Deshabhimani

മോദി ഭരണത്തിൽ പൂട്ടിയത് ഒരു ലക്ഷത്തോളം സർക്കാർ സ്കൂളുകൾ; പ്രതിഷേധവുമായി എസ്എഫ്ഐ

School.jpg
വെബ് ഡെസ്ക്

Published on Nov 08, 2026, 02:15 PM | 1 min read

ന്യൂഡൽഹി: മോദി സർക്കാർ അധികാരത്തിലേറിയ ശേഷം രാജ്യത്ത് പൂട്ടിയത് ഒരു ലക്ഷത്തോളം സർക്കാർ സ്കൂളുകൾ. 94,000-ത്തോളം സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുകയോ അടുത്ത സ്കൂളുകളുമായി ലയിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.


നിതി ആയോഗിന്റെയും പാർലമെന്ററി കണക്കുകളുടെയും അടിസ്ഥാനത്തിൽ, 2014-15 മുതൽ 2024-25 വരെയുള്ള പത്തുവർഷത്തിനിടയിൽ രാജ്യത്താകെ 94,000-ത്തിലധികം സർക്കാർ സ്കൂളുകൾ പൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. അതായത് ദിവസേന ഏകദേശം 25 സ്കൂളുകൾ എന്ന നിരക്കിലാണ് ഇവ ഇല്ലാതായിരിക്കുന്നത്.


രാജ്യത്ത് വിദ്യാർത്ഥികളുടെ കുറവുമൂലമോ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതുമൂലമോ സർക്കാർ സ്കൂളുകൾ പൂട്ടുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് എസ്എഫ്ഐയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇതിനെതിരെ കേന്ദ്രവിദ്യാഭ്യാസമന്ത്രാലയത്തിലേക്ക് എസ്എഫ്ഐ മാർച്ച് സംഘടിപ്പിച്ചു. സ്കൂൾ ബചാവോ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ ക്യാമ്പയിൻ ആണ് എസ്എഫ്ഐ ആരംഭിച്ചിരിക്കുന്നത്.


ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്തെ 25,000-ത്തിലധികം വരുന്ന പ്രാഥമിക വിദ്യാലയങ്ങൾ വിദ്യാർത്ഥികളുടെ എണ്ണം കുറവാണെന്ന കാരണത്താൽ പൂട്ടാനോ സമീപത്തെ സ്കൂളുകളുമായി ലയിപ്പിക്കാനോ നീക്കം നടത്തുന്നുണ്ട്. ഇതിനെതിരെ "ലഖ്‌നൗ ചലോ" എന്നപേരിൽ എസ്എഫ്ഐ ക്യാമ്പയിൻ നടത്തിവരികയാണ്.


രാജസ്ഥാനിൽ 190 ഓളം സ്കൂളുകൾ പൂട്ടുന്നതിനെതിരെ എസ്എഫ്ഐ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മഹാരാഷ്ട്രയിലും ഗ്രാമീണ മേഖലകളിലെ സർക്കാർ സ്കൂളുകൾ പൂട്ടുന്നതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ "സ്കൂൾ തീക് കരോ" ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ്.


വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവൽക്കരണ അജണ്ടയുടെ ഭാഗമായാണ് സർക്കാർ സ്കൂളുകൾ പൂട്ടുന്നതെന്നും ഇതിനെതിരെ യാതൊരു നടപടിയും സംസ്ഥാന സർക്കാരുകളോ കേന്ദ്രസർക്കാരോ സ്വീകരിക്കുന്നില്ലെന്നും എസ്എഫ്ഐ പറഞ്ഞു.


സ്കൂളുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവുകൾ പിൻവലിക്കുക, അധ്യാപക ഒഴിവുകൾ നികത്തുക, പൊതുവിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം വർദ്ധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് വരും ദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home