സിവിൽ സർവീസ് പരീക്ഷ: കാഴ്ച പരിമിതർക്ക് വേണ്ടി 'സ്‌ക്രീൻ റീഡർ' സോഫ്റ്റ്‌വെയറുമായി യുപിഎസ്‌സി

ന്യൂഡൽഹി: കാഴ്ച പരിമിതിയുള്ള ഉദ്യോഗാർത്ഥികൾക്കായി പരീക്ഷാ കേന്ദ്രങ്ങളിൽ 'സ്‌ക്രീൻ റീഡർ' സോഫ്റ്റ്‌വെയർ എപ്പെടുത്താനൊരുങ്ങി യുപിഎസ്‌സി. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയ ശേഷം അടുത്ത വർഷത്തെ പരീക്ഷാ സൈക്കിൾ മുതൽ ഈ സംവിധാനം നടപ്പിലാക്കാനാണ് സാധ്യത.
കാഴ്ചയില്ലാത്തവർക്കും കാഴ്ചക്കുറവുള്ളവർക്കും സിവിൽ സർവീസ് പരീക്ഷകളിൽ മതിയായ അവസരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് യുപിഎസ്‌സി ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
സ്‌ക്രീൻ റീഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരീക്ഷകൾ നടത്താൻ ആവശ്യമായ സാങ്കേതിക സൗകര്യങ്ങളും സോഫ്റ്റ്‌വെയർ ലഭ്യതയും ഉറപ്പാക്കിയ ശേഷം ഉടൻ തന്നെ ഈ സൗകര്യം വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്ന് യുപിഎസ്‌സി കൗൺസൽ കോടതിയെ അറിയിച്ചു.
രാജ്യത്തുടനീളം പരീക്ഷകൾ നടത്താൻ സ്വന്തമായി അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സംസ്ഥാന സർക്കാരുകൾ, ജില്ലാ അധികാരികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയെയാണ് യുപിഎസ്‌സി പൂർണ്ണമായും ആശ്രയിക്കുന്നത്.
ഈ സാഹചര്യത്തിൽ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും എത്രയും വേഗം ഈ സൗകര്യം ഉറപ്പാക്കാൻ കോർഡിനേറ്റിങ് സൂപ്പർവൈസർമാർക്ക് (ജില്ലാ കളക്ടർമാർ/മജിസ്‌ട്രേറ്റുമാർ) യുപിഎസ്‌സി നിർദ്ദേശം നൽകിയിട്ടുണ്ട്.
കാഴ്ച പരിമിതിയുള്ളവർക്കായുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ കമ്പ്യൂട്ടർ ലാബുകൾ പരീക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുമോ എന്നും യുപിഎസ്‌സി അന്വേഷിക്കുന്നുണ്ട്.









0 comments