ad
Deshabhimani

കവർസ്റ്റോറി

നയിക്കുന്നൂ, ഫിദലിെന്റ പാഠങ്ങൾ

ഹവാനയിലെ ജനങ്ങൾ ഫിദലിന്റെ ചിത്രവുമായി
avatar
നിതീഷ് നാരായണൻ

Published on Aug 22, 2026, 02:53 PM | 5 min read

ക്യൂബൻ വിപ്ലവത്തിന്റെ കാവൽഭടന്മാരിൽ പല തലമുറയിലുള്ളവരെ കാണാനാകും. പല ചരിത്ര സന്ദർഭങ്ങളുടെ കൂടി സൃഷ്ടികളായിരുന്നവർ എന്ന് പറയുന്നതാവും ഉചിതം. 1959ലെ വിപ്ലവത്തിന്റെ ഫലങ്ങൾ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്‌തവർ, സോഷ്യലിസ്റ്റ് ക്യൂബയുടെ നിർമാണത്തിൽ പങ്കാളികളായവർ, ലോകത്തെ വിവിധ വിമോചന പോരാട്ടങ്ങളിൽ ക്യൂബൻ സംഘത്തിനൊപ്പം അണിചേർന്നവർ, അവരൊക്കെയാണ് ആദ്യത്തെ തലമുറകൾ. ഹുവാൻ കാർലോസ് മാർസൻ അഗ്വിലേരയുടെ തലമുറ നേതൃപരമായ ചുമതലകളിലേക്ക് വരുന്നത് മറ്റൊരു സവിശേഷ ഘട്ടത്തിലാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് ലോകത്തെ സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് വലിയ തിരിച്ചടി നേരിട്ട തൊണ്ണൂറുകൾ. ക്യൂബയെ സംബന്ധിച്ചിടത്തോളവും അത് കഠിനമായ വെല്ലുവിളികളുടെ കാലമായിരുന്നു. ‘സ്‌പെഷൽ പിരീഡ്' എന്ന് ക്യൂബയിൽ അറിയപ്പെടുന്ന ആ പ്രതിസന്ധികളുടെ ദശകത്തെ പക്ഷേ അവർ നേരിട്ടു. സോവിയറ്റ് യൂണിയൻ ഇല്ലാതായാലും ലോകത്ത് സോഷ്യലിസത്തിന്റെ വെളിച്ചം ബാക്കിയാവുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിക്കാൻ അവർ മുന്നിൽ നിന്നു. അക്കാലത്തെ ചുമതലകളാണ് മാർസൻ ഉൾപ്പെടുന്ന തലമുറയെ കൂടുതൽ കരുത്തരാക്കിയതെന്ന് പറയാം. തൊണ്ണൂറുകളിലെ ക്യൂബൻ യൗവനത്തെ സോഷ്യലിസത്തിനൊപ്പം അണിനിരത്തുന്നതിൽ അദ്ദേഹം ഉൾപ്പെടെയുള്ളവർ വഹിച്ച നേതൃത്വം ഓർമിക്കപ്പെടേണ്ടതാണ്.

