21 March Tuesday

പി ജെ ആന്റണിയുടെ ജീവിതനാടകം

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2016

അഭിനയത്തിനിടെ ജീവന്‍ നിലയ്ക്കുകയെന്നത് ഭൂരിപക്ഷം നാടകകാരന്മാരുടെയും അന്ത്യാഭിലാഷമാണ്. എന്നാല്‍, നാടകത്തിനായി ജീവിതം സമര്‍പ്പിച്ച പ്രതിഭയ്ക്ക് ആ കലയിലൂടെതന്നെ സ്മാരകമൊരുക്കുന്നതാകട്ടെ വിടപറഞ്ഞ കലാകാരനോട് ചെയ്യാവുന്ന ഏറ്റവും ഉചിതനീതിയും. യുവനാടകകാരന്മാരില്‍ ശ്രദ്ധേയനും സിനിമാപ്രവര്‍ത്തകനുമായ സഹീര്‍ അലിയുടെ 'നിഷേധിയുടെ കാതല്‍' എന്ന നാടകത്തിന് കാതല്‍ക്കനമേറുന്നത് ഈ സാംഗത്യത്താലാണ്.

അരങ്ങിന്റെ, വെള്ളിത്

തിരയുടെ, സംഗീതത്തിന്റെ, കാവ്യത്തിന്റെ, ഗാനത്തിന്റെ അതുല്യ ഗോപുരമായിരുന്ന പി ജെ ആന്റണിയുടെ ജീവിതത്തെയാണ് മിടിപ്പുകള്‍ ചോരാതെ സഹീര്‍അലി താളിലാക്കിയത്. സംഭവബഹുലമായ ആ ജീവിതം രണ്ടു മണിക്കൂറിന്റെ രംഗഭാഷ്യമാക്കാന്‍ അദ്ദേഹം അനുഭവിച്ച സംഭ്രമം ചെറുതാവില്ല. എന്നാല്‍, 2007 മാര്‍ച്ചില്‍ തന്റെതന്നെ സംവിധാനത്തില്‍ കൊച്ചിയില്‍ നടന്ന ആദ്യാവതരണത്തില്‍ മഹാരഥന്മാരെപ്പോലും സ്തബ്ധരാക്കിയാണ് അത് പെയ്ത് നിറഞ്ഞത്. ഏറ്റവും കൂടുതല്‍ മലയാളനാടകങ്ങള്‍ സംവിധാനംചെയ്ത കെ എം ധര്‍മനും കൂടുതല്‍ നാടകങ്ങളില്‍ അഭിനേതാവായും ഗായകനായും നിറഞ്ഞ മരട് ജോസഫും രചയിതാക്കളില്‍ ശ്രദ്ധേയനായ നെല്‍സണ്‍ ഫെര്‍ണാണ്ടസുമെല്ലാം അരങ്ങില്‍ തങ്ങളുടെ ഗുരുവിന്റെ ജീവിതംകണ്ട് കണ്ണീരൊഴുക്കി. തിരശ്ശീല താഴ്ന്നിട്ടും രാത്രി വൈകിയിട്ടും ഫൈന്‍ ആര്‍ട്സ് ഹാളില്‍ തിങ്ങിനിറഞ്ഞ ആ ഓര്‍മകളില്‍ കാണികള്‍ തങ്ങിനിന്നു. അനേകരെ മഥിച്ച ആ വികാരമാണ് പുസ്തകജീവനുമായി പുനര്‍ജനിച്ചത്.

പി ജെ ആന്റണി എന്ന നടന്റെയും നാടകകാരന്റെയും സംഭാവനയെക്കുറിച്ച് പുതുതലമുറയുടെ അറിവിന് കനം കുറവാണ്. എന്നാല്‍, ആ ജീവിതത്തിലെ പഴയ തലമുറപോലും വേണ്ടത്ര അറിയാത്ത അപൂര്‍വ മുഹൂര്‍ത്തങ്ങള്‍പോലും തിരഞ്ഞ് കണ്ടെത്തിയാണ് സഹീര്‍അലി തന്റെ നാടകത്തെ കനപ്പെട്ടതാക്കിയത്. ഭരത് പി ജെ ആന്റണിയാകുംമുമ്പ് ഇന്ത്യയുടെ സ്വാതന്ത്യ്രത്തിനായി പാളയത്തില്‍ കലാപം നയിച്ച റോയല്‍ ബ്രിട്ടീഷ് ആര്‍മിയിലെ സൈനികനായ ആന്റണിയുടെ പോര്‍മുഖം നാടകത്തില്‍ ജ്വലിച്ചുനില്‍ക്കുന്നു. അമല്‍ നീരദ് സംവിധാനംചെയ്ത 'ഇയ്യോബിന്റെ പുസ്തകം' എന്ന സിനിമയില്‍ ആഷിഖ് അബു അഭിനയിച്ച പി ജെ ആന്റണി എന്ന കഥാപാത്രത്തിന്റെ പാത്രസൃഷ്ടിക്ക് സഹായകമായതും നാടകത്തിലെ ഈ സന്ദര്‍ഭംതന്നെ.

