ad
Deshabhimani

തിരസ്‌മരണ

ഒരു തൂവാനത്തുമ്പിക്കാലം

‘തൂവാനത്തുമ്പികളി’ല്‍ ക്ലാരയായി സുമലത ഡിജിറ്റല്‍ ക്രിയേഷന്‍-: കിരണ്‍ ഗോവിന്ദ്
avatar
ബിജു മുത്തത്തി

Published on May 23, 2026, 12:01 PM | 10 min read

''ആ മഴക്കാലത്താണ് ഏറെ നാൾ കൂടിയിട്ട് ഞാനും ക്ലാരയും തമ്മിൽ കണ്ടുമുട്ടിയത്. ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയപ്പോഴൊക്കെ പ്രകൃതി ഞങ്ങൾക്കു ചുറ്റും മഴയുടെ കറുത്ത തിരശ്ശീലകൾ വലിച്ചു കെട്ടാറുണ്ടായിരുന്നു എന്നത് ഇന്ന് ലേശമൊരു കൗതുകം കലർന്ന അദ്ഭുതത്തോടെ അനുസ്മരിച്ചുപോവുന്നു. ഒരുപക്ഷേ ഈ ഭൂമുഖത്ത് സുരക്ഷിതത്വം തീരെ ഇല്ലാതിരുന്ന ഞങ്ങൾ രണ്ടുപേർ തമ്മിലുളള സന്ധിക്കലിന് അങ്ങനെ എന്തെങ്കിലും ഒരു മറ ആവശ്യമായിരിക്കാം. ഏതായാലും ഞങ്ങളുടെ ആത്മസംതൃപ്തിയ്ക്ക് മഴയുടെ ചാറ്റുപാട്ട് വലിയൊരു അനുഗ്രഹമായിരുന്നു.''

(ഉദകപ്പോള‐ പി പത്മരാജൻ)

‘തൂവാനത്തുമ്പികളി’ല്‍ ക്ലാരയായി സുമലത ഡിജിറ്റല്‍ ക്രിയേഷന്‍-: കിരണ്‍ ഗോവിന്ദ് ‘തൂവാനത്തുമ്പികളി’ല്‍ ക്ലാരയായി സുമലത ഡിജിറ്റല്‍ ക്രിയേഷന്‍-: കിരണ്‍ ഗോവിന്ദ്

എഴുപതുകളിൽ എസ് കെ നായരുടെ പത്രാധിപത്യത്തിലുള്ള മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ചുവന്ന പി പത്മരാജന്റെ നോവൽ 'ഉദകപ്പോള' മലയാള സിനിമയിലേക്ക് 'തൂവാനത്തുമ്പി'കളായി പറന്നുവന്നത് 1987ലാണ്. നോവലിന് ഭരതന്റേതായിരുന്നു വര. 1974ൽ 'പ്രയാണം' എന്ന സിനിമയിലൂടെ ആരംഭിച്ച ഭരതപത്മരാജ സൗഹൃദപ്രയാണം മൊട്ടിട്ടത് ഉദകപ്പോളയിലൂടെയായിരുന്നുവെന്ന് കരുതണം. പ്രയാണം, ആ വർഷത്തെ മികച്ച പ്രാദേശികഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി. മലയാള സിനിമയ്ക്ക് അതുവരെ പരിചിതമില്ലാത്ത സർഗ്ഗാത്മക പരീക്ഷണങ്ങൾ കൊണ്ടാണ് ഭരതപത്മരാജസിനിമകൾ വേറിട്ടു നിന്നത്. ഒരു ചിത്രകാരനും എഴുത്തുകാരനും സാഹിത്യത്തിലെന്ന പോലെ സിനിമയിലും സംഗമിച്ചതിന്റെ ചാരുതകൾ തന്നെയാണ് പ്രയാണത്തിനു പിന്നാലെ രതിനിർവേദം, തകര, ലോറി, ഈണം, ഒഴിവുകാലം എന്നീ സിനിമകൾക്കു മുന്നിലും പ്രേക്ഷകനെ പിടിച്ചിരുത്തിയത്. 1979‐ൽ പെരുവഴിയമ്പലത്തിലൂടെ പത്മരാജൻ സ്വതന്ത്ര സവിധായകനായി.


'ഉദകപ്പോള' എന്ന വാക്ക് നിഘണ്ടുവിലില്ല. ഉദകക്രിയ ചെയ്യുമ്പോൾ തർപ്പണം ചെയ്യുന്ന ജലകുമിളകളെയാകണം പത്മരാജൻ ഉദ്ധേശിച്ചത്. സാധാരണ ജലകുമിളകളിലേക്ക് മരണത്തിന്റെ നിറംകൂടി ചാലിക്കുമ്പോൾ ക്ഷണികത ഇരട്ടിക്കുന്നു. ഉദകപ്പോളയിലെ മഴത്തുള്ളികളെ മരണാനന്തരക്രിയകളുടെ സമയത്തെ തർപ്പണത്തുള്ളികളായി പത്മരാജൻ വിശേഷിപ്പിക്കുന്നത് വെറുതേയല്ല. മഹത്വത്തിന്റെ ഒരു അസാധാരണത്വവുമില്ലാത്ത എന്നാൽ അരാജകത്വം വേണ്ടുവോളമുള്ള നശ്വരജ•ങ്ങളുടെ ജീവിതത്തിന്റെ വാഴ്ത്തുപാട്ടാണ് പത്മരാജന്റെ ഈ നോവൽ. സമൂഹത്തിന്റെ അലിഖിതമായ സദാചാരത്തിന്റെയും സാ•ാർഗ്ഗികതയുടെയും വാതിൽപ്പുറത്തിനപ്പുറമുള്ള മനുഷ്യരെക്കുറിച്ചാണ് നോവൽ സിനിമയായപ്പോഴും പത്മരാജൻ ക്യാമറ തിരിച്ചത്.


ഒരു ധൂർത്തസൗഹൃദകാലത്തിന്റെ കഥാപാത്രസ്മാരകമാണ് മണ്ണാറത്തൊടി ജയകൃഷ്ണൻ. മഴ വരുന്നതിനുമുമ്പായി മാനത്താറാടിക്കളിക്കുന്ന തുമ്പികളെപ്പോലൊരു ജീവിതം തന്നെയായിരുന്നു ജയകൃഷ്ണന്റേയും സുഹൃത്തുക്കളുടേതും. സൗഹൃദത്തിന്റെ മഴ തോർന്നപ്പോൾ, ആ തുമ്പികിളെല്ലാം അപ്രത്യക്ഷമായി.

സമ്പത്തിന്റെ ആധിക്യത്തിലും ആർഭാടത്തിലും സൗഹൃദത്തിന്റെ വർണ്ണപ്പൊലിമയിലും മുങ്ങി മദ്യപാനവും വ്യഭിചാരവുമെല്ലാമായി അലഞ്ഞ് പൊലിഞ്ഞുപോയ ജയകൃഷ്ണന്റെ ജീവിതത്തിന്റെ പരിതാപകരമായ പതനം നോവലിന്റെ അവസാനം പത്മരാജൻ വിവരിക്കുന്നുണ്ട്. സിനിമയുടെ അവസാനം ജയകൃഷ്ണനോട് നമുക്ക് ആരാധനയാണ് തോന്നുകയെങ്കിൽ നോവലിന്റെ അവസാനം നമുക്ക് അറപ്പാണ് തോന്നുക.

