ad
Deshabhimani

ഐസിഎആർ- പിജി, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക്‌ ഇപ്പോൾ അപേക്ഷിക്കാം; പ്രവേശന പരീക്ഷ ജൂലൈയിൽ

ICAR PG and PhD Admissions.jpg
വെബ് ഡെസ്ക്

Published on May 13, 2026, 11:49 AM | 2 min read

രാജ്യത്തെ വിവിധ കാർഷിക സർവകലാശാലകൾ, പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കൃഷി അനുബന്ധ ശാസ്ത്ര വിഷയങ്ങളിൽ പിജി, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചി (ICAR)നുവേണ്ടി നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ ജൂലൈ നാലിന് നടക്കും. കേരളത്തിലും കേന്ദ്രങ്ങളുണ്ട്. ജൂൺ ഏഴുവരെ ഓൺലൈനിൽ അപേക്ഷിക്കാം


​സ്ഥാപനങ്ങൾ, പ്രോഗ്രാമുകൾ


ഐസിഎആർ അഖിലേന്ത്യ പ്രവേശന പരീക്ഷയിലൂടെ രാജ്യത്തെ വിവിധ കാർഷിക സർവകലാശാലകളിൽ വ്യത്യസ്ത കോഴ്സുകളിലെ 30% സീറ്റുകളിൽ വിദ്യാർഥികൾക്ക് ചേരാം. മുൻനിര കാർഷിക/ അനുബന്ധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളായ ഇന്ത്യൻ അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ വെറ്റിറിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷൻ എന്നിവിടങ്ങളിലെ എല്ലാ കോഴ്‌സുകളിലെയും മുഴുവൻ സീറ്റുകളിലെയും പ്രവേശനം ഈ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്.

അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, അനിമൽ സയൻസസ്, കമ്യൂണിറ്റി സയൻസ്, അഗ്രികൾച്ചറൽ എൻജിനിയറിങ്, ഡെയറി സയൻസ് മുതൽ വിവിധ കാർഷിക അനുബന്ധ പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിൽ ചേരുവാനുള്ള അവസരമാണ് ഈ പരീക്ഷയിലൂടെ ലഭിക്കുന്നത്.


​എഐഇഇഎ പിജി


​അപേക്ഷാ യോഗ്യത: പ്രസക്ത/ചേർന്നുനിൽക്കുന്ന വിഷയത്തിൽ 60 ശതമാനം മാർക്ക്/ തത്തുല്യം ഗ്രേഡ് ഉള്ള അഗ്രികൾച്ചർ/എൻജിനിയറിങ്/ വെറ്ററിനറി/ തത്തുല്യം ബിരുദധാരികൾക്ക് അപേക്ഷിക്കാം. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം/ തത്തുല്യ ഗ്രേഡ് മതി. ജൂലൈ 31നകം അക്കാദമിക് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നവർക്കും അർഹതയുണ്ട്. വെറ്ററിനറി സ്ട്രീമിൽ അപേക്ഷിക്കുന്നവർ ഇന്റേൺഷിപ്/ വൈവ 2027 ജനുവരി 15നകം വിജയകരമായി പൂർത്തിയാക്കിയാലും മതി. ഐസിഎആർ സ്ഥാപനങ്ങളിലെ സമാന വിഷയങ്ങളിലെ മൂന്നുവർഷ ഡിഗ്രിക്കാർക്കും അർഹതയുണ്ട്. പ്രായം 2026 ആഗസ്ത് 31-ന് 19 വയസ്സ് തികയണം.


​പ്രവേശന പരീക്ഷ


കംപ്യൂട്ടറധിഷ്ഠിത പരീക്ഷ രണ്ട് മണിക്കൂർ. വിഷയത്തിനനുസരിച്ച് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള 120 ചോദ്യങ്ങൾക്ക് നാല് മാർക്ക് വീതം. തെറ്റുത്തരത്തിന് ഒരു മാർക്ക് നെഗറ്റീവ് ആകും.


മറ്റ് വിവരങ്ങൾ


ഐസിഎആർ പിജി സ്കോളർഷിപ്, നാഷണൽ ടാലന്റ്‌ സ്കോളർഷിപ് എന്നിവയോടുകൂടി പഠിക്കാൻ അവസരമുണ്ട്. മാസത്തിൽ 12,600 രൂപയാണ് ഐസിഎആർ സ്കോളർഷിപ്. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഡിഗ്രിതലത്തിൽ പഠിച്ച മേജർ വിഷയങ്ങൾക്കനുസരിച്ച് ചേരാവുന്ന കോഴ്‌സുകളുടെ പട്ടിക ബ്രോഷറിൽ ഉണ്ട്. ഇപ്പോൾ വിജ്ഞാപനത്തിൽ കാണിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് പുറമെ പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങളെ കൗൺസലിങ് സമയത്ത് അറിയാൻ കഴിയും. അപേക്ഷയിലെ തിരുത്തലുകൾ ജൂൺ 9, -10 തീയതികളിൽ നടത്താം. കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി/ ആലപ്പുഴ, തിരുവനന്തപുരം, കോയമ്പത്തൂർ, സേലം, മൈസൂരു, കവരത്തി തുടങ്ങിയ സ്ഥലങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട്.


​എഐസിഇ ജെആർഎഫ്/എസ്ആർഎഫ് (പിഎച്ച്ഡി)


​നേരത്തെ പറഞ്ഞ കാർഷിക സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഗവേഷണത്തിന് ചേരാനുള്ള പ്രവേശന പരീക്ഷയാണ് ഇത്. 72 വിഷയങ്ങളിൽ പരീക്ഷ നടക്കും. പ്രസക്ത വിഷയത്തിൽ 10 പോയിന്റ്‌ സ്കെയിലിൽ 6.5 ഗ്രേഡ്/ തത്തുല്യം മാർക്കോടെ പിജി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പട്ടിക/ഭിന്നശേഷിക്കാർക്ക് 5.5 ഗ്രേഡ്/ തത്തുല്യം മാർക്ക് മതി. പഠിച്ച കോഴ്‌സിനനുസരിച്ച് ഏത് വിഷയത്തിൽ പരീക്ഷ എഴുതാമെന്ന വിവരങ്ങൾ ബ്രോഷറിൽ ഉണ്ട്. പ്രായം ആഗസ്ത് 31ന് 20 വയസ്സ് തികയണം. കേരളത്തിൽ കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി/ ആലപ്പുഴ, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്‌. വിവരങ്ങൾക്ക്: www.nta.ac.in,https://exams.nta.nic.in/icar,ഫോൺ: 011/ 69227700. ഹെൽപ്‌ലൈൻ: 011/40759000. 
ഇ–മെയിൽ: icar@nta. ac.in



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home