09 June Friday

അധികാരവികേന്ദ്രീകരണം കേരളത്തിന്റെ സാമൂഹിക വികസനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തി: ഡോ. തോമസ് ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020

തിരുവനന്തപുരം> 1996-ല്‍ ജനകീയാസൂത്രണത്തിലൂടെ കേരളത്തില്‍ ശക്തിപ്പെട്ട അധികാര വികേന്ദ്രീകരണം കേരളത്തിന്റെ വിവിധ വികസന മേഖലകളില്‍ നിര്‍ണായക മാറ്റങ്ങള്‍ സൃഷ്ടിച്ചതായി സംസ്ഥാന ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്. ഡോ.കെ. രാജേഷ് രചിച്ച ''ലോക്കല്‍ പൊളിറ്റിക്ക്‌സ് ആന്റ് പാര്‍ട്ടിസിപ്പേറ്ററി പ്ലാനിംഗ് ഇന്‍ കേരള'' (പ്രാദേശിക രാഷ്ട്രീയവും പങ്കാളിത്ത ആസൂത്രണവും കേരളത്തില്‍) എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്റര്‍ ഫോര്‍ സോഷ്യോ-ഇക്കണോമിക്ക് ആന്റ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് (സി.എസ്.ഇ.എസ്.) ചെയര്‍മാന്‍ പ്രൊഫസര്‍ കെ.കെ. ജോര്‍ജ് പുസ്തകം ഏറ്റുവാങ്ങി.കേരളത്തിന്റെ ജനകീയാസൂത്രണത്തിന്റെ പരിണാമത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവലോകനം ചെയ്യാനുള്ള ഒരു ശ്രമമാണ് ഈ പുസ്തകമെന്ന് ഡോ. തോമസ് ഐസക്ക് വിലയിരുത്തി. ജനകീയാസൂത്രണത്തിന്റെ ക്യാമ്പയിന്‍ മോഡില്‍ നിന്ന് തുടര്‍ന്നുവന്ന സര്‍ക്കാര്‍ അവതരിപ്പിച്ച കേരള ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ മോഡിലേക്ക് കേരളത്തിന്റെ അധികാരവികേന്ദ്രീകരണ പ്രക്രിയ പരിവര്‍ത്തനം ചെയ്യപ്പെട്ടത് അധികാരവികേന്ദ്രീകരണത്തിലൂടെ വിഭാവനം ചെയ്ത ഗുണഫലങ്ങള്‍ പൂര്‍ണമായും സാക്ഷാത്ക്കരിക്കുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ജനകീയപ്രസ്ഥാനം എന്ന നിലയില്‍മാത്രമായി ഒരു പദ്ധതിയും മുന്നോട്ടു പോകില്ല. ഏതെങ്കിലും ഘട്ടത്തില്‍ വ്യവസ്ഥാപിതമായാല്‍ മാത്രമേ ആ പദ്ധതിക്ക് തുടര്‍ച്ച കിട്ടുകയുള്ളൂ. ജനകീയാസൂത്രണത്തെ സംബന്ധിച്ച്, പക്ഷേ ആ മാറ്റം വളരെ നേരത്തെയായിപ്പോയി. ഇത് അധികാരവികേന്ദ്രീകരണ പ്രക്രിയയിലെ ജനകീയപങ്കാളിത്തത്തില്‍ കാര്യമായ കുറവുണ്ടാക്കി.

ഗ്രാമസഭകളിലെ ജനപങ്കാളിത്തം കുറഞ്ഞു, ചര്‍ച്ചകളുടെ ഗൗരവം ചോര്‍ന്നു, ടാസ്‌ക്ക് ഫോഴ്‌സുകളുടെയും വിദഗ്ദ്ധ സമിതികളുടെയും പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമായി, സന്നദ്ധപ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ഇല്ലാതായി. ഭരണമാറ്റങ്ങള്‍, ജനകീയാസൂത്രണപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബോധപൂര്‍വം ഉയര്‍ത്തിയ വിവാദങ്ങള്‍ തുടങ്ങിയവ കേരളത്തിന്റെ അധികാരവികേന്ദ്രീകരണ പ്രക്രിയയെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെന്നുള്ള നിരീക്ഷണവും ഡോ. തോമസ് ഐസക്ക് പങ്കുവെച്ചു.

