print edition സായുധ പൊലീസ് സേനകളിൽ 1167 സബ് ഇൻസ്പെക്ടർ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലെ (CAPF) വിവിധ സേനാവിഭാഗങ്ങളിലേക്ക് സബ് ഇൻസ്പെക്ടർ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF), സശസ്ത്ര സീമ ബൽ (SSB), ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ITBP) എന്നീ സേനകളിലായി ആകെ 1167 ഒഴിവുണ്ട്. ഐടിബിപിയിൽ 430, സിആർപിഎഫിൽ 377 (പുരുഷന്മാർ 347, സ്ത്രീകൾ 30), ബിഎസ്എഫിൽ 235 ഒഴിവുകളും (പുരുഷന്മാർ 223, സ്ത്രീകൾ 12), എസ്എസ്ബിയിൽ 125 ഒഴിവുകളുമാണുള്ളത്. ബോർഡർ സെക്യൂരിറ്റി ഫോഴ്സാണ് റിക്രൂട്ട്മെന്റ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.
തിരഞ്ഞെടുക്കുന്നവർക്ക് 35,400 രൂപ മുതൽ 1,12,400 രൂപ വരെയുള്ള ശമ്പള സ്കെയിലിൽ (പേ മാട്രിക്സ് ലെവൽ 6) ഇന്ത്യയിലുടനീളമുള്ള വിവിധ യൂണിറ്റുകളിലായിരിക്കും നിയമനം ലഭിക്കുക. ഇന്ത്യയിലുടനീളം സേവനമനുഷ്ഠിക്കുന്ന അർഹരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാമെങ്കിലും, ഇത് ലിമിറ്റഡ് ഡിപ്പാർട്ട്മെന്റൽ കോമ്പറ്റിറ്റീവ് പരീക്ഷ (LDCE) ആയതിനാൽ പൊതുജനങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല. നിലവിൽ ബിഎസ്എഫ്, സിആർപിഎഫ്, ഐടിബിപി എന്നിവയിൽ കോൺസ്റ്റബിൾ (GD), ഹെഡ് കോൺസ്റ്റബിൾ (GD), എഎസ്ഐ (GD), കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികകളിലും എസ്എസ്ബിയിൽ എഎസ്ഐ (GD) തസ്തികയിലും ജോലി ചെയ്യുന്നവർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
അംഗീകൃത സർവകലാശാല ബിരുദവും അടിസ്ഥാന പരിശീലനം ഉൾപ്പെടെ നാല് വർഷത്തെ റഗുലർ സർവീസുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർക്ക് കഴിഞ്ഞ അഞ്ച് വർഷത്തെ APAR ഗ്രേഡിങ്ങിൽ കുറഞ്ഞത് 'Good' ഉണ്ടായിരിക്കുകയും മികച്ച സർവീസ് റെക്കോർഡും SHAPE-I മെഡിക്കൽ കാറ്റഗറിയും ഉണ്ടായിരിക്കുകയും വേണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയായ ഡിസംബർ 31 അടിസ്ഥാനമാക്കി 32 വയസ്സാണ് ഉയർന്ന പ്രായപരിധി. നിയമാനുസൃത ഇളവ് ലഭിക്കും.
200 മാർക്കിന്റെ കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, രേഖകളുടെ പരിശോധന, വിശദ വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷയ്ക്കായി രാജ്യത്തുടനീളം 30 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ ചെന്നൈയിലെ ആവഡി സിആർപിഎഫ് ക്യാമ്പ്, ബംഗളൂരുവിലെ യെലഹങ്ക ബിഎസ്എഫ് ക്യാമ്പ് എന്നിവയാണ് പ്രധാന പരീക്ഷാകേന്ദ്രങ്ങൾ.
അപേക്ഷാഫീസ് സംബന്ധിച്ച കൃത്യമായ തുക വിജ്ഞാപനത്തിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ല. mha.gov.in വഴി ഡിസംബർ 31 വരെ അപേക്ഷിക്കാം.








0 comments