Deshabhimani

ബാൾക്കൻ ജനതയുടെ ചരിത്രം പറഞ്ഞ കദാരെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 01:35 PM | 0 min read

ദി ജനറൽ ഓഫ്‌ ഡെഡ്‌ ആർമി എന്ന നോവലിലൂടെ ലോക ശ്രദ്ധ നേടിയ സാഹിത്യകാരനാണ്‌ ഇസ്മയിൽ കദാരെ. എൺപത്തിയെട്ടു വയസിൽ ഹൃദയാഘാതത്തെതുടർന്ന്‌ മരിക്കുമ്പോൾ ഈ ലോകത്തോട്‌ തനിക്കുപറയാനുള്ളതെല്ലാം അദ്ദേഹം തന്റെ കൃതികളിലൂടെ പറഞ്ഞിരുന്നു. സ്വേച്ഛാധിപത്യ ഭരണത്തിൽ അൽബേനിയൻ ജനതയുടെ നീറുന്ന ജീവിതവും ദുരിതവും കദാരെ തന്റെ എഴുത്തിലൂടെ ലോകത്തോട്‌ പറഞ്ഞു.

ഇരുപത്തിനാലാം വയസിലാണ്‌  ദി കോഫി ഹൗസ്‌ ഡേയ്‌സ്‌ എന്ന പേരിൽ കദാരെയുടെ ആദ്യ കൃതിയിറങ്ങുന്നത്‌. നഷ്ടപ്പെട്ടുപോയ അല്‍ബേനിയന്‍ ഗ്രന്ഥങ്ങള്‍ വീണ്ടെടുക്കാൻ  രണ്ടു വിദ്യാര്‍ഥികളുടെ ശ്രമങ്ങത്തെക്കുറിച്ച്‌ പറയുന്ന  ദി കോഫി ഹൗസ്‌ ഡേയ്‌സ്‌  അച്ചടിക്കാന്‍ അനുവാദം ലഭിക്കാതെ നിരോധിക്കപ്പെട്ടു. അറുപതുകളുടെ ആദ്യകാലങ്ങളില്‍ ചരിത്രത്തിൽ അവതരിപ്പിക്കപ്പെട്ട അല്‍ബേനിയന്‍ ജീവിതം വളരെ സന്തോഷം നിറഞ്ഞതും അടുക്കും ചിട്ടയുമുള്ളതായിരുന്നു. ചരിത്രത്തിന്റെ കൃത്രിമത്വത്തെക്കുറിച്ച്  എഴുതാന്‍ പാടില്ലെന്ന് ഒരു എഴുത്തുകാരന് അന്ന്‌ അറിയില്ലായിരുന്നു എന്നാണ്‌ തന്റെ ആദ്യനോവല്‍ നിരോധിക്കപ്പെട്ടതിനെക്കുറിച്ച് കദാരെ പറയുന്നത്‌.

1963 ൽ കദാരെയുടെ ഏറ്റവും പ്രശസ്തമായ കൃതിയായ ദി ജനറൽ ഓഫ്‌ ഡെഡ്‌ ആർമി പുറത്തിറങ്ങി. രണ്ടാം ലോക മഹായുദ്ധത്തിൽ നഷടപ്പെട്ട തന്റെ സൈനികരെ തിരയുന്ന ഇറ്റാലിയൻ ജനറലിനെ കേന്ദ്രമാക്കിക്കൊണ്ടാണ്‌ കദാരെ ദി ജനറൽ ഓഫ്‌ ഡെഡ്‌ ആർമി രചിക്കുന്നത്‌. നിരാശയായിരിക്കും ഈ തിരച്ചിലിന്റെ ഫലം എന്നറിഞ്ഞിട്ടും തന്റെ പേരുവെളിപ്പെടുത്താതെ യുദ്ധത്തിന്റെ എല്ലാ ഭീകരതയും അറിഞ്ഞ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച്‌ ജനറൽ തന്റെ സൈന്യത്തിന്റെ ശേഷിപ്പുകളെ തിരയുന്നതാണ്‌ നോവലിന്റെ ഇതിവൃത്തം.

 
അതിനുശേഷം ദി സീജ് ആന്‍ഡ് ദ പാലസ് ഓഫ് ഡ്രീംസ്, ബ്രോക്കണ്‍ ഏപ്രില്‍, ക്രോണിക്കിൾ ഇൻ സ്റ്റോൺ, ദി ഫാൾ ഓഫ്‌ ദി സ്റ്റോൺ സിറ്റി, ദി ഗേൾ ഇൻ എക്സൈൽ എന്നിങ്ങനെ നിരവധി കൃതികളിലൂടെ അദ്ദേഹം അല്‍ബേനിയന്‍ ജീവിതവും ചരിത്രവും സാമൂഹികാവസ്ഥയും മിത്തുകളുടെയും അലിഗറിയകളുടെയും അകമ്പടിയോടെ  ഈ ലോകത്തോടു പറഞ്ഞു. 

നാല്‍പതോളം ഭാഷകളിലേക്കാണ്‌ കദാരെയുടെ  കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളത്‌.  2005ൽ മാൻ ബുക്കർ പ്രൈസും 2009ൽ പ്രിൻസ് ഓഫ് ഓസ്ട്രിയാസ് പ്രൈസ് ഫോർ ദി ആർട്സും 2015ൽ ജെറുസലേം പ്രൈസും അദ്ദേഹത്തിനു ലഭിച്ചു. 


 



deshabhimani section

Related News

0 comments
Sort by

Home