ad
Deshabhimani

കവർസ്റ്റോറി

പന്തിനുള്ളിലെ കാറ്റ്

ഫോട്ടോ: ബിജു ഇബ്രാഹിം
avatar
ഇ പി രാജഗോപാലൻ

Published on Jun 15, 2026, 12:51 PM | 8 min read




കേട്ടറിവുണ്ട്: ഈജിപ്തിൽ ഫുട്ബോളിനെ ‘ഹർപാസ്റ്റൺ' എന്നാണ് വിളിക്കുന്നത്. ബിസി 300 മുതൽ എഡി 500 വരെ ചൈനയിൽ ഫുട്ബോൾ കളിച്ചിരുന്നു. ചൈനയിൽ ഇതിനെ ‘സുച്ചു' എന്നാണ് വിളിച്ചിരുന്നത്. അർഥം: പന്ത് ചവിട്ടുക. ചൈനീസ് പട്ടാളക്കാർക്കിടയിൽ ഇത് പ്രിയമുള്ള കളിയായിരുന്നു. രണ്ടാം നൂറ്റാണ്ടിൽ റോമാക്കാർ ഈജിപ്തുകാരെ കീഴടക്കി. അതിനുശേഷം, ഈ കളി റോമാക്കാരുടെയും പ്രിയപ്പെട്ട കളിയായി മാറി. റോം ഇംഗ്ലണ്ട് കീഴടക്കിയപ്പോൾ, ഈ കളി അന്നാട്ടിലേക്ക് എത്തി. ഇംഗ്ലണ്ടാണ് ഇത് മറ്റ് പല രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. അവിടങ്ങളിലൊക്കെ ശരിക്കും ജനപ്രിയമായി. ഇംഗ്ലണ്ടിലെ ആളുകൾ ഇതിനെ കളിച്ചുവളർത്തി; അവർ ക്രീഡാനിയമങ്ങൾ സ്ഥിരപ്പെടുത്തി. 1934 കാലത്തോടെ കളി ആധുനിക രൂപത്തിലെത്തിച്ചേർന്നു.

ക്ഷമിക്കണം: ഇമ്മാതിരി സ്ഥിരപ്പെട്ട അറിവുകളൊന്നും അത്രകണ്ട് പ്രധാനമല്ല എന്ന് തോന്നാറുണ്ട്. കാരണം, കളികളിൽ ഏറ്റവും സാധാരണവും ചടുലവുമാണ് ഫുട്ബോൾ.

ഫോട്ടോ: ബിജു ഇബ്രാഹിംഫോട്ടോ: ബിജു ഇബ്രാഹിം

ഫുട്ബോൾ ലളിതമായ വാക്കാണ്. ആ വാക്ക് കാൽപ്പന്ത് എന്ന് മലയാളത്തിൽ ആക്കിയാൽ അതിന്റെ ചരിത്രം, ഒരുപക്ഷെ, നമുക്കായി താനേ നന്നായി തെളിഞ്ഞുവന്നേക്കാം. കാൽപ്പന്ത് എന്ന വാക്ക് സരളമായ ഒന്നാണ്. സരളമായ തുടക്കമാണ് ഫുട്ബോളിന് ഉള്ളത് എന്ന് സങ്കൽപ്പിക്കാൻ ഏതൊരു മലയാളിയേയും സഹായിക്കുന്ന വാക്കാണ് കാൽപ്പന്ത് എന്നത്. കാലുകൊണ്ട് പന്ത് തട്ടിക്കളിക്കുന്ന കളി. ഫുട്ബോൾ ഇന്ന് സാങ്കേതികമായ പല പല മാറ്റങ്ങളിലേക്കും ശൈലികളിലേക്കും മാറിയിട്ടുണ്ടാവും. എന്നാൽ മൗലികമായ ഈ സരളത വലിയൊരു അളവിൽത്തന്നെ ഇപ്പോഴും ആ കളിയിൽ ഉണ്ട് എന്ന് വിശ്വസിക്കാൻ തോന്നുന്നു. ക്രിക്കറ്റ് ഒരു ക്ലാസിക്കൽ സ്വഭാവമുള്ള കളിയാണ് എന്നും ഫുട്ബോൾ നാടോടിസ്വഭാവമുള്ള കളിയാണ് എന്നും എപ്പോഴും തോന്നിയിട്ടുണ്ട്. മുന്നിലുള്ള വസ്‌തു ‐ പന്ത് ‐ കാലുകൊണ്ട് തട്ടിത്തട്ടി മുന്നോട്ടുകൊണ്ടുപോവുക അല്ലെങ്കിൽ തട്ടിത്തെറിപ്പിക്കുക എന്ന ഏകാന്തമായ ഏർപ്പാടിൽ നിന്നാണ് ഫുട്ബോളിന്റെ തുടക്കം. പന്തോ തുണിപ്പൊതിയോ തട്ടുന്നതല്ല, രണ്ട് ഗ്രാമങ്ങൾ തമ്മിലുള്ള പോരിൽ തോറ്റുപോകുന്ന ഗ്രാമത്തിന്റെ തലവന്റെ തലയറുത്ത് ജേതാക്കൾ കാലുകൊണ്ട് തട്ടിക്കളിക്കുന്നതാണ് ഈ കളിയുടെ ആദിരൂപം എന്ന ക്രൂരഭാവനയും ഉണ്ട്. അതിലും ഒരു തരത്തിലുള്ള സരളത നിലനിൽക്കുന്നു. ക്രിക്കറ്റ് മനസ്സിലാക്കാൻ സവിശേഷജ്ഞാനം വേണം. ഫുട്ബോൾ കണ്ടറിയാൻ (കളിക്കാനും) അതുവേണ്ട. ഇന്നും ഫുട്ബോൾ ഒരു ഫോക് ഗെയിം തന്നെ. ജനകീയോർജം അതിൽ ഇപ്പോഴും ചൂടാറാതെ ഉണ്ട്.

