ad
Deshabhimani

സാമ്പത്തിക തർക്കം: പാലാരിവട്ടത്ത് കത്തിമുനയിൽ സ്ത്രീകളെ വിവസ്‌ത്രരാക്കി കവർച്ച; 6 പേർ പിടിയിൽ

jail new
വെബ് ഡെസ്ക്

Published on Sep 20, 2026, 08:39 AM | 1 min read

കൊച്ചി : നഗരമധ്യത്തിലെ വീട്ടിൽ കത്തിമുനയിൽ മൂന്ന്‌ സ്‌ത്രീകളെ വിവസ്‌ത്രരാക്കി കവർച്ച നടത്തിയ കേസിൽ ആറുപേർ കസ്‌റ്റഡിയിൽ. മൂന്ന്‌ മലയാളികളും മൂന്ന്‌ ഉത്തരേന്ത്യക്കാരുമാണ്‌ പിടിയിലായത്‌. മലയാളിയായ ഒരാൾകൂടി പ്രതിയാണ്‌. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. അടുത്തദിവസം തിരിച്ചറിയൽ പരേഡ്‌ നടത്തും. മലയാളികൾ അടങ്ങുന്ന അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ കവർച്ച നടത്താൻ ആറും ഏഴും പ്രതികൾ ഏൽപ്പിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.


പാലാരിവട്ടം സംസ്‌കാര ജങ്‌ഷനുസമീപം വ്യാഴം പുലർച്ചെയാണ്‌ അതിഥിത്തൊഴിലാളികൾ താമസിച്ച വാടകവീട്ടിൽ അതിക്രമിച്ചുകയറി പണവും മൊബൈൽഫോണുകളും സ്വർണാഭരണങ്ങളും കവർന്നത്‌. കവർച്ചയ്‌ക്കിടെ അക്രമികൾ മൂന്നു സ്‌ത്രീകളുടെ വസ്‌ത്രം ബലമായി അഴിച്ച്‌ സ്വർണമാലയും കമ്മലും കൈവശപ്പെടുത്തുകയുമായിരുന്നു.


പ്രതികളിൽനിന്ന്‌ ഏകദേശം 3,05,000 രൂപ വിലവരുന്ന 10 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. മോഷ്ടിക്കപ്പെട്ട 1.20 ലക്ഷം രൂപയിൽ കുറച്ച്‌ പണവും വീണ്ടെടുത്തു. സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതികൾ ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നു.


പിടിയിലായ അഞ്ചുപേർ ക്രിമിനൽക്കേസുകളിൽ പ്രതികളാണ്‌. അഞ്ച് പ്രതികളുടെ പങ്കാളിത്തമാണ് ആദ്യം അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് കുറ്റകൃത്യത്തിന്റെ ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്ന് കണ്ടെത്തിയ ഉത്തരേന്ത്യൻ സ്വദേശിയെയും മലയാളിയെയും പ്രതികളാക്കുകയായിരുന്നു.


കവർച്ചയ്‌ക്കുശേഷം പ്രതികൾ വിവിധ സ്ഥലങ്ങളിലേക്ക് പിരിഞ്ഞുപോയി. കോട്ടയം, പാലക്കാട്, കൊല്ലം എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതികളിലെ ഇതരസംസ്ഥാന തൊഴിലാളികൾ അസമിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായും കണ്ടെത്തി.


സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ പറയുന്നതിങ്ങനെ: ആറും ഏഴും പ്രതികളും കവർച്ചയ്‌ക്ക്‌ ഇരയായവരും നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിയമവിരുദ്ധ മസാജ്‌ പാർലറുകൾ നടത്തിയിരുന്നു. എട്ടുമാസംമുമ്പ് ഇവർക്കിടയിൽ ഏകദേശം രണ്ടുലക്ഷം രൂപയുടെ സാമ്പത്തിക തർക്കമുണ്ടായി. കവർച്ചയ്‌ക്ക്‌ ഇരയായവരിൽ ചിലർ പാലാരിവട്ടം പൈപ്പ്‌ലൈൻ റോഡിൽ വീണ്ടും നിയമവിരുദ്ധ മസാജ്‌ പാർലർ ആരംഭിച്ചു. തങ്ങൾക്ക് ലഭിക്കാനുള്ള തുക കിട്ടാനായി ആറും ഏഴും പ്രതികൾ കവർച്ച ആസൂത്രണം ചെയ്‌തു. തുടർന്ന്‌ അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ കവർച്ച നടത്താൻ ഏൽപ്പിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home