എസ്ബിഐയിൽ അവസരം: 6589 ജൂനിയർ അസോസിയേറ്റ്

Image: AI
ജൂനിയർ അസോസിയേറ്റ് (ക്ലർക്ക്) തസ്തികയിലെ 6589 ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) - റെഗുലർ 5180, ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) - ബാക്ക്‌ലോഗ് 1409 എന്നിങ്ങനെയാണ് അവസരം. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം സർക്കിളിൽ റെഗുലർ 250 ഒഴിവുണ്ട്. ബാക്ക് ലോഗ് വിഭാഗത്തിലുംഅവസരമുണ്ട്.
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. ഒരു സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തിലേക്കാണ് അപേക്ഷിക്കാൻ അർഹത. ഓൺലൈൻ പ്രിലിമിനറി പരീക്ഷയുടെയും മെയിൻ പരീക്ഷയുടെയും പ്രാദേശിക ഭാഷാ പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇവ യഥാക്രമം സെപ്തംബർ, നവംബർ മാസങ്ങളിൽ നടക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം മീഡിയത്തിൽ ചോദ്യപേപ്പറുകൾ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ലക്ഷദ്വീപിൽ കവരത്തിയാണ് പരീക്ഷാകേന്ദ്രം.
അപേക്ഷിക്കുന്ന ഇടത്തെ പ്രാദേശിക ഭാഷ കൈകാര്യംചെയ്യുന്നതിലും മികച്ച പ്രാവീണ്യം വേണം. ഓൺലൈൻ പരീക്ഷകൾക്കുശേഷമുള്ള പരിശോധനയിൽ ഇവ പരിഗണിക്കും. പരാജയപ്പെടുന്നവർ അയോഗ്യരാകും. പത്താംക്ലാസിലോ പ്ലസ് ടുവിലെ ഭാഷ ഒരു വിഷയമായി പഠിച്ചവർക്ക് ഭാഷാപരിശോധന ആവശ്യമില്ല.
പ്രായപരിധി: 20 – 28 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ ഫീസ്: 750 രൂപ. എസ്‌സി/ എസ്ടി/ പിഡബ്ല്യുബിഡി/ എക്സ്എസ്/ഡിഎക്സ്എസ് വിഭാഗത്തിന് ഫീസില്ല. www.bank.sbi/web/careers/current-openings ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി : ആഗസ്ത് 26. വിവരങ്ങൾ www.bank.sbiൽ ലഭിക്കും.










0 comments