നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയിൽ

പാലക്കാട്:നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് കസ്റ്റഡിയിൽ. പോത്തുണ്ടി മാട്ടായിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. നെന്മാറയിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം ചെന്താമര ഒളിവിൽ പോയിരുന്നു. അവശനിലയിൽ കണ്ടെത്തിയ ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷമാവും നെന്മാറ പൊലീസ് സ്റ്റേഷനിലെത്തിക്കുക.
പോത്തുണ്ടി മാട്ടായിയിൽ ഇയാളെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശം കേന്ദ്രീകരിച്ച് പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ഇതിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
നേരത്തെ തിരച്ചിൽ അവസാനിപ്പിച്ചതായി പൊലീസ് അറിയിച്ചിരുന്നു. പ്രതിക്ക് വിശപ്പ് സഹിക്കാനാവില്ലെന്ന് പൊലീസ് മനസിലാക്കിയിരുന്നു. പോത്തുണ്ടി മലയിൽ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് പ്രതിയുടെ വീടിൻ്റെ പിൻവശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാൾ നടന്നുവന്നത്. ഒളിച്ചിരുന്ന പൊലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു. പോത്തുണ്ടിക്കടുത്തുള്ള ആശുപത്രിയിലാണ് ഇയാളിപ്പോൾ ഉള്ളത്.
പൊലീസ് തിരച്ചിൽ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കി ഒളിയിടത്തിൽ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യം കൃത്യമായി ഫലം കാണുകയായിരുന്നു.
ഇന്ന് വൈകിട്ടോടെയാണ് 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മാട്ടായി മേഖലയിൽ ചെന്താമരയെ കണ്ടത്. ഇളയ സഹോദരിയുടെ വീട്ടിൽ സന്ദർശനം നടത്തി തിരിച്ചുപോകുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇയാൾ ഓടിയതോടെ പൊലീസും പിന്നാലെ എത്തി. ഇതിനിടെ സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം കുട്ടികളും ചെന്താമരയെ കണ്ടു. അത് ചെന്താമരയാണെന്നും പിടിക്കണമെന്നും പൊലീസ് വിളിച്ചുപറഞ്ഞതോടെ കുട്ടികളും പിന്നാലെ ഓടി. എന്നാൽ പ്രതിയെ പിടികൂടാനായില്ല. പിന്നാലെ നാട്ടുകാരും പരിശോധനയ്ക്ക് എത്തുകയായിരുന്നു.
പൊലീസ് സ്റ്റേഷന് സമീപം നാട്ടുകാർ പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തടിച്ചു കൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019-ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയതാണ്. ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.










0 comments