കളിച്ചു പഠിക്കാം

പ്രതീകാത്മക ചിത്രം
രാജേഷ് എസ് വള്ളിക്കോട്
Published on Jun 11, 2026, 12:01 AM | 3 min read
ലോകം കാൽപ്പന്തുകളിയുടെ ആവേശത്തിലാണ്. നമ്മളും കാത്തിരിക്കുകയാണല്ലോ മെെതാനങ്ങളിലെ മിന്നൽ നീക്കങ്ങൾക്കായി. ആർപ്പുവിളികൾ ,ആരവങ്ങൾ, ഗോൾ മഴകൾ. ചുറ്റിലും ഫുട്ബോളിന്റെ താളം. ഓരോ വിഷയത്തിലെയും പാഠങ്ങൾ പഠിക്കുമ്പോൾ ആ അറിവുകളെ ഫുട്ബോൾ ലോകവുമായി എങ്ങനെ രസകരമായി കോർത്തിണക്കാം എന്ന് നമുക്കൊന്ന് നോക്കിയാലോ? പത്താം ക്ലാസിലെ പാഠങ്ങൾ പഠിക്കുന്ന സമയത്ത് ഒത്തുനോക്കാൻ ഇതാ ഒരു വഴികാട്ടി.
മസിൽ കയറിയാലോ?
അതികഠിനമായ വ്യായാമങ്ങൾ ചെയ്യുമ്പോൾ ശരീരത്തിൽ നടക്കുന്ന ‘എയ്റോബിക്', ‘അനെയ്‌റോബിക്' പ്രവർത്തനങ്ങളെക്കുറിച്ച് കായിക വിദ്യാഭ്യാസത്തിന്റെ വ്യായാമവും ശരീര നിയന്ത്രണവും എന്ന അധ്യായത്തിൽ പറയുന്നുണ്ട്.
കളിക്കാർ 90 മിനിറ്റും ഒരേ ആവേശത്തോടെ ഓടുമ്പോൾ ചില നേരത്ത് മസിൽ കയറി വേദനകൊണ്ട് പുളയുന്നത് കണ്ടിട്ടില്ലേ? കഠിനമായി അധ്വാനിക്കുമ്പോൾ പേശികളിലേക്ക് ആവശ്യത്തിന് ഓക്സിജൻ കിട്ടാതെ വരുന്നതാണ് ഇതിന് കാരണം. ഈ സമയത്ത് പേശികളിൽ ‘ലാക്റ്റിക് ആസിഡ്' അടിഞ്ഞുകൂടുകയും അത് കഠിനമായ വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
അടുത്ത മത്സരം കാണുമ്പോൾ കളിക്കാരുടെ ശരീരഭാഷ ശ്രദ്ധിക്കൂ. അവർ എങ്ങനെ ക്ഷീണിക്കുന്നു എന്ന് നോക്കി ഒരു ചെറിയ കുറിപ്പ് തയ്യാറാക്കാമല്ലോ?
പെനാൽറ്റിയലെ ബയോളജി
ബയോളജിയിലെ ‘അറിവിന്റെ വാതായനങ്ങൾ' എന്ന രണ്ടാമത്തെ യൂണിറ്റിൽ , നമ്മുടെ ശരീരത്തിലെ സന്ദേശങ്ങളുടെ കൈമാറ്റത്തെക്കുറിച്ചും നാഡീവ്യൂഹത്തെക്കുറിച്ചും പഠിക്കാനുണ്ട്. കണ്ണ് കാണുന്ന ഒരു കാഴ്ച എങ്ങനെയാണ് മസ്തിഷ്കത്തിൽ എത്തുന്നത് എന്ന് ആ പാഠം വിവരിക്കുന്നു.