''വീട് ഇടിഞ്ഞു വീണു, ഇന്നലെ'

അയാൾ വലിയൊരു ഫലിതം പോലെ പൊട്ടിച്ചിരിച്ചു.

'ഇന്നലത്തെ കാറ്റിലോ' ഞാൻ അമ്പരന്നു ചോദിച്ചു.

'അതേന്നേ' അയാൾ വീണ്ടും ഉ•ത്തനായി പൊട്ടിച്ചിരിച്ചു.

'പിള്ളേര് രണ്ടും ചാകേണ്ടതാ. ഇവളും ചത്തില്ല. അടുത്തമുറി വീണു. ഈ മുറി വീണില്ല.'


പറഞ്ഞതു ശരിയായിരുന്നു അവിടെ നാലുകെട്ടിന്റെ ഒരു ഭാഗം ഇടിഞ്ഞുതകർന്ന് കിടപ്പുണ്ടായിരുന്നു. പൊട്ടിയ ഓടുകളും കഴുക്കോലുകളും

പൊളിഞ്ഞ അസ്ഥികൂടം പോലെ അവിടമാകെ പരന്നു ചിതറിയിരുന്നു.

പോരുന്നതിന് മുമ്പ് ഒരിക്കൽപ്പോലും രാധയുടെ മുഖത്തേക്ക് ഞാൻ നോക്കിയില്ല. ആ പെൺകുട്ടിയുടെ തളർന്ന മുഖം എന്റെയുള്ളിലുണ്ടായിരുന്ന ഒരുപാടു ധാരണകളെ നശിപ്പിച്ചു കളഞ്ഞു.''

(ഉദകപ്പോള, പേജ് 421)

ഉദകപ്പോളയിലെ ആഖ്യാതാവിനെയും ജയകൃഷ്ണനെയും സിനിമയിൽ പത്മരാജൻ ഒരാളാക്കുന്നു. അങ്ങനെയാണ് ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന് നോവലിനേക്കാൾ സിനിമയിൽ എത്രയും പരന്ന് കളിക്കാനുള്ള സ്ഥലം ലഭിക്കുന്നത്്. മോഹൻലാൽ എന്ന നടന്റെ കരിയർഗ്രാഫിലും വിസ്തരിച്ചഭിനയിക്കാൻ ലഭിച്ച ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു മണ്ണാറത്തൊടി ജയകൃഷ്ണൻ.

 പി ഉണ്ണിമേനോന്‍ പി ഉണ്ണിമേനോന്‍

മലയാളി പുരുഷന്റെ അദമ്യമായ ആനന്ദങ്ങളുടെയും കാമനകളുടെയും അതിർത്തികളില്ലാത്ത ആസ്ക്തികളുടെയും എക്കാലത്തെയും ഒരു മനോഹര പ്രതിരൂപമായാണ് മണ്ണാറത്തൊടി ജയകൃഷ്ണനെ ഇവിടെ നാലുപതിറ്റാണ്ടുകാലമായി പ്രതിപാദിച്ചുകൊണ്ടിരിക്കുന്നത്. മലയാളി ആൺരഹസ്യങ്ങളുടെ പലനിറങ്ങളിലും മുഖങ്ങളിലുമുള്ള ആവിഷ്കാരമായി, മഴയും മദ്യവും പ്രണയവും രതിയും സൗഹൃദവുമെല്ലാം സമ്മോഹനമായി വാരിനിറച്ച ഒരു അനശ്വര കഥാപാത്രമായി തന്നെ മണ്ണാറത്തൊടി ജയകൃഷ്ണൻ ഇവിടെ വിരാജിക്കുന്നു. സിനിമയിൽ മാത്രമല്ല, സിനിമയ്ക്കു പുറത്തും അയാൾ ജീവിക്കുന്നു. സിനിമയ്ക്ക് പുറത്ത് തൃശൂർ നഗരത്തിൽ അയാൾക്ക് വേറൊരു പേരാണെന്നുമാത്രം‐ പുതിയേടത്ത് ഉണ്ണിമേനോൻ.

തൃശൂർ പൂരം നടക്കുന്ന തേക്കിൻകാട് മൈതാനത്തിൽ നിന്നിറങ്ങി പടിഞ്ഞാറേക്കോട്ട റോഡിലൂടെ നടന്നപ്പോൾ പറഞ്ഞപോലെ ഗേറ്റിൽ തന്നെ എഴുതിവെച്ചിട്ടുണ്ടായിരുന്നു‐ പി ഉണ്ണിമേനോൻ ബിഎ, ബി എൽ. ഉണ്ണിമേനോൻ ബി എ കേരളവർമ്മ കോളേജിൽ നിന്നും ബി എൽ എറണാകുളം ലോകോളേജിൽ നിന്നുമാണ് പാസായത്. അൽപ്പകാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയുമുണ്ടായി. അൽപ്പകാലം ദുബായിയിൽ പ്രവാസ ജീവിതവും നയിച്ചു.

തൃശ്ശൂർ ജില്ലയിലെ പെരുവല്ലൂർ ഗ്രാമത്തിൽ നിന്നാണ് ഉണ്ണിമേനോൻ നഗരത്തിലെത്തുന്നത്. കൃഷിയും ധാരാളം ഭൂസ്വത്തുമുള്ളൊരു ഫ്യൂഡൽ തറവാട്ടിൽ ആവശ്യത്തിലധികം പണവും സുഖസൗകര്യങ്ങളുമായി വളർന്ന ചെറുപ്പക്കാരന് സഹൃദയത്വത്തിന്റെ വേറൊരു ലോകത്തേക്കും അനുബന്ധമായ അരാജകത്വത്തിലേക്കുമെല്ലാം വഴിമാറാൻ സ്വാതന്ത്ര്യം ലഭിച്ച അവസരമായിരുന്നു നഗരപ്രവേശം. പതിറ്റാണ്ടുകളായി അയാൾ ഈ നഗരത്തിൽ അർമ്മാദിച്ചു തീർത്ത ജീവിതത്തിന്റെ പാതിയേ വരൂ ആ കഥാപാത്രമെന്ന്്, കഥ പറഞ്ഞുതീരുമ്പോൾ നമുക്ക് തോന്നിയേക്കും.


