കുക്കറിൽ ചോറിനൊപ്പം കഞ്ചാവ്; 'വിസിൽ' അടിച്ചപ്പോൾ മണം പുറത്തുവന്നു, പ്രതി പിടിയിൽ

തൃശൂർ: കുന്നംകുളത്ത് പ്രഷർ കുക്കറിനുള്ളിൽ ഒളിപ്പിച്ച 400 ഗ്രാം കഞ്ചാവ് പിടികൂടി. അടുപ്പൂട്ടി സ്വദേശിയായ ബിനീഷ് (40) എന്നയാളെയാണ് കുന്നംകുളം പൊലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. 'ഓപ്പറേഷൻ തൂഫാൻ' (Operation Toofan) പരിശോധനയുടെ ഭാഗമായാണ് നടപടി.
ശനിയാഴ്ച രാവിലെ കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് ബിനീഷിന്റെ വീട്ടിൽ കഞ്ചാവുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും ഗുരുവായൂർ ഡാൻസാഫ് സംഘവും വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. എന്നാൽ ആദ്യഘട്ടത്തിൽ വീടിനുള്ളിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. തുടർന്ന് അടുക്കളയിൽ പരിശോധന നടത്തുന്നതിനിടെയാണ് അടുപ്പത്തിരുന്ന പ്രഷർ കുക്കർ വിസിലടിച്ചത്. കഞ്ചാവിന്റെ മണം പുറത്തേക്ക് വന്നതോടെ പൊലീസിന് സംശയമായി.
അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന ചോറിനടിയിൽ പ്ലാസ്റ്റിക് പാക്കറ്റിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു 400 ഗ്രാം കഞ്ചാവ്. ചോറ് വേവിക്കുന്നതിനൊപ്പം കഞ്ചാവ് പാക്കറ്റും ഉള്ളിലിട്ട് ഒളിപ്പിക്കാനായിരുന്നു പ്രതിയുടെ ശ്രമം. നേരത്തെയും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബിനീഷ് പ്രദേശത്തെ സ്ഥിരം കുറ്റവാളിയാണ്. മുൻപ് എക്സൈസ് ഇൻസ്പെക്ടർക്കും സംഘത്തിനും നേരെ കത്തിവീശിയ കേസ് ഉൾപ്പെടെ മറ്റ് രണ്ട് കേസുകൾ കൂടി നിലവിൽ ഇയാൾക്കെതിരെയുണ്ട്.










0 comments