദിനേശൻ വടക്കിനിയിൽ എഴുതുന്നു-: "നേരത്തെയും പ്രകൃതിയും ഭൂമിശാസ്‌ത്ര സവിശേഷതകളും ചരിത്രവിജ്ഞാനീയത്തിന്റെ ഭാഗമായിരുന്നു. എന്നാൽ, രാജ്യത്തിന്റെ അതിർത്തി കാക്കുകയും മനഷ്യരെ ആകർഷിക്കുകയും ചെയ്യുന്ന അചേതനമായ വസ്‌തുക്കളായാണ് അവ പ്രത്യക്ഷപ്പെടുക. ഇന്ന് പക്ഷേ അങ്ങനെയല്ല. പ്രകൃതിക്കും കർത്തൃത്വമുണ്ടെന്നും മനുഷ്യർ അവരുടെ ഇടപെടലുകളാൽ പ്രകൃതിയെയും മനുഷ്യനെയും പുനർനിർമിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും പുതിയ ചരിത്രപഠനങ്ങൾ കാട്ടിത്തരുന്നു.’ യഥേഷ്ടം മാറിമാറി ധരിക്കാവുന്ന മേൽക്കുപ്പായങ്ങളല്ല, മനുഷ്യരെ സംബന്ധിച്ച്, നാട്.
പൂർണമായും നിർദ്ധാരണം ചെയ്യാൻ സാധിക്കാത്ത ചില അടിസ്ഥാനസമസ്യകൾ മനുഷ്യജീവിതത്തിനുള്ളതുകൊണ്ട്, തന്റെകൂടി ആത്മകഥാംശമുണ്ട് ഈ പുസ്‌തകത്തിലെന്ന് ലോകത്തെവിടെയുമുള്ള വായനക്കാരെ അനുഭവിപ്പിക്കാൻ ചില എഴുത്തുകൾക്ക് സാധിക്കും. അങ്ങനെ കൂടിയാണ്, എഴുത്ത് സാർവദേശീയമായിത്തീരുന്നത്. (പലപാടാവർത്തിക്കപ്പെട്ടതുപോലെ), വീട്ടുമുറ്റത്തെ മുരിങ്ങമരച്ചോട്ടിലിരുന്ന് കാണുന്ന നക്ഷത്രങ്ങളെക്കുറിച്ച് ചെറുകാട് പറയുമ്പോൾ, സമീപസ്ഥയാഥാർഥ്യങ്ങളിൽ ചുവടുറപ്പിച്ചുകൊണ്ടുമാത്രം തുടങ്ങാൻ കഴിയുന്ന ഭാവനാത്മകയാത്രകളെയാണ് അടിവരയിടുന്നത്. ഭാഷയെക്കുറിച്ചും ഇങ്ങനെ പറയാൻ കഴിയും. സ്വന്തമനുഭവങ്ങൾ മുദ്രിതമായ ഭാഷയിൽ എഴുതുമ്പോഴാണ് എഴുത്ത് പൂർണാർഥത്തിൽ ആത്മാവിഷ്‌കാരമാകുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും നിരന്തരമെഴുതിയിരുന്ന ഗാന്ധിജി ആത്മകഥയെഴുതിയത് മാതൃഭാഷയായ ഗുജറാത്തിയിലാണ് എന്നത് യാദൃച്ഛികമല്ല. ചിന്തിക്കുകയും സ്വപ്‌നം കാണുകയും ചെയ്യുന്ന ഭാഷയാണ് മാതൃഭാഷയെങ്കിൽ, ഒരേ ഭാഷയ്‌ക്കകത്തുതന്നെ അനേകം മാതൃഭാഷകളുണ്ട് എന്ന് പറയേണ്ടിവരും. ഈയർഥത്തിൽ മാതൃഭാഷ ദേശീയമല്ല, പ്രാദേശികമാണ്. ഒരു സാഹിത്യകൃതിയിലുള്ളത് മാനകഭാഷയാണെങ്കിലും വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെ പ്രകടിതമാകുന്ന പലതരം ഭാഷകളുടെ സങ്കരമാണെങ്കിലും, രചനയ്‌ക്കാധാരമായ ഭാവനാപ്രക്രിയയുടെ ആരൂഢം എന്ന നിലയിൽ പ്രവർത്തിക്കുന്നത്, യഥാർഥത്തിൽ, പ്രദേശത്തിന്റെ മുദ്രകൾ പതിഞ്ഞ ഈ മാതൃഭാഷയാണ്. സ്വന്തം മനസ്സിന്റെ സാന്നിധ്യംപോലും ഒരാളറിയുന്നത് ഭാഷയിലൂടെയാണെന്നും അതിനാൽ സവിശേഷരീതിയിലുള്ള ഭാഷാബന്ധമാണ് മനസ്സെന്നുമുള്ള വിശദീകരണത്തോടെ ഭാഷാശാസ്‌ത്രവും മനഃശാസ്‌ത്രവും കൈകോർക്കുന്ന പുതിയ സന്ദർഭത്തിൽ, ഒരാളുടെ മനസ്സുതന്നെയും പ്രാദേശികമാണ് എന്നു പറയാം. അതുകൊണ്ടുതന്നെ, എഴുത്തുൾപ്പെടെ ഏതുതരം മാനസികവ്യാപാരങ്ങളും പ്രാദേശികമാവാതെ തരമില്ല.