ഹവാനയിലെ ജനങ്ങൾ ഫിദലിന്റെ ചിത്രവുമായിഹവാനയിലെ ജനങ്ങൾ ഫിദലിന്റെ ചിത്രവുമായി

ഹവാനയിലെ സാങ്കേതിക സർവകലാശാലയിൽനിന്നും എൻജിനിയറിങ്‌ ബിരുദം നേടിയ ഹുവാൻ കാർലോസ് മാർസൻ അഗ്വിലേര പിന്നീട് അന്താരാഷ്‌ട്ര പഠനവിഭാഗത്തിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. ക്യൂബയിലെ യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ സംഘടനയുടെ ദേശീയ ഉപാധ്യക്ഷനായിരുന്നു അദ്ദേഹം. പിന്നീട് ഒരു ദശകത്തോളം യങ്‌ കമ്യൂണിസ്റ്റ് ലീഗിന്റെ വിവിധ നേതൃസ്ഥാനങ്ങളിൽ പ്രവർത്തിച്ചു. ക്യൂബൻ കമ്യൂണിസ്റ്റ് പാർടിയുടെ കേന്ദ്ര കമ്മിറ്റി അന്താരാഷ്‌ട്ര വിഭാഗത്തിന്റെ ഉപതലവനായും യൂറോപ്യൻ കോ ഓർഡിനേറ്റർ ആയും ചുമതലകൾ വഹിച്ചു. ഓസ്ട്രിയ, ക്രൊയേഷ്യ, സ്ലൊവേന്യ എന്നിവിടങ്ങളിലേക്കുള്ള ക്യൂബൻ സ്ഥാനപതി ആയിരുന്നു. ഐക്യരാഷ്‌ട്രസഭയിലും ക്യൂബയെ പ്രതിനിധീകരിച്ചു. 2025‐ൽ ക്യൂബൻ സ്ഥാനപതിയുടെ ചുമതലയേറ്റ് ഇന്ത്യയിലെത്തിയ ഉടനെ ഹുവാൻ കാർലോസ് മാർസൻ അഗ്വിലേര ആദ്യം സന്ദർശിച്ചത് കേരളമായിരുന്നു. പിന്നീട് പലതവണ അദ്ദേഹം കേരളത്തിലെത്തുകയും കേരളവും ക്യൂബയും തമ്മിലുള്ള സാമ്യതകളെയും സാഹോദര്യത്തെയും കുറിച്ച് വാചാലമാവുകയും ചെയ്‌തു. ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മശദാബ്ദി ആഘോഷങ്ങൾക്കായുള്ള ഒരുങ്ങളുടെ മുന്നോടിയായി ജൂലൈയിൽ ഹുവാൻ കാർലോസ് മാർസൻ അഗ്വിലേരയുമായി ഡോ. നിതീഷ് നാരായണൻ നടത്തിയ അഭിമുഖം:


? 2026-‐ൽ ഫിദലിന് 100 വയസ്സ് തികയുകയാണ്. ഫിദൽ വിടപറഞ്ഞിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും, ലോകമെമ്പാടുമുള്ള സോഷ്യലിസ്റ്റുകൾക്ക് അദ്ദേഹം ഇപ്പോഴും വഴികാട്ടിയായി തുടരുന്നു. ഫിദൽ കാസ്ട്രോയുടെ ജന്മശതാബ്ദി ആഘോഷിക്കുന്നതിനായി ക്യൂബയിൽ നടത്തുന്ന ആസൂത്രണങ്ങളെയും ഒരുക്കങ്ങളെയും കുറിച്ച് പറയാമോ?

= ക്യൂബൻ വിപ്ലവത്തിന്റെ ചരിത്രപുരുഷനായ കമാൻഡർ ഇൻ ചീഫ് ഫിദൽ കാസ്ട്രോ റൂസിന്റെ നൂറാം ജന്മവാർഷികം ആഘോഷിക്കുന്നതിനായി ക്യൂബയിൽ 2026 ആഗസ്‌ത്‌ 13 എന്ന ദിനം ഒരുങ്ങുകയാണ്. കൂടാതെ, നവംബർ 25‐ന് അദ്ദേഹത്തിന്റെ പത്താം ചരമവാർഷികവും ആചരിക്കുന്നു.