ഇത് പഠിക്കുമ്പോൾ ഒരു പെനാൽറ്റി കിക്ക് തടയുന്ന ഗോൾകീപ്പറെ ഓർത്തുനോക്കൂ! വളരെ വേഗത്തിൽ ഗോൾകീപ്പർക്ക് പന്തിന്റെ ദിശ മനസിലാക്കാനും ചാടി വീഴാനും സാധിക്കുന്നത് ഈ നാഡീ-പേശീ ഏകോപനം കൊണ്ടാണ്. പന്ത് ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് ഗോൾകീപ്പർ ഒരു നിമിഷംകൊണ്ട് തിരിച്ചറിയുന്നു. ഉടൻ തന്നെ ശരീരം അതിനനുസരിച്ച് പ്രതികരിക്കുകയുംചെയ്യുന്നു.
പന്തിന്റെ ഊർജതന്ത്രം
‘വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ' എന്ന ഒന്നാം യൂണിറ്റ് പഠിക്കുമ്പോൾ, പ്രപഞ്ചത്തിലെ ഏറ്റവും പ്രധാനപ്പെട്ട ‘ഊർജസംരക്ഷണ നിയമം' ഊർജം ഇല്ലാതാകുകയോ പുതുതായി ഉണ്ടാകുകയോ ചെയ്യുന്നില്ല. അത് ഒരു രൂപത്തിൽനിന്ന് മറ്റൊരു രൂപത്തിലേക്ക് മാറുന്നു.
പെനാൽറ്റി എടുക്കാൻ പന്ത് നിലത്ത് അനക്കാതെ വെച്ചിരിക്കുമ്പോൾ അതിൽ ‘സ്ഥിതികോർജം' (Potential Energy) അടങ്ങിയിട്ടുണ്ട്. എന്നാൽ ഒരു കളിക്കാരൻ വന്ന് പന്തിനെ ശക്തമായി തൊഴിക്കുമ്പോൾ പന്ത് വേഗത്തിൽ മുന്നോട്ട് പായുന്നു. ഇവിടെ പന്തിന് ‘ചലനോർജം' (Kinetic Energy) കിട്ടുകയാണ് ചെയ്യുന്നത്. യഥാർഥത്തിൽ, കളിക്കാരൻ കഴിച്ച ആഹാരത്തിൽ നിന്നുള്ള രാസോർജമാണ് പന്തിന്റെ ചലനോർജമായി രൂപം മാറിയത്. ഇങ്ങനെ ഊർജം ഒരു രൂപത്തിൽനിന്ന് മറ്റൊരു രൂപത്തിലേക്ക് മാറുന്നതാണ് പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങൾക്ക് പിന്നിലും. ഈ പാഠം പഠിക്കുമ്പോൾ, ഫുട്ബോളിലെ ‘ഊർജപരിവർത്തനം' ഒരു ഉദാഹരണമായി എടുത്ത് നിങ്ങൾക്ക് ക്ലാസിൽ ചർച്ച നടത്താം.
സാധ്യതകളുടെ ഗണിതം
ഗണിതത്തിലെ ‘സാധ്യതകളുടെ ഗണിതം' എന്ന അഞ്ചാം യൂണിറ്റും ഭാഗം രണ്ടിലെ ‘സ്ഥിതിവിവരക്കണക്കുകൾ' എന്ന പതിനൊന്നാം യൂണിറ്റും പഠിക്കുമ്പോൾ സാധ്യതകളെ സംഖ്യകൾകൊണ്ട് അളക്കാനാണ് പഠിക്കുന്നത് . ഈ പാഠം പഠിക്കുമ്പോൾ നമുക്കിത് ഫുട്ബോളിലേക്ക് പ്രയോഗിക്കാം!
