നീറ്റ് യുജി 2026: ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

പി കെ അൻവർ മുട്ടാഞ്ചേരി
Published on Feb 18, 2026, 08:14 AM | 2 min read
നീറ്റ് യുജി 2026ന്റെ അപേക്ഷാനടപടികൾ പുരോഗമിക്കുകയാണ്. മാർച്ച് എട്ടിന് രാത്രി ഒന്പതിനുള്ളിൽ ഓൺലൈനിൽ അപേക്ഷ നൽകണം. മെയ് മൂന്നിനാണ് പരീക്ഷ. അപേക്ഷ നൽകുന്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. നീറ്റുമായി ബന്ധപ്പെട്ട പ്രസക്തമായ സംശയങ്ങൾക്ക് മറുപടി നൽകുകയാണിവിടെ.
മാർക്ക് നിബന്ധനയുണ്ടോ
ഇല്ല. ഈ വർഷം പ്രോസ്പെക്ടസിൽ പ്രത്യേകം മാർക്ക് നിബന്ധന പറഞ്ഞിട്ടില്ല. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി, ഇംഗ്ലീഷ് വിഷയങ്ങളെടുത്ത് പ്ലസ്ടു ജയിച്ചാൽ മതി. ഇത്തവണ യോഗ്യതാപരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
വിദേശത്ത് പഠിക്കാനും
വിദേശത്ത് എംബിബിഎസ് പഠിക്കാനും നീറ്റ് യോഗ്യത വേണം. യോഗ്യത ലഭിക്കാൻ പരീക്ഷയിൽ 50–-ാം പെർസന്റൈൽ സ്കോർ ലഭിക്കണം. പട്ടിക/ഒബിസി വിഭാഗക്കാർക്കും ഈ വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്കും 40–-ാം പെർസന്റൈൽ സ്കോറും ജനറൽ/ ജനറൽ-ഇഡബ്ല്യുഎസ് വിഭാഗ ഭിന്നശേഷിക്കാർക്ക് 45–-ാം പെർസന്റൈൽ സ്കോറും മതി. മെഡിക്കൽ കോഴ്‌സുകളുടെ പ്രവേശനത്തിനും നീറ്റ് യോഗ്യത നേടേണ്ടതുണ്ട്.
എത്രതവണ
യോഗ്യതയുള്ളവർക്ക് എത്രതവണ വേണമെങ്കിലും പരീക്ഷ എഴുതാം. ഉയർന്ന പ്രായപരിധിയുമില്ല.
പരീക്ഷാഘടന
ഒഎംആർ രീതിയിൽ മൂന്നുമണിക്കൂർ ദൈർഘ്യമുള്ള ഓഫ്‌ലൈൻ പരീക്ഷയാണ്. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 45 വീതവും ബയോളജിയിൽ 90 വീതവും ചോദ്യങ്ങളുണ്ടാകും. ചോയ്സുകളില്ല. ശരിയുത്തരത്തിന് നാലു മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടപ്പെടും. ആകെ 180 ചോദ്യങ്ങൾക്ക് 720 മാർക്ക്.
മലയാളത്തിലും
മലയാളത്തിൽ ചോദ്യപേപ്പർ ലഭ്യമാണ്. കേരളത്തിലും ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നവർക്കാണ് മലയാള ചോദ്യപേപ്പർ ലഭിക്കുക. അപേക്ഷയിൽ മലയാളഭാഷ തെരഞ്ഞെടുക്കണമെന്നുമാത്രം. ഇംഗ്ലീഷിന്റെ കൂടെ മലയാളവുമുള്ള ചോദ്യപേപ്പറാണ് ലഭിക്കുക. കേരളത്തിലെ മെഡിക്കൽ പ്രവേശനത്തിനും
കേരളത്തിലെ മെഡിക്കൽ പ്രവേശനത്തിന് നീറ്റും എഴുതണം. കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ പ്രവേശനം നീറ്റ് യുജി സ്കോർ പരിഗണിച്ചാണ് നടത്തുന്നത്. കേരള പ്രവേശനപരീക്ഷാ കമീഷണർ കീം 2026 വഴി മെഡിക്കൽ, മെഡിക്കൽ അലൈഡ് പ്രോഗ്രാമുകൾക്ക് അപേക്ഷിച്ചവരുടെ നീറ്റ് മാർക്ക് പരിഗണിച്ച് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ഇതിനായി വിജ്ഞാപനം വരുന്ന മുറയ്‌ക്ക്, നീറ്റ് സ്കോർ കീം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതുമുണ്ട്.
എയിംസിലേക്ക്
എയിംസ്, ജിപ്മർ തുടങ്ങിയ പ്രീമിയർ സ്ഥാപനങ്ങളിലെ പ്രവേശനം നീറ്റ് റാങ്ക് അടിസ്ഥാനത്തിൽ എംസിസി കൗൺസലിങ് വഴിയാണ്. കൗൺസലിങ്ങിൽ പങ്കെടുത്ത് മുൻഗണനയനുസരിച്ച് ഓപ്ഷനുകൾ നൽകിയാൽ മതി. കുവൈത്ത്, ദുബായ്, അബുദാബി, ദോഹ, മസ്കത്ത്, റിയാദ്, ഷാർജ അടക്കം വിദേശത്ത് 14 പരീക്ഷാകേന്ദ്രങ്ങളുണ്ട്.
മിലിട്ടറി നഴ്സിങ് പ്രവേശനം
മിലിട്ടറി നഴ്സിങ് സർവീസിലെ ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് നീറ്റ് സ്കോർ പരിഗണിക്കാറുണ്ട്. നീറ്റ് യോഗ്യത നേടിയവർ വിജ്ഞാപനം വരുന്നതിനനുസരിച്ച് www.joinindianarmy.nic.in വഴി പ്രത്യേകം അപേക്ഷിക്കണം. കൂടാതെ ചില കേന്ദ്രസ്ഥാപനങ്ങളിലെ ബിഎസ്‌സി (ഓണേഴ്സ്) നഴ്സിങ്, ജിപ്മറിലെ നഴ്സിങ്, അലൈഡ് ഹെൽത്ത് പ്രോഗ്രാമുകൾ തുടങ്ങിയവയുടെ പ്രവേശനത്തിനും നീറ്റ് സ്കോർ പരിഗണിക്കാറുണ്ട്. വിവരങ്ങൾക്ക്: https://neet. nta.nic.in










0 comments