''അച്ഛൻ കുഞ്ഞുണ്ണി പണിക്കർ അഡ്വക്കേറ്റായിരുന്നു. അമ്മ പത്മാവതിയമ്മ. എന്റെ മൂത്തയാൾ നാലാം വയസ്സിൽ മരിച്ചു. അതുകൊണ്ട്്് ആവശ്യത്തിലധികം ലാളനകളോടെയാണ്്് ഞാൻ വളർന്നത്. ലാളിച്ച് വഷളാക്കിയെന്നുതന്നെ പറയാം. പണവും സൗകര്യവുമെല്ലാം സ്ക്കൂളിൽ പഠിക്കുമ്പോഴേ എന്നെ വികൃതിയാക്കി. കോളേജിലെത്തിയതോടെ ആ വികൃതിത്തരത്തിലെ സാഹസികതകൾ കൂടി. സുഹൃത്തുക്കളായിരുന്നു ദൗർബ്ബല്യം. സുഹൃത്തുക്കൾക്കുവേണ്ടി എന്തും ചെയ്യും. കൈയ്യിൽ ധാരാളം പൈസയുള്ളതുകൊണ്ട് സുഹൃത്തുക്കളുടെ എണ്ണം കൂടിവന്നു. മറ്റുള്ളവരെ സൽക്കരിക്കലായിരുന്നു വിനോദം. മദ്യം വേണ്ടവർക്ക് മദ്യം. ഭക്ഷണം വേണ്ടവർക്ക് ഭക്ഷണം, അങ്ങനെ. റൗണ്ടിനടുത്ത് പത്തൻസിലെ മസാലദോശ കഴിക്കാൻ സംഘമായിട്ടാണ് പോവുക. ബാറിലെ സീനിൽ മോഹൻലാൽ പതിനേഴ് ബസ്സുണ്ടെന്ന്്്് പറഞ്ഞ്്് അശോകന്് പരിചയപ്പെടുത്തുന്ന ബാബുവില്ലേ, അത് ദേവമാത മുതലാളി ജോർജ്ജാണ്. ജോർജ്ജാണ് അക്കാലത്തെ എന്റെ ഒരു ക്രൈം പാർട്ണർ. പ്രിമിയർ ലോഡ്ജ് കേന്ദ്രീകരിച്ച് അക്കാലത്ത് ബാബു നമ്പൂതിരിയുടെ തങ്ങളെപ്പോലുള്ള പിമ്പുമാരുണ്ടായിരുന്നു. കസ്റ്റമർമാരെ കാത്തിരിക്കുന്ന ധാരാളം പെണ്ണുങ്ങളും.''

‘തൂവാനത്തുമ്പികളി’ല്‍ മോഹൻലാലും അശോകനും   ഡിജിറ്റൽ ക്രിയേഷൻ: കിരൺ ഗോവിന്ദ്‌ ‘തൂവാനത്തുമ്പികളി’ല്‍ മോഹൻലാലും അശോകനും ഡിജിറ്റൽ ക്രിയേഷൻ: കിരൺ ഗോവിന്ദ്‌

ഉണ്ണിമേനോൻ ഒറ്റശ്വാസത്തിലെന്നപോലെ നീട്ടി പറഞ്ഞു പോകുന്നതിനിടെ ഇടയിൽക്കയറി ഞാൻ ചോദിച്ചു: ''അവരിൽ ആരാണ് ക്ലാര?''

''അവരിൽ ആരുമാകാം. ചിലപ്പോൾ പത്മരാജന്റെ ഭാവനയുമാകാം.'' മണ്ണാറത്തൊടി ജയകൃഷ്ണനെ പോലെ ക്ലാരയും ഇങ്ങനെ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകാമെന്ന ആകാംക്ഷ അതോടെ അസ്തമിച്ചു.

ഞാൻ ജോൺസൺ മാഷിന്റെ പ്രസിദ്ധമായ ബീജിയെമ്മിൽ മഴയത്തു നിൽക്കുന്ന സുമലതയുടെ ക്ലാരയെ മനസ്സിൽക്കണ്ടു. അപ്രതീക്ഷിതമായി പെയ്ത മഴയത്ത് കമ്പിസന്ദേശവുമായി പോസ്റ്റുമാൻ കയറിവരുന്ന ആ സീനിലായിരുന്നു അത്്്.

മഴയുടെ സാന്നിധ്യത്തിലും അസാനിധ്യത്തിലുമായി മഴയായി തന്നെ വന്നു നിറയുന്ന കഥാപാത്രമാണ് സിനിമയിൽ ക്ലാര. സാധാരണ കാമുകി സങ്കൽപ്പത്തിനപ്പുറത്ത്് പ്രണയത്തിനൊപ്പം ബുദ്ധിയും വിവേകവും വ്യക്തിത്വവുമുള്ളൊരു കഥാപാത്രമായാണ് ക്ലാരയെ പത്മരാജൻ പ്രതിഷ്ഠിച്ചിരിക്കുന്നത്്്. എന്നാൽ ആ കഥാപാത്രത്തിന്റെ വ്യഭിചാര പശ്ചാത്തലമാണ് സിനിമയെ പിടിച്ചുകുലുക്കിയത്. സിനിമ ഇറങ്ങിയകാലത്ത്്് കുടുംബപ്രേക്ഷകർ സിനിമയെ കയ്യൊഴിഞ്ഞതും അതിനാലാണെന്നാണ് കരുതുന്നത്്്. എന്നാൽ അക്കാലത്തും പിൽക്കാലത്തും പുരുഷ•ാർക്ക്്് രണ്ട് പെഗ്ഗടിച്ചാൽ പുളിച്ചുതികട്ടിവരുന്ന കാൽപ്പനികതയായിരുന്നു മഴ, ക്ലാര എന്നീ പദങ്ങൾ.


''പത്മരാജൻ രാധാലക്ഷ്മിയെ പ്രണയിക്കുന്ന കാലമാണ്്്. രാധാലക്ഷ്മിയുടെ എല്ലാ അംശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സ്ത്രീകഥാപാത്രം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ഞാനും ഉഷയെ പ്രേമിക്കുന്ന കാലമാണ്. ഞങ്ങൾ രണ്ടുപേരുടെയും പ്രേമങ്ങൾ കൊടുമ്പിരിക്കൊള്ളുന്ന കാലം. ഞങ്ങൾ രണ്ടുപോർക്കും മറ്റൊരു സ്ത്രീയെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഇപ്പോഴത്തെ കുടുംബ ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടാണ്ടാവുമോയെന്ന് കരുതി പറയുന്നതാണോ എന്ന്്് നിങ്ങൾ ചോദിച്ചില്ലേ, അല്ല. ഞാൻ നുണപറയാറില്ല. ഞങ്ങളുടെ ഇടയിൽ ക്ലാര ഉണ്ടായിരുന്നില്ല.''

പടിഞ്ഞാറെക്കോട്ടയിലെ വീട്ടിൽ നിന്നിറങ്ങി ഉണ്ണിമേനോനോടൊപ്പം ഞങ്ങൾ വടക്കുംനാഥ ക്ഷേത്രത്തിനടുത്തേക്ക് നടക്കുമ്പോൾ മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു. മഴയുടെ തിരശ്ശീല നീക്കി മൈതാനത്തിലെവിടെയെങ്കിലും ക്ലാര പ്രത്യക്ഷപ്പെട്ടേക്കാമെന്ന്്് തോന്നുന്ന അന്തരീക്ഷം. സ്വപ്നത്തിലെന്ന പോലെയായിരുന്നു ഞങ്ങളുടെ ക്യാമറയ്ക്കുവേണ്ടിയുള്ള ഉണ്ണിമേനോന്റെ ചലനങ്ങൾ. വാതരോഗിയായ പിതാവിന് ആട്ടിൻ തല കൊണ്ടുപോകാനായെന്നപോലെ അയാളുടെ കൈയ്യിൽ ഒരു കാലി സഞ്ചിയുണ്ടായിരുന്നു.


