സ്വന്തക്കാരെ കുത്തിനിറക്കാൻ ശ്രമം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സ്വയംഭരണ സ്ഥാപനമായ സംസ്ഥാന കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ്‌ലോങ് എഡ്യുക്കേഷനിലെ (സ്കോൾ- കേരള) സുപ്രധാന തസ്തികകളിലെ യോഗ്യതാ മാനദണ്ഡങ്ങൾ വെട്ടിക്കുറച്ച് സർക്കാർ ഉത്തരവ്. വെെസ് ചെയർമാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികകളിലേക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ വെട്ടിച്ചുരുക്കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ഇരു തസ്തികകളിലേക്കും പിഎച്ച്ഡി വേണമെന്ന യോഗ്യത മാനദണ്ഡമാണ് ഒഴിവാക്കിയത്. പകരം ബിരുദാനന്തര ബിരുദവും അധ്യാപന പരിചയവും യോഗ്യതയാക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയർമാനായ സെലക്ഷൻ കമ്മിറ്റിയാണ് യോഗ്യതകൾ വെട്ടിച്ചുരുക്കിയത്.
സ്വന്തക്കാരെ സ്കോൾ- കേരളയിൽ കുത്തിനിറക്കാൻ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നടപടി. നേരത്തെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി ഷഫീറിന് അനധികൃത നിയമനം നൽകിയത് വിവാദമായിരുന്നു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ മാനേജ്‌മെന്റ് ആൻഡ് ട്രെയിനിങ്ങിൽ (സീമാറ്റ്) റിസർച്ച് ഓഫീസർ ആയാണ് നിയമനം നൽകിയത്. തസ്തികയ്ക്ക് ആധാരമായ നിർബന്ധിത യോഗ്യതയായ പിഎച്ച്ഡി പോലും ഇല്ലാത്തയാളെ നിയമിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നു. പിന്നാലെ ഷാനി ഷഫീർ സീമാറ്റിലെ റിസർച്ച് ഓഫീസർ പദവി രാജിവെക്കുകയും ചെയ്തു.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതുമുതൽ ബന്ധുനിയമനങ്ങൾ വ്യാപകമാണ്. മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവിന്റെ അടുത്ത ബന്ധുവിനെ സ്പഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വിവാദമായിരുന്നു. മുമ്പ് വൈദ്യുതമന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ് തന്റെ അളിയനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു.








0 comments