print edition കാർഷിക ഗവേഷണ സ്ഥാപനങ്ങളിൽ 1393 ടെക്നിക്കൽ അസിസ്റ്റന്റ്

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ICAR) കീഴിലുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങളിലേക്കും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലേക്കും (KVK) ടെക്നിക്കൽ അസിസ്റ്റന്റ്, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രികൾച്ചറൽ സയന്റിസ്റ്റ്സ് റിക്രൂട്ട്മെന്റ് ബോർഡ് (ASRB) നടത്തുന്ന കേന്ദ്രീകൃത സംയുക്ത പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ആകെ 1393 ഒഴിവാണുള്ളത്. ഇതിൽ ഐസിഎആർ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ടെക്നിക്കൽ അസിസ്റ്റന്റ് (T-3) വിഭാഗത്തിൽ 1254 ഉം കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (T-4) വിഭാഗത്തിൽ 139 ഉം ഒഴിവാണുള്ളത്.
തിരഞ്ഞെടുക്കുന്നവർക്ക് ഇന്ത്യയിലുടനീളമുള്ള ഐസിഎആർ ഗവേഷണ കേന്ദ്രങ്ങളിലും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലുമായിരിക്കും നിയമനം. ടെക്നിക്കൽ അസിസ്റ്റന്റ് (T-3) തസ്തികയ്ക്ക് 29,200 രൂപ മുതൽ 92,300 രൂപ വരെയും സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (T-4) തസ്തികയ്ക്ക് 35,400 രൂപ മുതൽ 1,12,400 രൂപ വരെയുമാണ് ശമ്പള സ്കെയിൽ. യോഗ്യരായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം.
അഗ്രികൾച്ചർ, അനിമൽ സയൻസ്, ഫിഷറീസ് സയൻസ്, എൻജിനിയറിങ്, ലൈബ്രറി സയൻസ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങി ബന്ധപ്പെട്ട വിഷയങ്ങളിൽ അംഗീകൃത സർവകലാശാല ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 21–30. നിയമാനുസൃത ഇളവ് ലഭിക്കും.
പ്രിലിമിനറി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, മെയിൻ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജനറൽ വിഭാഗത്തിന് 300 രൂപയും ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാർക്ക് 150 രൂപയുമാണ് അപേക്ഷാഫീസ് (രണ്ട് തസ്തികകളിലേക്കും ഒരുമിച്ച് അപേക്ഷിക്കുന്നവർക്ക് 600 രൂപ വരെ ഫീസ് വരും). പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വനിതകൾക്കും ഫീസില്ല. asrb.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി ഡിസംബർ 17.








0 comments