2026 ആഗസ്‌ത്‌ 10 മുതൽ 13 വരെ ക്യൂബയിലെ ഹവാനയിലുള്ള കൺവൻഷൻ പാലസ്, ‘ഫിദൽ: പാരമ്പര്യവും ഭാവിയും’ (Fidel: Legacy and Future) എന്ന ആദ്യ അന്താരാഷ്‌ട്ര കൊളോക്യത്തിന് വേദിയാകും. ഫിദലിന്റെ മഹത്തായ മാനവികവും വിപ്ലവകരവുമായ തലങ്ങളെക്കുറിച്ചും സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിലും കൂടുതൽ നീതിയും സമത്വവുമുള്ള ഒരു നല്ല ലോകത്തിനായുള്ള പോരാട്ടത്തിലും അദ്ദേഹത്തിന്റെ ആശയങ്ങളുടെ ശാശ്വതമായ പ്രസക്തിയെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള നൂറുകണക്കിന് സുഹൃത്തുക്കൾ അവിടെ ഒത്തുചേരും. ഈ പ്രയാസകരമായ കാലഘട്ടത്തിൽ അതിന് കൂടുതൽ അടിയന്തര പ്രാധാന്യമുണ്ട്.

ക്യൂബക്കാരെ സംബന്ധിച്ചിടത്തോളം ഫിദലിനെ ഓർക്കുന്നത് ഏതെങ്കിലും ഒരു ദിവസമോ സംഭവമോ മാത്രമായി ഒതുങ്ങുന്ന ഒന്നല്ല. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അതിശക്തമായ ആക്രമണങ്ങൾക്കെതിരെ നമ്മുടെ ജനങ്ങൾ നടത്തുന്ന വീരോചിതമായ പ്രതിരോധത്തിൽ അദ്ദേഹം സന്നിഹിതനാണ്. രാജ്യത്തേക്കുള്ള എണ്ണ വിതരണം തടസ്സപ്പെടുത്തിക്കൊണ്ട് ക്യൂബൻ സമ്പദ് വ്യവസ്ഥയെ ശ്വാസംമുട്ടിക്കാനും അതുവഴി ക്യൂബയുടെ രാഷ്‌ട്രീയ, സാമൂഹിക വ്യവസ്ഥയെ അട്ടിമറിക്കുകയെന്ന നീചമായ ലക്ഷ്യത്തോടെ നമ്മുടെ ജനങ്ങൾക്ക് കഠിനമായ ദുരിതങ്ങളും കഷ്ടപ്പാടുകളും സൃഷ്ടിക്കാനും ഇപ്പോഴത്തെ ട്രംപ് ഭരണകൂടവും അദ്ദേഹത്തിന്റെ സ്റ്റേറ്റ് സെക്രട്ടറിയും ശ്രമിക്കുകയാണ്. ക്യൂബൻ രാജ്യത്തിന്റെ സ്വാതന്ത്ര്യം, പരമാധികാരം, സ്വയം നിർണയാവകാശം എന്നിവയുടെ തത്വങ്ങളോടുള്ള ധീരതയുടെയും അന്തസ്സിന്റെയും അചഞ്ചലമായ വിശ്വസ്‌തതയുടെയും പ്രതീകമായി ഫിദൽ നിലകൊള്ളുന്നു.

ഹുവാൻ കാർലോസ് മാർസൻ അഗ്വിലേരഹുവാൻ കാർലോസ് മാർസൻ അഗ്വിലേര

? ഫിദലിനെ കാണുകയും കേൾക്കുകയും ചെയ്‌തു വളർന്നുവന്ന കാലത്തെക്കുറിച്ചുള്ള താങ്കളുടെ വ്യക്തിപരമായ ഓർമകൾ എന്തൊക്കെയാണ്? താങ്കളുടെയും താങ്കളുടെ തലമുറയുടെയും വളർച്ചയിൽ ഫിദലിന്റെ ഭൗതിക സാന്നിധ്യം എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട്?

= തന്റെ ജനങ്ങളോട് വളരെ അടുപ്പമുള്ള ഒരു നേതാവായും വിപ്ലവബോധം രൂപപ്പെടുത്തുന്നതിൽ നിരന്തരമായി ഒരു അധ്യാപകനായും സ്വാർഥതയില്ലായ്‌മ, ലാളിത്യം, രാജ്യത്തോടുള്ള സമർപ്പണം എന്നിവയുടെ മാതൃകയായും ഫിദലിനെ കാണാൻ ചരിത്രപരമായ ഭാഗ്യം ലഭിച്ച ഒരു തലമുറയിലാണ് ഞാൻ ജനിച്ചത്. ആ മൂല്യങ്ങളും തത്വങ്ങളും ജീവിതത്തെ സമീപിക്കുന്നതിനും ശത്രുവിനെ നേരിടുന്നതിനുമുള്ള ഞങ്ങളുടെ വഴികളുടെ ഭാഗമാണ്.

