കലിഫോർണിയ കൊലപാതകം; യുവതികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും

കോട്ടയം : അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി(35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്നിൽ ആൻമേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ എട്ടോടെ നെടുമ്പാശ്ശേരിയിൽ എത്തിക്കുന്നത്.
ആഗസ്‌ത് 28നാണ് കേസിനാസ്പദമായ സംഭവം. ഇരുവരുടെയും സുഹൃത്തായ കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയാണ് കൊലപാതകത്തിന് പിന്നിൽ. അഞ്‌ജനയെ കാറിടിച്ചും ആനിനെ കുത്തിയും അനില കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ആനും അഞ്ജനയും അറസ്റ്റിലായ അനിലയും മുൻപ് കാലിഫോർണിയയിലെ മിൽപീറ്റസിലുള്ള അപ്പാർട്മെന്റുകളിൽ അടുത്തടുത്ത് താമസിച്ചിരുന്നവരാണ്. അഞ്ജനയും ആനും അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഓണാഘോഷത്തിലടക്കം സജീവമായി പങ്കെടുക്കുകയും അതിന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
പോസ്റ്റ്‌മോർട്ടം, എംബാം ചെയ്യൽ, വിദേശകാര്യ വകുപ്പുകളുടെ ഇമിഗ്രേഷൻ നടപടികൾ എന്നിവ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക് എത്തിക്കുന്നത്.
വിമാനത്താവളത്തിൽനിന്ന് ഏറ്റുവാങ്ങുന്ന അഞ്ജനയുടെ മൃതദേഹം തൃശൂരിലെ വസതിയിലെത്തിക്കും. ആൻ മേരിയുടെ മൃതദേഹം ഭർത്താവ് ജേക്കബി(മിഥുൻ)ന്റെ കുറിച്ചി പള്ളത്തറ വീട്ടിൽ എത്തിക്കും. ചൊവ്വാഴ്‌ച മിഥുന്റെ ഇടവകയായ പള്ളം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയിലാണ് സംസ്‌കാരം. ആൻഡ്രീന (10), അലീസ (5) എന്നിവരാണ് മക്കൾ.









0 comments