എൺപതുകൾ മലയാള സിനിമയുടെ ഒരു സുവർണ്ണകാലമാണ്. 1987 മോഹൻലാലിന്റെ കരിയറിലെയും ഒരു സുവർണ്ണവർഷമായിരുന്നു. ജനുവരി ഒരു ഓർമ്മ, അമൃതംഗമയ, വഴിയോരക്കാഴ്ചകൾ, ഉണ്ണികളേ ഒരു കഥപറയാം, ഭൂമിയിലെ രാജാക്ക•ാർ, ചെപ്പ്, ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, സർവ്വകലാശാല, അടിമകൾ ഉടമകൾ, ഇവിടെ എല്ലവർക്കും സുഖം, തൂവാനത്തുമ്പികൾ എന്നിങ്ങനെ മോഹൻലാൽ നായകനായ ഒരു ഡസനോളം സിനിമകൾ പുറത്തിറങ്ങിയ വർഷം. ആ നിരയിൽ സമ്പത്തികമായി പരാജയപ്പെട്ട സിനിമയായിട്ടാണ് തൂവാനത്തുമ്പികൾക്ക് സ്ഥാനമെങ്കിലും വിജയിച്ച മറ്റുസിനിമകളേക്കാൾ കാലത്തെ അതിജയിച്ചു നിന്നത് തൂവാനത്തുമ്പികളാണ്. കാലത്തിനു മുമ്പേ പറന്നുപോയ ആ തുമ്പികൾ മലയാള സിനിമയുടെ കൾട്ട്് ക്ലാസിക്കുകളിലൊന്നായി സ്ഥാനപ്പെട്ടു. ടിവി‐ഡിവിഡി‐വിസിആർ യുഗമാണ്്് അത്്് പൊലിപ്പിച്ചെടുത്തത്്. ഇപ്പോൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ വീണ്ടും ഈ സിനിമയും റീലുകളും നിറഞ്ഞോടുന്നതുകൊണ്ട് മണ്ണാറത്തൊടി ജയകൃഷ്ണന്്് ഒരു ആമുഖവും വേണ്ട.

പത്മരാജന്റെ ഉദകപ്പോളയുടെയും തൂവാനത്തുമ്പികളുടെയും നാലുപതിറ്റാണ്ടിനു ശേഷം വേറൊരു തലമുറ ആ കഥാപാത്രത്തിന്റെ മക്കളുടെ പ്രായത്തിൽ ഇവിടെ മുതിർന്നുവന്നിട്ടും തലമുറ ഭേദമന്യേ മലയാളി ആണിന്റെ രഹസ്യ ജീവിതഭംഗികളെന്ന നിലയിൽ ആഘോഷിക്കപ്പെടാൻ മണ്ണാറത്തൊടി ജയകൃഷ്ണനെപ്പോലെ അധികം കഥാപാത്രങ്ങളില്ല. അറുപതുകളിൽ തൃശൂർ നഗരത്തിൽ ഒരു ഫ്യൂഡൽ യുവാവ് ആഘോഷിച്ച സൗഹൃദങ്ങളുടെ വലിയ സംഘകാലമാണ് ആ ജീവിതമെന്നറിയുമ്പോൾ അൽപ്പം കൗതുകവും അമ്പരപ്പും ആർക്കുമുണ്ടാവും. രൂപത്തിലും ഭാവത്തിലും ജീവിതത്തിന്റെ വൈശദ്യത്തിലും അയാളുടെ തന്നെ ഭൂതകാലത്തോട് ഒട്ടും സാമ്യമോ സാദൃശ്യമോ പറയാനാവാത്ത വേറൊരുതരം ശാന്തമായ മനസ്സോടെയാണ് കഥാനായകൻ ഇപ്പോൾ ഇവിടെ ജീവിക്കുന്നതെന്നറിയുമ്പോൾ കൗതുകം ഇരട്ടിക്കുകയും ചെയ്യും.

 ഉണ്ണിമേനോനും ഭാര്യ ഉഷയും പത്മരാജനും ഭാര്യ രാധാലക്ഷ്മിയും ഉണ്ണിമേനോനും ഭാര്യ ഉഷയും പത്മരാജനും ഭാര്യ രാധാലക്ഷ്മിയും

ഉണ്ണിമേനോന്റെ പഴയ ആൽബങ്ങൾ മറിച്ചു നോക്കിയാലും നമ്മളൊന്ന് അതിശയിച്ചുപോകും. ഫോട്ടോകളിൽ മീശപിരിച്ചും പിരിക്കാതെയുമൊക്കെ കാണുന്ന ആ ബലിഷ്ടകായൻ തന്നെയാണോ എനിക്കു മുന്നിലിരിക്കുന്ന വന്ദ്യവയോധികനായ ഈ കൃശഗാത്രനെന്ന്്് സംശയിച്ചുപോകും. ഞങ്ങളുടെ മുഖഭാവം മനസ്സിലാക്കിയതുപോലെ പൊടുന്നനെ പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:

''ആ മനുഷ്യൻ ഞാൻ തന്നെ!''

''എന്റെ എല്ലാ കഥകളും പത്മരാജന് നന്നായി അറിയാം. എന്റെ ചില കാരക്ടറുകളൊക്കെ സൂക്ഷ്്മമായി നിരീക്ഷിച്ചിട്ടുണ്ടെന്നു വേണമല്ലോ കരുതാൻ. സത്യത്തിൽ ഈ സിനിമ കാണുമ്പോഴാണ് എനിക്ക് ഇങ്ങനെയും ചില സ്വഭാവങ്ങളുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിരുന്നത്. പത്മരാജന് അത് നല്ല രീതിയിൽ തന്നെ പ്രതിഫലിപ്പിക്കാനായി. മോഹൻലാൽ അസാധ്യമായി അഭിനയിക്കുകയും ചെയ്തു. നഗരത്തിൽ വന്ന് എല്ലാ ബഹളവും ഒരുക്കിവെച്ച ശേഷം കുറച്ചു കഴിയുമ്പോൾ ഞാൻ പതുക്കെ എസ്ക്കേപ്പായി എന്റെ വീട്ടിലേക്ക് പോവും. അവിടെ ഞാൻ വേറൊരാളാണ്. കുളിച്ച് ഭസ്മക്കുറിയൊക്കെ ഇട്ട്്് അമ്പലവും വീടുമൊക്കെയായി വേറൊരു ജീവിതം. അങ്ങനെയൊരു ഡ്യൂവൽ പേർസണാലിറ്റി. ഇവിടെ വരുമ്പോൾ വീണ്ടും ഞാൻ വേറൊരാളാണ്. കുറേയൊക്കെ എന്റെ കാര്യത്തിൽ കാട്ടിക്കൂട്ടലുകളായിരുന്നു. ത്രിബിൾ ഫൈവ് സിഗററ്റ് വലിക്കുന്നതൊക്കെ ഷോവിനു വേണ്ടിയാണ്. ശരിക്കും സിഗരറ്റ് വലിക്കലൊന്നുമില്ല. കോളേജിൽ പോവുമ്പോൾ കഴുത്തിൽ ടവ്വൽ കെട്ടും. ഇടക്കൊക്കെ ഒന്ന്് മുറുക്കും. കുടിച്ചിട്ടുണ്ടെന്ന് മറ്റുള്ളവരെ കാണിക്കാൻ ചാരായം ചുണ്ടിൽ തേക്കും. അങ്ങനെയൊക്കെയുള്ള പ്രകടനങ്ങളായിരുന്നു, എന്റെ കാര്യത്തിൽ. കഥാപാത്രത്തെ എന്നാൽ അതിന്റെ വേറൊരു പൂർണ്ണതയിലും വിതാനത്തിലുമാണ് പത്മരാജനിലെ പ്രതിഭ പ്രതിഷ്ഠിച്ചിരിക്കുന്നത്.'' ഉണ്ണിമേനോൻ തുടർന്നു.


