ad
Deshabhimani

മുസാഫര്‍നഗര്‍ കലാപത്തെ അധികരിച്ചുള്ള ജോ സാക്കോയുടെ ഗ്രാഫിക് നോവൽ ഇന്ത്യയിൽ വിൽക്കാനില്ലെന്ന് പെൻഗ്വിൻ

joe sacco
വെബ് ഡെസ്ക്

Published on Jun 06, 2026, 04:41 PM | 2 min read

പ്രമുഖ ഗ്രാഫിക് നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ ജോ സാക്കോയുടെ ഏറ്റവും പുതിയ പുസ്തകം 'ദി വൺസ് ആൻഡ് ഫ്യൂച്ചർ റയട്ട്' (The Once and Future Riot) ഇന്ത്യയിൽ വിതരണം ചെയ്യില്ലെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ. 2013-ൽ ഉത്തർപ്രദേശിലെ മുസാഫർനഗറിലുണ്ടായ വർഗീയ കലാപത്തെ അധികരിച്ചുള്ളതാണ് ഈ ഗ്രാഫിക് നോവൽ.


ലണ്ടനിലെ പെൻഗ്വിൻ യുകെ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഈ പുസ്തകം ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇന്ത്യയിലെ പ്രാദേശിക നിയമങ്ങൾ, നിയന്ത്രണങ്ങൾ, വിപണി സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്താണ് പുസ്തകത്തിന്റെ വിതരണം വേണ്ടെന്നുവെക്കാൻ തീരുമാനിച്ചതെന്ന് പെൻഗ്വിൻ വ്യക്തമാക്കുന്നു.


കോമിക്സ് ജേണലിസം എന്ന മാധ്യമ ശാഖയ്ക്ക് ആഗോളതലത്തിൽ വലിയ ജനപ്രീതി നേടിക്കൊടുത്ത എഴുത്തുകാരനാണ് ജോ സാക്കോ (Joe Sacco). പാലസ്തീൻ, ഗാസ, ബാൾക്കൻ മേഖലകളിലെ സംഘർഷങ്ങൾ എന്നിവയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ മുൻകാല ഗ്രാഫിക് നോവലുകൾ ലോകമെമ്പാടും ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്.


2013 സെപ്റ്റംബറിൽ ഉത്തർപ്രദേശിലെ മുസാഫർനഗറിലുണ്ടായ ദാരുണമായ വർഗീയ കലാപമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. അറുപതിലധികം പേരുടെ ജീവനപഹരിക്കുകയും നാൽപ്പതിനായിരത്തിലധികം ആളുകളെ അഭയാർത്ഥികളാക്കുകയും ചെയ്ത കലാപമാണിത്. 2014-ൽ ജോ സാക്കോ യു പിയിലെത്തി കലാപബാധിതരും രാഷ്ട്രീയ നേതാക്കളും ഗ്രാമീണരുമായി നേരിട്ട് സംസാരിച്ച് തയ്യാറാക്കിയതാണ് ഈ കൃതി. സാധാരണക്കാരായ മനുഷ്യർക്കിടയിൽ രാഷ്ട്രീയ ലാഭങ്ങൾക്കായി എങ്ങനെയാണ് വർഗീയതയും അക്രമവും കുത്തിവെച്ചത് എന്നും അവരെ എങ്ങനെ അക്രമത്തിലേക്കും ഇരകളുടെ ദാരുണതകളിലേക്കും എത്തിച്ചു എന്നും പുസ്തകം ദൃശ്യങ്ങളിലൂടെ വിശദമാക്കി കാണിക്കുന്നു.


ഔദ്യോഗികമായി ഇന്ത്യയിലെ പ്രമുഖ പുസ്തകശാലകളിലോ പെൻഗ്വിൻ വഴിയോ ഈ പുസ്തകം ലഭ്യമാകില്ലെങ്കിലും വിദേശത്തുനിന്നും നേരിട്ട് പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്ന ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും സ്വതന്ത്ര ബുക്ക് സ്റ്റാളുകളിലും പുസ്തകത്തിന്റെ കോപ്പികൾ എത്തിയിരുന്നു.


