print edition മഴയുടെ ചേലുകൾ

ഡോ. രാജേഷ് കടന്നപ്പള്ളി
Published on Jun 25, 2026, 02:05 AM | 2 min read
അവധിക്കാലംപോലെ രസകരമായ മറ്റൊരു കാലമാണല്ലോ മഴക്കാലം. മഴ കനത്തു പെയ്യുന്നത് മനസിൽ ആശങ്ക വിതയ്ക്കാറുണ്ട്. ചന്നം പിന്നം മഴ പെയ്യുമ്പോൾ രസാനുഭൂതി നൽകും. മഴയിൽ നനഞ്ഞും കടലാസ് തോണിയിറക്കി കളിക്കാനും ജലാശയങ്ങളിൽ നീന്തിതുടിക്കാനും ആവേശം കാണും. അതോടൊപ്പം മഴയുടെ താളവും സംഗീതവും രൗദ്രതയും പങ്കിടുന്ന പാഠഭാഗങ്ങളിലൂടെ കടന്നുപോകാം.
മഴയോ മഴമഴയോ
രണ്ടാം ക്ലാസിലെ മലയാളത്തിലെ ആദ്യ യൂണിറ്റ് മഴയോ മഴമഴയോ എന്നാണ്. മഴപ്പാട്ടുപാടി താളമിട്ടും മഴ കണ്ടും ആഘോഷിക്കുകയാകും. മഴ അനുഭവങ്ങളെ ഹൃദയസ്പർശിയായി ചിത്രീകരിക്കുന്ന രചനകളാൽ സമൃദ്ധമാണ് മലയാളം. ചില രചനകൾ പരിചയപ്പെടാം.
ജീവിത ഗാനങ്ങളായ നാടൻ പാട്ടുകളിൽ ഭൂരിഭാഗവും കൃഷിപ്പാട്ടുകളാണ്. മണ്ണിൽ പണിയെടുക്കുന്ന മനുഷ്യർ അനുഭവിച്ച സങ്കടങ്ങളുടെ വാമൊഴി വഴക്കങ്ങൾ. ആടി പാടി രസിക്കുന്ന ‘രാരിക്കം രാരാരോ ....’ എന്ന പാട്ടിൽ മഴയുടെ വരവിൽ നെഞ്ചിടിക്കുന്ന കർഷകതൊഴിലാളിയുടെ നിലവിളി കേൾക്കാം. മഴ പെയ്യുമ്പോൾ കുഞ്ഞുങ്ങളെയും വിളയെയും ഓർത്തുള്ള അവരുടെ കണ്ണീരാണ് പാട്ട്.
പ്രകൃതിയുടെ ലാവണ്യം
മഴയുടെ ലാവണ്യത്തെ ഭാഷാപിതാവായ എഴുത്തച്ഛൻ മഹാഭാരതം കിളിപ്പാട്ടിൽ ചിത്രീകരിച്ചു. "കാണായി ഘോരമായുള്ള വർഷങ്ങളും കാഠിന്യമായി കിടന്നോരു മേദിനി സസ്യ സംപൂർണ്ണയായി വന്നു ധരിത്രിയും. ഇടിയുടെ ശക്തിയും കാറ്റിന്റെ കരുത്തും ചെറുശേരി ഇങ്ങനെ ചിത്രീകരിച്ചു. "പാരിച്ചു ചോരുന്ന പേമഴ താനുമ- ന്നേരറ്റു നിന്നൊരു പാഴിടിയും കുന്നിനെത്തള്ളുന്ന വങ്കാറ്റുമെന്നപ്പോൾ മുന്നേതിലേറ്റവും വന്നുതല്ലോ’. കുഞ്ചൻനമ്പ്യാർ ഗോവർദ്ധന ചരിതം തുള്ളൽപ്പാട്ടിൽ പ്രളയാവസ്ഥയെ വരച്ചുകാട്ടി.
