ഹോമിയോ, ആയുർവേദ പിജി കോഴ്സ്: സംവരണ ആനുകൂല്യ സർട്ടിഫിക്കറ്റുകൾ മുൻകൂറായി വാങ്ങി വയ്ക്കണം

തിരുവനന്തപുരം: ബിരുദാനന്തര ബിരുദ ഹോമിയോ, ആയുർവേദ കോഴ്സുകളിലേക്കുള്ള പരീക്ഷാ, പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികളും സംവരണ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷയോടൊപ്പം തന്നെ കാറ്റഗറി, സംവരണം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ നിശ്ചിത തീയതിക്കകം ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. ബന്ധപ്പെട്ട അധികാരികളിൽനിന്ന് ഇൗ സർട്ടിഫിക്കറ്റുകൾ മുൻകൂറായി വാങ്ങി വയ്‌ക്കണം.
1. വില്ലേജ് ഓഫീസറിൽനിന്നുള്ള കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് (സാമൂഹികവും, വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന (എസ്‌ഇബിസി) വിഭാഗക്കാരും, മറ്റർഹ സമുദായങ്ങളിൽപ്പെട്ട (ഒഇസി) വിദ്യാർഥികളും)
2. തഹസിൽദാറിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് (എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക്)
3. വില്ലേജ് ഓഫീസർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ് (നോൺ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടാത്ത ഒഇസി വിഭാഗക്കാർ)
4. വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് (എസ്‌സി, എസ്‌ടി,ഒഇസി വിഭാഗക്കാർക്ക് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങൾ, സ്‌കോളർഷിപ് എന്നിവ ലഭിക്കുന്നതിനായി)
5. മറ്റർഹസമുദായത്തിൽപ്പെട്ട വിദ്യാർഥികൾ വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് ജാതി/നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും, വരുമാന സർട്ടിഫിക്കറ്റും ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങണം
6. മിശ്ര വിവാഹിതരുടെ മക്കൾക്ക് (എസ്‌ഇബിസി, ഒഇസി) ഫീസാനുകൂല്യം ലഭിക്കുന്നതിന് വില്ലേജ് ഓഫീസിൽ നിന്നു നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങണം. എന്നാൽ മിശ്രവിവാഹിതരിൽ ഒരാൾ എസ്‌സി, എസ്‌ടി വിഭാഗത്തിൽപ്പെട്ടയാളാണെങ്കിൽ അവരുടെ മക്കൾക്ക് എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കു ലഭ്യമാകുന്ന ഫീസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് തഹസിൽദാർ നൽകുന്ന മിശ്രവിവാഹ സർട്ടിഫിക്കറ്റ് വാങ്ങണം,
7. വില്ലേജ് ഓഫീസർ നൽകുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (സ്‌കൂൾ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റിൽ ജനന സ്ഥലം രേഖപ്പെടുത്താത്തവർക്ക് മാത്രം), 8. വില്ലേജ് ഓഫീസർ നൽകുന്ന ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാരായ വിദ്യാർഥികൾ). ഫോൺ : 0471 2332120, 2338487.










0 comments