ഉണ്ണി വലുതായി എങ്കിലും കുട്ടിക്കഥ പറഞ്ഞേ പറ്റൂ

ജിഷ അഭിനയ
Published on Apr 27, 2025, 12:00 AM | 3 min read
‘കെട്ടുകളെ കേട്ടിട്ടുണ്ടോ
പത്രക്കെട്ട് പഴക്കെട്ട്
ചാക്കിൻകെട്ട് തലേക്കെട്ട്
തുന്നിക്കെട്ട് തുണിക്കെട്ട്
വെള്ളക്കെട്ട് വെടിക്കെട്ട്
പഞ്ഞിക്കെട്ട് പണക്കെട്ട്
എന്നാലൊരു കൂട്ടിൻകെട്ട്
സൂക്ഷിക്കേണ്ടൊരു കെട്ടാണ്’
കെട്ട് പിണയാക്കെട്ടിന്റെ നുറുങ്ങു കവിത. ബാലസാഹിത്യകാരൻ ഉണ്ണി അമ്മയമ്പലം കുഞ്ഞെഴുത്തിനാൽ വലിയ ലോകം തുറക്കുകയാണ്. കുരുന്ന് ഹൃദയങ്ങളിലേക്ക് അക്ഷരവഴികൾ തീർത്ത് പുതുലോകം തീർക്കുന്നയാൾ. കുട്ടികൾക്കായി അമ്പത്തിനാലിലേറെ പുസ്തകങ്ങൾ എഴുതി. സയൻസ് ഫിക്‌ഷൻ, കഥ, നോവൽ, പഠനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലാണ് എഴുത്ത്. ഇപ്പോൾ മണിപ്പുരിനെക്കുറിച്ച് ‘മിടുക്കരായ ഇന്ത്യൻ കുട്ടികൾ ’ എന്ന പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്. ‘കലാപങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണ്. ഭാവിയിൽ ഇത് വായിക്കുന്ന കുഞ്ഞുങ്ങൾ ഇനി ഒരു യുദ്ധം പാടില്ലെന്ന് ഓർമിക്കുന്നു. മറ്റുള്ളവരുടെ കഥയാണ് പറയുന്നതെങ്കിലും ഇത് തന്റെകൂടിയാണല്ലോ എന്ന് ഒരു കുട്ടിയെങ്കിലും ചിന്തിച്ചാൽ സമൂഹത്തിൽ വലിയ മാറ്റം വരുത്താനാകും. എഴുത്തിലേക്ക് കടന്നു ചെല്ലുമ്പോൾ നമ്മുടെ മനസ്സ് പറയുന്നത് കുറിച്ചിടും. ആശയങ്ങളുടെ വിശാലമായ വഴികളിലൂടെ സഞ്ചരിക്കും. അതാണ് രചനാശൈലി. കാക്കയുടെയും പൂച്ചയുടെയും കഥ എഴുതുന്നതിനപ്പുറം നമ്മുടെ കുട്ടികൾ മാറി ചിന്തിക്കുന്നു എന്ന ബോധ്യവും നമുക്ക് വേണം. അതോടൊപ്പം നമ്മളും സ്വയമേ ഉയരേണ്ടതാണ്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാകണം ബാലസാഹിത്യകൃതികൾ’. അദ്ദേഹം പറഞ്ഞു. ഉണ്ണി സംസാരിക്കുന്നു.
ബാലസാഹിത്യം
കുട്ടികൾക്ക് വായനയിലൂടെ ഈ സമൂഹത്തിൽ വലിയ മാറ്റം ഉണ്ടാക്കാനാകും. കഥയിലും കവിതയിലുംകൂടിയാകുമ്പോൾ അത് കൂടുതൽ ഹൃദ്യമാകും. അതുകൊണ്ടാണ് ബാലസാഹിത്യരചന തെരഞ്ഞെടുത്തത്. അച്ഛനും അമ്മയും കൃഷിക്കാരായിരുന്നു. വീട്ടിൽ നിറയെ പശുക്കളും ആടുമുണ്ടായിരുന്നു. ഒരു സാധാരണ കുടുംബം. അവർ അഭ്യസ്‌തവിദ്യരായിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരിൽനിന്ന് അക്കാലങ്ങളിൽ കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. പാൽ വിറ്റുകിട്ടുന്ന പണംകൊണ്ടും കൃഷിയിൽനിന്നുള്ള വരുമാനംകൊണ്ടുമാണ് ജീവിച്ചത്. കുട്ടിക്കാലത്ത് സുഹൃത്ത് ഷാജി എന്ന ഷാജഹാനാണ് എന്റെ കഥകളെ തിരുത്തി എഴുതി തന്നത്. തുടർന്നും എഴുതാൻ എന്നെ പ്രോത്സാഹിപ്പിച്ചതും അദ്ദേഹമായിരുന്നു. ‘വരൂ കുട്ടികളെ ബാപ്പുജി വിളിക്കുന്നു’ എന്ന എന്റെ പുസ്‌തകത്തിന് അവതാരിക എഴുതിയതും അദ്ദേഹമാണ്. ഗാന്ധിജിയുടെ ജനനംമുതൽ മരണംവരെയുള്ള വിവരങ്ങൾ കുട്ടിക്കവിതയിലൂടെ അവതരിപ്പിച്ചു.