പ്രദേശത്തെ ആവിഷ്‌കരിക്കൽ, യഥാർഥത്തിൽ, പുതിയ കാര്യമല്ല. തിരുവിതാംകൂർ ചരിത്രത്തെ പ്രച്ഛന്നരാജഭക്തിയോടെ ആവിഷ്‌കരിച്ച സി വി രാമൻപിള്ളയുടെ കൃതികളെ മുൻനിർത്തി ഭാവനയുടെ പ്രാദേശികാസ്‌പദങ്ങളെ വിശദീകരിക്കാൻ കഴിയും. ജനജീവിതമല്ല അധികാരചരിത്രമാണ് സി വിയുടെ ആവിഷ്‌കാരത്തിൽ തെളിയുന്നതെന്നും സൂക്ഷ്മചരിത്രത്തെ അവഗണിച്ചുകൊണ്ടുള്ള സ്ഥൂലചരിത്രാഭിമുഖ്യത്തിലൂടെ ബൃഹദാഖ്യാന നിർമിതിയുടെ മാതൃകയാണ് സി വി അവലംബിച്ചതെന്നുമുള്ള വിലയിരുത്തലിൽ കാര്യമുണ്ട്. അപ്പോഴും, പ്രദേശത്തിന്റേയും ആവിഷ്‌കാരത്തിന്റേയും പരസ്‌പരാഭിമുഖ്യങ്ങളേയും പരസ്‌പര നിർണയനങ്ങളേയും ഉദാഹരിക്കുന്നുണ്ട് ആ രചനകൾ എന്ന നിരീക്ഷണം പ്രസക്തംതന്നെയായിത്തുടരുന്നു. അക്കാലംമുതലിങ്ങോട്ട്, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംവരെ സ്വാധീനശേഷിയോടെ തുടർന്ന നവോത്ഥാനസാഹിത്യം മുഴുക്കെ, പലയളവുകളിൽ ഈ യാഥാർഥ്യം പുറത്തുകൊണ്ടുവരുന്നുണ്ട്. ഗദ്യ, പദ്യശാഖകളിലെ കാൽപ്പനികധാരയാകട്ടെ, ‘സങ്കൽപ്പവായുവിമാനത്തിലേറു'മ്പോഴും നാടിന്റെ കാഴ്‌ചകളെ അവഗണിച്ചില്ല. ചരിത്രത്തെ ഏറെക്കുറെ പുറത്തുനിർത്താൻ പരിശ്രമിച്ച - ചരിത്രം അങ്ങനെ പുറത്തുനിൽക്കാൻ കൂട്ടാക്കില്ല എന്നതും ആധുനികരചനകളിൽ പ്രവർത്തിക്കുന്ന ചരിത്രത്തെ അന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നതും മറ്റൊരു കാര്യം. ആധുനികതാവാദസാഹിത്യത്തിന്റെ സന്ദർഭത്തിലാണ് യാഥാർഥ്യബോധത്തിനു നിരക്കാത്തവിധം മലയാളസാഹിത്യത്തിൽ പ്രദേശം കൈകാര്യംചെയ്യപ്പെട്ടത്. മറുനാട്ടിൽ, മറ്റൊരു ജീവിതപശ്ചാത്തലത്തിൽ, രൂപപ്പെട്ടതും പിന്നീട് പലേടങ്ങളിലും പലതരം ആധിപത്യരാഷ്‌ട്രീയതാൽപ്പര്യങ്ങൾ സാധിച്ചുകൊടുത്തതുമായ ഒരു സംസ്‌കാരസങ്കേതത്തെ ധാരണക്കുറവോടെ പിൻപറ്റിയതിന്റെ ചരിത്രമാണ് മലയാളത്തിലെ ആധുനികതാവാദസാഹിത്യത്തിന്റെ ചരിത്രമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ആധുനികർ ഇവിടെ പരിചയപ്പെടുത്തിയതല്ല യഥാർഥ ആധുനികതയെന്നും, ഇതുതന്നെയാണ് ആധുനികതയെന്നു കരുതി അന്ന് അതിനെ എതിർത്തവരും അബദ്ധമാണ് ചെയ്‌തത് എന്ന വിലയിരുത്തലും ഉണ്ടായിട്ടുണ്ട്. ഏതായാലും, മനുഷ്യജീവിതത്തിന്റെ അർഥ (രാഹിത്യ)ത്തേയും ആകാംക്ഷകളെയുമാണ് തങ്ങളാവിഷ്‌കരിക്കാൻ ശ്രമിക്കുന്നതെന്നും കാലദേശാതിവർത്തിയായ അനുഭവമണ്ഡലമാണിതെന്നുമുള്ള ചില ആധുനികരുടെ വിശദീകരണത്തിൽത്തന്നെ, അവരുടെ രചനകളിൽ പ്രാദേശികമുദ്രകൾക്ക് തെളിച്ചമില്ലാതെപോയതിന്റെ കാരണമുണ്ട്.