നൂറുകണക്കിന് മണിക്കൂറുകൾ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ദശലക്ഷത്തിലധികം ക്യൂബക്കാർ ഒത്തുകൂടാറുള്ള റെവല്യൂഷൻ സ്‌ക്വയറിലേക്ക് സുഹൃത്തുക്കളോടും അയൽക്കാരോടുമൊപ്പം പോയിരുന്നത് ഞാൻ ഓർക്കുന്നു. 73 നിരപരാധികളുടെ ജീവനെടുത്ത ക്യൂബാന ഡി ഏവിയേഷൻ വിമാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് നടന്ന റാലിയിൽ ഞാൻ പങ്കെടുത്തിരുന്നു. കുഞ്ഞായിരുന്ന ഏലിയാന്റെ (Elian) തിരിച്ചുവരവിനായും സാമ്രാജ്യത്വം തടവിലാക്കിയ നമ്മുടെ ‘അഞ്ച് നായകന്മാരെ’ (Five Heroes) മാതൃരാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിനുമായുമുള്ള ‘ആശയങ്ങളുടെ പോരാട്ടത്തിൽ’ (Battle of Ideas) പങ്കെടുത്ത നിരവധി ദേശഭക്തി റാലികളിലും മാർച്ചുകളിലും ഞാൻ പങ്കാളിയായി.

വിദ്യാർഥി, യുവജന നേതാവ് എന്നീ നിലകളിലുള്ള എന്റെ ജീവിതകാലങ്ങളിൽ ഫിദലുമായി നടത്തിയ ഇടയ്‌ക്കിടെയുള്ള കൂടിക്കാഴ്‌ചകളും ഞാൻ ഓർക്കുന്നു. അഴിമതി പോലുള്ള തിന്മകൾ, അല്ലെങ്കിൽ ശത്രുവിന് മുന്നിൽ തത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യുന്നത് സോഷ്യലിസത്തിന് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് അദ്ദേഹം ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും, നമ്മുടെ ജനങ്ങളുടെ പ്രധാന ആയുധമായി ഐക്യം കാത്തുസൂക്ഷിക്കാൻ ഞങ്ങളോട് അഭ്യർഥിക്കുകയും ചെയ്‌തു.


? ലോകം ഫിദലിനെ എങ്ങനെയാണ് ഓർക്കേണ്ടത്?

= ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഫിദൽ കേവലം ഒരു വ്യക്തി എന്നതിലുപരി പ്രതിരോധത്തിന്റെയും വിജയത്തിലുള്ള വിശ്വാസത്തിന്റെയും പ്രതീകമായി, പോരാട്ടത്തിന്റെ വെളിച്ചമായി മാറി. സാമ്രാജ്യത്വത്തിന്റെ മൂക്കിൻതുമ്പത്ത്, കേവലം 90 മൈൽ അകലെ, സ്വന്തം സ്വാതന്ത്ര്യവും സോഷ്യലിസം പടുത്തുയർത്താനുള്ള അവകാശവും സംരക്ഷിക്കാൻ ഭീമാകാരരായ ശക്തികളെ വെല്ലുവിളിക്കുന്ന ഒരു വിമത രാജ്യത്തിന്റെ വ്യക്തിത്വത്തെയാണ് ഫിദൽ മൂർത്തീകരിക്കുന്നത്. ക്യൂബയ്‌ക്കും ലോകത്തിനുമുള്ള നീതിയുടെ സ്വപ്‌നങ്ങളെയാണ് ഫിദൽ പ്രതിനിധീകരിക്കുന്നത്. ഫിദൽ ഐക്യദാർഢ്യത്തെയും അന്താരാഷ്‌ട്രീയതയെയും പ്രതിനിധീകരിക്കുന്നു. നമ്മെ ഭീഷണിപ്പെടുത്തുന്ന സൈനിക ശക്തിയേക്കാൾ ആശയങ്ങളുടെ ശക്തിക്കും ആഴത്തിലുള്ള വിശ്വാസങ്ങൾക്കും വിജയിക്കാൻ കഴിയുമെന്ന ഉറച്ച ബോധ്യത്തെയാണ് ഫിദൽ പ്രതിനിധീകരിക്കുന്നത്.