നാട്, നഗരം എന്ന രണ്ടവസ്ഥകൾക്കിടയിലും രാധ, ക്ലാര എന്ന രണ്ട് പ്രണയിനികൾക്കുമിടയിലുള്ള സംഘർഷം. നഗരത്തിലെ സൗഹൃദോത്സവങ്ങൾക്കപ്പുറത്ത് നാട്ടുമ്പുറത്ത് അയാളൊരു കുടുംബസ്ഥനാണ്. നഗരത്തിൽ പണത്തിനാണെങ്കിൽ പണം, സൗഹൃദത്തിനാണെങ്കിൽ സൗഹൃദം, സഹൃദയത്വത്തിനാണെങ്കിൽ സഹൃദയത്വം എന്ന മട്ടിൽ ജീവിക്കുന്ന ഉണ്ണിമേനോനിലേക്ക് അന്നത്തെ തൃശൂർ ആകാശവാണിക്കാരനായ പത്മരാജൻ വന്ന് കൂടണഞ്ഞില്ലെങ്കിലാകും അദ്ഭുതം. തീർച്ചയായും, 'നമുക്ക് ഓരോ നാരങ്ങാ വെള്ളം കാച്ചിയാലോ' എന്ന സ്നേഹക്ഷണത്തിലൂടെ തന്നെയായിരിക്കും നഗരത്തിലേക്ക് വാതരോഗിയായ പിതാവിന് ആട്ടിൻതല വാങ്ങാനെത്തുന്ന ഈ മനുഷ്യനിലേക്ക് എല്ലാവരും ഒരു തേൻകൂട് പോലെ ചെന്നെത്തിയിട്ടുണ്ടാവുക.

ഉണ്ണിമേനോനോടൊപ്പം നഗരത്തിലൂടെ നടക്കുമ്പോൾ നാരങ്ങാവെള്ളത്തിൽ ഐസിടാത്തതിന് കടക്കാരനോട് ചൂടാകുന്ന ജയകൃഷ്ണനെ ഓർത്തു. എന്നിട്ട്്്് നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്ന് ജയകൃഷ്ണന്റെ ഈണത്തിൽ പറഞ്ഞപ്പോൾ ഉണ്ണിമേനോൻ ചിരിച്ചു.


''ഐസ് വേണ്ട. ഇപ്പോൾ തൊണ്ടയ്ക്കു വയ്യ. മുമ്പ് ഐസിട്ടതേ കുടിക്കൂ. ഐസിട്ട നാരങ്ങാ വെള്ളമൊക്കെ അന്നത്തെ ഒരു ആർഭാടമായിരുന്നു.''

വെറുമൊരു കാഴ്ചയെന്നതിനപ്പുറത്ത്് വേറൊരു അനുഭവമായ ചിത്രമാണ് തൂവാനത്തുമ്പികൾ. തൊണ്ണൂറുകളിലൂടെ കൗമാരവും യൗവ്വനവും കടന്നുവന്നവർക്ക് അത്്് മനപ്പാഠമാണ്. നഗരത്തിലെത്തിയ കൂട്ടുകാരാനായ ഋഷി(അശോകൻ)യുമായി ജയകൃഷ്ണൻ ബാറിലെത്തുന്ന ആ രസകരമായ രംഗം മറക്കാനാവില്ല. ബാറിലെത്തി രണ്ടു നാരങ്ങവെള്ളം കാച്ചുന്നതിനിടെ സപ്ലയറോട്് ജയകൃഷ്ണൻ ചോദിക്കുന്നു.

''അല്ലാ ഡേവിഡേട്ടാ, കിംഗ്ഫിഷറിണ്ടാ ചിൽഡ്''

ഡേവിഡേട്ടൻ ‐ ''ഉണ്ടല്ലോ''

ജയകൃഷ്ണൻ‐ ''രണ്ട് ബീയറ്''

ഡേവിഡേട്ടൻ ചിരിയടക്കൻ പാടുപെട്ട്‐ ''ഞാനിത് എന്താ അങ്കമെന്ന് നോക്കി നിൽക്കുകയായിരുന്നു!''

പിന്നെ ബാർ മുഴുവൻ കുലുങ്ങുന്ന നീണ്ട പൊട്ടിച്ചിരിയായിരുന്നു. അതോർമ്മിപ്പിച്ചപ്പോൾ അക്കാലത്തെ തന്റെ തൃശൂർ സൗഹൃദങ്ങളിൽ പലരെയും ആ രംഗത്തു കാണാമെന്ന്്് ഉണ്ണിമേനോൻ പറഞ്ഞു.

‘തൂവാനത്തുമ്പികളി’ലെ അവസാനരംഗത്തില്‍ സുമലത  ഡിജിറ്റൽ ക്രിയേഷൻ: കിരൺ ഗോവിന്ദ്‌ ‘തൂവാനത്തുമ്പികളി’ലെ അവസാനരംഗത്തില്‍ സുമലത ഡിജിറ്റൽ ക്രിയേഷൻ: കിരൺ ഗോവിന്ദ്‌

''വല്ലാത്തൊരുതരം ഉല്ലാസങ്ങളുടെയും പൊട്ടിച്ചിരികളുടെയും കാലമായിരുന്നു അതൊക്കെ. തൃശൂരിൽ കലാകാര•ാരും എഴുത്തുകാരുമൊക്കെ വന്നിറങ്ങിയാൽ അവർക്കുവേണ്ടി പാർട്ടി നടത്തൽ ഒരു പ്രധാന പരിപാടിയാണ്. പാർട്ടി കഴിഞ്ഞ്്് ജോർജ്ജ്്് ഹോട്ടലിൽ തന്നെ താമസിക്കും. ഞാൻ മാത്രം തിരിച്ച്്്് എന്റെ വീട്ടിലേക്ക് പോവും. ഇങ്ങോട്ടുവരുന്നവരെ മാത്രമല്ല സൽക്കരിച്ചിരുന്നത്. അങ്ങോട്ടുപോയും സൽക്കരിച്ചിരുന്നു. ഇടക്കിടെയുണ്ടാകും എറണാകുളം യാത്രകൾ.''

അന്ന് തൃശ്ശൂരിൽ ഉണ്ണിമേനോന്റെ സൗഹൃദം നുകരാനെത്തുന്നവരുടെ പട്ടികയെടുത്താൽ അത് അക്കാലത്തെ സാംസ്കാരിക കേരളത്തിന്റെ ഒരു ദീർഘ പരിച്ഛേദം തന്നെയാകും. ആ കാലത്തെ സാഹിത്യ രാഷ്ട്രീയ സിനിമാ മേഖലകളിലെ പല പ്രമുഖരും ഉണ്ണി മേനോന്റെ സൗഹൃദവലയത്തിലുണ്ടായിരുന്നു. സാഹിത്യകാര•ാരിൽ വൈക്കം മുഹമ്മദ് ബഷീർ, വി കെ എൻ, ഉറൂബ്, എം ടി വാസുദേവൻനായർ, സിനിമാക്കാരിൽ രാമു കാര്യാട്ട്, ശോഭനാ പരമേശ്വരൻനായർ, പ്രേംനസീർ, സത്യൻ, മധു, സുകുമാരൻ, രാഷ്ട്രീയക്കാരിൽ കെ കരുണാകരൻ, ഉമ്മൻ ചാണ്ടി, വി എം സുധീരൻ, കെ പി വിശ്വനാഥൻ എന്നിവരെല്ലാം ഉണ്ണിമേനോന്റെ സൗഹൃദസഭകളിലെ അതിഥികളായിരുന്നു. പ്രമുഖർ മാത്രമല്ല നഗരത്തിലെ സാധാരണക്കാരും ഓട്ടോക്കാരും ചുമട്ടുകാരും കൈവണ്ടിക്കാരും ഗുണ്ടകളും കൂട്ടിക്കൊടുപ്പുമാരുമെല്ലാം അദ്ദേഹത്തിന്റെ ചുമലിൽ കൈയ്യിട്ടുകൊണ്ട് സ്വരാജ് റൗണ്ടിലൂടെ നടന്നു. അരമനയെന്നോ അഴുക്കുചാലുകളെന്നോ ഭേദമില്ലാത്ത സൗഹൃദസാമ്രാജ്യമായിരുന്നു ഉണ്ണിമേനോന്റേത്.