എവിടെയും സംഭവിക്കാവുന്ന പ്രമേയത്തിന്റെ പശ്ചാത്തലമായി മാത്രമാണ് ആധുനികരചനകളിൽ പലതിലും പ്രദേശം ചിത്രീകരിക്കപ്പെട്ടത്. അജ്ഞാതമായ ഏതോ ദേശത്ത് നടക്കുന്ന കഥയെന്നനിലയിൽ വാർന്നുവീണ ആനന്ദിനെപ്പോലുള്ളവരുടെ രചനകളെക്കുറിച്ചുമാത്രമല്ല, ‘ഖസാക്കിന്റെ ഇതിഹാസ'വും ‘മയ്യഴിപ്പുഴയുടെ തീരങ്ങളി'ലുംപോലെ, ഒറ്റനോട്ടത്തിൽ പ്രാദേശികമെന്നു തോന്നാവുന്ന ആഖ്യാനങ്ങളെക്കൂടി മുൻനിർത്തിയാണ് ഇത് പറയുന്നത്. കേരളീയാനുഭവങ്ങളുമായി പല നിലകളിൽ ഐക്യപ്പെടുന്ന ലാറ്റിനമേരിക്കൻ സാഹിത്യം മലയാളി നെഞ്ചേറ്റിയതും നെരൂദയും മറ്റും മലയാളി എഴുത്തുകാരാണെന്ന് നമുക്കുതോന്നിയതും ഇതേ കാലത്താണ് എന്ന വസ്‌തുത, പ്രാദേശികമായ അനുഭവാഖ്യാനത്തെ മലയാളി വായനക്കാർ എത്രയധികം ആഗ്രഹിച്ചിരുന്നു എന്നുകൂടിയാണ് കാണിക്കുന്നത്. എം സുകുമാരൻ, സച്ചിദാനന്ദൻ, കെ ജി ശങ്കരപ്പിള്ള തുടങ്ങി ആധുനികതയുടെ പരിചരണരീതികൾക്കുള്ളിൽത്തന്നെ സ്ഥലകാലബദ്ധമായ ജീവിതാടയാളങ്ങളെ സന്നിവേശിപ്പിച്ച എഴുത്തുകാർ അന്നെഴുതിയത് ഇന്നും പ്രസക്തമായിത്തുടരുന്നതിന്റെ അടിസ്ഥാനവും ഇതാണ്. ആധുനികതാവാദ സാഹിത്യത്തെ മുന്നിൽനിന്ന് നയിച്ചവരിൽ ചിലരുടെയെങ്കിലും പിൽക്കാലരചനകൾ പ്രാദേശികാഖ്യാനത്തിന്റെ പുതുരീതികൾ പിന്തുടരുന്നുണ്ട്. ഇത്, ആ വലിയ എഴുത്തുകാരുടെ സ്വയംനവീകരണശേഷിയുടെ സാക്ഷ്യമെന്നതുപോലെ, ചരിത്രസന്ദർഭം അവരിലേൽപ്പിക്കുന്ന തീവ്രതാപത്തിന്റെ വിളംബരംകൂടിയാണ്. ഇതിഹാസമാനമുള്ള സമരപരമ്പരകൾ അരങ്ങേറിയ മയ്യഴിയെക്കുറിച്ചു പറയുമ്പോഴും ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' മുകുന്ദൻ നോട്ടമുറപ്പിച്ചത് വ്യക്തികളുടെ സംഘർഷങ്ങളിലായിരുന്നു. എന്നാൽ ‘പ്രവാസം' പോലുള്ള നോവലുകളിലെത്തിയപ്പോഴേക്കും സൂക്ഷ്മചരിത്രത്തിന്റെ ആഖ്യാനമായി രചന മാറുകയാണ്.