കൃഷ്ണന്‍ എന്ന മാതൃരാജ്യസ്നേഹിയായ പട്ടാളക്കാരന്‍ സ്വാതന്ത്യ്രദാഹവുമായി സേവിച്ച സേനയുടെ തോക്കിനിരയായതും പട നയിച്ചതിന്റെ പേരില്‍ ആന്റണിയുള്‍പ്പെടെയുള്ളവരെ പട്ടാളം പുറത്താക്കിയതും ചരിത്രം. പിന്നാലെ സ്വാതന്ത്യ്രവും ആഘോഷവുമെത്തിയപ്പോള്‍ ഇവരെ നാടിന്‍ചരിത്രവും പുറത്താക്കി. കൃഷ്ണനുവേണ്ടി സ്മൃതികുടീരമൊരുങ്ങിയില്ല. ആന്റണിയെ സ്വാതന്ത്യ്രസേനാനിയായും രേഖപ്പെടുത്തിയില്ല. സ്വാതന്ത്യ്രാഘോഷവേളയില്‍ വര്‍ക്ഷോപ്പിലെ തൊഴിലാളിയായി കഴിഞ്ഞ ആന്റണി പിന്നീട് തോക്കിനു പകരം തൂലികയെടുത്തു. അക്ഷരവിപ്ളവമാണ് തന്റെ മാര്‍ഗമെന്ന തിരിച്ചറിവില്‍. 

ഈ വെളിച്ചം പകര്‍ന്നതാകട്ടെ ചങ്ങമ്പുഴയുമായും കേസരി ബാലകൃഷ്ണപിള്ളയുമായുമുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചകളാണ്. മടങ്ങിയെത്തിയ ഈ ചരിത്രമുഹൂര്‍ത്തവും മനസ്സില്‍ തറയ്ക്കുംവിധമാണ് നാടകത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്. ക്ഷയരോഗത്തിന്റെ മൂര്‍ച്ചാവസ്ഥയിലായിരുന്നു അന്ന് ചങ്ങമ്പുഴ. കേസരിയാകട്ടെ 'നിയമങ്ങളെ പൊളിക്കൂ, പുതിയ കലകളുണ്ടാക്കൂ' എന്ന ഉപദേശമാണ് നല്‍കിയത്. ഇത് ഹൃദയവാക്യമാക്കിയാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനം. അക്കാലത്തെ സംഗീതനാടകങ്ങളിലെ പൊള്ളത്തരങ്ങളെ പരിഹസിച്ച അദ്ദേഹം അരങ്ങില്‍ അസ്വാഭാവികതയുമായി കുടിയിരുന്ന സംഗീതജ്ഞരെ അണിയറയിലേക്ക് മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അതിനായി കലഹിച്ചു.

എ കെ ജി, ഇ എം എസ്, കെ പി ആര്‍ തുടങ്ങിയ മഹാരഥന്മാരുമായുള്ള ആന്റണിയുടെ ഹൃദയബന്ധവും നാടകം ഹൃദ്യമായി രേഖപ്പെടുത്തുന്നു. മട്ടാഞ്ചേരി വെടിവയ്പിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന 'മട്ടാഞ്ചേരി മറക്കാമോ' എന്ന ഗാനസൃഷ്ടിയുടെ സന്ദര്‍ഭവും ആവേശംചോരാതെ പങ്കുവയ്ക്കപ്പെടുന്നു.

ആന്റണിയുടെ ജീവിതവും അതുമായി ഇഴചേര്‍ന്ന നാടകജീവിതവും ഒരേസമയം പങ്കുവയ്ക്കപ്പെടുന്ന സവിശേഷ ആഖ്യാനരീതിയും 'നിഷേധിയുടെ കാതലി'ന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്. പൊതുജീവിതത്തിനിടയില്‍ കുടുംബത്തെ പ്രയാസപ്പെടുത്തേണ്ടിവരുന്ന സോക്രട്ടീസിന്റെ ജീവിതവുമായി ഏറെ സാമ്യമാണ് ആന്റണിയുടെയും ജീവിതത്തിനുള്ളത്. ഇത് വ്യക്തമാക്കാന്‍ ആന്റണിയുടെതന്നെ 'സോക്രട്ടീസ്' എന്ന നാടകത്തെതന്നെയാണ് സഹീര്‍അലി ഉപയോഗിക്കുന്നത്. അതിലെ സോക്രട്ടീസിന്റെ ഭാര്യ താന്‍തന്നെയാണെന്ന് ആന്റണിയുടെ ഭാര്യ മേരിയും തിരിച്ചറിയുന്നു. നാടകം തന്നില്‍ സൃഷ്ടിച്ച വികാരവിചാരങ്ങള്‍ പങ്കുവയ്ക്കാന്‍ വാക്കുകളില്ല എന്നാണ് ആദ്യാവതരണത്തിന് സാക്ഷ്യംവഹിച്ച മേരി ആന്റണി വിങ്ങലോടെ പങ്കുവച്ചത്. ഇവരുടെ വാക്കുകളും പുസ്തകത്തില്‍ ആമുഖമായി ചേര്‍ത്തിട്ടുണ്ട്. നാടിന്റെയാകെ ആദരവിന് പാത്രമായ കലാകാരന് കമ്യൂണിസ്റ്റായതിന്റെ പേരില്‍ മരണശേഷം സ്വന്തം പ്രദേശത്തെ പള്ളിയില്‍നിന്ന് നേരിടേണ്ടിവരുന്ന അവഗണനയും ഇതില്‍ വരച്ചുകാട്ടപ്പെടുന്നു. ഒടുവില്‍ അടുത്തുള്ള പള്ളിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം അടക്കാനായത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top