കിലയിൽ 4 വർഷ ബിഎ ഓണേഴ്‌സ്

കില കോളേജ് ഓഫ് ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസിൽ നാലുവർഷ ബിഎ ഓണേഴ്‌സ് പ്രോഗ്രാമുകളിലേക്ക് 12 വരെ അപേക്ഷിക്കാം. തൃശൂർ കില ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയറ്റ് ചെയ്തിട്ടുള്ള റൂറൽ ഡവലപ്പ്‌മെന്റ് ആന്റ് ഗവേണൻസ്, ജെൻഡർ ആൻഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഹയർ സെക്കൻഡറി പരീക്ഷയോ അതിന് തത്തുല്യമായ പരീക്ഷകളോ വിജയിച്ചവർക്ക് അപേക്ഷിക്കാം. കലിക്കറ്റ് സർവകലാശാലയുടെ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
കോഴ്‌സുകൾ
ബിഎ ജെൻഡർ ആൻഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്: ജെൻഡർ അസമത്വങ്ങളുടെ വ്യത്യസ്ത സ്വഭാവങ്ങൾ ആഗോള സമൂഹത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പഠിക്കാൻ ഈ കോഴ്‌സ് സഹായിക്കും. നയരൂപീകരണ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ, സർക്കാരിതര വികസന ഏജൻസികൾ എന്നിവിടങ്ങളിൽ പോളിസി റിസർച്ചർ, ജെൻഡർ സ്‌പെഷ്യലിസ്റ്റ്, കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ, ജെൻഡർ പ്രോജക്ടുകളിൽ പ്രോഗ്രാം ഓഫീസർ/കോ ഓർഡിനേറ്റർ തുടങ്ങിയ കരിയർ അവസരങ്ങൾക്ക് സാധ്യതയുണ്ട്. ഉപരിപഠനവും ആവാം.
ബിഎ റൂറൽ ഡെവലപ്‌മെന്റ് ആൻഡ് ഗവേണൻസ്: ഗ്രാമീണ സംരംഭകത്വം, മൈക്രോ ഫിനാൻസ്, പ്രകൃതിവിഭവ മാനേജ്മെന്റ്, ഗ്രാമഭരണം, ആരോഗ്യ-വിദ്യാഭ്യാസം, കൃഷി വികസനം, സാമൂഹികനീതി, ഭരണപരമായ ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളിൽ പഠിക്കാനും, ഗവേഷണരീതിശാസ്ത്രം, കേസ് സ്റ്റഡികൾ, നയ വിശകലനങ്ങൾ എന്നിവയിലൂടെ ഗ്രാമവികസനത്തിന്റെ വിവിധ സൂചികകൾ വിശദമായി മനസ്സിലാക്കാനും കോഴ്സ് സഹായിക്കും.
ഗ്രാമവികസന മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ-സർക്കാരിതര, സാമൂഹിക സംഘടനകൾ, പ്രാദേശിക ഭരണസ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, നയ രൂപീകരണ ഏജൻസികൾ, റൂറൽ ടെക്നോളജി സെന്ററുകൾ എന്നിവിടങ്ങളിൽ ഗ്രാമവികസന ഓഫീസർ, ഫീൽഡ് കോ ഓർഡിനേറ്റർ, പദ്ധതിപ്രവർത്തകൻ, പോളിസി അനലിസ്റ്റ്, സമൂഹ വികസന പ്രവർത്തകൻ തുടങ്ങിയനിലകളിൽ തൊഴിൽ അവസരങ്ങൾ ലഭ്യമാണ്. വിവരങ്ങൾക്ക്: htts://admission.uoc.ac.in ,- https://cdlg.kila.ac.in. ഫോൺ:- 0487 -2207403.










0 comments