ഫുട്ബോൾ ഗ്രാമങ്ങളിലെ ചെറിയ വിഷയങ്ങളെ പറ്റിയുള്ള വാക്‌പയറ്റുകൾ പോലെ സരളമാണ്, സ്വാഭാവികവുമാണ്. ഫുട്ബോൾ മനസ്സിലാക്കാനായി കാര്യമായ അനുശീലനമൊന്നും ആവശ്യമില്ല. ഒരുവട്ടം കണ്ടാൽ തന്നെ അതിന്റെ പ്രാഥമികമായ കാര്യങ്ങൾ കുറേ തെളിഞ്ഞുകിട്ടും. ക്രിക്കറ്റ് ഇപ്പോഴും മനസ്സിലാകാറില്ല. അതിന്റെ രഹസ്യങ്ങൾ ഡീകോഡ് ചെയ്യാൻ എനിക്ക് കഴിവില്ല എന്ന് തോന്നുന്നു. ഫുട്ബോൾ അങ്ങനെയൊന്നുമല്ല. അതിൽ വിഷമിച്ചു മനസ്സിലാക്കേണ്ട ഒന്നുമില്ല. പന്തു തട്ടലിന്റെ കാര്യങ്ങളല്ല, ഗോൾ എന്നതാണ് പ്രധാന ലക്ഷ്യം; ഗോൾ എന്ന വാക്കിന്റെ അർഥം തന്നെ ലക്ഷ്യം എന്നാണ്: ഇങ്ങനെയൊക്കെ വാദിക്കുന്നവർ ഉണ്ടാകും. അവർ അങ്ങനെ പറഞ്ഞുകൊള്ളട്ടെ. എനിക്ക് തോന്നാറുള്ളത് ലക്ഷ്യം അത്രമേൽ പ്രധാനമല്ല എന്നാണ്. ലക്ഷ്യത്തിലേക്കുള്ള നീക്കങ്ങളാണ് ഫുട്ബോളിന്റെ ആത്മാവ്. ഗോളടിക്കുന്നത് ഒരുതരം രതിമൂർച്ഛയുടെ കാര്യമാണ്. അതുമാത്രമല്ല കാര്യം എന്ന് അറിയുന്നവർക്കാണ് ഫുട്ബോളിന്റെ സാമൂഹ്യശാസ്‌ത്രവും സൗന്ദര്യശാസ്‌ത്രവും കൂടുതൽ ശരിയായി മനസ്സിലാക്കാനാവുക എന്ന് തോന്നുന്നു. ഗോൾ കളിക്കാരുടെ പല ആവിഷ്‌കാരങ്ങളിൽ ഒന്നുമാത്രമാണ്. അതിനുവേണ്ടി നടത്തുന്ന പല ശൈലികളിലുള്ള പ്രവൃത്തികളാണ് ഫുട്ബോളിന്റെ സമഗ്രമായ അസ്‌തിത്വത്തെ തീരുമാനിക്കുന്നതും ആ കളിയെ ഒരുതരത്തിലുള്ള സാംസ്‌കാരികാനുഭവമാക്കി നിലനിർത്തുന്നതും. ഒറ്റയ്‌ക്ക് ഫുട്ബോൾ കളിക്കുന്ന ചിലരെ ചിലപ്പോഴെങ്കിലും കണ്ടിട്ടുണ്ട്. അവർ ഗോളടിക്കുകയല്ല, കാലുകൊണ്ട് പന്തിനെ ഇണക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.


പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിലെ ഇംഗ്ലണ്ടിലെ നാടോടി ഫുട്ബോൾ കളി, വസന്തത്തിന്റെ തിരിച്ചുവരവിനെ ആഘോഷിക്കുന്ന ഉർവരതാനുഷ്ഠാനങ്ങളുടെ ഭാഗമായിട്ടാവാം ഉത്ഭവിച്ചത്. അത് പ്രക്ഷുബ്ധമായ ഒന്നായിരുന്നു. ഒരു ഗ്രാമം വേറൊരു ഗ്രാമത്തിനെതിരെ മത്സരിച്ചപ്പോൾ, വയലുകളിലൂടെയും അരുവികളിലൂടെയും ചെറിയ കവാടങ്ങളിലൂടെയും ഇടുങ്ങിയ തെരുവുകളിലൂടെയും ചവിട്ടുകയും എറിയുകയും മരമോ തുകൽപ്പന്തോ (അല്ലെങ്കിൽ ഒരു മൃഗത്തിന്റെ വീർത്ത വൃഷണസഞ്ചിയോ) തട്ടിത്തട്ടി കൊണ്ടുപോകുകയും ചെയ്‌തപ്പോൾ എല്ലാവരും അതിൽ പങ്കാളികളായി. പുരുഷന്മാരും സ്‌ത്രീകളും, മുതിർന്നവരും കുട്ടികളും, ധനികരും ദരിദ്രരും, സാധാരണക്കാരും പുരോഹിതന്മാരും. ശക്തരും വൈദഗ്ധ്യമുള്ളവരുമായ ഏതാനും ഗ്രാമീണർക്ക് എതിർഗ്രാമത്തിലെ ഇടവകപ്പള്ളിയുടെ കവാടത്തിലൂടെ പന്ത് അടിച്ചുകയറ്റാൻ കഴിയുന്നതോടെ പാരുഷ്യം നിറഞ്ഞ ഈ മത്സരം അവസാനിക്കുമായിരുന്നു.

പെലെ കരിയറിലെ ആയിരാമത്തെ ഗോൾ നേടിയപ്പോൾപെലെ കരിയറിലെ ആയിരാമത്തെ ഗോൾ നേടിയപ്പോൾ

ഫുട്ബോൾ വിഷയമായി വരുന്ന ഇത്തരം നാടോടിച്ചരിത്രങ്ങൾ വേറെയും കിട്ടാനുണ്ട്. ഫുട്ബോളിനെപ്പറ്റിയുള്ള ഇന്നത്തെ മുഖ്യധാരാ സങ്കൽപ്പങ്ങളുമായി ഇണങ്ങാത്ത ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഒരുതരത്തിലുള്ള പരിശീലനവും കൂടാതെ ഫുട്ബോൾ കളിക്കുന്ന ചെറിയ പ്രായത്തിലുള്ള കുട്ടികളെ കേരളത്തിലെ പഴയ ഗ്രാമങ്ങളിൽ കാണാൻ പറ്റുമായിരുന്നു. നടത്തത്തിന്റെ ഭാഗമാണ് മുന്നിലുള്ള ഒരു വസ്‌തുവിനെ തട്ടിയകറ്റുക എന്നത്. ആ നിലയ്‌ക്ക് നടത്തത്തിന്റെയും അതിന്റെ അടുത്ത ഘട്ടമായ ഓട്ടത്തിന്റെയും വഴക്കങ്ങളിൽ നിന്നുള്ള ഒരു കളിയാണ് ഫുട്ബോൾ എന്ന് ആർക്കെങ്കിലും വാദിക്കാവുന്നതാണ്. ഫുട്ബോൾ എന്ന വാക്കിൽ കാല് എന്ന അർഥമുള്ള ഫൂട്ട് ഉണ്ടല്ലോ.

