അതിരുകളില്ലാത്ത മൈതാനം
ഖേദപൂർവം ഇറ്റലി...

എ എൻ രവീന്ദ്രദാസ്
Published on Jun 01, 2026, 11:46 AM | 10 min read
അതെ, ഭൂരേഖ തന്നെ തങ്ങൾക്ക് ഒരു ഫുട്ബോൾ ബൂട്ടിനെ പോലെ എന്ന് അഹങ്കരിച്ചിരുന്ന നാല് തവണത്തെ ചാമ്പ്യന്മാരായ അസൂറിപ്പടയില്ലാതെ ഇക്കുറിയും ലോകകപ്പ് മത്സരങ്ങൾ നമുക്ക് കാണേണ്ടിവരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി ജൂൺ 11 മുതൽ ജൂലൈ 19 വരെ പന്തുരുളുന്നത്. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ൽനിന്ന് 48 ആയി ഉയർന്ന ടൂർണമെന്റുമാണിത്. ലോകകപ്പ് എന്ന പരമപീഠത്തിന്റെ പടിവാതിലിനു മുന്നിൽ തുടർച്ചയായ മൂന്നാം വട്ടവും ചവിട്ടി പുറത്താക്കപ്പെട്ട ഇറ്റലിയുടെ ഭയാനകവും ദൈന്യവുമായ പതനത്തെ എങ്ങനെയാണ് വിവരിക്കാൻ കഴിയുക...
ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിൽ ബോസ്‌നിയ ഹെർസഗോവിനയോട് തോറ്റ ഇറ്റാലിയൻ താരങ്ങളുടെ നിരാശ
തുടരെ മൂന്ന് ഫിഫ ലോകകപ്പുകളിൽ യോഗ്യത നേടാനാകാതെ മറയുന്ന ആദ്യ മുൻചാമ്പ്യന്മാരാണ് ഇറ്റലി. യൂറോപ്യൻ മേഖലാ യോഗ്യതാ പ്ലേഓഫിൽ വടക്കൻ അയർലണ്ടിനെ 2-‐0ന് വീഴ്‌ത്തി പ്രതീക്ഷയുയർത്തിയ ഇറ്റലി ഫൈനൽ പോരാട്ടത്തിൽ, ചോരച്ചാലുകൾ നീന്തിയെത്തി ഭൂമുഖത്ത് എഴുന്നേറ്റുനിന്ന ബോസ്‌നിയ ഹെർസഗോവിനയ്‌ക്കു മുമ്പിൽ തീർത്തും നിറംകെട്ടുപോയി.
ബോസ്‌നിയയിലെ സ്വെനിക്കയിലാണ് ലോകകപ്പിന് 71 ദിവസം ബാക്കിനിൽക്കെ 2026 മാർച്ച് 31ന് ആരാധകരെയെല്ലാം കണ്ണീരിലാഴ്‌ത്തി യോഗ്യതാ ടിക്കറ്റില്ലാതെ ഇറ്റലി ഇടറിവീണത്. പ്ലേഓഫ് ഫൈനലിലെ ഷൂട്ടൗട്ട് നിർണയത്തിൽ ബോസ്‌നിയയോട് 4-‐1ന് തോറ്റാണ് ഇറ്റലി ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചകളിൽ ഒന്ന് സ്വന്തം പേരിലെഴുതിയത്. ഷൂട്ടൗട്ടിൽ ആദ്യ മൂന്ന് കിക്കുകളിൽ സാൻഡ്രോ ടൊണാലിയിലൂടെ ഒന്നുമാത്രമാണ് ഇറ്റലിക്ക് വലയിലാക്കാനായത്. ആദ്യ കിക്കിൽ പിയോ എസ്‌പോസിറ്റോയ്‌ക്കും മൂന്നാമത്തേതിൽ ബ്രിയാൻ ക്രിസ്റ്റൻന്റേയ്‌ക്കും പിഴച്ചു. ബോസ്‌നിയയുടെ നിർണായക നാലാം കിക്കിൽ ഇസ്മിർ ബജുറ്ററേവിച്ച് ലക്ഷ്യം കണ്ടതോടെ, 12 വർഷത്തിനുശേഷം അവർ വിശ്വകപ്പിലേക്ക് മാർച്ച് ചെയ്‌തു.
പതിനഞ്ചാം മിനിറ്റിൽ മോയ്സ് കീൻ നെറ്റിലെത്തിച്ച ഗോളിൽ ഇറ്റലിക്ക് ജയിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ ഇടവേളയ്‌ക്ക് നാലു മിനിറ്റ് ബാക്കിനിൽക്കെ, പ്രതിരോധക്കാരൻ അലെസാന്ദ്രോ ബസ്റ്റോണി ചുവപ്പിന്റെ വഴിയിൽ പുറത്തായത് വലിയ തിരിച്ചടിയായി. 10 പേരിലേക്ക് ചുരുങ്ങിയ ഇറ്റലിയുടെ ആക്രമണത്തെ അടക്കിനിർത്തിയ ബോസ്‌നിയ 79ാം മിനിറ്റിൽ പകരക്കാരൻ ഹാരിസ് തബകോവിച്ചിന്റെ ഗോളിൽ ഒപ്പമെത്തി (1-‐1). അധിക സമയത്തേക്ക് നീണ്ട കളിയും തുല്യതയിൽ നിന്നതോടെ വിധിനിർണയം ഷൂട്ടൗട്ടിലേക്കെത്തി. വെയിൽസിനെതിരെ പെനൽറ്റികളുടെ ബലാബലത്തിൽ ജയിച്ചതിന്റെ ആത്മവിശ്വാസം, അതേ അഗ്നിപരീക്ഷയിൽ ഇറ്റലിക്കെതിരെ ബോസ്‌നിയക്ക് ബലമേകി.
ഇറ്റലിയെ തോൽപ്പിച്ച് ലോകകപ്പിന് യോഗ്യത നേടിയ ബോസ്‌നിയ ഹെർസഗോവിന താരങ്ങളുടെ ആഹ്ലാദം
ഇറ്റലി അവസാനമായി ലോകകപ്പ് നേടിയ 2006ൽ ടീമിലുണ്ടായിരുന്ന ഗെന്നരോ ഗട്ടുസോ പരിശീലിപ്പിച്ച ടീമംഗങ്ങളെല്ലാം നിശ്ശബ്ദരായി മൈതാനത്ത് മുട്ടുകുത്തി. കരച്ചിലടക്കാൻ അവർ പാടുപെട്ടു. ‘‘സോറി, ഇറ്റലി ഇത് അർഹിക്കുന്നില്ല. കാരണങ്ങൾ പലതുണ്ടാകാം. പക്ഷേ ഞാനെന്റെ കളിക്കാരുടെ കഠിനാധ്വാനത്തെ മാനിക്കുന്നു’’‐ മത്സരത്തിനുശേഷം മാധ്യമസമ്മേളനത്തിൽ ഗട്ടുസോ പറഞ്ഞു.
