ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനം
അമ്മമൊഴിയിലുതിരും അൻപ്

ഡോ. ജിനേഷ് കുമാർ എരമം
Published on Feb 19, 2026, 08:59 AM | 2 min read
ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമാണ്. ബംഗ്ലാദേശിന് ഇത് രക്തസാക്ഷിദിനം കൂടിയാണ്. 1952ൽ അവിടെയാണ് മാതൃഭാഷയ്ക്കായി പോരാടി ധാക്ക യൂണിവേഴ്‌സിറ്റിയിലെ അഞ്ച് വിദ്യാർഥികൾ വെടിയേറ്റ് മരിച്ചത്. അവരുടെ സ്മരണയിൽ 1999ലാണ് യുനെസ്കോ ഈ ദിനാചരണം തീരുമാനിച്ചത്. മതാടിസ്ഥാനത്തിൽ പാകിസ്ഥാൻ രൂപം കൊണ്ടപ്പോൾ ഭാഷ ഒരു പ്രശ്നമായി. ഇന്ന് ബംഗ്ലാദേശ് എന്നറിയപ്പെടുന്ന കിഴക്കൻ പാകിസ്ഥാൻകാരുടെ മാതൃഭാഷ ബംഗ്ലയായിരുന്നു. അതിനെ അവഗണിച്ച് പടിഞ്ഞാറൻ പാകിസ്ഥാൻകാരുടെ ഭാഷയായ ഉറുദു സർക്കാർ ദേശീയ ഭാഷയായി പ്രഖ്യാപിച്ചു. ഇതിനെതിരെയായിരുന്നു സമരം.
ഭാഷയ്ക്ക് മരണമുണ്ടോ?
ലോകത്തെ ഭാഷകളിൽ 45 ശതമാനവും അപകടാവസ്ഥയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന വിലയിരുത്തുന്നു. 40 ശതമാനത്തോളം പേർക്ക് മാതൃഭാഷയിൽ വിദ്യാഭ്യാസം നേടാൻ കഴിയുന്നില്ല. പല ഭാഷകളും മരിച്ചു പോകുന്നു. 1992 ഒക്ടോബർ എട്ടിന് തുർക്കിയയിലെ ടെവ്ഫിക് എസെൻ എന്നയാൾ മരിച്ചതോടെ ഉബൈഖ് ഭാഷ ഇല്ലാതായി. 1995 നവംബർ ആറിന് കാമറൂണിലെ ബോഗോൺ മരിച്ചു. അതോടെ കസാബ ഭാഷ അപ്രത്യക്ഷമായി.
ഭരിക്കുന്നവരുടെ ഭാഷ
ഒരുകാലത്ത് ഭരിക്കുന്നവരുടെ ഭാഷയായിരുന്നു ഭരണഭാഷ. മുഗൾ കാലത്ത് ഉത്തരേന്ത്യയിൽ പേർഷ്യൻ ആയിരുന്നു ഔദ്യോഗികഭാഷ. മറ്റു ചില ഭാഗങ്ങളിൽ സംസ്കൃതം. ബ്രിട്ടീഷ് ഭരണം വന്നപ്പോൾ ഇവയുടെ സ്ഥാനം ഇംഗ്ലീഷ് കൈയടക്കി. ജനാധിപത്യം കെട്ടിപ്പടുക്കുന്നതിൽ ഭാഷക്ക് വലിയ പങ്കുണ്ട്. ദേശീയ പ്രസ്ഥാന നേതാക്കൾ ഇത് തിരിച്ചറിഞ്ഞു. സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുണ്ടാക്കി. ആന്ധ്ര സംസ്ഥാനത്തിനു വേണ്ടി പോട്ടി ശ്രീരാമലു നിരാഹാരം കിടന്നു മരിച്ചു. ഗുജറാത്ത് സംസ്ഥാനം രൂപീകരിച്ചുകിട്ടാനുള്ള മഹാഗുജറാത്ത് പ്രസ്ഥാനത്തിനു വേണ്ടി എ കെ ജിയും സമരം ചെയ്തു.