? ഫിദൽ വിടപറഞ്ഞിട്ടും ഒരു പതിറ്റാണ്ട് പൂർത്തിയാവുകയാണ്. ഫിദലിന്റെ ഭൗതിക സാന്നിധ്യമില്ലാത്ത ക്യൂബയെ നിങ്ങൾ എങ്ങനെ കാണുന്നു?ഫിദലിന് ശേഷമുള്ള കാലഘട്ടം ക്യൂബയിൽ എങ്ങനെയുള്ളതായിരുന്നു...

= തന്റെ തന്ത്രപരമായ കാഴ്‌ചപ്പാട്, പ്രസംഗപാടവം, ദേശീയ അന്തർദേശീയ തലങ്ങളിലെ അന്തസ്സും അധികാരവും എന്നിവയാൽ ഫിദലിന്റെ അഭാവം ആഴത്തിൽ അനുഭവപ്പെട്ടിട്ടുണ്ട്. എങ്കിലും ഒരിക്കൽ പാർടിയിലെയും സർക്കാരിലെയും നേതൃത്വത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയായ റൗൾ കാസ്ട്രോ പറയുകയുണ്ടായി, ‘ഫിദൽ ഒരാൾ മാത്രമേയുള്ളൂ‐ കൂട്ടായ കരുത്തിലൂടെയും നമ്മുടെ ഐക്യത്തിലൂടെയും നമ്മൾ അദ്ദേഹത്തിന് പകരം നിൽക്കേണ്ടതുണ്ട്’ എന്ന്. റെവല്യൂഷൻ സ്‌ക്വയറിൽ വച്ച് ഞങ്ങൾ ക്യൂബക്കാർ അദ്ദേഹത്തോട് വിടപറഞ്ഞ ദിവസം, "ഞാനാണ് ഫിദൽ’ (I am Fidel) എന്ന മുദ്രാവാക്യം സ്വയമേവ ഉയർന്നുവന്നു. നമ്മളോരോരുത്തർക്കും അദ്ദേഹത്തിന്റെ ആശയങ്ങളുടെ യോഗ്യരായ അവകാശിയായും അദ്ദേഹത്തിന്റെ പാരമ്പര്യത്തിന്റെ ദൃഢമായ സംരക്ഷകരായും സ്വയം അനുഭവപ്പെടുന്നുവെങ്കിൽ, ഫിദൽ നമ്മളിലെല്ലാം ജീവിക്കുന്നു, ഏറ്റവും പ്രയാസമേറിയതും സങ്കീർണവുമായ പരിതസ്ഥിതിയിലും നമ്മുടെ വിപ്ലവത്തെ സംരക്ഷിക്കാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള നമ്മുടെ നിശ്ചയദാർഢ്യത്തിൽ അദ്ദേഹം ജീവിക്കുന്നു.

തൊണ്ണൂറാം ജന്മദിനാഘോഷവേളയിൽ കാസ്‌ട്രോ ഒരു കുഞ്ഞിനൊപ്പംതൊണ്ണൂറാം ജന്മദിനാഘോഷവേളയിൽ കാസ്‌ട്രോ ഒരു കുഞ്ഞിനൊപ്പം

? ഇന്നത്തെ ലോകത്ത് ഫിദലിന്റെ പ്രസക്തിയെ അങ്ങ് എങ്ങനെ അടയാളപ്പെടുത്തുന്നു?