മഴ
‘മഴയത്ത്’ എന്ന പുസ്തകം എഴുതി. കവിത, നാടകം, കുറിപ്പ് എന്നിവ ഉൾക്കൊള്ളുന്നതാണ് പുസ്‌തകം. മരത്തിൽ പെയ്യുന്ന മഴ, കടലിൽ പെയ്യുന്ന മഴ, മഴപ്പാട്ടുകൾ എന്നിങ്ങനെ എത്ര വൈവിധ്യമായി മഴയെ കാണാമെന്നോ. പി ടി ഭാസ്‌കരപ്പണിക്കർ പുരസ്‌കാരം ഈ കൃതിക്ക് ലഭിച്ചു. ഒരിക്കൽ ഒരു കുട്ടി കത്തയച്ചു, മഴയിൽ അമ്മയെ നഷ്ടമായ ആ കുട്ടി ഈ പുസ്‌തകം വായിച്ച് ഏറെ കരഞ്ഞെന്ന്. അത്തരത്തിൽ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുരുന്നു കൈയക്ഷരങ്ങളിൽ വിരിയുന്ന ചിരിയും സങ്കടവും അത്ഭുതവുമെല്ലാം ആശ്ചര്യത്തോടെ നമുക്ക് വായിച്ചെടുക്കാനാകും. ‘വരൂ നമുക്ക് സൂര്യനെ തൊടാം’ എന്ന പുസ്തകവും ഏറെ ശ്രദ്ധേയമായിരുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള കൃതിയായിരുന്നു ഇത്.
കായൽ
‘കായൽ കഥകൾ’ എന്ന പേരിൽ പുസ്തകം എഴുതി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്. അശാസ്ത്രീയമായ കായൽ വികസനം, മത്സ്യ സമ്പത്തുകളുടെ സംരക്ഷണം തുടങ്ങി നിരവധി വിഷയങ്ങൾ ഇതിലുണ്ട്. കുട്ടികൾക്കുവേണ്ടി നോവൽ എഴുതാനാണ് താൽപ്പര്യം. ‘സർ ഐസക് ന്യൂട്ടൺ വളർത്തിയ കുട്ടിയുടെ കഥ’ ചിന്തയാണ് പ്രസിദ്ധീകരിച്ചത്. നമുക്കിടയിൽ എന്തിനാണ് മതിലുകളെന്ന ചോദ്യം ഉണർത്തുകയാണിത്. ഒടുവിൽ ബോധ്യമാകുന്നു നമ്മുടെ മനസ്സിലെ വലിയവൻ ചെറിയവൻ എന്ന ബോധം, ജാതീയത, വർഗീയത എന്നിവയെ വേർതിരിവോടെ കാണാൻ കുട്ടികൾക്കാകുന്നു. ആദ്യകാല സ്വാതന്ത്ര്യസമര പോരാളികളെക്കുറിച്ചും പുസ്‌തകം എഴുതി. 22 ആദിവാസികളുടെ ജീവചരിത്രം ഇതിൽ എഴുതിയിട്ടുണ്ട്. ‘സൂക്ഷ്മജീവി സൂപ്പർജീവി’ എന്ന പുസ്തകം കോടിക്കണക്കിനു സൂക്ഷ്മജീവികൾ നശിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്നും സൂചിപ്പിക്കുന്നു.
നന്നായി ചിന്തിക്കാം
മലയാളത്തിൽ നല്ല പുസ്തകങ്ങൾ ഇറങ്ങുന്നുണ്ട്. എന്നാൽ, വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. ബാലസാഹിത്യം എന്ന പേരിൽ ഇറങ്ങുന്നതെല്ലാം ബാലിശ സാഹിത്യമായി മാറുന്നതുകൊണ്ടായിരിക്കാം. പ്രൊഫ. എസ് ശിവദാസ്, പ്രിയ എ എസ്, ഡോ. കെ ശ്രീകുമാർ തുടങ്ങിയവരുടെ എഴുത്തുകൾ, പരിഷത്തിന്റെ ചില പുസ്തകങ്ങൾ എന്നിവ ഏറെ ഇഷ്ടം. വ്യത്യസ്തതയുള്ള മികച്ച ബാലസാഹിത്യകൃതികൾ വിരലിൽ എണ്ണാവുന്നതുണ്ട്. പക്ഷേ, ആ കൃതികൾ അത്രയ്ക്ക് ശ്രദ്ധിക്കപ്പെടുന്നില്ല. അത്തരം കൃതികൾ രക്ഷാകർത്താക്കളും അധ്യാപകരും കുട്ടികൾക്ക് വായിക്കാൻ ലഭ്യമാക്കണം. കുട്ടിക്കാലത്തുതന്നെ വായനയുടെ നാമ്പ് പകരാൻ നമുക്കാകണം.
