നെന്മാറ ഇരട്ടക്കൊല കേസ് : പ്രതി ചെന്താമരയുടെ സഹോദരൻ അടക്കം 3 സാക്ഷികൾ കോടതിയിൽ മൊഴി മാറ്റി

പാലക്കാട്: നെന്മാറ തിരുത്തമ്പാടം ബോയൻ കോളനിയിൽ ചെന്താമര (ചെന്താമരാക്ഷൻ–60) പ്രതിയായ ഇരട്ടക്കൊല കേസിലെ മൂന്ന് സാക്ഷികൾ കൂറുമാറി. പോത്തുണ്ടി തിരുത്തമ്പാടം സുധാകരൻ (55), സുധാകരന്റെ അമ്മ ലക്ഷ്‌മി (75) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ചെന്താമരയുടെ സഹോദരൻ രാധാകൃഷ്‌ണൻ, ഭാര്യ രമ, അയൽവാസി പൊന്നുക്കുട്ടി എന്നീ സാക്ഷികൾ കുറുമാറിയത്. നേരത്തെ 161 പ്രകാരം നൽകിയ മൊഴിയിൽനിന്നാണ് കുറുമാറിയത്. ഇതോടെ സാക്ഷികൾ കൂറമാറിയതായി പ്രോസിക്യൂട്ടർ എം ജെ വിജയകുമാർ കോടതിയെ അറിയിക്കുകയായിരുന്നു. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി ജഡ്‌ജി കെന്നത്ത് ജോർജ് സാക്ഷികൾ കൂറുമാറിയതായി പ്രഖ്യാപിച്ചു.
ഇരട്ടക്കൊലപാതകം ഉൾപ്പെടെ മൂന്ന് കൊലപാതകക്കേസിൽ പ്രതിയായ ചെന്താമരയെ ആദ്യ കൊലക്കേസിൽ ഇരട്ട ജീവപര്യന്തവും മൂന്നേകാൽ ലക്ഷം രൂപ പിഴയും കോടതി ശിക്ഷിച്ചിരുന്നു. അയൽവാസി സജിതയെ (35) കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. 2019 ആഗസ്‌ത് 31നാണ് കേസിനാസ്‌പദമായ സംഭവം. സജിതയെ ചെന്താമര വീട്ടിൽക്കയറി വെട്ടിക്കൊന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി സജിതയാണെന്ന് സംശയിച്ചായിരുന്നു കൊലപാതകം. കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ചെന്താമര 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരൻ, സുധാകരന്റെ അമ്മ ലക്ഷ്‌മി എന്നിവരെ വെട്ടിക്കൊന്നു എന്ന കേസിലാണ് ഇപ്പോൾ വിചാരണ നടക്കുന്നത്.










0 comments