സാക്ഷയും പൂട്ടും ഇളകിപ്പോയ ‘കാറ്റനാച്ചോ'
ലോകറാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനക്കാരായ ഇറ്റലിയെ വീഴ്‌ത്തിയ 71‐ാം പടിയിലുള്ള ബോസ്‌നിയ 2014ന് ശേഷമാണ് ലോകകപ്പിനെത്തുന്നത്. പന്തവകാശത്തിൽ മേൽക്കൈ ഉണ്ടായിട്ടും ഇറ്റലിയുടെ ഗെയിം മൈതാന മധ്യത്ത് മാത്രമായി ഒതുങ്ങി. സ്വന്തം ഗോൾമുഖത്തിന്റെ സാക്ഷയും പൂട്ടും ഉറപ്പിച്ചശേഷം എതിരാളിയുടെ അങ്കണത്തിലേക്ക് പ്രത്യാക്രമണം നടത്തുന്ന വിഖ്യാതമായ ‘കാറ്റനാച്ചോ' ശൈലിയുമായി കളം നിറഞ്ഞാണ് ഇറ്റലി ലോക ഫുട്ബോളിൽ വിജയകരമായ പ്രയാണം നടത്തിയത്. അതായത് 2006ൽ നാലാം വിജയം വരെയും.
അതേസമയം ലോക ഫുട്ബോൾ പുതിയ സരണികളുടെയും കണ്ടുപിടുത്തങ്ങളുടെയും വിപ്ലവാത്മകമായ പാതയിലേക്ക് മുന്നേറിയപ്പോഴും ചില യന്ത്രഭാഗങ്ങൾ പ്രവർത്തനക്ഷമമല്ലാത്ത ശകടം പോലെയായ ഇറ്റലി കാറ്റനാച്ചോയിൽ കറങ്ങിനിന്നു. ടോട്ടൽ ഫുട്ബോളും ഡെന്മാർക്കിന്റെ അന്യൂനമായ കോൺട്രാസിസ്റ്റവും സ്‌പെയിനിന്റെ പടനിലമായി മാറിയ ടിക്കി ടാക്കയും കടന്ന് ഏത് സമയത്തും കനത്ത സമ്മർദമേറ്റുന്ന ‘ഹൈ പ്രസ്സിങ് ഗെയിമി'ലേക്കും അതിന്റെ വകഭേദങ്ങളിലേക്കും ഒക്കെ കളിക്ക്, സന്ദർഭം ആവശ്യപ്പെടുംപോലെ ശൈലീപരമായ രൂപപരിണാമങ്ങൾ സംഭവിക്കുമ്പോഴും ഇറ്റലി പഴയ കളി തന്നെ തുടർന്നു.
പ്രതിരോധത്തിന്റെ ചുഴിക്കുറ്റിയിൽ കാലുറപ്പിച്ചുകൊണ്ട് പ്രത്യാക്രമണത്തിന് കാത്തിരുന്ന പഴയ ശൈലിയിൽനിന്ന് പൂർണമായി മാറാൻ ഇറ്റലിക്ക് കഴിഞ്ഞില്ല. ഇതുമൂലം ഉന്നത സമ്മർദമേറ്റുന്ന ഗെയിം നടപ്പിലാക്കുന്ന ടീമുകൾക്കെതിരെ ഇറ്റലി തകരുന്നത് പതിവായി. ഇതിനിടെയാണ് റോബർട്ടോ മാൻചീനി എന്ന തന്ത്രജ്ഞനിലൂടെ ‘പൊസഷൻ' ഫുട്ബോൾ പ്രവർത്തിപഥത്തിലെത്തിച്ച് ഇറ്റലി 2020ൽ യൂറോ കപ്പ് നേടിയത്.
ഇറ്റലിയുടെ ഭൂപടം
ലോകകപ്പിൽ പേരെഴുതിച്ചേർത്ത് വന്നപ്പോഴും യൂറോപ്യൻ തട്ടകത്ത് 52 വർഷമെത്തിയ തപ്തമായ വരൾച്ചയെയാണ്, കോവിഡ് മൂലം ഒരു വർഷം വൈകി അരങ്ങേറിയ യൂറോ കപ്പിൽ 2021 ജൂലൈ 11ന് ന്യൂ വെംബ്ലിയിൽ ഇംഗ്ലണ്ടിനുമേൽ നേടിയ വിജയത്തിന്റെ ആനന്ദമഴയിലൂടെ ഇറ്റലി വസന്തമാക്കിയത്. ഇറ്റലിയുടെ ദേശീയ ടീമുകളുടെ പതിവ് ഭാവങ്ങൾക്ക് രൂപപരിണാമം സംഭവിച്ച ആ ടൂർണമെന്റിലൂടെ നവഭാവുകത്വത്തിന്റെ സ്‌ഫുരണം ദർശിച്ചവരുണ്ട്. പുതിയ കാലത്തേക്ക് വഴിത്തിരിവാകുന്ന ഇറ്റാലിയൻ ടീമിനെ കണ്ടവരുമുണ്ട്.
പൂത്തുലഞ്ഞ ആ യൂറോപ്യൻ സോക്കർ വസന്തത്തിൽ അന്തിമമായി ജയിച്ചത് മാൻചീനിയുടെ കുട്ടികളുടെ ആക്രമണാധിഷ്ഠിതവും സൗന്ദര്യാത്മകവുമായ കളി തന്നെയാണ്. ഇറ്റാലിയൻ ഫുട്ബോളിലെ അമ്പരപ്പിക്കുന്ന ഒരു തലമുറയിലെ ശ്രദ്ധേയമായ കണ്ണികളായ ഫ്രെഡറിക്കോ കിയേസയും ബാറിനു കീഴിലെ അനുഭവത്തെളിമയുടെ യുവത്വമായ ഡൊണ്ണരൂമ്മയും സ്‌പിന സോളയും ഇൻസിന്യെയും ബൊനുച്ചിയും ലോക്കെറ്റെല്ലിയുമെല്ലാം അണിനിരന്ന ടീമാണ് ജോർജിയോ കില്ലേനിയുടെ നേതൃത്വത്തിൽ കപ്പുയർത്തിയത്. 4-‐3‐-3 എന്ന ആക്രമണത്തിന്റെ തീക്ഷ്‌ണമായ ശൈലിയാണ് ഇറ്റലി മുറുകെ പിടിച്ചത്. എന്നാൽ മാൻചീനിയുടെ തന്ത്രങ്ങൾ ദീർഘകാലത്തേക്ക് ഗുണം ചെയ്യുന്നതായില്ല. പന്ത് അധീനതയിൽ വെച്ചു കളിക്കുന്ന ടിക്കി ടാക്കയ്‌ക്കുപോലും മൂർച്ച കുറഞ്ഞതിനുശേഷമായിരുന്നു മാൻചീനിയുടെ പൊസഷൻ പ്രയോഗശാസ്‌ത്രം.
