സ്വത്ത് വിൽക്കാൻ തയാറായില്ല; ഡൽഹി സർവകലാശാല അധ്യാപികയെ കൊലപ്പെടുത്തിയത് ദമ്പതികൾ

ന്യൂഡൽഹി: ഡൽഹി സർവകലാശാല അധ്യാപികയെ കൊലപ്പെടുത്തിയത് ദമ്പതികൾ എന്ന് കണ്ടെത്തൽ. സ്വത്ത് വിൽക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ദെബോസ്മിത പോൾ (49) ആണ് കൊല്ലപ്പെട്ടത്. കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്ടുമെന്റിലെ ഫ്ലാറ്റിൽ വച്ച് പശ്ചിമ ബംഗാളിലെ ബർദ്ധമാനിൽ നിന്നുള്ള ദമ്പതികളാണ് ദെബോസ്മിതയെ കൊലപ്പെടുത്തിയത്. ഇവരെ ബർദ്ധമാനിൽ എത്തി ഞായറാഴ്ച അറസ്റ്റ് ചെയ്തു.
ദെബോസ്മിതയുടെ ഉടമസ്ഥതയിലുള്ള ബർദ്ധമാനിലെ വസ്തു വാടകക്കാരായ ഈ ദമ്പതികൾക്ക് വിൽക്കാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഡൽഹിയിൽ എത്തിയ ദമ്പതികൾ, വാടക നൽകാനെന്ന വ്യാജേന ഫ്ലാറ്റിൽ പ്രവേശിക്കുകയായിരുന്നു. വസ്തു വിൽക്കാൻ വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ ദെബോസ്മിതയ്ക്ക് വസ്തു വിൽക്കാൻ താത്പര്യമുണ്ടായിരുന്നില്ല. ഇതോടെ രോഷാകുലരായ ദമ്പതികൾ ദെബോസ്മിതയെ കൊലപ്പെടുത്തി ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയുമായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ദെബോസ്മിതയെ ഫോണിൽ കിട്ടാതായതോടെ സഹോദരി ദേവരതി പോൾ അന്വേഷിച്ചെത്തി. അപ്പോഴാണ് ഫ്ലാറ്റ് പൂട്ടിയ നിലയിൽ കണ്ടത്. ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറി പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. ബലമായി അകത്തുകയറിയതിന്റെ ലക്ഷണങ്ങളില്ലാത്തതിനാൽ പ്രതികൾ ദെബോസ്മിതയെ മുൻപരിചയമുള്ളവരാണെന്ന് പൊലീസ് ആദ്യം തന്നെ തിരിച്ചറിഞ്ഞു. മോഷണശ്രമവും തള്ളിക്കളഞ്ഞു.
ഉച്ചയ്ക്ക് 1 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മുഖംമൂടി ധരിച്ച രണ്ട് പേർ ക്യാബിലെത്തി, ലിഫ്റ്റ് ഒഴിവാക്കി പടിക്കെട്ടുകളിലൂടെ ഫ്ലാറ്റിലേക്ക് പോകുന്നതിന്റെയും 30 മിനിറ്റിനുശേഷം തിരികെ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. ബിഎൻഎസ് സെക്ഷൻ 103(1) പ്രകാരം കൊലപാതകത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.










0 comments