= മുഴുവൻ ജനങ്ങളുടെയും ആവേശകരവും പ്രതിബദ്ധതയുള്ളതുമായ പങ്കാളിത്തത്തോടെ ഫിദൽ ക്യൂബയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിൽ വിജയിച്ചു; യുഎസ് സാമ്രാജ്യത്വത്തിൽനിന്ന് കേവലം 90 മൈൽ അകലെയുള്ള ഒരു ചെറിയ ദ്വീപിന് യഥാർഥ സ്വാതന്ത്ര്യം നേടാനും ഭൂരിപക്ഷം ജനങ്ങളും പരമാധികാരത്തോടെ തെരഞ്ഞെടുത്ത രാഷ്‌ട്രീയ, സാമ്പത്തിക, സാമൂഹിക മാതൃക കെട്ടിപ്പടുക്കാനും കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.

തന്റെ പക്കലുള്ള ചെറിയ കാര്യങ്ങൾ പോലും മറ്റ് രാജ്യങ്ങളുമായി പങ്കുവയ്‌ക്കുക എന്ന യഥാർഥ ഐക്യദാർഢ്യത്തിന്റെ മൂല്യം ഫിദൽ പഠിപ്പിച്ചു; ദക്ഷിണാഫ്രിക്കൻ വർണവിവേചന അധിനിവേശത്തിനെതിരെ അംഗോളയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ നൂറുകണക്കിന് ക്യൂബൻ പോരാളികൾ അങ്ങോട്ട് മാർച്ച് ചെയ്‌തപ്പോഴും, ദക്ഷിണ ലോകത്തെ (Global South) ഡസൻ കണക്കിന് രാജ്യങ്ങളിലെ ഏറ്റവും വിദൂര പ്രദേശങ്ങളിലെ ജനങ്ങൾക്ക് നൂറുകണക്കിന് ക്യൂബൻ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സേവനം നൽകിയപ്പോഴും അദ്ദേഹം ഇത് തെളിയിച്ചു.

ചിലരുടെ സ്വാർഥതയും അഭിലാഷങ്ങളും ഭൂരിപക്ഷത്തിന്റെ നാശത്തിലേക്ക് വഴിമാറാത്ത ഒരു ‘പുതിയ അന്താരാഷ്‌ട്ര ക്രമത്തിനായി’ (New International Order) ചേരിചേരാ പ്രസ്ഥാനത്തിലും ഐക്യരാഷ്‌ട്രസഭയിലും മറ്റ് അന്താരാഷ്‌ട്ര വേദികളിലും ഫിദൽ ശബ്ദമുയർത്തി.

ഇന്ന്, എപ്പോഴത്തെക്കാളും ഉപരിയായി, ആ ആശയങ്ങളിലേക്ക് വീണ്ടും മടങ്ങേണ്ടതുണ്ട്. സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ പ്രതിരോധിക്കുകയും പോരാടുകയും ചെയ്യുന്ന ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിലും യുഎസിന്റെ ക്രൂരമായ ഉപരോധത്തെ അപലപിക്കുന്നതിലും യുഎൻ ചാർട്ടറിലും ബഹുമുഖത്വത്തിലും അന്തർലീനമായ തത്വങ്ങളുടെ സംരക്ഷണത്തിലും ദക്ഷിണ രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള ഐക്യം അടിയന്തരമായ അനിവാര്യതയായി മാറിയിരിക്കുന്നു.

ഫിദൽ കാസ്‌ട്രോഫിദൽ കാസ്‌ട്രോ

? ക്യൂബയിലെ സമീപകാലത്തുണ്ടായ നയപരമായ മാറ്റങ്ങളെക്കുറിച്ച് വിവരിക്കാമോ?