ഇത്രയും എഴുതിയപ്പോൾ മുന്നിൽ ഒരു മൈതാനം വിടർന്ന് നിൽക്കുന്നുണ്ട്. അത് ഞങ്ങളുടെ നാട്ടിലെ (പിലിക്കോട്) കാലിക്കടവ് മൈതാനമാണ്. ഈ പഞ്ചായത്ത് മൈതാനത്തിന് ഏതാണ്ട് പിറകിലായി കാട് എന്ന് പറയാവുന്ന കരക്കക്കാവ് ഉണ്ട്. നിറയെ പലതരത്തിലുള്ള ഊക്കൻ മരങ്ങളാണ്. പകൽസമയത്തും അവിടെ ഒരുതരത്തിലുള്ള പച്ച പിടിച്ച ഇരുട്ട് ഉണ്ട്. അതിന് നേരെ എതിരാണ് കാലിക്കടവ് മൈതാനം. ഫുട്ബോൾ കാലിക്കടവ് മൈതാനത്തിനുവേണ്ടി ഉണ്ടായ കളിയാണ് എന്ന് ഇപ്പോഴും (വെറുതെ) വാദിക്കാൻ തോന്നാറുണ്ട്. എത്രയോ സന്ദർഭങ്ങളിൽ മൈതാനത്തിലെ കാൽപ്പന്തുകളി നോക്കിനിന്നിട്ടുണ്ട്. പല പ്രായത്തിലുള്ള ആണുങ്ങൾ അവിടെ പന്ത് കളിക്കുന്നത് കണ്ടുകൊണ്ടാണ് ഞങ്ങളൊക്കെ മുതിർന്നത്. അവരുടെ കേളീശൈലിയുടെ കാര്യങ്ങളെക്കുറിച്ച് ഒന്നും പറയാൻ അറിയില്ല. അവർ ആവേശത്തോടെ ഒരു പന്തിനെ മുൻനിർത്തി നീങ്ങുകയും പായുകയും കാലിന്റെ ശക്തിയെ പലതരത്തിൽ ആവിഷ്‌കരിക്കുകയും ചെയ്‌തുപോന്നു എന്നേ ഇപ്പോഴും പറയാൻ അറിയുകയുള്ളൂ. പക്ഷേ കാണികളിൽ എന്നപോലെ അവരിലും ആ കളി തീവ്രമായ ആവേശം ഉണ്ടാക്കിയിരുന്നു. ഈ കാര്യത്തിൽ ഒട്ടും സംശയമില്ല. കാലിക്കടവ് മൈതാനം എത്രയോ ടൂർണമെന്റുകളുടെ അരങ്ങായിരുന്നു. ആ ചരിത്രം ഇപ്പോഴും തുടരുന്നു. മൈതാനത്തിന്റെ ഓർമയിൽ എത്രയോ കളിക്കാരുടെ നീക്കങ്ങളുടെ കണക്കും കാര്യവുമൊക്കെയുണ്ട്. (തൊട്ടടുത്ത് ശാന്തമായ ശ്മശാനമാണ്. അതും പറയണമല്ലോ.)

ഫോട്ടോ: ബിജു ഇബ്രാഹിംഫോട്ടോ: ബിജു ഇബ്രാഹിം

വിജയേട്ടൻ എന്ന്‌ ഞങ്ങളൊക്കെ വിളിക്കാറുള്ള ടി പി വിജയരാഘവൻ എന്ന മുൻസൈനികൻ പെൺകുട്ടികൾക്കും യുവതികൾക്കും വേണ്ടി ഫുട്ബോൾ കോച്ചിങ്‌ നടത്തുന്നത് വ്യത്യസ്‌തമായ ഒരു ദൃശ്യമായി പിൽക്കാലത്ത് കാണാനിടയായിട്ടുണ്ട്. സ്‌ത്രീകൾ കളിക്കാൻ തയ്യാറാവുന്ന കളിയാണ് ഫുട്ബോൾ എന്ന് ചെറുപ്പത്തിലൊന്നും തോന്നിയിരുന്നില്ല. അതിൽ ആണത്തം മുദ്രിതമായിട്ടുണ്ട് എന്നുതന്നെ തോന്നിയിട്ടുണ്ട്. ആ തോന്നലിനെ റദ്ദാക്കുന്ന പരിശ്രമം ആയിരുന്നു വിജയരാഘവേട്ടൻ നടത്തിയത്. കാലിക്കടവ് മൈതാനത്തെ കേന്ദ്രീകരിച്ച് ഒരു ഘട്ടത്തിൽ കാര്യമായ പെൺഫുട്ബോൾ സംഘം രൂപപ്പെട്ടതായി ഓർമയുണ്ട്.

അവിടെ നടക്കുന്ന ടൂർണമെന്റുകളിൽ ഗാലറിയൊന്നും ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നില്ല. പത്തുമുപ്പതുകൊല്ലം മുമ്പ്‌ മുള കൊണ്ടുള്ള താൽക്കാലിക ഗാലറി കുറെ ദിവസങ്ങളുടെ ശ്രമംകൊണ്ട് ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോൾ ഞങ്ങളുടെ ഒരു അയൽക്കാരി ചോദിച്ചു: ഇതിന്റെ മേലെ ആയിരിക്കും കളി, അല്ലേ?

ഞങ്ങളുടെ ഗ്രാമത്തിന്റെ പടിഞ്ഞാറ് ഒരു പുഴയുണ്ട്. പുഴ കടന്നാൽ നാട് പടന്ന ആയി. ആ ഗ്രാമത്തിലെ പന്തുകളിക്കാർ ഏറിയ വാശി ഉള്ളവരായിരുന്നു. കളിക്കുന്ന ഏത് മാച്ചും തങ്ങൾക്ക് ജയിക്കണം എന്ന വാശി അവർക്ക് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതിനായി ഏത് ശൈലിയിലുള്ള കളിത്തരങ്ങളും അവർ പ്രയോഗത്തിൽ കൊണ്ടുവരാറുണ്ട് എന്നാണ് അറിവ്. ഒരിക്കൽ ശരിക്കും ഊർജവത്തായ അവരുടെ കളി കണ്ടു. അപ്പോൾ ഫുട്ബോളിന്റെ വ്യത്യസ്‌തമായ ആവിഷ്‌കാരം ആണ് അത് എന്ന് മനസ്സിലാക്കാനും സാധിച്ചു.