യൂറോ കപ്പിൽ കൈവരിച്ച അവിസ്മരണീയമായ നേട്ടത്തോടെ ഇടക്കാലത്ത് മങ്ങിപ്പോയ ലോകപ്രഭാവമാണ് ഇറ്റലി വീണ്ടെടുത്തതെങ്കിലും അതിന് സ്ഥായിത്തമുണ്ടാക്കാനായില്ലെന്നതാണ് ലോകകപ്പ് യോഗ്യതയിൽ ദുരന്തത്തിലേക്ക് തള്ളിവിട്ടത്. ഇതിനെല്ലാമുപരി ഒരു മികച്ച ഗോളടിക്കാരന്റെ അഭാവവും ഇറ്റലിക്കുണ്ടായി. ക്രിസ്റ്റ്യാൻ വിയേറ, ഫിലിപ്പോ ഇൻസാഗി, പൗളോ റോസി, ഷീലാച്ചി, റോബർട്ടോ ബാജിയോ തുടങ്ങിയവർക്കുശേഷം പ്രഭാവശാലിയായ ഒരു ഗോൾ സ്‌കോററെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് സീരി എ എന്ന ഇറ്റാലിയൻ ലീഗിലെ 60 ശതമാന ത്തോളം വരുന്ന വിദേശ കളിക്കാരുടെ ആധിപത്യമാണ്. സമീപകാലത്ത് അവരുടെ ഫുട്ബോൾ അക്കാദമികളും മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ പിറകിലാണ്. ഇറ്റലിയിലെ യുവതാരങ്ങൾക്ക് അവസരം കുറഞ്ഞതോടെ അവരുടെ ദേശീയ ഫുട്ബോൾ നിധിയിലേക്കുള്ള നിക്ഷേപവും കുറഞ്ഞുവരുന്നു.
1938ൽ ലോകചാമ്പ്യൻമാരായ ഇറ്റാലിയൻ ടീം
ലോകമെങ്ങും ആരാധകരുള്ള കളിസംഘങ്ങളെയാണ് ഇറ്റലി അവതരിപ്പിച്ചിട്ടുള്ളത്. ഗണിതശാസ്‌ത്ര നിബദ്ധമായ യൂറോപ്യൻ സോക്കറിന്റെ ജ്യാമിതീയ രീതിയെ ചില ഇടവേളകളിലെങ്കിലും കവിതയിലേക്ക് കൈപിടിച്ചു നടത്തിച്ച ഇറ്റലിയെ ലോകോത്തര ശക്തികളെല്ലാം ഭയപ്പെട്ടിരുന്നു. പാവ്‌ലൊ മൽദീനിയുടെ തലപ്പൊക്കമുള്ള പ്രതിരോധത്തെയും ജിയാൻ ലൂജി ബഫൺ എന്ന കാവൽമാലാഖയെയും കടന്ന് ഗോളടിക്കാൻ എതിരാളികൾ പാടുപെട്ടിരുന്നു. എങ്ങുനിന്നോ വന്ന് വെടിയുതിർക്കുന്ന ഷീലാച്ചിയെയും ഏത് ദുർഗവും കീറിമുറിക്കുന്ന ബാജിയോയെയും ശാന്തനായി ഗോൾ വർഷിക്കുന്ന റോസിയെയും പേടിക്കാത്ത ഒരു പ്രതിരോധനിരയും ഉണ്ടായിരുന്നില്ല.
ആദരവുണ്ട്, പക്ഷേ ഭയമില്ല
ചരിത്രഗതി പിറകോട്ടാണെന്നു തോന്നുന്നു. ഗോൾഡൻ ചൈൽഡ് പറഞ്ഞതുപോലെ ശ്വാസമടക്കിപ്പിടിച്ചുകൊണ്ടുള്ള വേഗത്തിലാണ് വിപ്ലവങ്ങൾ മനുഷ്യ ചരിത്രത്തിലുണ്ടായിട്ടുള്ളത്. അതുതന്നെയാണ് ഇപ്പോൾ ഫുട്ബോളിന്റെ കാര്യത്തിലും സ്ഥിതി. വലിയ ടീമുകളോട് ആദരവുണ്ട്, പക്ഷേ ഭയമില്ല എന്ന പ്രഖ്യാപനം മനസ്സിലൊളിപ്പിച്ച ബോസ്‌നിയയുടെ വീരന്മാർ അത് കളത്തിൽ സാർഥകമാക്കിയ പോരാട്ടത്തിലാണ് ഇറ്റലിയുടെ ശിരസ്സുടഞ്ഞത്.
ഫീനിക്‌സ്, സങ്കൽപ്പത്തിൽ ജീവിക്കുന്ന പക്ഷിയാണെങ്കിലും സ്വർണച്ചിറകുള്ള പക്ഷിയായി ബോസ്‌നിയക്കാർ ഇറ്റലിക്ക് മുമ്പിൽ പറന്നുയർന്നതാണ് ലോകം കണ്ടത്. വാതുവയ്‌പ്പുകാരുടെയും പ്രവചനക്കാരുടെയും ക്രൂര ഫലിതങ്ങൾക്കപ്പുറത്താണ് ചരിത്രവും കാലഗതിയും എന്ന് തെളിയിച്ചിരിക്കുകയാണ് ഇതിനുമുമ്പ് ഒരുവട്ടം മാത്രം ലോകകപ്പ് കളിച്ച, വൻശക്തി പരിവേഷമൊന്നുമില്ലാത്ത ബോസ്‌നിയ ഹെർസഗോവിന.