2014-ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, വോട്ട് ബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയ പാർട്ടികൾ എങ്ങനെയാണ് ജനങ്ങളെ ഭിന്നിപ്പിച്ചത് എന്നതിന്റെ കൃത്യമായ രാഷ്ട്രീയ വിമർശനം പുസ്തകം മുന്നോട്ടുവെക്കുന്നുണ്ട്. കേവലമായ കണക്കുകളോ രാഷ്ട്രീയക്കാരുടെ പ്രസ്താവനകളോ മാത്രമല്ല ഇതിലുള്ളത്. കലാപത്തിൽ വീട് നഷ്ടപ്പെട്ടവർ, അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവർ, ഗ്രാമത്തലവന്മാർ, പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർ എന്നിവരെ സച്ചോ നേരിട്ട് കണ്ട് സംസാരിച്ച കാര്യങ്ങളാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിൽ ചേര്‍ത്തിട്ടുള്ള ചില മാപ്പുകൾ ഇന്ത്യൻ പക്ഷത്തുനിന്നുള്ളതല്ലെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. ഇതും പെൻഗ്വിന്റെ പിൻവാങ്ങലിന് കാരണമായി കരുതുന്നു.


joe sacco drawings


ജോ സാക്കോ രചനാ ശൈലി


ജോ സാക്കോയുടെ ചിത്രരചനാ ശൈലി ലോകപ്രശസ്തമാണ്. ഇതിനെ 'കോമിക്സ് ജേണലിസം' എന്നാണ് വിളിക്കുന്നത്. സാധാരണ കാർട്ടൂണുകളിൽ കാണുന്ന ലളിതമായ വരകളല്ല അദ്ദേഹത്തിന്റേത്. പുസ്തകം പൂർണ്ണമായും കറുപ്പും വെളുപ്പും നിറങ്ങളിലാണ് വരച്ചിരിക്കുന്നത്. ഇത് വായനക്കാരനിൽ ഒരു ഡോക്യുമെന്ററി കാണുന്നതുപോലുള്ള ഗൗരവമേറിയ അന്തരീക്ഷം സൃഷ്ടിക്കുന്നു. മുഖഭാവങ്ങൾ, വസ്ത്രങ്ങൾ, തകർന്ന വീടുകൾ, അഭയാർത്ഥി ക്യാമ്പുകളിലെ ദയനീയാവസ്ഥ എന്നിവ വളരെ സൂക്ഷ്മമായി വരച്ചിരിക്കുന്നു. മനുഷ്യരുടെ മുഖത്തെ ഭയവും സങ്കടവും വായനക്കാരിലേക്ക് നേരിട്ട് എത്തിക്കാൻ ഈ ശൈലിക്ക് കഴിയുന്നു.


സാക്കോ തന്നെ ഒരു കഥാപാത്രമായി തന്റെ തൊഴിലിന്റെ ഭാഗമായ ഒരു പത്രപ്രവർത്തകനായി ചിത്രങ്ങളിൽ വരുന്നുണ്ട്. അദ്ദേഹം ആളുകളോട് ചോദിക്കുന്ന ചോദ്യങ്ങളും, അവർ നൽകുന്ന മറുപടികളും ചിത്രങ്ങളുടെ കൂടെ 'ടെക്സ്റ്റ് ബോക്സുകളായി' നൽകിയിരിക്കുന്നു. ഓരോ പേജിലെയും ചിത്രങ്ങളുടെ ക്രമീകരണം ഒരു സിനിമ കാണുന്നതുപോലെയാണ്. ചിലപ്പോൾ വലിയൊരു പേജ് മുഴുവൻ കലാപത്തിന്റെ ഭീകരത കാണിക്കുന്ന ഒറ്റ ചിത്രമായിരിക്കും. വായിച്ചുപോകുമ്പോൾ വായനക്കാരനെ ഞെട്ടിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഡോക്യുമെന്ററി ശൈലിയാണ് ഇതിന്റേത്.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home