പയ്യന്നൂർ, വീട്ടിൽനിന്ന് 10 ‐ -15 കിലോമീറ്റർ ദൂരെയാണ്. ഫുട്ബോൾ കളി കാണാൻ മാത്രമായി ചെറിയ പ്രായത്തിൽ ഒരുതവണ പയ്യന്നൂരിലേക്ക് പോയിട്ടുണ്ട്. ഏത് ടൂർണമെന്റ്‌ ആണ് എന്നൊന്നും ഇപ്പോൾ ഓർമിക്കാൻ ആവുന്നില്ല. ഹൈസ്‌കൂളിന്റെ മൈതാനത്തായിരുന്നു കളി. ആ കളി കൂടുതൽ സൗന്ദര്യമുള്ളതും കൃത്യവും ആണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. പലതരം കേളീശൈലികൾ ഫുട്ബോളിന്റെ മേഖലയിലും ഉണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്തിയ സന്ദർഭമാണ് അത്.

അധ്യാപകനായതിന് ശേഷം ഫുട്ബോളിനെ കുറിച്ച് കാര്യമായി ആലോചിക്കേണ്ടി വന്നത് പെലെയെ പറ്റിയുള്ള ഒരു ലേഖനം കൈകാര്യം ചെയ്യേണ്ടി വന്നപ്പോഴാണ്. പെലെയുടെ ആയിരാമത്തെ ഗോളിനെ കുറിച്ചുള്ള പാഠമായിരുന്നു അത്. ‘Pele's Thousandth Goal’ എന്നുതന്നെയാണ് ലേഖനത്തിന്റെ പേര്. 1969 നവംബർ 19ന് റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ തന്റെ ക്ലബ്ബായ സാന്റോസും വാസ്‌കോഡ ഗാമയും തമ്മിലുള്ള മത്സരത്തിനിടെയാണ് പെലെ 1000-‐ാം ഗോൾ നേടിയത്. അതാണ് വിഷയം. ക്ലാസിലിരിക്കുന്നവരിൽ ആൺകുട്ടികൾക്കെല്ലാം എന്നെക്കാൾ ഫുട്ബോളിനെ കുറിച്ച് അറിയാം എന്ന് ഉറപ്പായതുകൊണ്ട് ഞാൻ ചെയ്‌ത കാര്യം അതിലെ അപരിചിതമായ വാക്കുകൾ മുൻകൂറായി പരിചയപ്പെടുത്തിയതിന് ശേഷം കുട്ടികളോട് വായിക്കാൻ പറയുക എന്നതായിരുന്നു. ആ വായന സജീവമായ ഒരു അക്കാദമിക അനുഭവമായി മാറുന്നത് കുട്ടികളും അധ്യാപകനും ആവേശത്തോടെ മനസ്സിലാക്കി. കുട്ടികളുമായുള്ള ചർച്ചയിലൂടെയാണ് ആ ലേഖനം അവതരിപ്പിച്ചത്. ഡ്രിബ്ലിങ് പോലുള്ള വാക്കുകളുടെ ഫുട്ബോളർഥം ആവേശത്തോടെ അറിഞ്ഞത് ആ പഠനസന്ദർഭത്തിലാണ്. ഡ്രിബ്ലിങ് (പന്ത് തുടർച്ചയായി കാലുകൊണ്ട് തട്ടിത്തട്ടി മുന്നോട്ട് കൊണ്ടുപോകുന്നതാണ് ഡ്രിബ്ലിങ്) തന്നെയല്ലേ ആണ്ടിപ്പാസ് എന്ന് ഒരുത്തൻ ചോദിച്ചതും ക്ലാസിൽ ഉഷാറിന്റെ അലകൾ ഉണർന്നു. ആണ്ടി കണ്ണൂർക്കാരനോ തലശ്ശേരിക്കാരനോ ആയ കളിക്കാരനാണ്.