1991ൽ സ്വതന്ത്ര രാജ്യമായതിനുശേഷം ബോസ്‌നിയ ആദ്യ അന്താരാഷ്‌ട്ര മത്സരത്തിനിറങ്ങിയത് 1996 നവംബറിൽ ഇറ്റലിക്കെതിരെയാണ്. ആ പോരാട്ടത്തിന്റെ വേദി ബോസ്‌നിയയുടെ തലസ്ഥാനമായ സരയേവോ ആയിരുന്നു. യുദ്ധത്തിൽ പിടിച്ചെടുക്കപ്പെട്ട നഗരമായ സരയേവോയിൽ ആദ്യമായി കളിക്കാനെത്തിയ ദേശീയ ടീമും ഇറ്റലിയാണ്. അന്ന് ഇറ്റലിക്കുമേൽ 2-‐1 ജയത്തോടെയാണ് ബോസ്‌നിയ ഹെർസഗോവിന അന്താരാഷ്‌ട്ര ഫുട്ബോളിലേക്ക് കടന്നുവന്നത്. ആ സൗഹൃദ മത്സരത്തിൽ ബോസ്‌നിയയോട് തോറ്റതിനെ തുടർന്ന് ഇറ്റലിയുടെ കോച്ച് അരിഗോസാച്ചിക്ക് സ്ഥാനമൊഴിയേണ്ടിയും വന്നിരുന്നു. നാൽപ്പതുകാരൻ എഡിൻ സെകോ എന്ന ഗോളടിക്കാരൻ നയിക്കുന്ന ബോസ്‌നിയ ലോക ഫുട്ബോളിൽ പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ്. 2014 ബ്രസീൽ ലോകകപ്പിൽ അരങ്ങേറിയപ്പോൾ അർജന്റീനയോട് 2-‐1നും നൈജീരിയയോട് ഒറ്റ ഗോളിനും തോറ്റ ബോസ്‌നിയ ഇറാനെ 3-‐1ന് ഞെട്ടിക്കുകയും ചെയ്‌തു.
1982ലെ ലോകകപ്പിൽ ബ്രസീലിനെതിരെ ഇറ്റാലിയൻ താരം പൗളോ റോസിയുടെ മുന്നേറ്റം
അഞ്ചുവട്ടം ലോക ചാമ്പ്യന്മാരായ ബ്രസീലിന് തൊട്ടുപിന്നിൽ നാല് തവണവീതം കപ്പ് ഉയർത്തിയവരിൽ ജർമനിക്കൊപ്പം ഇറ്റലിയുമുണ്ട്. ആറുവട്ടം ഫൈനൽ കളിച്ച അസൂറികൾ 1958ൽ യോഗ്യത നേടാതെ പുറത്തായതൊഴിച്ചാൽ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. 1934ൽ പങ്കെടുത്ത ആദ്യ ലോകകപ്പിൽ തന്നെ യൂൾറിമെ കപ്പ് സ്വന്തമാക്കിയ ഇറ്റലി, ആവർത്തനം പോലെ 1938ൽ പാരീസിൽ നടന്ന ടൂർണമെന്റിലും ജേതാക്കളായി. ദീർഘമായ കാത്തിരിപ്പിനു ശേഷം 1982ൽ മൂന്നാം കിരീടം ചൂടിയ അവർ 1970, 1994 വർഷങ്ങളിൽ ഫൈനലിലെത്തിയെങ്കിലും കപ്പ് തൊടാതെ മടങ്ങി. 2006ൽ നാലാം കിരീടം നേടി. തുടർന്നാണ് ഇറ്റലിയുടെ ശനിദശ തുടങ്ങുന്നത്.
2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ഒരു കളി പോലും ജയിക്കാതെയും ആദ്യ റൗണ്ട് കടക്കാതെയും കെട്ടുകെട്ടി. 2014 ബ്രസീൽ ലോകകപ്പിലും ആദ്യ റൗണ്ട് താണ്ടാതെ വീണ്ടുമൊരു മടക്കയാത്ര. 2018 റഷ്യൻ ലോകകപ്പിലേക്ക് സ്വീഡനും 2022 ഖത്തറിലേക്ക് നോർത്ത് മാസിഡോണിയയുമാണ് ഇറ്റലിക്കാരുടെ വഴിമുടക്കിയതെങ്കിൽ ഇത്തവണ ബോസ്‌നിയയും ആ നിയോഗം പൂർത്തിയാക്കി.
എന്താണ് അങ്ങനെ സംഭവിക്കുന്നത്? ഗെയിമിന്റെ പ്രാധാന്യം മനസ്സിലാക്കി കളിയുടെ നിലവാരമുയർത്താൻ കഴിവുള്ള പ്രതിഭാസമ്പന്നരുടെ കിടയറ്റ ദേശീയ ടീമുകളെയാണ് ഇറ്റലി അവതരിപ്പിച്ചിട്ടുള്ളത്. 1982ൽ ഒരു സുന്ദര സ്വപ്‌നംപോലെ വായുവിൽ പൊട്ടിവിരിഞ്ഞ റോസിയെയും ഷിലാച്ചിയെയും പോലെ ഒരത്ഭുതതാരം പിന്നീട് അവതരിച്ചിട്ടില്ല. സർഗധനനായ, ഭാവനാസമ്പന്നനായ ടോട്ടിയെയും ആരാധകർ ഓർത്തുപോകുന്നു. 1966ലെ ഇംഗ്ലണ്ട് ലോകകപ്പിൽ ഫാച്ചെറ്റിയുടെ ടീം ഫുട്ബോളിലെ അശുക്കളായ വടക്കൻ കൊറിയയോട് തോറ്റുചെന്നപ്പോൾ നാട്ടുകാർ മരക്കുരിശുകളുമായാണ് കാത്തിരുന്നത്. ചരിത്രത്തിന്റെ അനിവാര്യതകൾ മടികൂടാതെ സ്വീകരിച്ചേ പറ്റൂ. ഇറ്റലിയുടെ ആരാധകരും കാണികളും നിശ്ശബ്ദരായി പ്ലേ ഓഫ് ഫൈനലിൽ വിടപറഞ്ഞപ്പോൾ ഇക്കുറിയും നാട്ടിൽ അവരെ കാത്തിരുന്ന വിധി അതായിരിക്കാം. ഒന്നല്ല, രണ്ടല്ല. അമേരിക്ക ഉൾപ്പെട്ട 2026 ത്രിരാഷ്ട്ര ലോകകപ്പ് വേദികളിലും വമ്പൻമാരായ ഇറ്റാലിയൻ പട അസാന്നിധ്യംകൊണ്ട് ശ്രദ്ധേയരാകുന്നു.
