ആർജിസിബിയിൽ എംഎസ്‍സി ബയോടെക്നോളജി പഠിക്കാം; അപേക്ഷ ക്ഷണിച്ചു

പ്രതീകാത്മകചിത്രം
തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ബ്രിക്-ആർജിസിബി) 2026-28 അധ്യയന വർഷത്തേക്കുള്ള എംഎസ് സി ബയോടെക്നോളജി കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. GAT-B യോഗ്യതയുള്ള വിദ്യാർഥികളാണ് അപേക്ഷിക്കേണ്ടത്.
ഡിസീസ് ബയോളജി, ജനറ്റിക് എൻജിനിയറിങ് എന്നീ സ്പെഷ്യലൈസേഷനുകൾ ഉണ്ടായിരിക്കും. നാല് സെമസ്റ്ററുകളിലായി രണ്ട് വർഷമാണ് കോഴ്സ് കാലാവധി. രണ്ട് കോഴ്സുകളിലും പത്ത് വീതം സീറ്റുകളാണുള്ളത്. 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡിൽ കുറയാതെ യുജിസി മാനദണ്ഡപ്രകാരമുള്ള ലൈഫ് സയൻസ് അല്ലെങ്കിൽ മെഡിസിനിലെ ഏതെങ്കിലും ശാഖയിൽ ബാച്ചിലേഴ്സ് ബിരുദവും GAT-B സ്കോറുമുള്ളവർക്ക് അപേക്ഷിക്കാം. എസ്‍സി, എസ്‍ടി, ഒബിസി (നോൺ-ക്രീമിലെയർ), ഭിന്നശേഷി വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് മാർക്കിൽ അഞ്ച് ശതമാനം ഇളവ് ലഭിക്കും.
കോഴ്സിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ആദ്യ വർഷം 6000 രൂപയും രണ്ടാം വർഷം 8000 രൂപയും പ്രതിമാസം സ്റ്റൈപ്പൻഡ് ലഭിക്കും. ആർജിസിബി കാമ്പസിൽ ഹോസ്റ്റൽ താമസ സൗകര്യം ലഭ്യമാണ്. യോഗ്യതാ ബിരുദ കോഴ്സിൻറെ അവസാന വർഷ വിദ്യാർഥികൾക്ക് പ്രവേശന സമയത്ത് അവരുടെ ബിരുദ പ്രോഗ്രാമിൽ ആവശ്യമായ മാർക്ക് നേടിയതിൻറെ തെളിവ് ഹാജരാക്കി അപേക്ഷിക്കാൻ അർഹതയുണ്ട്.
ഓരോ വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള GAT-B കട്ട്-ഓഫ് റാങ്ക്/സ്കോർ അടിസ്ഥാനമാക്കിയായിരിക്കും വിദ്യാർഥികളുടെ അന്തിമ തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷയ്ക്കും മറ്റ് വിശദാംശങ്ങൾക്കും: https://rgcb.res.in/MSc2026/. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30.










0 comments