Deshabhimani

ജീവിക്കാനായി മലയാളം പഠിച്ചു; അബ്ബാസിന്റെ അക്ഷരങ്ങൾ 
ഇനി സിലബസിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 01:50 PM | 0 min read

തിരുവനന്തപുരം> മലയാളത്തിലെഴുതിയ ബോർഡ്‌ വായിക്കാനറിയാതെ ബസ്‌ മാറിക്കയറിയ ഒരുപാട്‌ അനുഭവമുണ്ട്‌ അബ്ബാസിന്‌. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി കുടുംബത്തോടൊപ്പം നാടുവിട്ട് മലപ്പുറത്തെത്തിയ അന്നത്തെ പതിമൂന്നുകാരന്‌ വായനയും എഴുത്തും സ്വപ്നത്തിനപ്പുറമുള്ള ലോകമായിരുന്നു. എട്ടിൽ പഠനം നിർത്തിയ, കേരളത്തിൽ ഒരു സ്കൂളിലും പോകാത്ത ആളുടെ എഴുത്ത് ഇന്ന്‌ പാഠപുസ്തകത്തിന്റെ ഭാഗമാണ്‌.

കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബിഎ മലയാളം സിലബസിലാണ്‌ മുഹമ്മദ് അബ്ബാസിന്റെ ‘വിശപ്പ് പ്രണയം ഉന്മാദം’ എന്ന പുസ്തകത്തിലെ ഒരു ഭാഗം ഇടംപിടിച്ചത്‌. "ഇവാൻ ഇല്ലിച്ചിന്റെ ആത്മഹത്യ’ എന്ന കുറിപ്പാണ്‌ സിലബസിൽ ഉൾപ്പെടുത്തിയത്‌. ‘വിറച്ച് വിറച്ച് അന്നെഴുതിയ കടലും ആകാശവും തിരമാലയുമൊക്കെ അബ്ബാസെന്ന കുട്ടി ഒരിക്കൽ കൂടി എഴുതുന്നു. ഒത്തിരി സന്തോഷം. എല്ലാവരോടും എല്ലാത്തിനോടും നിറഞ്ഞ സ്നേഹം’- പുസ്‌തകം സിലബസിൽ ഉൾപ്പെടുത്തിയതിന്റെ സന്തോഷം അബ്ബാസ്‌ ഇങ്ങനെയാണ് ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

മലപ്പുറം കോട്ടക്കൽ വലിയപറമ്പിൽ മുഹമ്മദ്‌ അബ്ബാസിന്റെ ജീവിതം കഥകളേക്കാൾ അതിശയോക്തി നിറഞ്ഞതാണ്‌. പെയിന്റുപണിയാണ്‌ ഉപജീവനം. കന്യാകുമാരി ജില്ലയിലെ പെരും ചിലമ്പ് എന്ന സ്ഥലത്തുനിന്നാണ് കേരളത്തിലേക്ക്‌ പറിച്ചുനട്ടത്‌. വീട്ടിലെ സാഹചര്യം പഠിപ്പ്‌ തുടരുന്നതിന്‌ തടസ്സമായി. ഒടുവിൽ ജീവിക്കണമെങ്കിൽ മലയാളം അറിയണമെന്നായപ്പോൾ തനിയെ എഴുതാനും വായിക്കാനും പഠിച്ചു. ആക്രിക്കടയിൽനിന്നുള്ള ബാലപുസ്‌തകങ്ങളായിരുന്നു പഠനസഹായി. വാക്കുകൾ വഴങ്ങിയപ്പോൾ വായന മലയാള സാഹിത്യത്തിലേക്ക്‌ പരന്നു. പിന്നീട്‌ പുസ്‌തകങ്ങളായിരുന്നു ജീവിതത്തിലെ കൂട്ട്‌. സമയം കിട്ടുമ്പോളെല്ലാം അബ്ബാസ്‌ പുസ്‌തകങ്ങളിലേക്ക്‌ ചുരുങ്ങി. ഇതിനിടെ കടുത്ത വിഷാദരോഗം പിടിപെട്ടു. മൂന്നുതവണ ആത്മഹത്യാശ്രമം നടത്തി. 

ഒരു തവണ മരണത്തിന്റെ വക്കിൽനിന്നാണ്‌ രക്ഷപ്പെട്ടത്‌. അനുഭവങ്ങൾ പുസ്‌തകങ്ങളായി പരിണമിച്ചപ്പോൾ വായനാലോകം അത്‌ ഏറ്റെടുത്തു. ഇതിനോടകം അഞ്ചു പുസ്‌തകങ്ങളും ഒരു നോവലും എഴുതി. വിശപ്പ്‌ പ്രണയം ഉന്മാദം എന്നതിന്‌ പുറമേ ‘ഒരു പെയിന്റ്‌ പണിക്കാരന്റെ ലോക സഞ്ചാരങ്ങൾ’, ‘മനുഷ്യൻ എന്നത്‌ അത്ര സുഖമുള്ള ഒരേർപ്പാടല്ല’, ‘ആത്മഹത്യക്കും ഭ്രാന്തിനുമിടയിൽ’, ‘വെറും മനുഷ്യർ’ എന്നിവയാണ്‌ മറ്റു പുസ്‌തകങ്ങൾ. ‘അബുവിന്റെ ജാലകങ്ങൾ’ നോവൽ ആണ്‌. ഭാര്യ നസീമയും മൂന്നുമക്കളും അടങ്ങുന്നതാണ്‌ കുടുംബം.



deshabhimani section

Related News

View More
0 comments
Sort by

Home