ചരിത്രത്തിന്റെ
നാൾവഴികളിലെ
ഇറ്റാലിയൻ പ്രഭ
ഇറ്റലിയുടെ ഭൂപടം ശ്രദ്ധിച്ചിട്ടുണ്ടോ. ഫുട്ബോൾ തട്ടുന്നവർക്ക് വേണ്ടിയാണ് ആ രാജ്യത്തെ മെനഞ്ഞിരിക്കുന്നത് എന്ന് അതിൽ നോക്കിയാൽ മനസ്സിലാകും. ബൂട്ട്സ് അണിഞ്ഞ പാദത്തിന്റെ ആകൃതിയിലുള്ള ഇറ്റലി, സിസിലി ദ്വീപിനെ തങ്ങളുടെ പന്തായി സങ്കൽപ്പിച്ചിരിക്കുന്നു. ഇറ്റാലിയൻ ഫുട്ബോളിനെ അപഹസിച്ച് സംസാരിക്കുന്നവരുടെ നാവടക്കാൻ ആ ചരിത്രഭൂമിയുടെ മക്കൾ പലപ്പോഴും ഈ കഥ പറയാറുണ്ട്. യൂറോപ്യൻ വൻകരയിൽ കാൽപ്പന്തിന്റെ പറുദീസകളിലൊന്നായ ഇറ്റലി ഈ കളിക്ക് ഏറ്റവും ഗ്ലാമറും വർണപ്പൊലിമയും നൽകുന്ന ഭൂമികയാണ്. പ്രൊഫഷണലിസത്തെ പൂർണമായി വരിക്കാനും ജനപ്രിയ കായിക വിനോദമെന്ന നിലയിൽ ഫുട്ബോളിന് എന്തും നൽകാനും ആ ജനത ഒരുക്കമാണ്.
2006ലെ ലോകകപ്പ് ചാമ്പ്യൻമാരായ
ഇറ്റാലിയൻ ടീം ട്രോഫിയുമായി
കാൽപ്പന്തിന്റെ ആ വിളനിലത്തിനാണ് ഏതോ യക്ഷിക്കഥയിൽനിന്ന് അടർന്നുവീണ ഇരുണ്ട സ്മൃതി പോലെ ലോകകപ്പ് യോഗ്യത ഉടഞ്ഞുപോയത്. ഒന്നിനു പിറകെ ഒന്നായി മൂന്നാമത്തെ ലോകകപ്പിലും യോഗ്യത നേടാതെ ഇറ്റലിയുടെ പതനം എത്ര ഭീമവും അഗാധവുമാണെങ്കിലും ചരിത്രത്തിന്റെ നാൾവഴികളിൽ ഒന്നിനൊന്ന് മികച്ചുനിന്ന അരഡസൻ ദേശീയടീമുകളുടെ ശ്രേണിയിൽ ഒരു വ്യാഴവട്ടത്തിന് മുമ്പുവരെ ഇറ്റലിയുണ്ടായിരുന്നു.
രണ്ടാം ലോകമഹായുദ്ധം ആഗോള ഫുട്ബോൾ മേളയ്‌ക്ക് 12 വർഷത്തെ ഇടവേള സൃഷ്ടിക്കും മുമ്പ് സ്വേച്ഛാധിപതിയായ ബെനിറ്റോ മുസ്സോളിനിയുടെ ഇറ്റാലിയൻ ടീം രണ്ടുവട്ടം കിരീടം ഉയർത്തി. 1934ൽ സ്വന്തം മണ്ണിൽ തങ്ങൾ ലോകകപ്പ് നേടിയിരിക്കണമെന്ന മുസ്സോളിനിയുടെ കൽപ്പന, ഫാസിസ്റ്റ് അച്ചടക്കത്തിനു വിധേയമായിത്തന്നെ, കരുത്തുറ്റ ടീമിനെ ഒരുക്കിക്കൊണ്ട് കോച്ച് വിറ്റോറിയോ പോസ്സോ നിറവേറ്റിക്കൊ ടുത്തു. അവരെ പിഴവുകൾ വരുത്താൻ അനുവദിച്ചാൽ തന്റെ ആജ്ഞാശക്തി നഷ്ടപ്പെടും എന്ന പോസ്സോയുടെ നിലപാടിനനുസരിച്ചുതന്നെ വാർത്തെടുക്കപ്പെട്ട ടീമായിരുന്നു അത്. അസൂറിപ്പട (AZZURI) മുസ്സോളിനിയുടെ നീലക്കുപ്പായക്കാർ കൂടിയായിരുന്നു. ഫുട്ബോളിന്റെ ജനകീയത സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാൻ രാഷ്ട്രനേതാക്കൾ ഉപയോഗിക്കുന്ന വർത്തമാനകാല പ്രവണതയുടെ ആരംഭവും റോമിൽ തന്നെ.
ജൂൺ 10ന് റോമിലെ കലാശപ്പോരാട്ടത്തിൽ അലറിവിളിച്ച അരലക്ഷത്തിലേറെപ്പേരെ സാക്ഷിനിർത്തി മുസ്സോളിനിയുടെ കൺമുമ്പിൽ ഇറ്റലിയെ കൊച്ചുകൊച്ചു പാസുകളുടെ മാലകൾ കോർത്ത് ചെക്കോസ്ലോവാക്യ വട്ടം കറക്കി. അവസാന വിസിലിന് 20 മിനിറ്റ് ബാക്കി നിൽക്കെ പ്യൂക്കിന്റെ ഗോളിലൂടെ ചെക്ക് ലീഡ് നേടിയെങ്കിലും 12 മിനിറ്റിനുള്ളിൽ ഓർസിയിലൂടെ ഇറ്റലി തിരിച്ചടിച്ചു (1-‐1). ഇടതുകാൽകൊണ്ട് പെട്ടെന്ന് ആംഗ്യം കാട്ടി എതിരാളിയെ കബളിപ്പിച്ച് വലതുകാൽകൊണ്ട് ഓർസി നേടിയ, ലോകകപ്പിൽ തന്നെ ഏറ്റവും മനോഹരമായ ഗോളായിരുന്നു അത്. അടുത്തദിവസം ഫോട്ടോഗ്രാഫർമാർ ഈ ആക്ഷൻ ഒരിക്കൽക്കൂടി ക്യാമറയിൽ പകർത്താൻ വേണ്ടി ഓർസിയെ പന്തുമായി മൈതാനത്തിറക്കിയെങ്കിലും അദ്ദേഹത്തിന് തന്റെ തലേന്നാളത്തെ മാന്ത്രികചലനങ്ങൾ ആവർത്തിക്കുവാൻ കഴിഞ്ഞില്ല.
