Deshabhimani

ഇരുട്ടടിയുടെ പത്താണ്ട്: നോട്ട് നിരോധനം ജനതയെ തെരുവിലാക്കിയ മോദി സർക്കാരിന്റെ സാമ്പത്തിക വിഡ്ഢിത്തം

monetisation
വെബ് ഡെസ്ക്

Published on Nov 08, 2026, 02:36 PM | 2 min read

തിരുവനന്തപുരം: 2016 നവംബർ 8ന് രാത്രിയാണ് രാജ്യത്തെ നടുക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപമുണ്ടായത്. 500ന്റെയും 1000ന്റെയും നോട്ടുകൾ ഒറ്റരാത്രികൊണ്ട് പിൻവലിക്കുന്നു. ഒറ്റ രാത്രികൊണ്ട് തകർന്നുവീണത് ഒരു വലിയ ജനതയുടെ ജീവിത പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്നു. കള്ളപ്പണവും വ്യാജനോട്ടും അപ്രത്യക്ഷമാകും, ഭീകരവാദം അവസാനിക്കും എന്നൊക്കെയുള്ള അതിശയോക്തി കലർന്ന വാഗ്ദാനങ്ങൾ നൽകിയാണ് സാമ്പത്തിക പരീക്ഷണത്തിന് കേന്ദ്ര സർക്കാർ തുടക്കമിട്ടത്. എന്നാൽ, പത്തു വർഷങ്ങൾക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ, നോട്ടുനിരോധനം ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക ദുരന്തവും സാധാരണക്കാരോട് കാണിച്ച കടുംകൈയുമായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നു.


ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന്റെ ആണിക്കല്ലായ അസംഘടിത മേഖലയെ നോട്ടുനിരോധനം എന്ന ഒറ്റമൂലി പൂർണമായും തകർത്തുതരിപ്പണമാക്കി. കൂലിവേലക്കാർ, ചെറുകിട വ്യാപാരികൾ, കർഷകർ, തെരുവ് കച്ചവടക്കാർ എന്നിവരെല്ലാം പണലഭ്യതയില്ലാതെ പട്ടിണിയിലായി. കയ്യിൽ പണമില്ലാത്തതിനാൽ നിർമാണ മേഖല നിശ്ചലമായി, ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങേണ്ടിവന്നു.


നോട്ടുനിരോധനത്തിന്റെ ഏറ്റവും ഭയാനകമായ ചിത്രം ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ തടിച്ചുകൂടിയ നിസ്സഹായരായ മനുഷ്യരുടേതായിരുന്നു. സ്വന്തമായി വിയർപ്പൊഴുക്കി സമ്പാദിച്ച തുക സ്വന്തം ആവശ്യത്തിന് പിൻവലിക്കാൻ വരിനിന്ന പാവപ്പെട്ട സാധാരണക്കാർ അക്ഷരാർഥത്തിൽ തെരുവിൽ കഷ്ടപ്പെടുകയായിരുന്നു. വെയിലത്തും മഴയത്തും മണിക്കൂറുകളോളം ക്യൂ നിന്ന് നിരവധി മനുഷ്യരാണ് ജീവൻ വെടിഞ്ഞത്.


മകളുടെ വിവാഹം നടത്താൻ പണമില്ലാതെ ആത്മഹത്യ ചെയ്ത പിതാക്കന്മാർ, ചികിത്സയ്ക്ക് സമയത്തിന് പണം നൽകാനാകാതെ ശ്വാസമറ്റ രോഗികൾ, പെൻഷൻ തുക കൈപ്പറ്റാൻ വരിനിന്ന് കുഴഞ്ഞുവീണ വയോധികർ... ഇവരായിരുന്നു നോട്ടുനിരോധനത്തിന്റെ യഥാർഥ ഇരകൾ. തങ്ങളുടെ കയ്യിലുള്ള നിസ്സാരമായ തുക മാറ്റിയെടുക്കാൻ സാധാരണക്കാർ നെട്ടോട്ടമോടിയപ്പോൾ, കള്ളപ്പണക്കാർ പിൻവാതിലിലൂടെ തങ്ങളുടെ പണം സുരക്ഷിതമാക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.


കാർഷിക മേഖലയിലുണ്ടായ തകർച്ച വിവരണാതീതമായിരുന്നു. ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെയും വിത്തുകളും വളവും വാങ്ങാൻ പണമില്ലാതെയും കർഷകർ തെരുവിലിറങ്ങി. പരമ്പരാഗത വ്യവസായങ്ങളും ചെറുകിട-ഇടത്തരം സംരംഭങ്ങളും പൂട്ടിപ്പോയി. ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നങ്ങളാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതായത്.