‘വുമൺ റീഡിങ്’. പെയിന്റിങ്: പാബ്ലോ പിക്കാസോ
മലയാളത്തിലെ (മറ്റു ഭാഷകളിലെയും) സമകാല സാഹിത്യം, സ്വാഭാവികമായ പ്രാദേശികമുദ്രണങ്ങൾക്കപ്പുറം, കുറേക്കൂടി പ്രാദേശികമാവാൻ ശ്രമിക്കുന്നത് കൃത്യമായ രാഷ്‌ട്രീയബോധ്യത്തോടെയാണ്. അശോകൻ ചരുവിൽ എഴുതിയ ‘കാട്ടൂർക്കടവ്', സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം', ഇ സന്തോഷ്‌കുമാറിന്റെ ‘അന്ധകാരനഴി', എസ് ഹരീഷ് എഴുതിയ ‘മീശ', കെ വി മോഹൻകുമാറിന്റെ ‘ഉഷ്ണരാശി', വിനോയ് തോമസിന്റെ ‘കരിക്കോട്ടക്കരി', ജമാൽ കൊച്ചങ്ങാടിയുടെ ‘സിനഗോഗ് ലെയ്ൻ', ആർ രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്‌ത്രീകളുടെ കത', പി വി ഷാജികുമാറിന്റെ ‘മരണവംശം', കെ എൻ പ്രശാന്തിന്റെ ‘പൊനം', സുസ്മേഷ് ചന്ത്രോത്തിന്റെ ‘വഴിച്ചെണ്ട', മജീദ് സെയ്ദിന്റെ ‘കരു', ആർ ഉണ്ണിമാധവന്റെ ‘ചേയാ' തുടങ്ങി സമീപകാലത്തിറങ്ങിയ എത്രയോ നോവലുകൾ ഇതിന്റെ സാക്ഷ്യങ്ങളാണ്. കുറെ ദശകങ്ങളായി നമ്മുടെ നോവൽസാഹിത്യം ഈ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട് എന്ന് എൻ എസ് മാധവന്റെ ‘ലന്തൻബത്തേരിയിലെ ലുത്തീനിയകൾ', സി വി ബാലകൃഷ്ണന്റെ ‘ആത്മാവിന് ശരിയെന്നുതോന്നുന്ന കാര്യങ്ങൾ', എൻ പ്രഭാകരന്റെ ‘തീയൂർ രേഖകൾ', യു എ ഖാദറിന്റെ ‘തൃക്കോട്ടൂർ പെരുമ', യു കെ കുമാരന്റെ ‘തക്ഷൻകുന്ന് സ്വരൂപം' തുടങ്ങിയ കൃതികൾ വിളിച്ചുപറയുന്നു. ഇതരദേശബന്ധങ്ങൾ കേരളത്തിന്റെ രൂപവൽക്കരണപ്രക്രിയയിലിടപെട്ടതിന്റെ നാൾവഴികൾ ബൃഹദാഖ്യാനമായല്ലാതെ പുതിയ ചില നോവലുകളിൽ വരുന്നു. വിദൂരഭൂതകാലത്തെ പഠിക്കുന്നതും വർത്തമാനത്തെ വെളിപ്പെടുത്താൻ തന്നെ. മുക്കാൽനൂറ്റാണ്ടുമുമ്പ് എഴുതപ്പെട്ട ‘ചെമ്മീനി’ൽ പശ്ചാത്തലമായിരുന്നു കടൽ എങ്കിൽ, മൂന്നു വർഷം മുമ്പ് സോമൻ കടലൂർ എഴുതിയ ‘പുള്ളിയൻ' എന്ന നോവലിൽ കടൽ കഥാവസ്‌തു തന്നെയാകുന്നു.
