സിനിമയെ വെല്ലുന്ന ബാങ്ക് കൊള്ള! 15 മിനിറ്റിൽ നഷ്ടപ്പെട്ടത് 5 കോടിയുടെ സ്വർണ്ണവും 20 ലക്ഷം രൂപയും

സിസിടിവി ദൃശ്യങ്ങൾ
സിംഗ്രൗലി: മധ്യപ്രദേശിലെ സിംഗ്രൗലിയിൽ പട്ടാപ്പകൽ തോക്കുധാരികളായ അഞ്ചംഗ സംഘം ബാങ്ക് ഓഫ് മഹാരാഷ്ട്ര കൊള്ളയടിച്ചു. ജീവനക്കാരെ തോക്കിൻമുനയിൽ നിർത്തിയും മുകളിലേക്ക് വെടിയുതിർത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കവർച്ച. അഞ്ച് കോടിയുടെ സ്വർണ്ണവും 20 ലക്ഷം രൂപയുമായി സംഘം കടന്നുകളഞ്ഞു.
സിംഗ്രൗലിയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ശാഖയിൽ പട്ടാപ്പകലാണ് വൻ കവർച്ച നടന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ബൈക്കുകളിലെത്തിയ അഞ്ചംഗ സായുധ സംഘം വെറും 15 മിനിറ്റിനുള്ളിൽ അഞ്ച് കോടി രൂപയുടെ സ്വർണ്ണവും 20 ലക്ഷം രൂപയുമാണ് കവർന്നത്.
ഉച്ചയ്ക്ക് 12.50ഓടെ ബൈക്കുകളിലായി എത്തിയ സംഘത്തിലെ രണ്ടുപേർ ആദ്യം ബാങ്കിനുള്ളിൽ കയറുകയും തോക്കുചൂണ്ടി ജീവനക്കാരെയും ഇടപാടുകാരെയും ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തൊട്ടുപിന്നാലെ ബാക്കിയുള്ള മൂന്നുപേർ കൂടി അകത്തു കയറി. തടയാൻ ശ്രമിച്ച ജീവനക്കാരെ മർദിച്ച് കീഴ്പ്പെടുത്തി.
തുടർന്ന് ജീവനക്കാരിൽ നിന്ന് ക്യാഷ് കൗണ്ടറിന്റെയും ലോക്കറുകളുടെയും താക്കോലുകൾ ബലമായി വാങ്ങി മിനിറ്റുകൾക്കുള്ളിൽ കവർച്ച പൂർത്തിയാക്കി. പിന്നീട് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായി അക്രമിസംഘം മുകളിലേക്ക് വെടിയുതിർത്തു. 15 മിനിറ്റിനുള്ളിൽ കൃത്യം പൂർത്തിയാക്കി സംഘം ബൈക്കുകളിൽ തന്നെ രക്ഷപ്പെടുകയായിരുന്നു.
പ്രതികൾ ബാങ്കിൽ അതിക്രമിച്ച് കയറുന്നതും തോക്കുചൂണ്ടി പണം കവരുന്നതുമായ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.










0 comments