ഫോട്ടോ: ബിജു ഇബ്രാഹിംഫോട്ടോ: ബിജു ഇബ്രാഹിം

ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത്, കണ്ണൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന, ഫുട്ബോൾ ഫ്രണ്ട് മാസിക മാണിയാട്ട് വിജ്ഞാനദായിനി വായനശാലയിൽനിന്ന് വായിക്കാറുണ്ടായിരുന്നു. ഫുട്ബോളിനെക്കുറിച്ച് ചിലതൊക്കെ സവിശേഷമായി മനസ്സിലാക്കാൻ ഉണ്ട് എന്ന് മനസ്സിലായത് ആ വായനാസന്ദർഭങ്ങളിൽ നിന്നാണ്. ആയിടയ്‌ക്ക് ഒരു ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ കണ്ണൂരിലേക്ക് പോയി. അന്ന് രണ്ട് കാഴ്‌ചകൾ ആവേശം കൊള്ളിച്ചു. ഒന്ന് വലിയ വിളക്കുകൾ ഉള്ള നഗരസഭാ സ്റ്റേഡിയം. ഒരു രാത്രിയെങ്കിലും ആ വിളക്കുകൾ പ്രകാശം ചൊരിയുന്ന സ്റ്റേഡിയത്തിലെ ഗാലറിയിൽ പോയിരുന്ന് കളി കാണണമെന്നും ആളുകളുടെ ആരവത്തിനൊപ്പം കൈ ഉയർത്തി ഒച്ചയിടണം എന്നും തോന്നി. ആ ആഗ്രഹം ഇതുവരെ നടപ്പിലായിട്ടില്ല. കണ്ണൂരിന്റെ ഫുട്ബോൾ ആവേശവും പഴയപോലെ ഇപ്പോൾ ദൃശ്യമല്ല. കണ്ണൂർ നഗരത്തിൽ ലക്കി സ്റ്റാർ ക്ലബ്ബിന്റെ ചെറിയതും കൗതുകകരവുമായ ഓഫീസ് കെട്ടിടം നിരത്തോരത്ത് കണ്ടതും ഓർമയുണ്ട്. ആ കെട്ടിടത്തിൽനിന്ന് ഊർജം പുറത്തേക്ക് പ്രസരിക്കുന്നതായി തോന്നി. കൂടെ ഉണ്ടായിരുന്ന ചങ്ങാതിയോട് ആ കാര്യം പറഞ്ഞപ്പോൾ സന്തോഷവും തോന്നി.

മലപ്പുറത്തെ ലിറ്റിൽ എർത്ത് എന്ന നാടകസംഘം പി വി ഷാജികുമാറിന്റെ ഒരു ചെറുകഥയെ ആധാരമാക്കി ‘ബൊളീവിയൻ സ്റ്റാർസ്' എന്ന നാടകം തയ്യാറാക്കിയിരുന്നു. അത് കണ്ടത് കരിവെള്ളൂരിലെ ഫുട്ബോൾ മൈതാനി കൂടിയായ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വച്ചായിരുന്നു. ആവേശകരമായ ആ രംഗാനുഭവത്തിൽ പങ്കാളിയായിക്കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് തോന്നി, എത്രയോ കളിക്കാർ തങ്ങളുടെ ഫുട്ബോൾ ഭാവനയെ ആവിഷ്‌കരിച്ച ഒരു ഗ്രാമമൈതാനിയിൽ വച്ചാണ് ഈ അസാധാരണമായ കാൽപ്പന്തുനാടകം ഞാൻ കാണുന്നത് എന്ന്‌. ആ ചേർച്ച പ്രത്യേകം ആവേശംകൊള്ളിച്ചു. ഏതാണ്ട് ഇക്കാലത്താണ് ‘ഹിഗ്വിറ്റ’ എന്ന ചെറുകഥ വായിക്കുന്നത്. എൻ എസ് മാധവന്റെ കഥ. അതേപ്പറ്റി ചില സ്ഥലങ്ങളിൽ സംസാരിക്കേണ്ടി വന്നിട്ടുണ്ട്. കളിയെ മുൻനിർത്തിയുള്ള അവതരണത്തിന് കെൽപ്പുള്ളവനല്ല എന്ന് അറിയാമെങ്കിലും ഫുട്ബോളിനോടുള്ള സരളമായ ഇഷ്ടം മുൻനിർത്തി അതിന് തയ്യാറാവുകയായിരുന്നു. എന്നെക്കാളും ഫുട്ബോൾ അറിവ് കേൾവിക്കാർക്ക് നിശ്ചയമായും ഉണ്ട് എന്ന ധാരണയോടുകൂടിയാണ് സംസാരിച്ചത്. അത് ഏതാണ്ടൊക്കെ ശരിയുമായിരുന്നു. ചുരുക്കത്തിൽ പ്രസംഗകനും കേൾവിക്കാരും ചേർന്നുണ്ടാക്കിയ സാംസ്‌കാരിക സന്ദർഭങ്ങൾ ആയിരുന്നു ആ പ്രസംഗങ്ങൾ. സേതുവിന്റെ ‘ദൈവത്തിന്റെ കൈ' എന്ന ഫുട്ബോൾ കഥയും രസനീയമാണ്. അതിൽ സവിശേഷമായ ദാർശനികമാനം ഉണ്ട്. അത് ഉൾക്കൊണ്ടുകൊണ്ട് വേണം അതേപ്പറ്റി എന്തെങ്കിലും എഴുതാനോ പറയാനോ എന്ന് തോന്നി. അത് സാധിച്ചോ എന്ന് അറിയില്ല. ‘ഹിഗ്വിറ്റ'യെ വിഷയമാക്കി പല തവണ എഴുതുകയും പറയുകയും ചെയ്‌തിട്ടുണ്ടെങ്കിലും ‘ദൈവത്തിന്റെ കൈ' ഒരിക്കൽ മാത്രമേ എഴുത്തിന് വിഷയമായി തീർന്നിട്ടുള്ളൂ. (‘ദൈവത്തിന്റെ കൈ' എന്ന തലക്കെട്ടിന്റെ ചരിത്രം ഇതാണ്: "1986ലെ ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അർജന്റീനിയൻ ഫുട്ബോൾ താരം ഡീഗോ മറഡോണ നേടിയ കുപ്രസിദ്ധവും നിയമവിരുദ്ധവുമായ ഒരു ഗോളിനെയാണ് "ദൈവത്തിന്റെ കൈ’ എന്ന് വിളിക്കുന്നത്. മറഡോണ ഇടതു കൈകൊണ്ട് ഇംഗ്ലീഷ് ഗോൾ കീപ്പറെ മറികടന്ന് പന്ത് വലയിലേക്ക് അടിച്ചു.) അത് ഒരു ചെറിയ കുറിപ്പ് രൂപത്തിലാണ്. (എനിക്ക്) വേണ്ടത്ര തെളിഞ്ഞുകിട്ടാത്ത ഒരു അർഥമാനം ആ കഥയ്‌ക്കുണ്ട് എന്ന് തോന്നിയതിനാൽ അതേപ്പറ്റി അധികം മിണ്ടുകയോ എഴുതുകയോ ചെയ്യേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. മലയാളത്തിലെ രണ്ട് നല്ല കഥയെഴുത്തുകാർ ഫുട്ബോളിനെ വിഷയമാക്കി മികച്ച സൗന്ദര്യപാഠങ്ങൾ നിർമിച്ചിട്ടുണ്ട് എന്നത് എപ്പോഴും ഓർക്കേണ്ട ഒരു കാര്യമാണ്. എൻ എസ് മാധവനോട് ഒന്നിലേറെ തവണ ‘ഹിഗ്വിറ്റ' കഥയുടെ കാര്യങ്ങളെപ്പറ്റി നേരിട്ട് സംസാരിക്കാനുള്ള അവസരവും ഉണ്ടായിട്ടുണ്ട്. കളിയോർമ, കിക്ക് പോലുള്ള കളിത്തരങ്ങൾ, ഫുട്ബോളിന്റെ ലോകപ്രശസ്‌തരംഗങ്ങളുടെയും നാടൻ സെവൻസ് കളിയുടെയും ചേർച്ചയുണ്ടാക്കുന്ന ബദൽ സമീപനങ്ങൾ എന്നിവയുടെ ആഖ്യാനമൈതാനമാണ് ‘ഹിഗ്വിറ്റ.’