ബുക്ക്‌

നഗരത്തെ പല രസങ്ങളിലും ലഹരികളിലും അനുഭവിച്ചു തീർന്നാൽ അടുത്ത നിമിഷം തന്നെ ഗ്രാമത്തിലെ പിശുക്കനും കണിശക്കാരനുമായ ഫ്യൂഡൽ പുരുഷനിലേക്ക്്് വേഷം മാറുന്ന ഉഭയവ്യക്തിത്വമാണ് ജയകൃഷ്ണന്റേതെന്ന്്് പറഞ്ഞല്ലോ. ഫ്യൂഡലെന്ന്്് പറഞ്ഞാൽ ഫ്യൂഡൽ തന്നെയാണയാൾ. മണ്ണാറത്തൊടിയിൽ കാലങ്ങളായി കുടിൽകെട്ടി താമസിക്കുന്ന പാവപ്പെട്ട രാമനുണ്ണി നായരെ(ജഗതി) ജയകൃഷ്ണൻ കുടിയിറക്കാൻ ശ്രമിക്കുന്നതൊക്കെ ജഗതിയുടെ പ്രകടനം കൊണ്ട്്്് നമ്മെ ചിരിപ്പിക്കുമെങ്കിലും ചിന്തിച്ചാൽ ആ രംഗം ക്രൂരമാണ്. അതിനു പിന്നിൽ തീർത്തും പിന്തിരിപ്പനായൊരു രാഷ്ട്രീയമാണ് പ്രവർത്തിക്കുന്നതും. അത്തരം സൂക്ഷ്്്മമായ ചോദ്യങ്ങൾ ചോദിച്ചാൽ സിനിമ വാഗ്ദാനം ചെയ്യുന്നുവെന്ന്്് പറയുന്ന മഹിമകളും മനോഹാരിതകളുമെല്ലാം പൊളിഞ്ഞുവീഴുകയും ചെയ്യും.

''ബഷീറും വികെഎന്നും തൃശൂരിൽ വന്നാൽ എന്റെ മുഴുവൻ പേരും വിളിക്കില്ല. ഉ. മേനോൻ എന്നേ വിളിക്കൂ. രാമു കാര്യാട്ടിന്റെ ചെമ്മീനിന്റെ കാലത്തായിരുന്നു ഏറ്റവും വലിയ സൗഹൃദപ്രവാഹമുണ്ടായിരുന്നത്്. ചെമ്മീനിന്റെ ഷൂട്ട് ആലപ്പുഴയിൽ മുടങ്ങിയപ്പോൾ കാര്യാട്ടിന്റെ നാടായ നാട്ടികയിലും അഴീക്കോടും വെച്ച്് ഷൂട്ട് നടത്താൻ മുൻകൈയ്യെടുത്തത് സുഹൃത്തുക്കളായിരുന്നു്്്. ഷൂട്ട് തീരുന്നതുവരെ ഞാൻ കൂടെയുണ്ടായിരുന്നു. അക്കാലത്ത്് തൃശൂർ നഗരത്തിൽ എന്നും സുഹൃത്തുക്കൾ വന്നും പോയുമിരിക്കും. ഞാനൊരു കോമൺ ഫാക്ടറായി എന്നുമുണ്ടാകും. ജോർജ്ജും ഉണ്ടാവുമെങ്കിലും ബിസിനസ്സിന്റെ തിരക്കുകളൊക്കെ വരുമ്പോൾ അവൻ മുങ്ങും. ഒരു കൂട്ടർ പോകുമ്പോൾ വേറൊരു കൂട്ടർ വരും. വരുന്നവരെ വരുന്നവരെ സന്തോഷിപ്പിച്ച് വിടുക, അതുന്നെയായിരുന്നു പരിപാടി. അവിടേക്കാണ് പത്മരാജനും കയറിവന്നത്. ആദ്യകാലങ്ങളിൽ നമ്മളെയൊക്കെ കാണുമ്പോൾ പത്മരാജന് എല്ലാമൊരു അദ്ഭുതമായിരുന്നു. പതുക്കെ അതെല്ലാം മാറി. അന്ന് പത്മരാജൻ സിഗരറ്റ് പോലും വലിക്കില്ലായിരുന്നു. ഞാനാണ് അതെല്ലാം ശീലിപ്പിച്ചത്. ആ കുറ്റബോധം ഇന്നും എന്റെയുള്ളിൽ അലട്ടിക്കൊണ്ടിരിക്കുന്നുണ്ട്.'' ഉണ്ണിമേനോൻ അൽപ്പനേരം മൗനിയായി.

ഉണ്ണിമേനോനും ഭാര്യ ഉഷയുംഉണ്ണിമേനോനും ഭാര്യ ഉഷയും

തൂവാനത്തുമ്പികൾ മലയാളി പുരുഷമനസ്സുകളിൽ ശാശ്വതപ്രതിഷ്ഠ നേടിയതിന്റെ കാരണങ്ങൾ എത്രവേണമെങ്കിലും പറയാം. അതിലൊന്ന് ഒട്ടും ഉപാധികളില്ലാത്തൊരു പ്രണയത്തെ അതുവരെ കണ്ടിട്ടില്ലാത്തതിലും കാല്പനികഭംഗികളിൽ പത്മരാജൻ ക്ളാരയിലൂടെ ആവിഷ്ക്കരിച്ചു എന്നതാണ്്്. തൃശൂരിലെ പ്രീമിയർ ലോഡ്ജിൽ ബാബു നമ്പൂതിരിയുടെ തങ്ങളുടെ മുഖഭാവമുള്ള ഏതെങ്കിലും ഒരു ബ്രോക്കർ എത്തിച്ച പെൺകുട്ടിയായിരിക്കണം പത്മരാജന് സുമലതയുടെ മുഖമുള്ള ക്ളാര. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അവൾക്ക് പേരോ രൂപമോ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ആവർത്തിച്ചുള്ള ഓരോ ചോദ്യത്തിനും ഉണ്ണിമേനോൻ. രാധ എന്നാൽ ഇപ്പോഴുമുണ്ട്്്്‐ അതാണ് ഉണ്ണിമേനോന്റെ ഭാര്യ ഉഷ.

