സ്കോൾ കേരള: ഡിസിഎ പരീക്ഷ ജൂൺ 20ന് ആരംഭിക്കും

തിരുവനന്തപുരം : സ്‌കോൾ കേരള- നടത്തുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ) കോഴ്സ് 11–ാം ബാച്ചിന്റെ പൊതു പരീക്ഷ ജൂൺ 20ന് ആരംഭിക്കും. പ്രായോഗിക പരീക്ഷ ജൂൺ 20, 21, 27, 28 തീയതികളിലും തിയറി പരീക്ഷ ജൂലൈ 5, 11, 12, 19 തീയതികളിലും അതത് പഠനകേന്ദ്രങ്ങളിൽ നടക്കും. പരീക്ഷാഫീസ് പിഴ കൂടാതെ മെയ് 4 മുതൽ 16 വരെയും 20 രൂപ പിഴയോടെ മെയ് 17 മുതൽ 26 വരെയും സ്‌കോൾ കേരള വെബ്സൈറ്റ് മുഖേന അടയ്ക്കാം. 900 രൂപയാണ് പരീക്ഷാ ഫീസ്.
ഫീസ് അടയ്ക്കാനായി ഡിസിഎ പഠിതാക്കൾക്ക് അനുവദിച്ച് നൽകിയിട്ടുള്ള യൂസർനെയിം (ആപ്ലിക്കേഷൻ നമ്പർ), പാസ്‌വേഡ് (ജനന തീയതി) ഉപയോഗിച്ച് സ്‌കോൾ കേരളയുടെ വെബ്സൈറ്റിലെ സ്റ്റുഡന്റ് ലോഗിനിൽ ‘എക്സാം ഫീ പേയ്മെന്റ്' ലിങ്ക് വഴി തുക അടയ്ക്കാം.
സ്‌കോൾ കേരള വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുത്ത അപേക്ഷാഫോം പൂരിപ്പിച്ച്, ഫീസ് ഒടുക്കിയ ഓൺലൈൻ രസീത്, സ്‌കോൾ കേരള അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം പഠനകേന്ദ്രം പ്രിൻസിപ്പൽമാർക്ക് സമർപ്പിക്കണം. ഇന്റേണൽ പരീക്ഷയ്ക്ക് 40 ശതമാനം മാർക്കും സമ്പർക്ക ക്ലാസിൽ പങ്കെടുത്ത 75 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. വിവരങ്ങൾക്ക്: www.scolekerala.org, ഫോൺ: 0471-2342950, 2342271.









0 comments