1973 ഡിസംബർ 28 എന്ന തീയതി ഈ സന്ദർഭത്തിൽ ഓർമവരുന്നു. സന്തോഷ് ട്രോഫി അഖിലേന്ത്യാ ഫുട്ബോൾ മത്സരത്തിൽ കേരളം ആദ്യമായി വിജയിച്ചത് അന്നാണ്. അക്കാലത്ത് ചന്തേര യുപി സ്‌കൂളിൽ ഏഴാം തരത്തിൽ പഠിക്കുന്നു. പ്രത്യേകം അസംബ്ലി ചേർന്ന് ആ വിജയം കൊണ്ടാടിയത് ആവേശകരമായ അനുഭവമായിരുന്നു.


ക്യാപ്റ്റൻ ടി കെ എസ് മണി, വിക്ടർ മഞ്ഞില, നജ്മുദ്ദീൻ, പെരുമാൾ, സേവിയർ പയസ്, ചീക്കൂ തുടങ്ങിയ കളിക്കാരെ ഇപ്പോഴും ഓർക്കുന്നു. മറ്റൊരു പ്രശസ്‌തനായ കളിക്കാരന്റെ നാട് കൂടിയാണ് ഞങ്ങളുടെ ചന്തേര. ടി കെ ഇബ്രാഹിംകുട്ടി എന്നാണ് അദ്ദേഹത്തിന്റെ പേര്. ഇബ്രാഹിംകുട്ടി വിവിധ സർവകലാശാലാ ടീമുകളിൽ കളിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാലയിൽ ആണെന്ന് തോന്നുന്നു, അദ്ദേഹം കായിക വിഭാഗത്തിൽ അധ്യാപകനായി കുറേക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്‌തു.

2026 ഫെബ്രുവരി ഒന്നിനാണ് നിര്യാതനായത്. അദ്ദേഹത്തിന്റെ തറവാട്ടുവീട്ടിന് വളരെ അടുത്താണ് നേരത്തെ പറഞ്ഞ കാലിക്കടവ് മൈതാനം. ആ മൈതാനത്ത് തന്നെയായിരിക്കണം അദ്ദേഹം കളിച്ചുതുടങ്ങിയത്. അതിനാൽ മനസ്സുകൊണ്ട് കാലിക്കടവ് മൈതാനം അദ്ദേഹത്തിന്റെ അനൗപചാരിക സ്മാരകമാണ് എന്ന് മരണവാർത്ത പത്രത്തിൽ വായിച്ച സന്ദർഭത്തിൽ തോന്നുകയുണ്ടായി. ആ വാർത്തയിൽ ടി കെ ഇബ്രാഹിംകുട്ടിയുടെ വീടിന്റെ പേരും വായിച്ചു: ‘സോക്കർ കോട്ടേജ്.’