എന്നാല്‍ ഈ പരിമിതികള്‍ക്കെല്ലാമപ്പുറം ഇരുപത്തഞ്ചു വര്‍ഷത്തെ അധികാരവികേന്ദ്രീകരണാനുഭവങ്ങള്‍ കേരളീയസമൂഹത്തില്‍ അഭിമാനകരമായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമസഭകളിലെ ഹാജര്‍ മാത്രമല്ല ജനകീയ പങ്കാളിത്തം വിശകലനം ചെയ്യാനുള്ള ഏകമാനദണ്ഡം. ഗ്രാമസഭകള്‍ക്ക് പുറമെ ജനപങ്കാളിത്തത്തിന്റെ മറ്റൊരുപാട് വേദികള്‍ സൃഷ്ടിക്കാന്‍ കേരളത്തിന്റെ അധികാരവികേന്ദ്രീകരണ പ്രക്രിയയ്ക്കായി. ഇത്തരം വേദികള്‍ ഇന്നും ഒരുപരിധി വരെ സജീവമായി ഇടപെടലുകള്‍ നടത്തുന്നുമുണ്ട്.

ഔപചാരിക രാഷ്ട്രീയ-അധികാര ഘടനകള്‍ക്ക് പുറത്തുള്ള പൗരസംഘടനകള്‍ക്ക് തങ്ങള്‍ക്ക് താല്‍പര്യമുള്ള മേഖലകളില്‍ ഇടപെടുന്നതിനുള്ള വിപുലമായ ഇടം ഒരുക്കിയെന്നതാണ് കേരളത്തിന്റെ അധികാര വികേന്ദ്രീകരണ പ്രക്രിയയുടെ ഏറ്റവും വലിയ നേട്ടം. അതുകൊണ്ടു തന്നെ അധികാരവികേന്ദ്രീകരണ പ്രക്രിയയ്ക്ക് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹ്യമേഖലകളില്‍ കേരളം നടത്തിയ കുതിച്ചുചാട്ടത്തില്‍ വലിയ പങ്കുണ്ടെന്ന് കൂടി അദ്ദേഹം നിരീക്ഷിച്ചു.

ഉല്‍പാദനരംഗത്തെ നിശ്ചലതയെയും, സാമൂഹ്യസേവന മേഖലകളിലെ ഗുണമേന്മയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും മറികടക്കാന്‍ കേരളത്തിന്റെ അധികാര വികേന്ദ്രീകരണപ്രക്രിയയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് പ്രമുഖ ചരിത്രകാരനും കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാനുമായ പ്രൊഫസര്‍ പി.കെ. മൈക്കള്‍ തരകന്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തിന്റെ അധികാര വികേന്ദ്രീകരണഘടന ഇനിയും കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സെന്റര്‍ ഫോര്‍ സോഷ്യോ-ഇക്കണോമിക്ക് ആന്റ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസും, കളമശേരി സെന്റ് പോള്‍സ് കോളേജ് എക്കണോമിക്‌സ് വിഭാഗവും സംയുക്തമായാണ് ഓണ്‍ലൈന്‍ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍   സെന്റ് പോള്‍സ്  കോളേജ് സാമ്പത്തിക ശാസ്ത്രം മേധാവി ഡോ. ജസ്റ്റിന്‍ ജോര്‍ജ് സ്വാഗതവും, സി.എസ്.ഇ.എസ് സീനിയര്‍ ഫെലോ കെ.കെ. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ശ്രീ. എ.പി. മുരളീധരന്‍ ആശംസകള്‍ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top