ആധുനിക കവിത്രയങ്ങളായ കുമാരനാശാൻ എഴുതിയ പ്രരോദനം, ഉള്ളൂരിന്റെ മഴത്തുള്ളി, വള്ളത്തോളിന്റെ കാറു കണ്ട കർഷകൻ തുടങ്ങിയ കവിതകൾ മഴയുടെ ഭാവങ്ങളെ പകർത്തുന്നു. വർഷകാലത്തിന്റെ ആഹ്ലാദമാണ് പി കുഞ്ഞിരാമൻ നായരുടെ കാലവർഷമേ നന്ദി. "ചിന്നിത്തെറിക്കും നറുമുത്തുപോലെ നീളുന്ന വെള്ളിത്തെളി നൂലുപോലെ- ആകാശ ഗംഗ പ്രസരങ്ങൾപോലെ - യാഹാ! പതിപ്പൂ പുതുവർഷ തോയം.... മഴയുടെ മനോഹരമായ വർണ്ണനയാണ് വൈലോപ്പിള്ളിയുടെ വർഷാഗമത്തിലെ വരികൾ.
കൊട്ടിപ്പാടുന്ന മഴ
അമ്മയെ കൂട്ടിനുവിളിച്ച് വെള്ളത്തിൽ തത്തിച്ചാടൻ ആഗ്രഹിക്കുന്ന കുട്ടിയുടെ കൗതുകമാണ് ബാലാമണിയമ്മയുടെ മഴവെള്ളത്തിൽ എന്ന കവിതയിലുള്ളത്. ഒ എൻ വി കുറിച്ചതുപോലെ കൊട്ടി പാടുന്ന മഴ ! നടവരമ്പത്തൊരു കുട്ടിയുണ്ടതിൻ, കൈയിൽ പുസ്‌തകം, പൊതിച്ചോറും കുടയായൊരു തൂശനിലയും.... പലരുടെയും ബാല്യസ്മരണയിൽ ഈയൊരനുഭവം കൊത്തിവച്ചിട്ടുണ്ടാവും. കവിതയിൽ മാത്രമല്ല; കഥയിലും മഴ തിമിർത്തു പെയ്തു. ഒറ്റപ്പെട്ടുപോയ ചേന്നപ്പറയന്റെ ജീവിതത്തിലൂടെ പ്രളയ ഭീകരതയെ വർണിക്കുന്ന തകഴിയുടെ വെള്ളപ്പൊക്കത്തിൽ. ഉറൂബിന്റെ നനഞ്ഞ ഒരു രാത്രി, ടി പത്മനാഭൻ്റെ മഴ, ഒടുവിലത്തെ മഴ തുടങ്ങിയ രചനകൾ മഴ പ്രമേയമാക്കിയ കഥകളിലെ മാസ്റ്റർപീസുകളാണ്.
മഴയനുഭവങ്ങളെഴുതാം
"സ്‌കൂൾ തുറക്കുന്നതോടെ കാലവർഷവും തുടങ്ങും. മിക്ക ദിവസവും സ്‌കൂളിലെത്തുമ്പോഴേയ്ക്കും പകുതി നനഞ്ഞിരിക്കും. നാലു മണിക്ക് സ്‌കൂൾ വിട്ട് മടങ്ങുമ്പോഴാണ് മഴ ഘോഷം കൂട്ടി ചെയ്യുന്നത് " എം ടി യുടെ മഴ പെയ്യണ പെയ്യലില് എന്ന അനുഭവാഖ്യാനത്തിന്റെ തുടക്കമിങ്ങനെയാണ്. മഴ അനുഭവങ്ങളെഴുതി, മഴപ്പാട്ടുകൾ ശേഖരിച്ചും കവിതകളും കഥകളും വായിച്ചും പതിപ്പുകൾ, ആസ്വാദനക്കുറിപ്പ്, വിവരണം എന്നിവ തയ്യാറാക്കുമല്ലോ.....









0 comments