മനുഷ്യജീവിതത്തിന്റെയെന്നപോലെ കടലിന്റെയും ഉൾപ്രകൃതത്തിലേക്ക് നോവൽ സഞ്ചരിക്കുന്നു. ദൈവഭാവനയിലും അനുഷ്ഠാനപരതയിലും കുടുങ്ങിക്കിടക്കാതെയാണ് തെയ്യമുൾപ്പെടെയുള്ള നാടൻകലാരൂപങ്ങൾ സമകാലനോവലുകളിൽ ഇതൾവിരിയുന്നത്. നൈസർഗികവും ഏതുതരം പ്രമേയവുമായി ലയിച്ചുചേരുന്നതുമായ പ്രകൃതിബോധം, വന്യതയെ ആഖ്യാനം ചെയ്യാനുള്ള അഭിനിവേശം, ഭാഷയെ സൗന്ദര്യവൽക്കരിക്കുന്നതിലുള്ള ബോധപൂർവമായ അലംഭാവം (careful carelessness) എന്നിവയും പുതുനോവലുകളിൽ പൊതുവെ കാണാം. നവസാങ്കേതികവിദ്യയാൽ നിർമിക്കപ്പെട്ട വ്യക്തിഘടന കഥാപാത്രങ്ങളുടെ ആന്തരികജീവിതത്തെ നിർണയിക്കുന്നു ചില രചനകളിൽ. സൈബർ സ്‌പേസും ഗോളാന്തരനോട്ടങ്ങളും നോവലുകൾക്ക് വിഷയമാവുന്നു. കെ വി പ്രവീണിനെയും എം നന്ദകുമാറിനെയും പോലെ ചില നോവലിസ്റ്റുകൾ നമ്മുടെ ഭാഷയിൽ നിർമിക്കുന്ന അനുഭവലോകം മുൻമാതൃകയോ അനുകർത്താക്കളോ ഇല്ലാത്തവിധം അനന്യമാണ്. സാങ്കേതികവിദ്യയുടെ വിസ്‌ഫോടനത്തിൽ മനുഷ്യർ വീണ്ടും സ്വയം കണ്ടെത്തുകയും പുതുതായി നിർവചിക്കുകയും ചെയ്യുമെന്ന ഉത്തരാധുനികവീക്ഷണത്തിന്റെ രേഖകളാണ് സൈബർ ആഖ്യാനങ്ങൾ. എന്നാൽ, ഉത്തരാധുനികതയുടെ (അ)രാഷ്‌ട്രീയമായ ലക്ഷ്യങ്ങളെ മറികടന്നുകൊണ്ട് ഉറച്ച രാഷ്‌ട്രീയബോധ്യങ്ങളിലാണ് മലയാളത്തിലെ സൈബറെഴുത്തുകൾ നിലയുറപ്പിക്കുന്നത്. അനുഭവങ്ങളുടെ അപ്രതീക്ഷിതത്വവും നിലനിൽപ്പിന്റെ നിസ്സഹായതയും ബന്ധങ്ങളിലെ ശൈഥില്യവും അധികാരത്തിന്റെ അധാർമികതയും അനുഭവിപ്പിക്കുമ്പോഴും നിരർഥകമാണ് ജീവിതം എന്ന് പറയുന്നില്ല പുതിയ നോവലുകൾ. പയ്യന്നൂരിലെ വലിയ നോവൽവായനക്കാരിലൊരാളായ സി ഉണ്ണിക്കൃഷ്‌ണൻ പറയുന്നു: "ഹരിത സാവിത്രി, സോണിയ ചെറിയാൻ, ഷീല ടോമി, ആഷ് അഷിത, നിസാർ ഇൽത്തുമിഷ് എന്നിവരുടെ രചനകൾ സമീപകാലത്ത് മികച്ച വായനാനുഭവം നൽകി. സങ്കീർണതയ്‌ക്കും സംഘർഷങ്ങൾക്കുമെല്ലാമപ്പുറം, (സ്വന്തം) ജീവിതത്തെ സഹാനുഭൂതിയോടെ കാണാനാണ് ഇത്തരമെഴുത്തുകൾ നമ്മെ പ്രേരിപ്പിക്കുന്നത്. ഔദ്യോഗികചരിത്രത്തിന്റേതിൽനിന്ന് നേരെതിരായ കാര്യങ്ങളാണ് കലാചരിത്രം പറയുന്നതെന്ന് ദശകങ്ങൾക്കുമുമ്പ് The Art of the Novel എന്ന പുസ്‌തകത്തിൽ മിലാൻ കുന്ദേര എഴുതിയതിനെ ഓർമയിലെത്തിക്കുന്നു പുതിയ മലയാളനോവലുകൾ.’ നടന്നെത്തിയ ദൂരങ്ങളെ റദ്ദു ചെയ്യുന്ന വിധത്തിൽ നോവൽവായനയുടെ ഗതി നിർണയിക്കാൻ പൈങ്കിളിയാഖ്യാനങ്ങൾ ശ്രമിക്കുന്നതും ഇപ്പോൾ നമ്മൾ കാണുന്നു.
