വീട്ടിൽ പോയിട്ടില്ല, ഇന്റർവ്യൂ നൽകി: വിദ്വേഷ യൂടൂബർക്കൊപ്പം എം കെ മുനീർ; കൈയോടെ തൂക്കി സോഷ്യൽമീഡിയ

തിരുവനന്തപുരം: സമൂഹത്തിൽ ഭിന്നിപ്പും വിദ്വേഷവും പ്രചരിപ്പിച്ച് മുസ്ലീം മതവിശ്വാസികൾക്കെതിരെ നിരന്തരം വിഷപ്രചരണം നടത്തുന്ന യൂടൂബർ ഷാജൻ സ്കറിയയുമായി ബന്ധമില്ലെന്ന് വാദിച്ച ലീഗ് നേതാവ് എം കെ മുനീറിനെ കൈയോടെ തൂക്കി സോഷ്യൽമീഡിയ. ഷാജൻ സ്കറിയയുടെ മറുനാടൻ മലയാളി യൂട്യൂബിൽ മുനീർ നൽകിയ അഭിമുഖമാണ് വീണ്ടും ചർച്ചയാവുന്നത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ താൻ വിദ്വേഷ പ്രചാരകന്റെ വീട്ടിൽ പോയെന്ന രീതിയിലുള്ള പ്രചാരണങ്ങൾ തള്ളി എം കെ മുനീർ രംഗത്തെത്തിയിരുന്നു. തനിക്ക് അസുഖമായിരുന്ന സമയത്ത് അദ്ദേഹം തന്റെ വീട്ടിലേക്ക് വരികയായിരുന്നും വീട്ടിൽ വരുന്നവരെ പടിയടച്ച് പിണ്ഡം വെക്കുന്ന പരിപാടിയൊന്നും തങ്ങളുടെ തറവാട്ടിലില്ലെന്നുമാണ് മുനീർ പറഞ്ഞത്. വിദ്വേഷം ഏത് രീതിയിൽ ആര് പറഞ്ഞാലും അത് വിദ്വേഷം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് മുനീറും വിദ്വേഷ യൂടൂബറും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയായത്.
'അസുഖമായിരുന്ന വേറെ ഏതെങ്കിലും ലീഗ് നേതാക്കളുമായി ഷാജന് ഈ ബന്ധം ഇല്ലല്ലോ', 'ഷാജൻ സ്കറിയ പെട്ടെന്നൊരു സുപ്രഭാതത്തിൽ വലിഞ്ഞുകയറി മുനീർ സാഹിബിനെ കാണാൻ വന്നതല്ല. ഈ ബന്ധത്തിന് പിന്നിൽ അതിന്റേതായ പഴയ ചരിത്രമുണ്ട്' എന്നിങ്ങനെ തുടങ്ങിയ കുറിപ്പുകളോടെ ഇരുവരും ഒരുമിച്ചുള്ള അഭിമുഖത്തിന്റെ ചിത്രവും വീഡിയോയും സോഷ്യൽ മീഡിയിൽ ആളുകൾ പങ്കുവെച്ചു. ഷാജൻ അങ്ങോട്ട് പോയതാണോ, മുനീർ ഇങ്ങോട്ട് വന്നതാണോ എന്നതല്ല ഇവിടുത്തെ പ്രധാന വിഷയമെന്നും വർഗീയ വിദ്വേഷ യൂട്യൂബറുമായി മുനീറിന് എന്താണ് ബന്ധമെന്നതാണ് ചോദ്യമെന്നും കുറിപ്പുകളിൽ പറയുന്നു. രണ്ട് വർഷം മുമ്പ് 2024 മെയ് മാസത്തിലാണ് എം കെ മുനീർ ഷാജൻ സ്കറിയ്ക്ക് അഭിമുഖം നൽകിയത്.
ലീഗ് നേതാക്കൾ മാത്രമല്ല, യുഡിഎഫ് മന്ത്രിസഭയിലെ ഭൂരിഭാഗം പേരും ഷാജൻ സ്കറിയയുടെ ഉറ്റതോഴരാണ്. ഷാജന്റെ അച്ഛൻ മരിച്ചപ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ സി പി ജോൺ, സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, എം ലിജു, കെ മുരളീധരൻ തുടങ്ങി കോൺഗ്രസ് നേതാക്കൾ നേരിട്ട് വീട്ടിലെത്തിയിരുന്നു. വ്യാജ യൂട്യൂബ് ചാനലുകളെ എങ്ങനെ നിയന്ത്രിക്കണമെന്നത് പരിശോധിച്ച് കുറിപ്പ് നൽകണമെന്ന് സർക്കാർ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷാജൻ സ്കറിയ ഈ അടുത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഒരു യുഡിഎഫ് നേതാവ് പോലും പ്രതികരിച്ചിട്ടില്ല. ഇതിനെല്ലാമെതിരെ മുസ്ലീംലീഗിൽ വലിയ പ്രതിഷേധം ഉയരുമ്പോള്‍, മുതിർന്ന നേതാവും വിദ്വേഷ യൂടൂബറും തമ്മിലുള്ള ബന്ധം ലീഗിന് തലവേദനയാവുകയാണ്.








0 comments