= 2001 മെയ് 1-‐ന് റെവല്യൂഷൻ സ്‌ക്വയറിലെ വൻ റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് ഫിദൽ തങ്ങൾക്ക് നൽകിയ വിപ്ലവ സങ്കൽപ്പം, ‘നീതിയുടെ തത്വങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം മാറ്റേണ്ടതെല്ലാം മാറ്റുക’ എന്നതാണ് വിപ്ലവം എന്നതായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന സവിശേഷത എന്തെന്നാൽ, അദ്ദേഹം യാഥാസ്ഥിതിക ചിന്താഗതിയെ നിരസിച്ചു എന്നതാണ്. സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് ക്യൂബയുടെ പരിതസ്ഥിതിക്കും അവിടുത്തെ പ്രത്യേക സാഹചര്യങ്ങൾക്കും തനിമയാർന്ന സവിശേഷതകൾക്കും അനുയോജ്യമായ തികച്ചും മൗലികവും സർഗാത്മകവുമായ സമീപനം ആവശ്യമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

ഹുവാൻ കാർലോസ് മാർസൻ അഗ്വിലേരയ്‌ക്കൊപ്പം നിതീഷ്‌ നാരായണൻഹുവാൻ കാർലോസ് മാർസൻ അഗ്വിലേരയ്‌ക്കൊപ്പം നിതീഷ്‌ നാരായണൻ

വ്യാപകവും ദീർഘകാലവുമായ കൂടിയാലോചനാ പ്രക്രിയയ്‌ക്ക്‌ ശേഷം ക്യൂബൻ സാമ്പത്തിക സാമൂഹിക മാതൃകയിലെ മാറ്റങ്ങളായി നിലവിലെ പാർടിയും ഗവൺമെന്റ് നേതൃത്വവും അവതരിപ്പിച്ചത് ഇതാണ്; ഫിദലിന്റെ ശതാബ്ദി വർഷത്തിലെ നമ്മുടെ പ്രാഥമിക ചുമതല വിപ്ലവത്തെ രക്ഷിക്കുക എന്നതും, നമ്മുടെ നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങൾ ദിവസേന ഇല്ലാതാക്കുകയും സൈനിക ആക്രമണ ഭീഷണി ഉയർത്തുകയും ചെയ്യുന്ന സാമ്രാജ്യത്വ ആക്രമണത്തെ തരണം ചെയ്യുക എന്നതുമാണ് ‐ നമ്മൾ ആഗ്രഹിക്കാത്തതും എന്നാൽ ഉറച്ച നിശ്ചയദാർഢ്യത്തോടെയുള്ളതുമായ ഒരു പ്രത്യാക്രമണം.

നമ്മൾ വരുത്തുന്ന മാറ്റങ്ങൾ, രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ പുരോഗതി ഉറപ്പാക്കും, പ്രത്യേകിച്ചും ഏറ്റവും കൂടുതൽ ആവശ്യമുള്ളവർക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് നമ്മുടെ ജനങ്ങൾക്ക് ആവശ്യമായ ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനുള്ള വിഭവങ്ങൾ ലഭ്യമാക്കും.

ഫിദൽ ശരിയായി ചൂണ്ടിക്കാണിച്ചതുപോലെ, "വിജയത്തിൽ നമുക്ക് വിശ്വാസമുണ്ടായിരിക്കണം ‐ ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിൽ പോരാടുമ്പോൾ നമ്മുടെ ആളുകൾ നേടിയെടുത്ത വിശ്വാസം, നീതിയുക്തമായ കാര്യങ്ങളുടെ പോരാളികൾ എപ്പോഴും പുലർത്തുന്നതും ഒരിക്കലും തോൽപ്പിക്കാനാവാത്തതുമായ വിശ്വാസം’ .

( കടപ്പാട്‌: ദി ലെഫ്റ്റ് വ്യൂസ്‌, വിവർത്തനം: ആര്യ എ ടി)





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home