ad
Deshabhimani

കുത്താനുപയോഗിച്ച സ്ക്രൂഡ്രൈവർ കണ്ടെടുത്തു

കൂടൽ കൊലപാതകം : പ്രതി അനി റിമാൻഡിൽ

crime
വെബ് ഡെസ്ക്

Published on Aug 12, 2025, 08:21 PM | 2 min read

പത്തനംതിട്ട : കൂടലിൽ മദ്യപാനത്തിനിടെ സുഹൃത്തിന്റെ കുത്തേറ്റ്‌ 40കാരൻ മരിച്ച സംഭവത്തിൽ അയൽവാസി ആറ്റഴിക്കോട് പടിഞ്ഞാറ്റേതിൽ അനി (45) റിമാൻഡിൽ. കൂടൽ പുന്നമൂട് പയറ്റുകാല വീട്ടിൽ രാജൻ (40) ആണ്‌ കുത്തേറ്റ് മരിച്ചത്‌.


പിതൃസഹോദരി അമ്മിണിക്കൊപ്പമായിരുന്നു രാജൻ താമസിച്ചത്‌. അമ്മിണിയുടെ മൂത്തസഹോദരൻ കുട്ടിയുടെ മകനായ രാജൻ മൂന്നുവർഷമായി ഇവർക്കൊപ്പമാണ് താമസം. അയൽപക്കത്തെ വീട്ടിൽ കൂട്ടുകിടക്കാൻ പോയി തിങ്കൾ രാവിലെ മടങ്ങിയപ്പോളാണ്‌ രാജൻ ചോരയിൽ കുളിച്ചുകിടക്കുന്നത്‌ അമ്മിണി കണ്ടത്‌. ഇയാൾ അമ്മിണിക്കൊപ്പം താമസിക്കുന്നതിൽ പ്രതി അനിക്ക് വിരോധം ഉണ്ടായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. രാജൻ അവിവാഹിതനാണ്.


സംഭവ സ്ഥലത്ത് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്‌ദ്ധർ, ശാസ്ത്രീയ അന്വേഷണസംഘം തുടങ്ങിയവർ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ കുത്താൻ ഉപയോഗിച്ച സ്ക്രൂ ഡ്രൈവർ പൊലീസ് കണ്ടെത്തി. വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

10ന് രാത്രിയും പതിവുപോലെ അമ്മിണി അയൽപക്കത്തെ വീട്ടിൽ കൂട്ടുകിടക്കാൻ പോയി. പിറ്റേന്ന് രാവിലെ ആറുമണിയോടെ തിരികെയെത്തി രാജന് കാപ്പി കൊടുക്കാൻ വേണ്ടി കിടപ്പുമുറിയിൽ കയറുമ്പോഴാണ് ഇയാൾ രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. നിലവിളിച്ച്‌ മുറ്റത്തേക്കോടി ഇറങ്ങിയ അമ്മിണിയെകണ്ട്‌ അനി ഓടി വീട്ടിനുള്ളിൽ കയറി. തുടർന്ന് ഇവർ പിന്നാലെയെത്തി അനിയോട് കാര്യം തിരക്കി. രാജനുമായി രാത്രി വഴക്കുണ്ടായതായി പറഞ്ഞശേഷം ഇയാൾ പുറത്തേക്ക് പോയി. ഉടൻ അമ്മിണി കൂടൽ പൊലീസ് സ്റ്റേഷനിലെത്തി സംഭവമറിയിച്ചു. അയൽവാസിയായ പ്രതി സ്ഥിരമായി രാജനുമായും അമ്മിണിയുമായും വഴക്കിടാറുണ്ടായിരുന്നു. രാജനെ ഒപ്പം താമസിപ്പിക്കുന്നതിന്റെ പേരിലാണ്‌ മദ്യപിച്ചെത്തി വഴക്കിടാറുള്ളത്. അസഭ്യം വിളിയും പതിവാണ്. ഇരുവരും സുഹൃത്തുക്കളുമായിരുന്നു.

ഞായറാഴ്ചയും ഇരുവരും പ്രതിയുടെ വീട്ടിൽ വച്ച് ഒരുമിച്ച് മദ്യപിക്കുകയും, പിന്നീട് വഴക്കിലേർപ്പെടുകയും ചെയ്തു. ഇതിനിടെ പ്രതി സ്ക്രൂഡ്രൈവർ രാജന്റെ വയറിന്റെ ഇടതുഭാഗത്ത് കുത്തിക്കയറ്റി. മദ്യലഹരിയിലായിരുന്ന രാജൻ പിന്നീട്‌ വീട്ടിൽ പോയി കിടക്കുകയും രക്തം വാർന്ന്‌ മരിക്കുകയുമായിരുന്നു


കോന്നി ഡിവൈഎസ്പി എസ് അജയ്നാഥിന്റെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞുനടത്തിയ വ്യാപകമായ തെരച്ചിലിലിൽ തിങ്കൾ വൈകിട്ട്‌ പ്രതിയെ പിടികൂടി. ഇൻസ്പെക്ടർ സി എൽ സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home