അധികസമയത്തേക്ക് നീണ്ട കളിയിൽ ഷിയാവിയോയുടെ അതിമനോഹരമായ ഗോൾ ഇറ്റലിയെ ആദ്യ ലോക കിരീടത്തിലേക്കെത്തിച്ചു. എന്നാൽ ചെക്കോസ്ലോവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ചാമ്പ്യന്മാരായത് ഇറ്റലിയാണെങ്കിലും ബഹുമതി മുഴുവൻ അർജന്റീനയ്‌ക്ക് നൽകണം. കാരണം സമനില ഗോൾ നേടിയ ഓർസി, മോൺടി, ഗുയിറ്റ എന്നീ അർജന്റീനയുടെ ഒന്നാംകിട താരങ്ങളായിരുന്നു ഇറ്റാലിയൻ ടീമിന്റെ കരുത്തും കാതലുമായത്. അൽപ്പം കള്ളക്കടത്ത് നടത്തി ഇവരെ ടീമിൽ എടുത്തില്ലായിരുന്നെങ്കിൽ പരിശീലകനായ വിറ്റോറിയോ പോസ്സോയ്‌ക്ക് തല കാണില്ലായിരുന്നു. മത്സരം തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പാണ് മുസ്സോളിനി, ഈ താരങ്ങൾക്ക് ഇറ്റാലിയൻ പൗരത്വവും ടീമിൽ ഇടവും നൽകിയത്. ഈ പ്രത്യേക ദേശീയ വൽക്കരണത്തിന് സഹായിച്ചതാകട്ടെ കളിക്കാരുടെ പൂർവപിതാക്കന്മാർ ഇറ്റലിക്കാരായിരുന്നെന്ന, നിയമത്തിലെ അവ്യക്തതകളുള്ള കാരണമാണ്.
യൂറോപ്പിന്മേൽ യുദ്ധത്തിന്റെ കരിനിഴൽ വീണപ്പോഴാണ് 1938ൽ ഫ്രാൻസിൽ ലോക ഫുട്ബോൾ മേളയ്‌ക്ക് പന്തുരുണ്ടത്. അവിടെ കിരീടമണിഞ്ഞതും ഇറ്റലി. പക്ഷേ അത് കള്ളക്കടത്തിലൂടെ ആയിരുന്നില്ല. രണ്ട് വർഷം മുമ്പ് ബെർലിൻ ഒളിമ്പിക്‌സിൽ സ്വർണം നേടിയ ഒന്നാം നിരക്കാരുടെ ടീമിനെ അണിനിരത്തിക്കൊണ്ടാണ് ഇറ്റലി ലോകകപ്പ് ചരിത്രത്തിൽ കിരീടം നിലനിർത്തുന്ന ആദ്യ രാഷ്ട്രമെന്ന നാഴികക്കല്ലിലെത്തിയത്.
ലോകതലത്തിൽ ഇറ്റലി തങ്ങളുടെ ആധിപത്യം ഉറപ്പിച്ചതും പിൽക്കാലത്ത് മഹത്തായ ടീമുകളെ സംഭാവന ചെയ്‌ത ബ്രസീൽ വരാൻപോകുന്ന സുവർണ നാളുകളെ വിളംബരം ചെയ്‌തതും ഫ്രാൻസ് ലോകകപ്പിൽ വച്ചായിരുന്നു. ഏഷ്യയിൽ നിന്നുള്ള ആദ്യ ടീമായ ഡച്ച് ഈസ്റ്റിൻഡീസ് (ഇപ്പോഴത്തെ സുരിനാം), ക്യൂബ എന്നീ ടീമുകൾ എത്തി. അതേസമയം അർജന്റീന പിന്മാറി. ഇംഗ്ലണ്ടിനെ പങ്കെടുപ്പിക്കാനുള്ള ഫിഫയുടെ ശ്രമം വീണ്ടും പരാജയപ്പെട്ടു. ആകെ 15 ടീമുകൾ. എന്നാൽ ഫ്രാൻസിന്റെ മണ്ണിൽ ഗോളുകളുടെ ചാകരയായിരുന്നു. ഇറ്റലിയുടെ കുന്തമുനയായ സിൽവിയോ പിയോള, ബ്രസീലിന്റെ ലിയോണിഡാസ് ഡാസിൽവ, ഹംഗറിയുടെ ജോർജ് സരോസി, സ്വിറ്റ്സർലൻഡിന്റെ ബിക്കൽ, ഫ്രാൻസിന്റെ നിക്കോളാസ് തുടങ്ങിയ ഗോൾ വേട്ടക്കാരുടെ ഉത്സവമായിരുന്നു ലോകകപ്പിന്റെ മൂന്നാം പതിപ്പ്.
2006ലെ ലോകകപ്പ് ഫൈനലിൽ ഇറ്റലിയുടെ മാർക്കോ മെറ്ററാസിയെ ഫ്രാൻസിന്റെ സിനദിൻ സിദാൻ തലകൊണ്ട് ഇടിച്ചുവീഴ്‌ത്തുന്നു
പാരിസിലെ കൊളംബസ് സ്റ്റേഡിയത്തിലെ ഫൈനലിൽ, ‘വിൻസെറെ ഒമോറിറോ' (ജയിക്കുക അല്ലെങ്കിൽ മരിക്കുക) എന്ന മുസ്സോളിനിയുടെ സന്ദേശം കാലുകളിലേക്കാവാഹിച്ച് മരണക്കളി കളിച്ച പെപ്പിനോ മീസ്സയുടെ നേതൃത്വത്തിലുള്ള ഇറ്റലി 4‐2ന് ഹംഗറിയെ ചുരുട്ടിക്കെട്ടി. ആറാം മിനിറ്റിൽ കൊളോസ്സിയുടെ ഗോളിലൂടെ മുന്നിലെത്തിയ ഇറ്റലിക്ക് അടുത്ത മിനിറ്റിൽ തന്നെ ടിറ്റ്‌ക്കോസിലൂടെ ഹംഗറി മറുപടി നൽകി. പക്ഷേ മീസ്സ, സിൽവിയോ പിയോള, ഫെറാറി ത്രിമൂർത്തികളുടെ മുന്നേറ്റം തടയുവാൻ മാത്രം ഹംഗറി ശക്തമായിരുന്നില്ല. ഗോൾദാഹിയായ പിയോളയിലൂടെ വിറ്റോറിയോ പോസ്സോയുടെ അസൂറിപ്പട യൂൾറിമെ കപ്പിനുമേൽ വീണ്ടും മുദ്ര പതിപ്പിച്ചു. പോസ്സോ എന്ന പരിശീലകന്റെ ആധുനിക ശൈലിക്ക് ലഭിച്ച അംഗീകാരമായിരുന്നു ഇറ്റലിയുടെ ലോകകപ്പ് നേട്ടം. കാറ്റനാച്ചോ എന്ന പിൽക്കാല ഇറ്റാലിയൻ ശൈലിക്ക് വിജയകരമായി അടിത്തറ ഒരുക്കിയത് ഈ തന്ത്രജ്ഞനാണ്. തുടർച്ചയായി രണ്ടാമതും ലോകകപ്പ് നേടുന്ന ആദ്യ കോച്ചെന്ന ബഹുമതിയോടെ വിറ്റോറിയോ പോസ്സോ ചരിത്രത്തിലേക്ക് കയറിനിന്നു.
