സുഹൃത്തിനൊപ്പം താമസിക്കാനായി ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി; ആത്മഹത്യയെന്ന് വരുത്തി: ഭർത്താവ് പിടിയിൽ

മുംബൈ : കാമുകിക്കൊപ്പം കഴിയുന്നതിനായി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർത്ത ഭർത്താവ് പിടിയിൽ. മുംബൈയിലെ പവായിലാണ് സംഭവം. യുവതിയുടെ മരണത്തിന് ഒന്നര വർഷത്തിനു ശേഷമാണ് ഭർത്താവ് പിടിയിലാകുന്നത്. ഇയാൾക്കൊപ്പം മൂന്ന് പേർ കൂടി പിടിയിലായിട്ടുണ്ട്. മൂന്ന് തവണ ഇയാൾ ഭാര്യയെ കൊല്ലാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
40 വയസ്സുള്ള സഖാറാം ചൗധരി, കൂട്ടാളികളായ ശങ്കർ ഡാംഗി, ബാബു ഗയ്‌രി, ദിനേശ് ഗയ്‌രി എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ നാരംഗി ചൗധരിയെ (ഗീത ചൗധരി- 35) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുന്നതിന് 6.7 ലക്ഷം രൂപ നൽകിയാണ് സഖാറാം വാടകക്കൊലയാളികളെ നിയമിച്ചത്. നാരംഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സീലിംഗ് ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നു.
ചാണ്ടിവാലിയിലെ സംഘർഷ് നഗറിൽ താമസിക്കുന്ന സഖാറാം ഹാർഡ്‌വെയർ ഷോപ്പ് ഉടമയാണ്. ഇവർക്ക് 12 ഉം 5 ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. 2024 ഒക്ടോബർ 14 നാണ് സാക്കിനാകയിലെ സംഘർഷ് നഗറിലെ വീട്ടിലെ അടുക്കളയിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ നാരംഗിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യയാണെന്ന് സംശയിച്ച് പൊലീസ് അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചെങ്കിലും മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമായിരുന്നില്ല. ആത്മഹത്യയാണെന്ന് ഉറപ്പിച്ചതോടെ നാരംഗിയുടെ പിതാവ് മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. രണ്ടാമത്തെ പോസ്റ്റ്മോർട്ടത്തിലാണ് നാരംഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. തുടരന്വേഷണത്തിൽ സഖാറാമാണ് സൂത്രധാരനെന്നും മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കാനായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും വ്യക്തമായി.









0 comments