രേഖാമൂലം
ആദ്യസമ്മേളനത്തിൽ കലഹിച്ച് അകന്ന മുഖ്യസംഘാടകൻ


ശ്രീകുമാർ ശേഖർ
Published on Jun 15, 2026, 02:06 PM | 3 min read
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രത്തിൽ അത്ര ആദരപൂർവം ഓർമിക്കപ്പെടുന്ന പേരല്ല, എസ് സത്യഭക്തയുടേത്. 1925 ഡിസംബർ 26ന് കാൺപൂരിൽ കമ്യൂണിസ്റ്റ് പാർടിയുടെ ഇന്ത്യയിലെ ആദ്യ സമ്മേളനം വിളിച്ചുചേർത്ത അദ്ദേഹം ആ സമ്മേളനം തീരുംമുമ്പ് കലഹിച്ച് സമ്മേളനഹാൾ വിട്ടു. സമ്മേളനത്തിൽ പങ്കെടുത്ത പാർടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ മുസഫർ അഹമ്മദ് അതേപ്പറ്റി ‘ഞാനും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയും 1920‐29’ എന്ന കൃതിയിൽ എഴുതുന്നത് ഇങ്ങനെ: ‘‘സമ്മേളനം അവസാനിക്കുന്നതിന് മുമ്പേ അദ്ദേഹം അവിടെനിന്ന് പിന്മാറി. തന്റെ രേഖകൾ ഒരു ഖദർ ബാഗിൽ ഒതുക്കി സമ്മേളനഹാൾ വിട്ടുപോയി. പാർടിയുടെ രേഖകളും അംഗപട്ടികയും കണക്കുകളും ഒന്നും കൈമാറാതെയാണ് സത്യഭക്ത പോയത്.’’
സത്യഭക്ത
1920ൽ താഷ്‌ക്കെന്റിൽ കമ്യൂണിസ്റ്റ് പാർടിയുടെ ഇന്ത്യൻ ഘടകം രൂപംകൊണ്ടെങ്കിലും ഇന്ത്യയിൽ ഒരു സമ്മേളനം ചേർന്നിരുന്നില്ല. അപ്പോഴാണ് 1925ൽ സത്യഭക്ത കാൺപൂരിൽ സമ്മേളനം വിളിച്ചുചേർക്കുന്നത്.
രാജസ്ഥാനിലെ ഭാരത്പൂരിലാണ് സത്യഭക്ത ജനിച്ചത്. യഥാർഥ പേര് ചഖൻലാൽ. രാഷ്ട്രീയജീവിതത്തിന്റെ തുടക്കത്തിൽ ഗാന്ധിയുടെ സബർമതി ആശ്രമത്തിൽ എത്തി. ‘സത്യഭക്ത’ എന്ന പേര് സ്വീകരിച്ചത് അവിടെവച്ചാകാം എന്നു കരുതപ്പെടുന്നു. രണ്ടു വർഷത്തിനുള്ളിൽ അദ്ദേഹം ഗാന്ധിയൻ ആശയങ്ങൾ ഉപേക്ഷിച്ചു. പല പ്രസിദ്ധീകരണങ്ങളിലും എഴുതി. പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. കമ്യൂണിസ്റ്റ് ആശയങ്ങൾ പടർന്നുതുടങ്ങിയപ്പോൾ അതിൽ തൽപ്പരനായി. ‘പ്രാണവീർ’ എന്ന പേരിൽ ഹിന്ദി പത്രം പ്രസിദ്ധീകരിച്ചു. കാൺപൂരിൽ ഒരു സോഷ്യലിസ്റ്റ് ബുക്‌ഷോപ്പും നടത്തി. ഭഗത് സിങ് അവിടെ വന്ന് 10 രൂപയ്‌ക്ക് റഷ്യൻ വിപ്ലവത്തെപ്പറ്റിയുള്ള പുസ്‌തകം വാങ്ങിയ കാര്യം കെ ദാമോദരന് പിൽക്കാലത്ത് നൽകിയ അഭിമുഖത്തിൽ സത്യഭക്ത പറയുന്നുണ്ട്.
1924 സെപ്‌തംബർ ഒന്നിന്, ബനാറസിലെ ‘ആജ്’, കാൺപൂരിലെ ‘പ്രതാപ്’, കൊൽക്കത്തയിലെ ‘ബന്ദേമാതരം’ എന്നീ പത്രങ്ങളിലൂടെ സത്യഭക്ത ഒരു പ്രഖ്യാപനം നടത്തി. ഒരു ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ചിട്ടുണ്ടെന്നും, മൂന്ന് മാസത്തിനകം ഒരു അഖിലേന്ത്യാ കമ്യൂണിസ്റ്റ് സമ്മേളനം നടക്കും എന്നുമായിരുന്നു അത്. സത്യഭക്തയുടെ പാർടിയുടെ ആദ്യ മൂന്ന് മാസത്തെ റിപ്പോർട്ട് ഇറങ്ങിയതായി ‘ഇന്ത്യൻ വേൾഡ്’ പത്രത്തിൽ 1924 ഡിസംബർ 13ന് വാർത്തയും വന്നു. മൂന്ന് സ്ത്രീകളടക്കം പാർടിക്ക് 77 അംഗങ്ങളുണ്ടെന്നും അവരുടെ സംസ്ഥാനം തിരിച്ചുള്ള കണക്കും വാർത്തയിലുണ്ട്. മൂന്ന് മാസത്തിനിടയിൽ പാർടിയുടെ രണ്ടു ലഘുലേഖകൾ സർക്കാർ കണ്ടുകെട്ടിയ വിവരവും കാണാം.
