ശാസ്ത്രമേഖലയിൽ ഉന്നത പഠനം; തയ്യാറെടുക്കാം ‘ജെസ്റ്റ് 2026’ന്

പി കെ അൻവർ മുട്ടാഞ്ചേരി
Published on Feb 25, 2026, 12:00 PM | 2 min read
ശാസ്ത്രമേഖലയിൽ ഉന്നത പഠനത്തിനുള്ള ദേശീയതല പരീക്ഷയായ ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (JEST-2026) ഏപ്രിൽ 12ന് നടക്കും. ഫിസിക്സ്, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ് എന്നിവയിലാണ് പരീക്ഷ. ഐസർ തിരുപ്പതിക്കാണ് പരീക്ഷാ ചുമതല. ജസ്റ്റ് 2028 ഫലം പ്രഖ്യാപിക്കുന്നതുവരെയാണ് സ്‌കോറിന്റെ കാലാവധി.
പ്രോഗ്രാമുകൾ
വിവിധ ദേശീയ സ്ഥാപനങ്ങളിൽ ഫിസിക്‌സിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി, എംഎസ്‌സി പ്രോഗ്രാമുകൾ, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി, കംപ്യൂട്ടേഷനൽ ബയോളജിയിൽ പിഎച്ച്ഡി എന്നിവയുടെ പ്രവേശനത്തിനാണ് ജെസ്റ്റ് സ്‌കോർ പരിഗണിക്കുന്നത്.
സ്ഥാപനങ്ങൾ
ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സർവേഷണൽ സയൻസസ് നൈനിറ്റാൾ, ബോസ് ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത, ഹരീഷ് ചന്ദ്ര റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രയാഗ് രാജ്, ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മുംബൈ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്‌സ് ബംഗളുരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളുരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം, ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് കൽപ്പാക്കം, ബെർ ഹാംപുർ–ഭോപ്പാൽ–കൊൽക്കത്ത–മൊഹാലി–പുണെ–തിരുവനന്തപുരം–തിരുപ്പതി എന്നിവിടങ്ങളിലെ ഐസർ, ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസ് ബംഗളുരു, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സ് പുണെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് ഭുവനേശ്വർ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്‌മ റിസർച്ച് ഗാന്ധിനഗർ, നാഷണൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്‌സ് പുണെ, നൈസർ ഭുവനേശ്വർ, ഫിസിക്കൽ റിസർച്ച് ലബോറട്ടറി അഹമ്മദാബാദ്, രാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ഇൻഡോർ, രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളുരു, സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്‌സ് കൊൽക്കത്ത, സത്യേന്ദ്രനാഥ് ബോസ് നാഷണൽ സെന്റർ ഫോർ ബേസിക് സയൻസസ് കൊൽക്കത്ത, ടിഐഎഫ്ആർ മുംബൈ, ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് ചെന്നൈ, ടിഐഎഫ്ആർ സെന്റർ ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസസ് ഹൈദരാബാദ്, യുജിസി -ഡിഎഇ കൺസോർഷ്യം ഫോർ സയന്റിഫിക് റിസർച്ച് ഇൻഡോർ, വേരിയബിൾ എനർജി സൈക്ലോട്രോൺ സെന്റർ കൊൽക്കത്ത എന്നിവയാണ് പ്രധാന സ്ഥാപനങ്ങൾ.
യോഗ്യത
യോഗ്യതയുടെ കാര്യത്തിൽ, പ്രവേശനം നേടുന്ന സ്ഥാപനങ്ങൾ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ഫിസിക്സ്, മാത്തമാറ്റിക്സ്, അപ്ലൈഡ് ഫിസിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, ഓപ്ടിക്സ് ആൻഡ് ഫോട്ടോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഇലക്‌ട്രോണിക്സ്, അസ്ട്രോണമി, എൻജിനിയറിങ് ഫിസിക്സ്, കെമിസ്ട്രി, ബയോഫിസിക്സ്, ബയോകെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിൽ എംഎസ്‌സി, ബിടെക് എൻജിനിയറിങ് ഫിസിക്സ്, എംഇ/ എംടെക് ഇൻ അപ്ലൈഡ് ഫിസിക്സ്/ എൻജിനിയറിങ് തുടങ്ങിയ യോഗ്യതകളിലൊന്നുള്ളവർക്ക് വിവിധ സ്ഥാപനങ്ങളിൽ ഫിസിക്സിൽ പിഎച്ച്ഡിക്ക് അപേക്ഷിക്കാം.
