ad
Deshabhimani

print edition പിരിയോഡിക് ടേബിളിലെ പെണ്ണിടം

pt
avatar
വലിയശാല രാജു

Published on Mar 05, 2026, 09:59 AM | 1 min read

ശാസ്ത്രലോകം പുരുഷാധിപത്യത്തിന്റേതായിരുന്ന കാലത്ത് ലോകത്തെ വിസ്മയിപ്പിച്ച വനിതയാണ് ലിസ് മീറ്റ്‌നർ (Lise Meitner). ആധുനിക രസതന്ത്രത്തിലെ പീരിയോഡിക് ടേബിളിൽ 118 മൂലകങ്ങളുണ്ടെങ്കിലും ഒരു സ്ത്രീയുടെ പേരിൽ മാത്രം നേരിട്ട് അറിയപ്പെടുന്ന ഒരേയൊരു മൂലകമേയുള്ളൂ—അതാണ് മീറ്റ്‌നീരിയം (Meitnerium). ആണവ ഭൗതികശാസ്ത്രത്തിൽ (Nuclear Physics) വിപ്ലവം സൃഷ്ടിച്ച ഓസ്ട്രിയൻ-സ്വീഡിഷ് ശാസ്ത്രജ്ഞയായിരുന്നു ലിസ് മീറ്റ്‌നർ. ‘ആണവ വിഘടനം’ ( Nuclear Fission) എന്ന പ്രക്രിയയെക്കുറിച്ച് ആദ്യമായി കൃത്യമായ സൈദ്ധാന്തിക വിശദീകരണം നൽകിയത് ലിസ് ആയിരുന്നു. -ആറ്റംബോംബിന്റെ നിർമാണത്തിലേക്കും ആണവോർജ ഉൽപ്പാദനത്തിലേക്കും നയിച്ച പ്രധാന കണ്ടെത്തലായിരുന്നു ഇത്.


നൊബേൽ നിഷേധിക്കപ്പെട്ട പ്രതിഭ


1944-ൽ ആണവ വിഘടനം കണ്ടെത്തിയതിന് ലിസ് മീറ്റ്‌നറുടെ സഹപ്രവർത്തകനായിരുന്ന ഓട്ടോ ഹാന് നൊബേൽ സമ്മാനം ലഭിച്ചു. ആ കണ്ടുപിടിത്തത്തിൽ തുല്യപങ്കുവഹിച്ച ലിസിനെ നോബൽ സമിതി പൂർണമായും അവഗണിച്ചു. ലിസ് ഒരു സ്ത്രീയായതും അവരുടെ യഹൂദ പശ്ചാത്തലവുമാണ് ഈ അവഗണനയ്ക്ക് കാരണമായതെന്ന് പറയപ്പെടുന്നു.


പീരിയോഡിക് ടേബിളിലെ ‘മീറ്റ്‌നീരിയം'


നൊബേൽ സമ്മാനത്തേക്കാൾ വലിയ അംഗീകാരമാണ് ശാസ്ത്രലോകം പിന്നീട് ലിസിന് നൽകിയത്. 1982-ൽ പുതിയൊരു മൂലകം (ആറ്റോമിക നമ്പർ 109) ലബോറട്ടറിയിൽ നിർമിക്കപ്പെട്ടപ്പോൾ, അതിന് ലിസ് മീറ്റ്‌നറോടുള്ള ആദരസൂചകമായി മീറ്റ്‌നീരിയം (Mt) എന്ന് പേര് നൽകി. മേരി ക്യൂറിയുടെ പേരിൽ ‘ക്യൂറിയം' എന്ന മൂലകം ഉണ്ടെങ്കിലും അത് മേരിയുടെയും ഭർത്താവ് പിയറി ക്യൂറിയുടെയും സംയുക്ത സ്മരണാർഥമാണ്. എന്നാൽ ഒരു സ്ത്രീയുടെ പേരിൽ മാത്രം അറിയപ്പെടുന്നത് മീറ്റ്‌നീരിയം മാത്രമാണ്.


ജർമൻ മേരി ക്യുറി


‘ജർമൻ മേരി ക്യുറി’ എന്നറിയപ്പെടുന്ന ലിസ് 1969ൽ 89ാമത്തെ വയസിലാണ് നിര്യാതയായത്."ഒരിക്കലും തന്റെ മാനുഷിക മൂല്യങ്ങൾ കൈവിടാത്ത ശാസ്ത്രജ്ഞ’ എന്നാണ് ലിസ് മീറ്റ്‌നറുടെ കല്ലറയിൽ കുറിച്ചിരിക്കുന്നത്. ശാസ്ത്രരംഗത്തെ ലിംഗവിവേചനങ്ങളെ അതിജീവിച്ച് മുന്നേറിയ ലിസ് മീറ്റ്‌നർ ഇന്നും ലോകമെമ്പാടുമുള്ള പെൺകുട്ടികൾക്ക് ആവേശമാണ്. തമസ്കരിക്കപ്പെട്ടിട്ടും ഉയർന്നുവന്ന പെൺകരുത്തിന്റെ പ്രതീകമായ ഈ ശാസ്ത്രജ്ഞയെയും മീറ്റ്‌നീരിയത്തെയും അഭിമാനത്തോടെയാണ് ചരിത്രം ഓർക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home