കളി തുടങ്ങുന്നതിന് തൊട്ടുമുമ്പ് റഫറി നാണയം മുകളിലേക്ക് ഇടുമ്പോൾ , ഏത് ടീമിനാണ് ടോസ് ലഭിക്കുക? രണ്ട് ടീമിനും തുല്യസാധ്യതയാണുള്ളത്, അതായത് പകുതി സാധ്യത . പെനാൽറ്റി കിക്ക് എത്ര തവണ ഗോളായി മാറിയിട്ടുണ്ട് എന്ന കണക്ക് നോക്കി അതിന്റെ സാധ്യത കണക്കാക്കാൻ ശ്രമിക്കണം . ഒപ്പം ഓരോ ടീമും മുമ്പ് കളിച്ച കളികളിലെ ഗോളുകളുടെ എണ്ണവും പോയിന്റുകളും ശേഖരിക്കണം . അതിനെ അടിസ്ഥാനമാക്കി ഈ വർഷം ഏത് ടീം ജയിക്കുമെന്ന് നിങ്ങൾക്കും പ്രവചിക്കാം . പ്രവചനങ്ങൾ എല്ലാം കാറ്റിൽ പറത്തുന്ന കളിയാണ് ഫുട്ബോൾ എന്നുകൂടി ഓർക്കണേ.
സമയത്തിന്റെ സാമൂഹ്യശാസ്ത്രംFootball learning
സാമൂഹ്യശാസ്ത്രം II-ലെ ‘ഋതുഭേദങ്ങളും സമയവും' എന്ന ഒന്നാം യൂണിറ്റ് , ഭൂമി കറങ്ങുന്നതിനെക്കുറിച്ചും ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കി ലോകത്ത് സമയമേഖലകൾ തിരിച്ചിരിക്കുന്നതിനെക്കുറിച്ചും വിശദമായി പഠിക്കുന്നുണ്ട്. രേഖാംശങ്ങൾ മാറുന്നതനുസരിച്ച് സമയം കണക്കാക്കുന്ന പട്ടികകളും ആ പാഠത്തിലുണ്ട്.
ഈ പാഠം പഠിക്കുമ്പോൾ വലിയൊരു സംശയം തീർക്കാം! വിദേശത്ത് രാത്രി നടക്കുന്ന ലോകകപ്പ് മത്സരം ലൈവ് ആയി നമ്മൾ ഇന്ത്യയിൽ കാണുമ്പോൾ ഇവിടെ എന്തുകൊണ്ടാണ് വൈകുന്നേരമോ ഉച്ചയോ ആകുന്നത്? കളി നടക്കുന്ന രാജ്യത്തെ രേഖാംശ സ്ഥാനവും ഇന്ത്യയുടെ രേഖാംശ സ്ഥാനവും തമ്മിലുള്ള വ്യത്യാസം നോക്കി, പാഠപുസ്തകത്തിലെ സൂത്രവാക്യം ഉപയോഗിച്ച് കളി നടക്കുന്ന കൃത്യമായ ഇന്ത്യൻ സമയം (IST) നിങ്ങൾക്ക് സ്വയം കണക്കാക്കാം.
ഭൂപട വായന
‘ഭൂപടവായന' എന്ന യൂണിറ്റ് പഠിക്കുമ്പോൾ, കംപ്യൂട്ടറിലെ QGIS സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ ഭൂപടങ്ങൾ നിർമിക്കാനും അതിൽ കൂട്ടിച്ചേർക്കൽ വരുത്താനും പഠിക്കും. ലോകകപ്പിൽ പങ്കെടുക്കുന്ന ബ്രസീൽ, അർജന്റീന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ലോകഭൂപടത്തിൽ എവിടെയാണെന്ന് QGIS സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ നമുക്ക് കണ്ടെത്താം. ഇത് ഉപയോഗിച്ച് ലോകകപ്പ് നടക്കുന്ന നഗരങ്ങൾ , സ്‌റ്റേഡിയങ്ങൾ എന്നിവ ഭൂപടത്തിൽ അടയാളപ്പെടുത്താം. അങ്ങനെ ലോകഭൂപടം പഠിക്കുന്നതും കൂടുതൽ രസകരമാകും.










0 comments