വിവിധ ബ്രാഞ്ചുകളിൽ എംഇ/എംടെക്/ബിടെക്/എംസിഎ യോഗ്യതയുള്ളവർക്ക് തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടേഷണൽ ബയോളജി എന്നിവയിൽ പിഎച്ച്ഡിക്ക് അവസരമുണ്ട്. എംഎസ്‌സ്‌സി (ഫിസിക്സ്/മാത്തമാറ്റിക്സ്)/ബിഇ/ബിടെക്/എംസിഎ ആണ് ന്യൂറോ സയൻസിൽ പിഎച്ച്ഡിയുടെ യോഗ്യത. ഫിസിക്സിൽ ഇന്റഗ്രേറ്റഡ് എംഎസ്‌സി/എംടെക് പിഎച്ച്ഡി പ്രോഗ്രാമിന് വിവിധ സയൻസ്/ എൻജിനിയറിങ് ബിരുദം വേണം.
ബിഎസ്‌സി/ബിഇ/ബിടെക്/എംസിഎ/അനുബന്ധയോഗ്യതയോടൊപ്പം കംപ്യൂട്ടർ സയൻസിന്റെ മാത്തമാറ്റിക്കൽ വശങ്ങളിൽ താൽപര്യവുമുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസ് (IMSc)ൽ തിയററ്റിക്കൽ കംപ്യൂട്ടർ സയൻസിൽ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമിന് അപേക്ഷിക്കാം. കൂടാതെ ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിൽ ഇന്റഗ്രേറ്റഡ് എംടെക് പിഎച്ച്ഡി, ഐസറിന്റെ കൊൽക്കത്ത, തിരുവനന്തപുരം കാമ്പസുകളിൽ ഇന്റഗ്രേറ്റഡ് പിഎച്ച്ഡി, ഹരീഷ് ചന്ദ്ര റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എംഎസ്‌സി തുടങ്ങിയ പ്രോഗ്രാമുകൾക്കും ജസ്റ്റ് വഴി പ്രവേശനം നേടാം. വിശദാംശങ്ങൾക്ക് അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റ് പരിശോധിക്കാം.
പരീക്ഷ
ജെസ്റ്റ് വഴി വ്യത്യസ്‌ത വിഷയങ്ങളിൽ ഉപരിപഠനം സാധ്യമാണെങ്കിലും ഫിസിക്സ്, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ് എന്നീ രണ്ട് പേപ്പറുകളിൽ മാത്രമാണ് പരീക്ഷ. ഒരാൾക്ക് ഇവയിൽ ഒന്ന് മാത്രമേ എഴുതാൻ സാധിക്കുകയുള്ളൂ. ഒരു വിഷയത്തിലെ പിഎച്ച്ഡിക്കും ഇന്റഗ്രേറ്റഡ് പിഎച്ച്ഡിക്കും എംഎസ്‌സിക്കും പൊതുവായ പരീക്ഷയാണ്. എത്ര തവണ വേണമെങ്കിലും ജെസ്റ്റ് എഴുതാം. പ്രായപരിധിയില്ല. എന്നാൽ, പ്രവേശനത്തിന് സ്ഥാപനങ്ങൾ പ്രായനിബന്ധന വച്ചേക്കാം.
മൂന്ന് മണിക്കൂർ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. മൂന്ന് ഭാഗങ്ങൾ അടങ്ങിയ പരീക്ഷയ്ക്ക് പരമാവധി നൂറു മാർക്ക്. മാതൃകാ ചോദ്യങ്ങൾ വെബ്സൈറ്റിലുണ്ട്. കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാം. അപേക്ഷ ഉടൻ സ്വീകരിച്ചു തുടങ്ങും. 1200 രൂപയാണ് ഫീസ്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 600 രൂപ മതി. വിവരങ്ങൾക്ക്: www.jest.org.in










0 comments