1982 ലോകകപ്പ് ഇറ്റാലിയൻ സ്ട്രൈക്കർ പൗളോ റോസിയുടേതായിരുന്നു. സ്‌പെയിനിൽ ഈ ലോകകപ്പ് ഫൈനൽ റൗണ്ടിന് ആദ്യമായി 24 ടീമുകളെത്തി. സീക്കോ, സോക്രട്ടീസ്, ഫൽക്കാവൊ തുടങ്ങിയ പ്രശസ്‌തരുൾപ്പെട്ട ടീമായിരുന്നിട്ടും ചരിത്രത്താളുകളിൽ കുറിച്ച പൗളോ റോസിയുടെ മൂന്ന് ഗോളുകൾക്കുമുമ്പിൽ ബ്രസീൽ രണ്ടാം റൗണ്ടിൽ അടിയറവു പറഞ്ഞു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജൂലൈ അഞ്ച് തിങ്കളാഴ്‌ച ഇറ്റലിയുടെ കൈകളിൽ വീണുടഞ്ഞ മൂന്നുതവണത്തെ ചാമ്പ്യന്മാരും യൂൾറിമെ കപ്പിന്റെ തീറവകാശികളുമായ ബ്രസീൽ ആ ആഘാതത്തിൽനിന്നുണരാൻ ഏറെ കാലമെടുത്തു. പൗളോ റോസിയുടെ ബൂട്ടിൽനിന്ന് മാത്രമാണ് മൂന്ന് ഗോളുകൾ ചരിത്രത്താളുകളിൽ നിരനിരയായി കാനറികളുടെ വലയിൽ വീണത്. പന്തയ വിവാദത്തിൽ കുടുങ്ങി 1980ല്‍ മൂന്നുവർഷത്തെ വിലക്കു കിട്ടിയ റോസി ഇളവുകിട്ടിയതുകൊണ്ടാണ് ഇറ്റലിക്ക് വേണ്ടി ലോകകപ്പിനിറങ്ങിയത്.
സ്‌പെയിൻ ലോകകപ്പ് ലാറ്റിനമേരിക്കൻ ഫുട്ബോളിന് ഒരു ഞെട്ടലായിരുന്നു. സെമിഫൈനലിനു മുമ്പ് ലാറ്റിനമേരിക്കയുടെ ചിറകുകൾ ഒരിക്കൽക്കൂടി ഒടിഞ്ഞുവീണു. അതുവരെ 11 ലോകകപ്പുകളിൽ രണ്ടുതവണ മാത്രമാണ് തെക്കേ അമേരിക്കൻ ശക്തികളെ യൂറോപ്പ് പൂർണമായും അരിഞ്ഞുവീഴ്‌ത്തിയത്. 1934ലെ രണ്ടാം ലോകകപ്പിലും 1962ൽ ചിലി വേദിയായ ഏഴാം പതിപ്പിലും.
ഫൈനലിൽ പശ്ചിമ ജർമനിയായിരുന്നു ഇറ്റലിയുടെ എതിരാളികൾ. റോസി, ടാർഡെല്ലി, അൾട്ടൊബെല്ലി എന്നിവരുടെ ഉജ്വല പ്രകടനത്തിലൂടെ 44 വർഷത്തിനുശേഷം ഇറ്റലി ലോക ഫുട്ബോളിന്റെ ദീപ്തമായ രംഗവേദിയിൽ തിരിച്ചെത്തി. ഇറ്റലി‐3, പശ്ചിമജർമനി‐2. പരിശീലകൻ എൻസോ ബിയർസോട്ടിനുപോലും തന്റെ ടീമിന്റെ സംഹാരതാണ്ഡവത്തിൽ അത്ഭുതമായിരുന്നു. എസ്‌പാന’82 എന്ന ഫുട്ബോൾ മാമാങ്കത്തിന് ഉന്മാദം വിതറിയ അന്ത്യം കുറിച്ചപ്പോൾ ഇറ്റലിക്കും റോസിക്കും മുമ്പിൽ ലോകം തലകുനിച്ചുനിന്നു.
2006ൽ ജർമനി വേദിയായ പതിനെട്ടാമത് ലോകകപ്പിലാണ് ഇറ്റലി അവസാനമായി വീരചരിതമെഴുതിയത്. പെലെയ്‌ക്കും മാറഡോണയ്‌ക്കും ശേഷം ലോകം കണ്ട മഹാമാന്ത്രികനായ സിനദിൻ സിദാൻ നേതൃത്വം നൽകിയ രണ്ടാം ഫ്രഞ്ച് വിപ്ലവത്തെ അതിജീവിച്ച് ഇറ്റലിയിലേക്ക് ഫിഫ കപ്പ് ആദ്യമായി എത്തിച്ച കോച്ച് മാഴ്സലോ ലിപ്പിയുടെയും ക്യാപ്റ്റൻ ഫാബിയോ കന്നവാരോയുടെയും സംഘത്തിന് ചരിത്രത്തിൽ ചിരപ്രതിഷ്ഠയായി. അതിജീവനത്തിന്റെ സർവ ആയുധശാലകളും തുറക്കപ്പെട്ട ഫൈനലിനു തീർപ്പാക്കിയ പെനൽറ്റികളുടെ നിർണയത്തിൽ ഫ്രാൻസിനെ 3‐5നാണ് ഇറ്റലി തട്ടിമാറ്റിയത്.
കളിയുടെ ഏഴാം മിനിറ്റിൽ മാർക്കോ മെറ്ററാസിയുടെ ഫൗളിൽനിന്നു കിട്ടിയ പെനൽറ്റി സിദാൻ പിഴവില്ലാതെ ഗോളാക്കി. എന്നാൽ 12 മിനിറ്റിനുള്ളിൽ തന്റെ പിഴവിന് പ്രായശ്ചിത്തം തീർത്ത് ഫാബിയൻ ബാർത്തേസിനെ കാഴ്‌ചക്കാരനാക്കി മെറ്ററാസി ഇറ്റലിക്ക് വേണ്ടി സമനില കണ്ടു. പിന്നീട് കണ്ട വാശിയേറിയ പോരാട്ടത്തിൽ, തന്റെ അഭിശപ്‌തമായ ഒരു നിമിഷത്തിൽ മെറ്ററാസിയെ ഊക്കോടെ തലകൊണ്ടിടിച്ച് സിനദിൻ സിദാൻ ചുവപ്പുകാർഡ് കണ്ട് പുറത്തേക്ക് പോയത് ഈ ലോകകപ്പിന്റെ ദുരന്തസ്മൃതിയായി. പെങ്ങളെ ചേർത്ത് തെറിവിളിച്ച ഇറ്റാലിയൻ താരത്തോട് പ്രതികരിച്ച് സിദാൻ പുറത്തുപോയതോടെ ഫ്രാൻസ് തോൽവി വരിച്ചിരുന്നു.