സത്യഭക്തയുടെ കമ്യൂണിസ്റ്റ് പാർടിയെപ്പറ്റി ‘ഇന്ത്യൻ വേൾഡ്’ പത്രത്തിൽ 1924 ഡിസംബർ 13ന് വന്ന വാർത്ത
1925 ഡിസംബർ 26 മുതൽ 29 വരെ നടന്ന കാൺപൂർ സമ്മേളനത്തിനായി പലരെയും സത്യഭക്ത കത്തയച്ചു ക്ഷണിച്ചിരുന്നു. തനിക്ക് കത്തിനൊപ്പം യാത്രച്ചെലവിനായി 30 രൂപയും അയച്ചിരുന്നതായി മുസഫർ അഹമ്മദ് എഴുതുന്നുണ്ട്. എസ് വി ഘാട്ടെയുടെ നേതൃത്വത്തിൽ ഒരു സംഘം ബോംബെയിൽനിന്ന് യോഗത്തിനെത്തി. മൗലാന ഹസ്‌റത്ത് മൊഹാനിയും ശിങ്കാരവേലു ചെട്ടിയാരും എത്തി. ആകെ നാനൂറോളം പേർ പങ്കെടുത്തു.
നാല് ദിവസമായിരുന്നു സമ്മേളനം. പാർടിയുടെ പേരും പരിപാടിയും നിശ്ചയിച്ചായിരുന്നു സത്യഭക്തയുടെ വരവ്. പേരിൽ തർക്കമായി. അന്താരാഷ്‌ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായ ഇന്ത്യൻ പാർടി എന്ന അർഥത്തിൽ ‘കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ’ എന്ന പേരിനെ സത്യഭക്ത എതിർത്തു. അന്താരാഷ്‌ട്ര ബന്ധങ്ങൾ ആവശ്യമില്ലെന്നും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി വേണമെന്നും വാദിച്ചു. ചർച്ചയുടെ അവസാനം അദ്ദേഹത്തെ പിന്തുണയ്‌ക്കാൻ ആരും ഉണ്ടായില്ല. അതോടെയാണ് സത്യഭക്ത രേഖകളുമായി ഇറങ്ങിപ്പോയത്. സമ്മേളനം തെരഞ്ഞെടുത്ത സെക്രട്ടറിമാരിൽ സത്യഭക്തയും ഉണ്ടായിരുന്നു. ശിങ്കാരവേലു ചെട്ടിയാരെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. ആസാദ് ശോഭാനി ഉപാധ്യക്ഷനായും എസ് വി ഘാട്ടെയും ജാനകി പ്രസാദ് ബാഗർഹട്ടയും ജനറൽ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
ഇതിനിടെ സത്യഭക്തയെപ്പറ്റി ചില സംശയങ്ങൾ സഖാക്കൾക്കിടയിലുണ്ടായി. കാൺപൂർ ഗൂഢാലോചനക്കേസിന്റെ പ്രതിപ്പട്ടികയിൽ ആദ്യം അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടിരുന്നു. പ്രോസിക്യൂഷൻ സത്യഭക്തയടക്കം അഞ്ചുപേരെ പിന്നെ ഒഴിവാക്കി. അത്ര അപകടകാരിയല്ലാത്ത കമ്യൂണിസ്റ്റായി ബ്രിട്ടീഷുകാർ സത്യഭക്തയെ കണക്കാക്കിയിരുന്നു എന്നുകരുതാം. അതുപോലെ ‘ഭൂമിയിൽ രാമരാജ്യം സ്ഥാപിക്കാനാണ് കമ്യൂണിസം’ എന്നൊക്കെയുള്ള ചില ‘വെളിപാടുകൾ’ കമ്യൂണിസ്റ്റുകാരിൽനിന്ന് അദ്ദേഹത്തെ കൂടുതൽ അകറ്റി.
സ്വന്തമായി നാഷണലിസ്റ്റ് കമ്യൂണിസ്റ്റ് പാർടി എന്നൊന്ന് സത്യഭക്ത പിന്നീട് രൂപീകരിക്കുന്നുണ്ട്. പക്ഷേ അത് കാര്യമായ ചലനമൊന്നും ഉണ്ടാക്കിയില്ല. പിന്നീട് ആത്മീയപാതയിലായി. അക്കാലത്തും എഴുത്ത് തുടർന്നു. മഥുരയിലെ അഖണ്ഡ ജ്യോതി ആശ്രമത്തിൽ ചേർന്ന അദ്ദേഹം 1985ൽ തൊണ്ണൂറാം വയസ്സിൽ അന്തരിച്ചു.
സത്യഭക്ത സ്വന്തം പാർടിക്കായി തയ്യാറാക്കിയ മാനിഫെസ്റ്റോയുടെ അവസാന പേജ്. അദ്ദേഹത്തിന്റെ കയ്യൊപ്പും കാണാം
കമ്യൂണിസത്തെപ്പറ്റി സ്വന്തം കാഴ്‌ചപ്പാടുകൾ പുലർത്തിയ സത്യഭക്തയ്‌ക്ക് പാർടിയോട് പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ലെന്ന് പിൽക്കാലത്ത് അദ്ദേഹവുമായി സംസാരിച്ചവർ എഴുതുന്നുണ്ട്. കമ്യൂണിസ്റ്റ് പാർടിയുടെ ചിട്ടവട്ടങ്ങളിൽ ഒതുങ്ങി നിൽക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും രാജ്യത്ത് പാർടി രൂപീകരിക്കാനായി ആദ്യമായി തീവ്രശ്രമം നടത്തിയ നേതാക്കളിൽ ഒരാളായി സത്യഭക്ത ഓർമിക്കപ്പെടും.










0 comments