സൈനികാനുഭവങ്ങളുടെ തീവ്രസ്പര്‍ശികളായ പ്രമേയങ്ങളാണ് രാജീവ് ജി. ഇടവയുടെ കൃതികളെ വ്യത്യസ്തമാക്കുന്നത്. അജ്ഞാതമായ മേഖലകളിലൂടെ ഈ കൃതികള്‍ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ചീറിപ്പായുന്ന വെടിയുണ്ടകളും ചിതറിത്തെറിക്കുന്ന മനുഷ്യശരീരങ്ങളും വായനയ്ക്കിടയിലെ ‘ഭീതിദമായ അനുഭവമായേക്കാം. പച്ചമാംസത്തിന്റെയും ചോരയുടെയും ഗന്ധം പുസ്തകത്താളുകളില്‍നിന്ന് ഉയര്‍ന്നുവന്നേക്കാം. അതിര്‍ത്തികളിലെ മഞ്ഞിന്റെ കൊടുംതണുപ്പ് വായനക്കാരുടെ മനസ്സിലും മരവിപ്പായി പടര്‍ന്നുകയറിയേക്കാം. അത്രമേല്‍ തീക്ഷ്ണവും സംഘര്‍ഷഭരിതവുമാണ് രാജീവിന്റെ ഓരോ കൃതിയും.

തീന്‍മേശാപ്രവേശം (നോവല്‍) രാജീവ് ജി. ഇടവ ഗ്രീന്‍ബുക്സ്്് വില: 100 രൂപ
രാജീവ് ജി. ഇടവയുടെ പുതിയ നോവലാണ് തീന്‍മേശാപ്രവേശം. പട്ടാളബാരക്കുകളിലെ കുടുംബസംഘര്‍ഷത്തിന്റെ കഥയാണ് ഈ നോവല്‍ പറയുന്നത്. കോവിലന്റെ ഏഴാമെടങ്ങള്‍ക്കുശേഷം പട്ടാളത്താവളങ്ങളിലെ കുടുംബജീവിതം മലയാളസാഹിത്യത്തില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത് രാജീവിന്റെ കൃതികളിലൂടെയാണ്. ഒരു പട്ടാള ഓഫീസര്‍ തന്റെ ഭാര്യയോടു കാണിക്കുന്ന അവഹേളനത്തിന്റെയും ക്രൂരതയുടെയും കഥ. ആരവങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന ഗായത്രി എന്ന പെണ്‍കുട്ടി അതിനെതിരെ ശക്തമായി പ്രതികരിച്ചതിന്റെ കഥ.
അതിര്‍ത്തിയിലെ ഭീകരവാദി ആക്രമണത്തില്‍നിന്നാണ്് നോവല്‍ ആരംഭിക്കുന്നത്. സൈനികരോട് പരുഷമായി പെരുമാറുകയും നിരന്തരം അവരെ ദ്രോഹിക്കുകയും ചെയ്യുന്ന പട്ടാള ഓഫീസര്‍ മേജര്‍ ജാഗിസദന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ റൈഫിള്‍ കമ്പനിയുടെ ഭീകരവാദി ഓപ്പറേഷനൊടുവില്‍ ഭീകരന്റെ വെടിയുണ്ടകളേറ്റ് ജാഗിസദന്‍ വീരമൃത്യുവടയുന്നു. ഇപ്പോള്‍ ഋഷികേശിന്റെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ ഗായത്രിയുടെ മനസ്സില്‍ തന്റെ ആദ്യ‘ഭര്‍ത്താവ് ജാഗിസദന്റെ മരണവാര്‍ത്ത അകാരണമായി ദുഃഖത്തിന്റെ നിഴല്‍ പരത്തുന്നു. തന്റെ മനസ്സില്‍ ചെകുത്താനായിമാത്രം കുടിയേറിയിട്ടുള്ള ജാഗിസദന്റെ ഓര്‍മകളിലൂടെ അവള്‍ ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നു.
തികച്ചും വ്യത്യസ്തമായ പ്രമേയവും രചനാരീതിയും ഈ നോവലിന്റെ സവിശേഷതയാണ്. ലളിതമായ ആഖ്യാനശൈലിയും സുഗ്രഹമായ ഭാഷയും ഈ നോവലിന് വായന സുഖം നല്‍കുന്നു. പട്ടാളജീവിതത്തിന്റെ അണിയറകളില്‍ അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ നിശ്ശബ്ദവേദനയും പീഡനമേല്‍ക്കേണ്ടിവരുന്ന സൈനികരുടെ ധാര്‍മികരോഷവും ഈ നോവലില്‍ അണപൊട്ടാന്‍ വെമ്പിനില്‍ക്കുന്നു. ദേശസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കരുണയുടെയും പട്ടാളജീവിതങ്ങള്‍ ഈ കൃതിയില്‍ കാണാം. തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവമാണ് തീന്‍മേശാപ്രവേശമെന്ന നോവല്‍ നല്‍കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..