കരമനയിൽ മധ്യവയസ്കന്റെ മരണം കൊലപാതകം; സഹതാമസക്കാരൻ അറസ്റ്റിൽ

ഒന്നര മാസമായി ശ്രീകണ്ഠൻ നായരുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു പ്രതിയായ രൂപക്
തിരുവനന്തപുരം: കരമനയിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ കൂടെ താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക് (35)നെ കരമന പൊലീസ് അറസ്റ്റ് ചെയ്തു.
കരമന പള്ളിത്താനം സ്വദേശി ശ്രീകണ്ഠൻ നായർ (55)നെ വ്യാഴാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. പോസ്റ്റ്മോർട്ടത്തിൽ വാരിയെല്ല് ഒടിഞ്ഞതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകമെന്ന നിഗമനത്തിലെത്തിയത്.
ഒന്നര മാസമായി ശ്രീകണ്ഠൻ നായരുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു പ്രതിയായ രൂപക്. പ്രതി വാങ്ങിവെച്ചിരുന്ന മദ്യം ശ്രീകണ്ഠൻ എടുത്ത് കുടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.
16-ാം തീയതി രാത്രിയിലാണ് സംഭവം നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പിറ്റേന്ന് പ്രതി തന്നെയാണ് പൊലീസിനെ വിവരമറിയിക്കുകയും ആംബുലൻസ് വിളിക്കുകയും ചെയ്തത്.
ഫോർട്ട് എസി പ്രദീപിന്റെ നേതൃത്വത്തിൽ നേമം സർക്കിൾ ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, കരമന എസ്ഐ അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.









0 comments