2022ൽ ഖത്തറിൽ പോയിരുന്നു. ലോകകപ്പ് ഫുട്ബോൾ കഴിഞ്ഞയുടനെയായിരുന്നു പോക്ക്. ആ മേളയുടെ പ്രതീകമായി സ്ഥാനപ്പെട്ട, ഫൈനൽ മത്സരം നടന്ന ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിനടുത്തേക്കും പോകാനായി. ആഡംബരത്തിന്റെ അങ്ങേയറ്റം എന്ന് തോന്നിപ്പിക്കുന്ന കളിത്തറ. വളരെ അടുത്തേക്ക് പോകാനായില്ല. വിലക്കുണ്ടായിരുന്നു. പട്ടാളക്കാവൽ തന്നെ കണ്ടു. ഒരു തിരക്കുമില്ല. കാവലാളുകളെ ഒഴിച്ചാൽ ഒറ്റയ്‌ക്കും തെറ്റയ്‌ക്കും ഞങ്ങളെപ്പോലുള്ള സാധാരണ സന്ദർശകർ‐ --- അത്രയേയുള്ളൂ. കുറച്ചുനാൾ മുമ്പ് ആ സ്ഥലം പല രാജ്യങ്ങളിലെ ആളുകളെക്കൊണ്ട് സവിശേഷം. വിജനതകൊണ്ടാണ് സ്റ്റേഡിയം ഇപ്പോൾ വേറിട്ടുനിൽക്കുന്നത്.

അവിടെ നിൽക്കുമ്പോൾ മറ്റൊരു മറുപുറത്തിന്റെ ഓർമ, കടലിന് അക്കരെയുള്ള കേരളത്തിൽനിന്ന് ഒരു ഊക്കൻ ലോങ് ഷോട്ട് പോലെ വന്നു. അത് ഫുട്ബോളിന്റെ ഒരു കാരിക്കേച്ചറാണ്. വാസ്‌തവത്തിൽ സ്ഥലം കോഴിക്കോട്. പാഠത്തിൽ കോഴിക്കോട്, ചങ്ങലംപരണ്ടയായിത്തീരുന്നു. 1940 കാലത്തെ എഴുത്താണ്. എഴുത്താൾ സഞ്ജയനാണ്. ‘ചങ്ങലംപരണ്ട ഫുട്ബോൾ മത്സരക്കളി അവസാന ദിവസം' എന്ന തലക്കെട്ടുള്ള ആ ഭാവനാത്മക പത്രവാർത്ത ഫുട്ബോളിന്റെ ആഗോളകീർത്തിയെ നോക്കി ചിരിക്കുന്നു.

തുടക്കം ഇങ്ങനെ: "ചങ്ങലംപരണ്ട, ഫെബ്രവരി 1: ഒരൊറ്റ സെക്കന്റ്. സി പി വില്ലേജ് ടീമിലെ ഫുൾ ബാക്ക് കുഞ്ഞിഒണക്കൻ യൂനിഫോറത്തിന്റെ ഉള്ളിൽ ഉറുമ്പു കടന്നതിന്റെ ഫലമായിട്ടാണെന്നു തോന്നുന്നു, ഒന്നു ഞെളിഞ്ഞുപിരിഞ്ഞു മുഖം വികൃതമാക്കി. ആത്തഞ്ചം കണ്ടപ്പോഴേക്കു കണ്ടക്കുറുപ്പ് പന്തുംകൊണ്ടൊരു മരണപ്പാച്ചിൽ. ആ പാച്ചിലിൽ വലതുകാൽ പന്തിന്റെ മീതെ ഒന്നിടറുകയാൽ മൂക്കുകുത്തി ‘ഢിം' എന്നൊരു വീഴ്‌ച കിട്ടി. പന്ത് ഉസ്മാന്ന്...’

കാലാകാലം ലോകകപ്പ് ഫുട്ബോൾ മത്സരം ഗംഭീരമായി നടക്കട്ടെ. എന്നാൽ അങ്ങനെയുള്ള ഗംഭീരങ്ങൾ മാത്രമല്ല ലോകത്തിന്റെ ഫുട്ബോൾ ചരിത്രം. പഴന്തുണി ചുരുട്ടിക്കൂട്ടി തങ്ങൾ തന്നെ ഉണ്ടാക്കിയ പന്ത് തെരുവിൽ തട്ടിക്കളിക്കുന്ന കുട്ടികളും ആ ചരിത്രത്തിന്റെ ഭാഗമാണ് .






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home