ജനങ്ങളുടെ ഭാഷ
ജനാധിപത്യ വ്യസ്ഥയിൽ ജനങ്ങളാണ് ഭരണാധികാരികൾ.അപ്പോൾ ജനങ്ങളുടെ ഭാഷയാകണം ഭരണഭാഷ. അതിനനുസൃതമായാണ് ഭരണഘടനയിൽ ഭാഷാ നയം എഴുതിവച്ചത്. എട്ടാം പട്ടികയിൽ മലയാളമടക്കം 22 ഭാഷകളെ ഔദ്യോഗിക ഭാഷകളായി ഉൾപ്പെടുത്തി.എന്നാൽ ഹിന്ദി മാത്രം ഔദ്യോഗികഭാഷയാക്കാൻ കേന്ദ്രം നീക്കം നടത്തുന്നു എന്ന്1965 ൽ തമിഴ്നാട്ടുകാർക്ക് തോന്നി. അന്ന് നടന്ന ഭാഷാസമരത്തിൽ 70 പേർക്ക് ജീവൻ നഷ്ടമായി. അതോടെ അവിടെ തിരിച്ചുവരാനാവാത്തവിധം കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്താവുകയും ചെയ്തു. ‘ഉടൽ മണ്ണുക്ക്, ഉയിർ തമിഴുക്ക് ‘തമിഴനെന്നു ശൊല്ലെ തലയുയർത്തി നില്ലെ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ തമിഴർ ഇന്നും ഉച്ചത്തിൽ വിളിക്കുന്നു.
മാതൃഭാഷാസ്നേഹം
നവോത്ഥാനകാലത്ത് മലയാളികളുടെയും മാതൃഭാഷാ സ്നേഹം ഉച്ചകോടിയിലായിരുന്നു. ആദ്യകാലത്തെ മിക്ക പത്രമാസികകളുടെയും പേരിൽ കേരളം എന്ന വാക്കോ മലയാളം എന്ന വാക്കോ കാണാം.കേരള സഞ്ചാരി ,കേരളപത്രിക, കേരളചന്ദ്രിക , കേരളകൗമുദി,മലയാള രാജ്യം, മലയാള പത്രിക, മലയാള നാട്, മലയാള മനോരമ എന്നിങ്ങനെ അവ നിരവധിയുണ്ടായിരുന്നു.
കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ എം എസ് ‘കേരളം: മലയാളികളുടെ മാതൃഭൂമി’ എന്ന ഗ്രന്ഥത്തിൽ ഭാഷാകാഴ്ചപ്പാട് ഇങ്ങനെ വ്യക്തമാക്കുന്നു: ‘‘ലോകത്തിലെ മറ്റൊരു ഭാഷയും പഠിക്കാതെ തന്നെ ഒരു മലയാളിക്ക് ഐൻസ്റ്റീനോ സി വി രാമനോ ആകാനുള്ള സൗകര്യമുണ്ടാകും വിധം മലയാളം വളർന്നേ പറ്റൂ’’. ഭരണഭാഷ മലയാളമാക്കുന്ന കാര്യം പഠിക്കാൻ കോമാട്ടിൽ അച്യുതമേനോൻ കമ്മിറ്റിയെ അദ്ദേഹം നിയോഗിച്ചു.
മലയാളത്തെ സ്നേഹിക്കാം
ഫ്രഞ്ചിന്റെയും ലാറ്റിന്റെയും ആധിപത്യത്തിനെതിരെ പോരാടിയാണ് ഇംഗ്ലണ്ടിൽപ്പോലും ഇംഗ്ലീഷ് ഭാഷ പ്രധാനസ്ഥാനം നേടിയത്. മിക്ക രാജ്യങ്ങളിലും മാതൃഭാഷയിലാണ് ഗവേഷണമുൾപ്പെടെ നടക്കുന്നത്. മൂന്നു ലക്ഷം പേർ സംസാരിക്കുന്ന ഐസ് ലൻഡ് ഭാഷയിലാണ് അവിടത്തെ എംബിബിഎസ് പഠനം. കാബൂൾ മെഡിക്കൽ കോളേജിൽ ധാരി ഭാഷയിൽ പഠനം നടക്കുന്നു. ചൈനക്കാരുടെ ഫെയ്സ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ഭാഷ ചൈനീസാണ്. ലോകത്തെ 7000 ഭാഷകളിൽ മാതൃഭാഷയെന്ന നിലയിൽ 26-ാം സ്ഥാനത്താണ് മൂന്നേമുക്കാൽ കോടി പേർ ഉപയോഗിക്കുന്ന മലയാളം. ഭരണഭാഷ മലയാളമാക്കാൻ കേരളാസർക്കാരും വലിയ ചുവടുവയ്പുകൾ നടത്തിയിട്ടുണ്ട്. എന്നിട്ടും മലയാളത്തോട് അവഗണന നിലനിൽക്കുന്നുണ്ട്. മാതൃഭാഷ കൈവെടിയാതെ നമുക്ക് മറ്റ് ഭാഷകൾ പഠിക്കാം.











0 comments