ദേശീയപാത അതോറിറ്റിയിൽ സമ്മർ ഇന്റേൺഷിപ്പ്; പ്രതിമാസം 20,000 രൂപ സ്റ്റൈപ്പൻഡ്, ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തുടനീളമുള്ള വിവിധ പ്രോജക്റ്റുകളിൽ വിദ്യാർത്ഥികൾക്കായി രണ്ടുമാസത്തെ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപ സ്റ്റൈപ്പൻഡും ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എൻഎച്ച്എഐയുടെ ഔദ്യോഗിക ഇന്റേൺഷിപ്പ് പോർട്ടലായ internshipsatnhai.digitalindiacorporation.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മെയ് 4 മുതൽ ജൂലൈ 5 വരെയാണ് ഇന്റേൺഷിപ്പ് കാലാവധി.
സിവിൽ എഞ്ചിനീയറിംഗ് മാത്രമല്ല, ഐടി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്, ഡാറ്റ സയൻസ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ സാങ്കേതിക വിഭാഗങ്ങളിലുള്ളവർക്കും അപേക്ഷിക്കാം.
കൂടാതെ എൽഎൽബി, കൊമേഴ്സ്, സയൻസ്, മാനേജ്‌മെന്റ്, മാസ് കമ്മ്യൂണിക്കേഷൻ, ലൈബ്രറി സയൻസ് എന്നീ നോൺ-ടെക്നിക്കൽ വിഷയങ്ങളിൽ പഠിക്കുന്നവർക്കും അവസരമുണ്ട്. പ്രമുഖ എൻഐആർഎഫ് റാങ്കിംഗ് ഉള്ള സ്ഥാപനങ്ങൾ, പ്രമുഖ ലോ സർവകലാശാലകൾ, മാനേജ്‌മെന്റ് സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കാണ് മുൻഗണന.
വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷ നൽകിയ ശേഷം ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപേക്ഷകൾ പരിശോധിച്ച് അംഗീകരിക്കണം. ഇൻസ്റ്റിറ്റ്യൂട്ടുകൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രോജക്റ്റുകളുടെ ലഭ്യതയും മുൻഗണനയും അനുസരിച്ചായിരിക്കും എൻഎച്ച്എഐ ഇന്റേണുകളെ നിയോഗിക്കുക.
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ പ്രായോഗിക പരിചയം നേടാൻ ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ നടന്ന വിന്റർ ഇന്റേൺഷിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.










0 comments