എഴുത്ത്
തളിർ, യുറീക്ക, ബാലഭൂമി, കളിക്കുടുക്ക, ബാലരമ, മിന്നാമിന്നി തുടങ്ങിയവയിൽ മുന്നൂറോളം രചനകൾ പ്രസിദ്ധീകരിച്ചു. ദീപിക, മാധ്യമം പത്രം എന്നിവയിൽ കുട്ടികൾക്കുവേണ്ടി -2008 മുതൽ 2018 വരെ വിവിധ കോളങ്ങൾ എഴുതി. മഴയത്ത്, ആകാശ വിളക്ക്, അക്ഷരവിദ്യ, യേശു മാമൻ, അപ്പാച്ചി മടയിലെ അപ്പൂപ്പൻ താടികൾ, വെണ്ണിലാവിന്റെ കരച്ചിൽ, സൂപ്പർ ഹീറോ അല്ലു, കുട്ടികളെ കൂടുതൽ മിടുക്കരാക്കാം, പരീക്ഷ നമ്മുടെ ചങ്ങാതി, നമുക്ക് നല്ല അധ്യാപകരാകാം, കൊച്ചു ഗാന്ധി, രാമായണ ചൊല്ലുകൾ കുട്ടികൾക്ക്, ശാസ്ത്ര ലേഖനങ്ങൾ കുട്ടികൾക്ക്, എഴുത്തച്ഛന്റെ മണി തത്ത (നാടകം) എന്നിങ്ങനെ 54 പുസ്‌തകം എഴുതി. അമ്പതോളം സ്കൂളുകളിൽ, വിദ്യാരംഗം സാഹിത്യവേദി ക്യാമ്പുകളിൽ ഒക്കെ പങ്കെടുത്തു. കുട്ടികൾക്കുവേണ്ടിയും അധ്യാപകർക്കുവേണ്ടിയും ക്ലാസുകൾ എടുത്തിട്ടുണ്ട്.
പുരസ്‌കാരം
2024ൽ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരത്തിന് അർഹനായി. ‘അൽഗോരിതങ്ങളുടെ നാട്’ എന്ന് നോവലിനായിരുന്നു പുരസ്കാരം. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം മൂന്നു തവണ ലഭിച്ചു. കേരള ഗവൺമെന്റ് എനർജി കൺസർവേഷൻ സൊസൈറ്റി അവാർഡ്, പൊതു വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാരംഗം പുരസ്‌കാരം, പാലാ കെ എം മാത്യു ഫൗണ്ടേഷൻ അവാർഡ്, പി എൻ പണിക്കർ ഫൗണ്ടേഷൻ അവാർഡ്, അധ്യാപക കലാവേദി അവാർഡ്, ഹാബിറ്റാറ്റ് പുരസ്‌കാരം, കേരള യൂണിവേഴ്സിറ്റി പോയട്രി ഗാർഡൻസ് പുരസ്‌കാരം, ശ്രീനാരായണ സ്റ്റഡി സർക്കിൾ പുരസ്‌കാരം, പി ടി പണിക്കർ സ്മാരക ബാലസാഹിത്യ പുരസ്‌കാരം തുടങ്ങിയവയാണ് പ്രധാന പുരസ്‌കാരങ്ങൾ.
വീടും നാടും
തിരുവനന്തപുരം അമ്മയമ്പലം സ്വദേശിയാണ്. കേന്ദ്ര ഗവൺമെന്റ് പ്രോജക്ടായ ചൈൽഡ് ലൈനിന്റെ തിരുവനന്തപുരം കോ–- ഓർഡിനേറ്ററായിരുന്നു. കോട്ടയം മാന്നാനം കെഇഎച്ച്എസ് സ്കൂൾ, എറണാകുളം ഗ്ലോബൽ പബ്ലിക് സ്കൂൾ, തൊടുപുഴ വില്ലേജ് ഇന്റർനാഷണൽ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. മലയാളം മിഷനിൽ ഭാഷാ അധ്യാപകനുമായിരുന്നു. നിലവിൽ തിരുവനന്തപുരം എംജിഎം സ്കൂളിൽ മലയാളം അധ്യാപകനായി ജോലി ചെയ്യുന്നു. മകൻ അർപ്പിത് രണ്ടു പുസ്തകം എഴുതിയിട്ടുണ്ട്.









0 comments