''ആളുകളെ പരിചയപ്പെടുത്തുമ്പോൾ മൂലക്കുരുവിന്റെ അസുഖമൊക്കെ എങ്ങനെയുണ്ടെന്ന്്്് ഞാൻ തമാശയ്ക്ക്്് ചോദിക്കുമായിരുന്നു. ഇതുകേട്ട് പത്മരാജൻ പൊട്ടിച്ചിരിക്കും. ഇതാണ് ജയകൃഷ്ണൻ കോളജിൽ നിന്ന് രാധയെ വിളിച്ചിറക്കി വരുമ്പോൾ അപ്ലൈ ചെയ്യുന്നത്. ഒരു കലാസൃഷ്ടിയാവുമ്പോൾ വാസ്തവവും സങ്കൽപ്പവുമൊക്കെയുണ്ടാവും. വാസ്തവം അതേപടി പകർത്തിയാൽ കലയാവില്ലല്ലോ. കഥയുടെയും കഥാപാത്രത്തിന്റെയും ബിജം പത്മരാജന് എന്നിൽനിന്ന് കിട്ടിയെന്നു മാത്രം മനസ്സിലാക്കിയാൽ മതി. പത്മരാജൻ അത് പൊലിപ്പിച്ചെടുക്കുമ്പോൾ അത് പത്മരാജന്റെ കഥയാണ്. നിങ്ങൾ പറയുന്ന പുരുഷാധിപത്യത്തിന്റെ ലക്ഷണമൊത്ത ആ നായക സങ്കൽപ്പമൊക്കെ പത്മരാജന്റെ സൃഷ്ടിയാണ്. ക്ലാരയെപ്പോലെയുള്ള, ആ നിലയ്ക്ക് ശക്തമായൊരു സ്ത്രീ കഥപാത്രത്തെയും പത്മരാജൻ സൃഷ്ടിച്ചതാണ്. ക്ലാരയെപ്പോലെ ഒരുപാട് പെൺകുട്ടികളെ ഞങ്ങൾ കണ്ടിട്ടുണ്ട്. ബീഡിവലിച്ച് ഷർട്ടിന്റെ കോളറൊക്കെ ഉയർത്തിപ്പിടിക്കുന്ന കൂട്ടിക്കൊടുപ്പുകാരെയും കണ്ടിട്ടുണ്ട്. ഇത്തരക്കാരുടെ കൈകളിൽ നിന്ന് ഒരുപാട് പെൺകുട്ടികളെ രക്ഷിച്ചിട്ടുമുണ്ട്. ഇതൊക്കെ വെച്ചുള്ള പത്മരാജന്റെ ഭാവനയാണ് ക്ലാര. പത്മരാജന്റെ എഴുത്തിന്റെ ഏറ്റവും നല്ല പ്രായമാണത്്. നാൽപ്പത്തിയാറു വയസ്സിൽത്തന്നെ മരിച്ചുപോകുകയും ചെയ്്്തല്ലോ. മലയാളത്തിന്റെ മഹനഷ്ടം.''

ബുക്ക്‌

ഉണ്ണിമേനോൻ വടക്കുംനാഥന് മുന്നിലെ ഒരു ആൽത്തറയിലേക്ക്്്് കയറിയിരുന്നു. രാധയോട്്് ജയകൃഷ്ണൻ ക്ലാരയെക്കുറിച്ച്്് സംസാരിക്കുന്ന സിനിമയിലെ അതേ ആൽത്തറ. ക്യമറ ലോ ആംഗിളിൽ വെച്ചാൽ പടിഞ്ഞാറേഗോപുരത്തിന്റെ മനോഹാരിതയും സിനിമയിലേതു പോലെ തന്നെ പകർത്താം. നേരത്തേ പെയ്തുപോയ മഴയിൽ കുളിച്ച്്്് തോർത്താതെ നിൽക്കുന്ന ആൽമരം. മഴ തീർന്നിട്ടും മരം പെയ്യുകയാണെന്ന് പറയുമ്പോലെയുള്ള ഉണ്ണിമേനോന്റെ ഓർമ്മകൾക്കും ചേരുന്ന നല്ല ഇമേജറി. എന്നാൽ ഇത്തരം ചെറുമഴപ്പെയ്ത്തുകളല്ല, അനേക കാലവർഷങ്ങൾ തന്നെ അർമാദിച്ച് കടന്നു പോയ യൗവ്വനമാണത്. അങ്ങോട്ട്്്് എപ്പോൾ തിരിഞ്ഞു നോക്കിയാലും അയാൾക്ക്്് ഒട്ടും ഖേദമില്ല. അതെല്ലാം എത്രതവണ ഓർത്തു

പറഞ്ഞാലും മടുക്കുന്നില്ല.

''ഇതിൽ നിന്നൊക്കെ എനിക്ക് എന്ത് കിട്ടിയെന്ന് ചോദിക്കുന്നവരുണ്ട്. ഇവരൊക്കെ വന്നുകൂടുമ്പോഴുള്ള സൗഹൃദത്തിന്റെ സന്തോഷം എന്നാണ് എന്റെ മറുപടി. അതിന് വില പറയാൻ എനിക്കു പറ്റില്ല. വില കൊടുക്കാനും പറ്റില്ല. കോടികൾ വിലമതിക്കുന്നൊരു എൻജോയ്മെന്റായിരുന്നു അത്. വീട്ടുകാര്യമൊന്നും അന്നങ്ങനെ നോക്കേണ്ട കാര്യം എനിക്കുണ്ടായിരുന്നില്ല. കൂട്ടുകൂടി നടക്കുന്നതിെൻ ഭംഗികൾ. അടൂർഭാസിയുടെയും വികെഎന്നിന്റെയുമൊക്കെ ഒപ്പം ഇരിക്കാനായാതിന്റെ സന്തോഷം നിങ്ങൾക്കെങ്ങനെയാണ് എനിക്ക്്് പറഞ്ഞുതരാനാവുക? ശരിക്കുമുള്ള ഫ്രണ്ട്ഷിപ്പിന്റെ കാലമായിരുന്നു അത്. പത്മരാജനുമായി മരണംവരെ അത് തുടർന്നു. എന്റെ കൂടെയുള്ളവർക്ക്്്് ജോലിയും കാര്യവുമൊക്കെയുള്ളതുകൊണ്ട്്്് അവരതിൽ ശ്രദ്ധിച്ചു. എനിക്കതിന്റെ ആവശ്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ ഇതിൽ കൂടുതൽ ശ്രദ്ധിച്ചു. ഇത്തരം സൗഹൃദങ്ങളിൽ.''


ഇന്നത്തെ രാഷ്ട്രീയശരികളുടെ കാലത്ത് തീർത്തും വിടനും സ്ത്രീവിരുദ്ധനുമാണ് മണ്ണാറത്തൊടി ജയകൃഷ്ണൻ. തൂവാനത്തുമ്പികൾ ആഘോഷിച്ചതെല്ലാം മലയാളി പ്രേക്ഷക'പുരുഷാ'രവുമാണ്. മലയാളി പുരുഷൻ പല വ്യക്തിത്വങ്ങളിൽ ഇപ്പോഴും ഒരു മണ്ണാറത്തൊടി ജയകൃഷ്ണന്റെ മുഖം പൂഴ്ത്തിവയ്ക്കുന്നതിന്റെ തെളിവാണ്്് ആ ആഘോഷങ്ങളെല്ലാം. എന്നിരുന്നാലും സൃഷ്ടിപരമായി ആത്മാവുള്ളൊരു ആൺകഥാപാത്രമാണത്്. മണ്ണാറത്തൊടി ജയകൃഷ്ണന് കഥയുടെ വിശദാംശങ്ങളിൽ മാത്രമാണ് പുതിയേടത്ത് ഉണ്ണിമേനോൻ ഒരു ആസ്പദമായിട്ടുള്ളത്. പൂർണ്ണ അർത്ഥത്തിൽ നമുക്ക് എവിടെയും എപ്പോഴും നമ്മളിൽത്തന്നെയും നമുക്ക് ഒരു മണ്ണാറത്തൊടി ജയകൃഷ്ണനെ ദർശിക്കാം.

