എസ്ബിഐ പ്ലാറ്റിനം ജൂബിലി ആശാ സ്‌കോളർഷിപ്

സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷൻ നൽകുന്ന എസ്ബിഐ പ്ലാറ്റിനം ജൂബിലി ആശാ സ്‌കോളർഷിപ് 2026ന് ഇപ്പോൾ അപേക്ഷിക്കാം.
ആർക്കൊക്കെ
ഒമ്പതാംക്ലാസ് മുതൽ ബിരുദാനന്തര ബിരുദംവരെയുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. മെഡിക്കൽ (എംബിബിഎസ്), ഐഐടി, ഐഐഎം വിദ്യാർഥികൾ, വിദേശത്ത് മാസ്റ്റേഴ്സ് പ്രോഗ്രാമിന് പഠിക്കുന്നവർ എന്നിവർക്കും അപേക്ഷിക്കാം. നാക് അക്രഡിറ്റേഷനുള്ള പ്രമുഖ സ്ഥാപനങ്ങളിലെ വിദ്യാർഥികളെയും സ്‌കോളർഷിപ്പിന് പരിഗണിക്കാറുണ്ട്. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ആദ്യ 200-ൽ ഉൾപ്പെട്ടിരിക്കുന്ന വിദേശ സർവകലാശാലകളിൽ ബിരുദാനന്തര ബിരുദത്തിനോ അതിനുമുകളിലോ ഉള്ള പ്രോഗ്രാമുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
50 ശതമാനം പെൺകുട്ടികൾക്ക്
സ്കൂൾ വിദ്യാർഥികൾക്ക് പ്രതിവർഷം 15,000 രൂപയാണ് സ്‌കോളർഷിപ് തുക. ബിരുദ വിദ്യാർഥികൾക്ക് 75000, ബിരുദാനന്തര വിദ്യാർഥികൾക്ക് ഒന്നരലക്ഷം, എംബിബിഎസ്, ഐഐടി വിദ്യാർഥികൾക്ക് രണ്ടുലക്ഷം, ഐഐഎം വിദ്യാർഥികൾക്ക് അഞ്ചുലക്ഷം, വിദേശത്ത് മാസ്റ്റേഴ്സ് പഠനത്തിന് 15 ലക്ഷം വീതവും പ്രതിവർഷം ലഭിക്കും. 50 ശതമാനം സ്‌കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി നീക്കിവച്ചിട്ടുണ്ട്. പട്ടികവിഭാഗങ്ങൾക്ക് 25 ശതമാനവും ഭിന്നശേഷി വിഭാഗങ്ങൾക്ക് അഞ്ചുശതമാനവും സംവരണമുണ്ട്.
യോഗ്യത
വിദ്യാർഥികൾ മുൻ അധ്യയനവർഷം കുറഞ്ഞത് 75 ശതമാനം മാർക്ക് അല്ലെങ്കിൽ 7.5 സിജിപിഎയിൽ കുറയാതെ നേടിയിരിക്കണം. പട്ടികവിഭാഗക്കാര്‍ക്ക് 65 ശതമാനവും ഭിന്നശേഷിക്കാർക്ക് 60 ശതമാനവും മാർക്ക് മതി. കുടുംബ വാർഷികവരുമാനം സ്കൂൾ വിദ്യാർഥികൾക്ക് മൂന്നുലക്ഷം രൂപയിലും കോളേജ് വിദ്യാർഥികൾക്ക് ആറുലക്ഷം രൂപയിലും കൂടാൻ പാടില്ല.
അപേക്ഷ സെപ്‌തംബർ നാലുവരെ
സെപ്തംബർ നാലിനുമുമ്പായി ഓൺലൈനിൽ അപേക്ഷിക്കണം. രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അക്കാദമിക മികവിന്റെയും വാർഷികവരുമാനത്തിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നവർക്ക് ടെലിഫോൺ അഭിമുഖവും തുടർന്ന് ഡോക്യുമെന്റ് വെരിഫിക്കേഷനുമുണ്ടാകും. വിവരങ്ങൾക്ക്: www.sbiashascholarship.co.in, ഇ–മെയിൽ: [email protected]









0 comments