നേരത്തേ എഴുതിത്തുടങ്ങുകയും നാട്ടനുഭവങ്ങളുടെ ആഖ്യാനരൂപം എന്ന നിലയിൽ ചെറുകഥയെ പരിചരിക്കുകയും ചെയ്‌ത, ആധുനികതയ്‌ക്കു മുമ്പുള്ളവരോ ആധുനികതയെ ആദർശമായിക്കരുതാത്തവരോ ആയ, എഴുത്തുകാരുടെ പിന്മുറക്കാരായാണ് പുതുകഥാകൃത്തുക്കളിൽ പലരും ചെറുകഥയെന്ന മാധ്യമത്തിൽ ഇടപെടുന്നത്. അപ്പോഴും, മുൻഗാമികളിലൂടെ ആവിഷ്‌കരിക്കപ്പെട്ട ഏകമുഖവും സുഘടിതവുമായ യാഥാർഥ്യങ്ങളല്ല പുതിയ കാലത്തിന്റെ അനേകാഗ്രമായ ആന്തരികതയാണ് ഈയെഴുത്തുകാർ വെളിപ്പെടുത്തുന്നത്. സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആർ, ബി മുരളി, പി എഫ് മാത്യൂസ്, വി ഷിനിലാൽ, വി ജെ ജെയിംസ് തുടങ്ങി ചെറുതല്ലാത്തൊരു നിര ചെറുകഥയെ മുമ്പടയാളപ്പെടുത്തിയിട്ടില്ലാത്ത അനുഭവലോകങ്ങളുടെ സംവഹനമാധ്യമമായി ഉപയോഗിക്കുന്നു. ഇ പി രാജഗോപാലൻ പറയുന്നു: "നവസാങ്കേതികവിദ്യകൾ വികസിച്ചതോടുകൂടി നറേറ്റീവുകളുടെ വലിയൊരു ലോകമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. ലോകനാഗരികതയിൽ ഇതിനുമുമ്പൊരിക്കലും ഇത്രയധികം നറേറ്റീവുകളുണ്ടായിട്ടില്ല. കഥാവായനയുടെ വലിയ നിലയ്‌ക്കുള്ള താൽപ്പര്യം ഇത്തരം നറേറ്റീവുകളിലൂടെ സംപ്രീതമാകുന്നുണ്ടാവാം. ഇവയെ മറികടക്കുന്നവിധത്തിൽ ഭാഷയെയും ലോകാനുഭവങ്ങളെയും പ്രയോജനപ്പെടുത്തുകയാണ് ഇന്ന് മലയാളകഥ ചെയ്യുന്നത്. വാർത്താമാധ്യമങ്ങളിലൂടെയും മറ്റ് പൊതുമാധ്യമങ്ങളിലൂടെയും കിട്ടാത്ത സൂക്ഷ്മമായ വൈകാരികവിഷയങ്ങളും രാഷ്‌ട്രീയമായ പ്രമേയങ്ങളും മലയാളകഥകളിൽനിന്ന് കിട്ടുന്നുണ്ട്. കഥ സമാന്തരമായ ഒരു നാട്ടുചരിത്രമായി പ്രവർത്തിക്കുന്നു.’ മനോജ് വെങ്ങോല, സോണിയ റഫീക്ക്, ഫ്രാൻസിസ് നൊറോണ, ദേവദാസ് വി എം, ഷനോജ് ആർ ചന്ദ്രൻ, യമ, സലിം ഷെരീഫ്, അമൽ, അർജുൻ കെ വി, ശ്രീകണ്ഠൻ കരിക്കകം, വി എച്ച് നിഷാദ്, വി സുരേഷ്‌കുമാർ, അഖിൽ കെ, വർഗീസ് അങ്കമാലി, രഞ്ജു എം വി, അജിജേഷ് പച്ചാട്ട് തുടങ്ങിയവരുടെ കഥകൾ ഇ പി രാജഗോപാലന്റെ ഈ നിരീക്ഷണത്തിന്റെകൂടി പ്രത്യക്ഷങ്ങളാണ്.