ഷൂട്ടൗട്ടിൽ പിർലോ, മെറ്റരാസി, ഡിറോസി,ഡെൽപീറോ, ഗ്രോസ്സോ എന്നിവർ ഇറ്റലിയുടെ കിക്കുകൾ വലയിലെത്തിച്ചു. ഫ്രാൻസിനുവേണ്ടി വിൽറ്റോർഡ്, ട്രെസ്യൂഗ്വേ, അബിദാൽ, സഗ്‌നോൾ എന്നിവരാണ് കിക്കെടുത്തത്. ട്രെസ്യൂഗ്വേയുടെ ഷോട്ട് പാഴായി. പിന്നീടുള്ള ഒരു ലോകകപ്പിലും ഇറ്റലി കാര്യമായി ഒന്നും ചെയ്‌തില്ല.
യു എസിന്റെ ആവശ്യം
അപമാനമെന്ന് ഇറ്റലി
ഇറ്റലിക്കും അവരുടെ സമ്പന്നമായ ഫുട്ബോൾ പെരുമയ്‌ക്കും നഷ്ടബോധത്തെക്കാൾ മാനസിക ആഘാതമാണ് ഏറ്റിരിക്കുന്നത്. തങ്ങളുടെ ഫുട്ബോളിന്റെ ഘടനാപരമായ ശൈഥില്യത്തെക്കുറിച്ച് ക്ഷോഭിക്കുകയാണ് വിമർശകരും ആരാധകരും. ഫുട്ബോൾ സാമ്രാജ്യത്തിന്റെ ആസന്നമരണമായാണ് ഈ പ്രതിഭാസത്തെ കാണുന്നത്. ഇത്തവണയും വീട്ടിലിരുന്ന് കളി കാണേണ്ടിവരുന്ന സാഹചര്യത്തിൽ ഇറ്റാലിയൻ സോക്കർ സംവിധാനം മുഴുവൻ പൊളിച്ചെഴുതാനുള്ള നടപടികളിലേക്കാണ് ദേശീയ ഫെഡറേഷൻ നീങ്ങുന്നത്.
അതേസമയം യുദ്ധത്തിലുള്ള ഇറാനുപകരം ഇറ്റലിയെ കളിപ്പിക്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഗ്രഹത്തിലുദിച്ച യു എസ് നീക്കത്തിനെതിരെ ഉറച്ച നിലപാടാണ് ഇറ്റാലിയൻ സർക്കാർ പ്രഖ്യാപിച്ചത്. ലോകകപ്പിലെ സ്ഥാനം നേടിയെടുക്കേണ്ടതാണെന്നും അതിന് ആരുടെയും ഔദാര്യം വേണ്ടെന്നും യു എസിന്റെ നിലപാട് തങ്ങളെ അപമാനിക്കുന്നതാണെന്നും കായിക മന്ത്രി ആൻഡ്രിയ അബേദി അടക്കമുള്ളവർ പ്രതികരിച്ചു. ഈ ആവശ്യം ഉന്നയിച്ച അമേരിക്ക ധാർമികമായി അങ്ങേയറ്റം അടിത്തട്ടിലാണെന്ന് ഇറ്റാലിയൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ലൂസിയാനോ ബിൻഫ്ലിഗിയോ പറഞ്ഞു. പരാമർശം വിവാദമായതിന്റെ പശ്ചാത്തലത്തിൽ ജാള്യത മറയ്‌ക്കാനായി, ഇറാൻ ഫുട്ബോൾ ടീമിന് ലോകകപ്പിൽ പങ്കെടുക്കാമെന്നും അവരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്‌താവന നടത്തുകയുണ്ടായി.
ഇറ്റാലിയൻ വംശജർ ഏറെയുള്ള അമേരിക്കയിൽ നടക്കുന്ന ലോകകപ്പിൽ തങ്ങളുടെ ടീം ഇല്ലെന്നത് ആരാധകർക്ക് വേദനിപ്പിക്കുന്ന തിരിച്ചറിവാണ്. ‘ഇറ്റലിയില്ലാതെ എന്ത് പന്തുകളി മഹാമഹം.’ പ്ലേ ഓഫ് ഫൈനലിൽ പുറത്തായ ഇറ്റാലിയൻ ഫുട്ബോളിന്റെ നഷ്ടത്തെക്കുറിച്ച് സിസിലിയിലെ ഒരു പത്രം ഇങ്ങനെ വിലപിച്ചു. ഇറ്റാലിയൻ സോക്കറും അമേരിക്കയും തമ്മിൽ അത്രത്തോളം അടുപ്പത്തിലാണ്. ഇറ്റാലിയൻ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള അഴിച്ചുപണികളുടെ ഭാഗമായി വിഖ്യാത പരിശീലകൻ പെപ് ഗാർഡിയോളയെ ദേശീയ ടീമിന്റെ കടിഞ്ഞാൺ ഏൽപ്പിക്കാനുള്ള നീക്കവും ഫുട്ബോൾ അധികൃതർ നടത്തുന്നുണ്ട്.
ദശാബ്ദത്തിലേറെയായി ചുട്ടുപൊള്ളുന്ന തീവെയിലിൽ നിൽക്കുന്ന ഇറ്റാലിയൻ ഫുട്ബോളിന് തണ്ണീർപന്തലും ശീതളഛായയും കൊണ്ടുവരാൻ പോന്ന ഒരു കളിസംഘമുണ്ടായില്ലല്ലോ എന്നോർത്ത് ആരാധകർ ഖിന്നചിത്തരാണ്. യൂറോപ്പിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന, കിഴക്ക് അഡ്രിയാറ്റിക് കടലും തെക്ക് മെഡിറ്ററേനിയൻ കടലും അതിരിടുന്ന ഈ വൻശക്തിരാഷ്‌ട്രം ഇനി എന്നാണ് ലോകവേദിയിൽ കയറി നിൽക്കുക... മുഖാവരണവും മുഖംമൂടിയും അഴിച്ചുമാറ്റപ്പെട്ടപ്പോൾ സ്വയം കണ്ടെത്താനും തിരിച്ചറിയാനും വീണ്ടെടുക്കാനും ഇറ്റാലിയൻ ഫുട്ബോളിന് കഴിയണം. ലോകം ആ കാത്തിരിപ്പ് തുടരുന്നു....










0 comments