നോട്ട്‌ നിരോധനത്തിന്‌ മൂന്നു സാമ്പത്തിക ലക്ഷ്യങ്ങളുണ്ടെന്നായിരുന്നു വീമ്പുപറച്ചിൽ. കള്ളപ്പണം പൂർണമായും ഇല്ലാതാക്കുക, കള്ളനോട്ടുകൾ പൂർണമായും നിർമാർജനം ചെയ്യുക, ഡിജിറ്റൽ ഇടപാടുകളിലൂടെ കാഷ്‌ലെസ്‌ സമ്പദ്‌ഘടന സൃഷ്‌ടിക്കുക എന്നിവ. കണക്കിൽപ്പെടാത്ത കള്ളപ്പണവും കള്ളനോട്ടും ഉപയോഗിച്ചാണ്‌ തീവ്രവാദികൾ രാജ്യത്തെ അസ്ഥിരമാക്കാൻ ശ്രമിക്കുന്നതെന്നും ഇവ രണ്ടും തടയുന്നതോടെ രാജ്യം തീവ്രവാദ ഭീഷണിയിൽനിന്ന്‌ മുക്തമാകുമെന്നും മോദി വാദിച്ചു. നോട്ട്‌ നിരോധനം വഴി നാലുലക്ഷം കോടി രൂപയുടെയെങ്കിലും കള്ളപ്പണം ഇല്ലാതാക്കാൻ കഴിയുമെന്നായിരുന്നു സർക്കാർ വാദം. പ്രധാനമന്ത്രിയുടെ എല്ലാ അവകാശവാദങ്ങളും അസ്ഥാനത്താക്കിക്കൊണ്ട്‌ നിരോധിക്കപ്പെട്ട 500, 1000 കറൻസികളിൽ 99 ശതമാനത്തിലേറെയും അതായത്‌ 15.41 ലക്ഷം കോടി രൂപയുടെ കറൻസി നിരോധിച്ചപ്പോൾ 15.31 ലക്ഷം കോടി രൂപ തിരിച്ച്‌ റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലെത്തി. നോട്ട്‌ നിരോധനത്തിന്റെ പ്രാഥമിക ലക്ഷ്യംതന്നെ അങ്ങനെ പാളി.


നോട്ടുനിരോധനം കൊണ്ട് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടതായി പറഞ്ഞ ഒരു കാര്യം പോലും നടപ്പിലായില്ല എന്നതാണ് യാഥാർഥ്യം. കള്ളപ്പണം വ്യവസ്ഥാപിത മാർ​ഗത്തിലൂടെ വെളുപ്പിച്ചെടുക്കാൻ കള്ളപ്പണക്കാർക്ക് അവസരമൊരുക്കുകയായിരുന്നു. 500 രൂപ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ പുറത്തിറക്കിയെങ്കിലും1000 രൂപയുടെ നോട്ടുകൾ നിരോധിക്കുകയും പകരം 2000ത്തിന്റെ നോട്ടുകൾ പുറത്തിറക്കുകയുമായിരുന്നു. പിന്നീട് 2023 മെയ് മാസത്തിൽ 2000 രൂപയുടെ നോട്ടുകളും നിർത്തലാക്കി.


തെറ്റായ നയങ്ങൾ മൂലം ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ വർഷങ്ങളോളം പിന്നോട്ടടിച്ചതിന് പ്രധാനമന്ത്രിയോ കേന്ദ്ര ഭരണാധികാരികളോ ഇതുവരെ രാജ്യത്തോട് മാപ്പ് പറയാൻ തയ്യാറായിട്ടില്ല. നോട്ടുനിരോധനത്തിന്റെ പത്താം വാർഷികത്തിൽ രാജ്യം ഓർക്കുന്നത് ഭരണകൂടത്തിന്റെ ദൂരക്കാഴ്ചയില്ലാത്ത തീരുമാനങ്ങൾ സൃഷ്ടിച്ച ദുരന്തങ്ങളെയും, സ്വന്തം അധ്വാനത്തിന്റെ ഫലം കൈപ്പറ്റാൻ തെരുവിൽ ക്യൂ നിന്ന് മരിച്ച സാധു മനുഷ്യരെയുമാണ്.




















deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home