മുദുൽ വി എം എഴുതിയ ‘കുളെ' എന്ന കഥ തുടങ്ങുന്നത് ഇങ്ങനെ: "തന്നെ കട്ടിലോടെ പൊക്കിയെടുത്ത് ഇരുട്ടിൽ കോടയുടെ മറ മായാത്ത കാരക്കുഴിച്ചാലിന്റെ തണുപ്പിലേക്ക് വലിച്ചെറിഞ്ഞ്, ‘എനിക്ക് പെണ്ണിനെ ഇണ്ടാക്കിത്താടാ...' എന്നലറുന്ന ചേട്ടനെ സ്വപ്‌നം കണ്ടാണ് സജീവൻ ഉറക്കം ഞെട്ടി എണീറ്റോടിയത്.’ പ്രത്യക്ഷത്തിൽ ഇല്ല എന്ന് നമ്മൾ വിശ്വസി(പ്പി)ക്കാൻ ശ്രമിക്കുന്ന ജാതിബോധം പ്രച്ഛന്നമായും അനുഭവതലത്തിലും എത്രമേൽ പ്രബലമാണ് എന്നതാണ് ‘കുളെ' പകരാൻ ശ്രമിക്കുന്ന ഒരു ഭാവം. പൊതുജീവിതത്തിന്റെ മേലടരിനടിയിൽ, കുടുംബത്തിനകത്തും വ്യക്തിഘടനയിലും, പിടിമുറുക്കിയ ജാതിചിന്ത ആനുഭൂതികമായി കഥയിൽ വിന്യസിക്കപ്പെടുന്നു. ചെറുപ്രായത്തിൽ മരിച്ചുപോയ ജ്യേഷ്‌ഠന്റെ സാന്നിധ്യം ഒഴിയാബാധയായി ആഖ്യാതാവിൽ/ ആഖ്യാനത്തിൽ ഉടനീളമുണ്ടെങ്കിലും, പഴയ ‘പ്രേതഭാഷണം' ശൈലി കഥയിലില്ല. ജാതി പ്രമേയമായി മലയാളത്തിലുണ്ടായ മുൻകാലകഥകളുടെ വിഷയനോട്ടവും ഊന്നലുകളും ഭാഷാവിന്യാസവും പിന്തുടരുന്നില്ല ആഖ്യാനം. മുൻഗാമികളുടെ മൂല്യപരമായ തീർപ്പുകൾക്കൊപ്പവുമല്ല ഇക്കഥ. നിസ്സാരമെന്ന് നേരത്തേ കരുതിയിരുന്ന സാന്നിധ്യങ്ങളും സന്ദർഭങ്ങളും വാക്കുകളും വസ്‌തുക്കളും സമകാലജീവിതക്രമത്തിന്റെ താക്കോൽസ്ഥാനങ്ങളായി പുതിയ കഥകളിൽ സ്ഥാനം നേടുന്നു. ലജ്ജയാൽ കാൽനഖം കൊണ്ട് വരച്ചുനിന്നിരുന്ന പെൺകുട്ടിയിൽനിന്ന്, തന്നെ ബലാത്സംഗം ചെയ്‌തവനോട് "നീയത്രയ്‌ക്കുപോരാ, ഒരു പെണ്ണിനെ പൂർണമായി തൃപ്തിപ്പെടുത്താൻ നിനക്കാവില്ല’ എന്ന് പുച്ഛിക്കുന്ന പെൺകുട്ടിയിലേക്കുള്ള മാറ്റമായാണ് എസ് സിതാരയുടെ ‘അഗ്നി' എന്ന കഥയെ സാറാ ജോസഫ് വായിക്കുന്നത്. പഴയ അനുഭവലോകങ്ങളിൽ തുടരുന്ന സ്‌ത്രീകളെയല്ല പുതുകഥ ആവിഷ്‌കരിക്കുന്നത്. ദൈവഭാവനയും ജാതിഘടനയും നാട്ടുവേരുകളുമെല്ലാമായി കെട്ടുപിണഞ്ഞുകിടക്കുന്ന പുരാവൃത്തങ്ങളും ആചാരപദ്ധതികളും അനൂഭൂതിതലത്തിൽ വിന്യസിക്കപ്പെടുന്നു പുതിയ കഥകളിൽ. ഇതരനാടുകളിലെ സമകാല സാഹിത്യചലനങ്ങളെ, അവയിലെ മാറിവരുന്ന പ്രവണതകളെയും പ്രമേയങ്ങളെയും, സൂക്ഷ്‌മശ്രദ്ധയോടെ പിന്തുടരുന്നതിന്റെ ഉന്മേഷവും പുതുകഥകൾക്കുണ്ട്. ജിൻഷ ഗംഗയുടെ ‘ഒട' എന്ന സമാഹാരമൊക്കെ ബോധ്യപ്പെടുത്തുന്ന ഒരു കാര്യം ഇതാണ്.