മറ്റൊരു ന്യൂജനറേഷൻ‐ജെൻസി‐ആൽഫാ‐ കാലം പിറന്നിട്ടും മണ്ണാറത്തൊടി ജയകൃഷ്ണന് പ്രായമാവുന്നില്ലെന്ന പ്രതീതിയുണ്ട്്്. എന്നാൽ ആ കഥാപാത്രത്തിന്റെ സ്മാരകശിലയായി നിൽക്കുന്ന ഈ മനുഷ്യന് ഇപ്പോൾ 85 കഴിഞ്ഞിരിക്കുന്നു. രണ്ട് മക്കളും മരിച്ചുപോയതാണ് ഉണ്ണിമേനോൻ‐ ഉഷ ദമ്പതികളുടെ ഏറ്റവും വലിയ ദുഖം. ഏറെക്കാലം ജീവിതം ആ സങ്കടത്തിൽ നിശബ്ദമായിപ്പോയി. അക്കാലത്ത്്് പൊതുബന്ധങ്ങളൊക്കെ കുറഞ്ഞു.

ഇപ്പോൾ 'പുതിയേടത്തുവീടി'ന്റെ ഗേറ്റ് തുറന്നുവരുന്നവർ കുറവാണ്. വരുന്നവരെല്ലാം തുറക്കുന്നത് മണ്ണാറത്തൊടിയുടെ ഗേറ്റാണ്. സംസാരിക്കുന്നത് ഉണ്ണിമേനോനോടല്ല, ജയകൃഷ്ണനോടാണ്. സ്വന്തം ജീവിതത്തെ അകത്തുനിർത്തി പുറത്ത്്് സിനിമയിലെ കഥാപാത്രമായി ജീവിക്കേണ്ടിവരുന്ന വിചിത്രമായ ചില മുഹുർത്തങ്ങൾ. ഇടയ്ക്കെല്ലാം അഭിനയിക്കുകയും വേണം. ക്യാമറയിൽ തൃശൂരിന്റെ ഒരു പശ്ചാത്തലം കിട്ടാൻ ഈ പ്രായത്തിലും വടക്കുംനാഥന് മുന്നിലൂടെ നടത്തിക്കും. അങ്ങനെ എത്രതവണ നടക്കുംനാഥനായെന്ന്്് നിശ്ചയമില്ല.

‘തൂവാനത്തുമ്പികളി’ല്‍ മോഹൻലാലും സുമലതയും‘തൂവാനത്തുമ്പികളി’ല്‍ മോഹൻലാലും സുമലതയും

ഒരു മറയുമില്ലാതെ തൃശൂർ നഗരത്തിൽ പെയ്തു നിറഞ്ഞ ആ വലിയൊരു ഉത്സവജീവിതത്തിന്റെ കൊടിയിറങ്ങിയിരിക്കുന്നു. ഇപ്പോൾ പൂരം കഴിഞ്ഞ മൈതാനിയെപ്പോലെ തന്നെ ശൂന്യമാണത്്്. പൊട്ടിയ ബലൂണുകളും വളപ്പൊട്ടുകളും ഉപേക്ഷിക്കപ്പെട്ട തോരണങ്ങളും മാത്രമാണ് ബാക്കി. എങ്കിലും വലിയ മേളങ്ങൾക്ക്്് ചുക്കാൻ പിടിച്ചതിന്റെ സംതൃപ്തി കതിനകൾ പൊട്ടുമ്പോഴുള്ള പ്രകാശം പോലെ അയാളുടെ മുഖത്ത്്് പരക്കുന്നുണ്ട്്്.

ജീവിതത്തിൽ ചെയ്തുകൂട്ടിയ ഒന്നിലേക്കും തിരിഞ്ഞുനോക്കുമ്പോൾ കുറ്റബോധമില്ലെന്നും ഉണ്ണിമേനോൻ പറയുന്നു.

''ഇപ്പോൾ ചിന്തിക്കുമ്പോൾ എനിക്ക് അൽപ്പം പോലും റിഗ്രറ്റില്ല. പശ്ചാത്താപമില്ല. കാരണമെന്തെന്നുവെച്ചാൽ ഞാൻ എന്നും വർത്തമാന കാലത്തിൽ വിശ്വസിക്കുന്നയാളാണ്. ഇന്ന് ഇപ്പോൾ ഈ നിമിഷം എന്തു സംഭവിക്കും എന്നേ ഞാൻ നോക്കുന്നുള്ളൂ. അടുത്ത നിമിഷം വരുമ്പോഴും അങ്ങനെ തന്നെ. അന്നന്നത്തെ കാര്യങ്ങൾ മാത്രം. വളരെ സിംബിളാണ്. സിംബ്്്ളി എൻജോയ്ഡ്. കർമണ്യേവാധികാരസ്തേ മാ ഫലേഷു കദാചന‐ അതാണ് ഞാൻ വിശ്വിക്കുന്ന സിദ്ധാന്തം. കർമ്മം ഇപ്പോഴാണ്. ഫലം ഭാവിയിലാണ്. ഫലം എന്തായാലും അത് ഈശ്വരപ്രസാദമായേ ഞാൻ കാണുന്നുള്ളൂ. ചിലപ്പോൾ നല്ലതാവാം ചിലപ്പോൾ മോശമാവാം. നമുക്ക് നല്ലത് മറ്റൊരാൾക്ക് ചീത്തയായിരിക്കും. തിരിച്ചും അങ്ങനെതന്നെ. വി നീഡ് നോട്ട് ബോദർ അറ്റ് ഓൾ!''


മണ്ണാറത്തൊടി ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന് പ്രായമായാലും ഇങ്ങനെയൊക്കെ തന്നെയായിരിക്കുമോ സംസാരിക്കുക. എന്തായാലും കഥ തീർന്നാലും കഥാനായകന്റെ ജീവിതത്തിൽ റീലുകൾ ബാക്കിയാണ്്്. ജയകൃഷ്ണൻ ഒറ്റപ്പാലം സ്റ്റേഷനിൽ നിന്ന് ക്ളാരയോടൊപ്പം യാത്ര പറഞ്ഞുവിട്ട രഹസ്യോത്സവങ്ങളുടെ റിലൂകളെല്ലാം പൂർവ്വാധികം തിളക്കത്തോടെ ഓടിക്കൊണ്ടിരിക്കുകയാണ്.

മണ്ണാറത്തൊടിയിലേക്ക്്് മഴ ചാറി വീഴുന്നുണ്ട്്്്. മുമ്പേ പറന്നുപോയ തുമ്പികളെല്ലാം വീണ്ടും ചിറകുവിരിച്ച്്് ഭൂമിയിലേക്ക്്്് താഴ്്്്ന്നു പറക്കുന്നുണ്ട്്്. ഒരു നിയോഗം പോലെ ഉണ്ണിമേനോൻ തോരാത്ത ആ ഓർമ്മകളിലേക്ക്്് കാൽനീട്ടിയിരിക്കുന്നുണ്ട്്്്.













deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home