സർട്ടിഫിക്കേഷൻ പ്രോഗ്രാം; ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും ഐബിഎം ടെക്നോളജീസും കൈകോർക്കുന്നു

തിരുവനന്തപുരം : ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഐബിഎം പാർട്ണർ ട്രാൻസ് ന്യൂറോൺ ടെക്നോളജീസുമായി ധാരണാപത്രം ഒപ്പുവെച്ചു. ആഗോള ടെക് ഭീമനായ ഐ.ബി.എമ്മിന്റെ വ്യവസായാധിഷ്ഠിത എമർജിംഗ് ടെക്നോളജി സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ സർവകലാശാല വഴി ലഭ്യമാക്കുന്നതിനാണ് പങ്കാളിത്തം.
വിവിധ മേഖലകളിൽ തൊഴിൽ സാധ്യതകൾ ഉറപ്പാക്കുന്ന 10 പ്രോഗ്രാമുകളാണ് ലഭ്യമാകുന്നത്: പരിശീലനം, നൂതനാശയങ്ങൾ, വ്യവസായ പങ്കാളിത്തം എന്നിവയുടെ കേന്ദ്രമായി പ്രവർത്തിക്കുന്നതിനായി ഐബിഎമ്മുമായി ചേർന്ന് സർവകലാശാലയിൽ ഒരു സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കാൻ പദ്ധതിയുണ്ട്. വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ പാഠ്യപദ്ധതി, മികച്ച ഡിജിറ്റൽ പഠന സൗകര്യങ്ങൾ, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സർട്ടിഫിക്കേഷനുകൾ എന്നിവ പഠിതാക്കൾക്ക് ലഭിക്കും.
ഹയർ എഡ്യൂക്കേഷൻ കൗൺസിൽ ആസ്ഥാനത്ത് ബുധൻ ഉച്ചക്ക് 2.30 ന്, കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർപേഴ്സൺ, പ്രൊഫ. അച്യുത്ശങ്കർ എസ് നായർ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. ജഗതി രാജ് വി പി, ഹയർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറി, ഡോ. ബി. അശോക് എന്നിവരുടെ സാന്നിധ്യത്തിൽ രജിസ്ട്രാർ പ്രൊഫ. (ഡോ.) അഭിലാഷ് ബാബു, ട്രാൻസ് ന്യൂറോൺ ടെക്നോളജീസിനെ പ്രതിനിധീകരിച്ച് ശിവം ശർമ്മ, സി.ഇ. ഒ, ട്രാൻസ് ന്യൂറോൺ ടെക്നോളജീസ് ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. യൂണിവേഴ്സിറ്റി ഫിനാൻസ് കമീഷൻ ചെയർപേഴ്സൺ പ്രൊഫ. ബി. ആൽവിൻ പ്രകാശ്, ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. ആബിദ ഫറൂക്കി, സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ഷിനു ജി. എസ്, അജിതകുമാരി, ഡോ. എസ്. ജയപ്രകാശ്, ശ്രീനിവാസൻ എം കെ, ജോയൽ ജോൺ ജോസഫ്., പരീക്ഷാ കൺട്രോളർ പ്രൊഫ. ഡോ. അനന്ത രശ്മി എസ്., സൈബർ കൺട്രോളർ ബിജുമോൻ ടി, പി ആർ ഒ ശാലിനി കെ എസ്, സെക്ഷൻ ഓഫീസർ റോബിൻ സേവ്യർ, എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
കേരളത്തിലെ ഐ. ടി, വിജ്ഞാന വ്യവസായ മേഖലകൾക്ക് ആവശ്യമായ മികച്ച പ്രതിഭകളെ സംസ്ഥാനത്തുതന്നെ വളർത്തിയെടുക്കാനും, മുഖ്യധാരാ ഉന്നതവിദ്യാഭ്യാസത്തോടൊപ്പം നൈപുണ്യ വികസനം സംയോജിപ്പിക്കാനും സംരംഭം മാതൃകയാകും. വിവിധ പ്രായത്തിലുള്ളവർക്കും വിവിധ തൊഴിൽ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വിദ്യാർഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.








0 comments