ലോകത്തെവിടെയുമുള്ള ജീവിതത്തെ ഒരാഗോളമാതൃകയിലേക്ക് പരിവർത്തിപ്പിക്കാനുള്ള രാഷ്‌ട്രീയപ്രയോഗത്തിനെതിരെയുള്ള പ്രതികരണം എന്നാണ് ഇന്ന് പ്രാദേശികമാവുക എന്നതിനർഥം. ഒപ്പം, മനുഷ്യന്റെ ചരിത്രജീവിതത്തിലെ ഒരു സവിശേഷസന്ദർഭത്തിൽ രൂപപ്പെട്ടതും ഇപ്പോഴും പ്രസക്തംതന്നെയായിത്തുടരുന്നതുമായ ദേശരാഷ്‌ട്രമെന്ന സങ്കൽപ്പനം പലപ്പോഴും ഒരു ആധിപത്യസ്വരൂപമായി പെരുമാറുന്നതിനോടുള്ള പ്രതിഷേധവും പ്രാദേശികതയെ ഉയർത്തിപ്പിടിക്കുന്നതിന്റെ പ്രേരണാശക്തിയായിത്തീരുന്നുണ്ട്. സ്വത്വമുദ്രകൾ അവഗണിക്കപ്പെടുന്നതിനോടുള്ള വൈകാരികപ്രതികരണമല്ല ഇത്. സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായി അരികുവൽക്കരിക്കപ്പെടുന്ന ശതകോടിക്കണക്കിന് മനുഷ്യരെ അങ്ങനെത്തന്നെ തുടരാൻ നിർബന്ധിതരാക്കുന്ന അധികാരപ്രയോഗപദ്ധതികളെ, വിഭക്തലോകത്തിന്റെ യാഥാർഥ്യങ്ങളെ ദയാരഹിതമായി പുനരുൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരികരാഷ്‌ട്രീയത്തെ, ചെറുക്കുകയാണ് പ്രാദേശികാഖ്യാനങ്ങൾ ചെയ്യുന്നത്.
ഭക്ഷണവും വസ്‌ത്രവും സഞ്ചാരവും ഗൃഹനിർമാണവും പ്രണയവും ലൈംഗികതയും അഭിവാദനങ്ങളും ആചാരമര്യാദകളും ധാർമികചിന്തയും വ്യക്തിബന്ധങ്ങളും സൗന്ദര്യബോധവുമുൾപ്പെടെ സമസ്‌തജീവിതക്രമത്തെയും ഒരു മാസ്റ്റർ മാതൃകയിലേക്ക് പരിണമിപ്പിക്കുന്നതിലൂടെ, നിലനിൽക്കുന്ന ചൂഷണാധിഷ്ഠിത ലോകാവസ്ഥയെ സ്വാഭാവികമെന്ന നിലയിൽ തുടരാനനുവദിക്കുന്ന പ്രവർത്തനപദ്ധതിയുടെ പേരാണ് ആഗോളീകരണം എന്ന് സ്വാനുഭവങ്ങളിലൂടെ മലയാളികളും മനസ്സിലാക്കുന്നുണ്ട്. കാടുകളും കടലുകളും മലകളും പുഴകളും ചതുപ്പുകളും താഴ്‌വരകളും മരുപ്രദേശങ്ങളുമൊക്കെയാണ് ഭൂമിയുടെ യാഥാർഥ്യമെന്നും, മനുഷ്യവിജ്ഞാനത്തിന് ഇനിയും പൂർണമായി കീഴടങ്ങിയിട്ടില്ലാത്ത പലതരം ബലതന്ത്രങ്ങൾക്കകത്താണ് ഭൂമി അതിന്റെ സന്തുലനം നിലനിർത്തുന്നതെന്നുമുള്ള അറിവിനെ അവഗണിച്ചുകൊണ്ടുള്ള വികസന കാഴ്‌ചപ്പാടിൽ മലയാളികൾക്ക് ഉൽക്കണ്ഠയുണ്ട്. സംസ്‌കാരം ഒറ്റക്കൽശിൽപ്പമല്ല എന്നും മലയാളിക്കറിയാം. സ്വന്തം പ്രദേശത്തിന്റെ സവിശേഷമുദ്രകളെയും അവയെ ആധാരമാക്കിയ ജീവിതപ്രക്രിയകളെയും പ്രാധാന്യത്തോടെ നിലനിർത്തലാണ് അതിജീവനത്തിന്റെയും അഭിമാന സംരക്ഷണത്തിന്റെയും മാർഗം എന്ന് തിരിച്ചറിഞ്ഞ മലയാളിയുടെ സാഹിത്യമാണ് പുതിയ മലയാളസാഹിത്യം .










0 comments