28 March Tuesday

ഇരട്ട ജീവചരിത്രമായി ദി വേ ടു പാരഡൈസ്

സുനി സി സുകുUpdated: Saturday Oct 29, 2016

ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹിക്കുന്ന പ്രശസ്തിയോ അംഗീകാരമോ ലഭിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ഒരാളാണ്‌ ഫ്രഞ്ച് പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രകാരനും ശില്പിയുമായ പോള്‍ ഗോഗിന്‍. സിംബോളിക് മൂവ്മെന്റിന്റെ  മുഖ്യ ഉപജ്ഞാതാക്കളില്‍ ഒരാളായ ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്ക് മരണശേഷമാണ് അംഗീകാരങ്ങള്‍  ലഭിച്ചത്. പോളിന്റെ മുത്തശ്ശിയായിരുന്ന  ഫ്ലോറ ട്രിസ്റ്റന്‍ ഫ്രഞ്ച് ട്രേഡ് യൂണിയന്‍ നേതാവും ഫെമിസിസ്‌റ് മുന്നേറ്റത്തിന്റെ ആദ്യകാല പ്രവര്‍ത്തകയുമായിരുന്നു എന്നത് കൗതുകകരമാണ്.

2010 ലെ നോബല്‍ സമ്മാന ജേതാവായ പെറുവിയന്‍ നോവലിസ്റ്റ് മാരിയോ വര്‍ഗാസ് യോസയുടെ പ്രസ്തമായ "ദി വേ ടു പാരഡൈസ്" എന്ന നോവല്‍ രണ്ടു കാലഘട്ടങ്ങളിലെ ഇരുവരുടെയും ജീവിതത്തിലെ സമാനതകള്‍ അനാവരണം ചെയ്തുകൊണ്ടുള്ള ഒരു ജീവചരിത്ര കുറിപ്പ് കൂടിയാണ്. ആ അര്‍ത്ഥത്തില്‍ ഈ നോവലിനെ  ഒരു ഇരട്ട ജീവചരിത്രം എന്ന് കൂടി വേണമെങ്കില്‍ പറയാവുന്നതാണ്.

യഥാര്‍ത്ഥത്തില്‍ ദി വേ ടു പാരഡൈസ് എന്നത് സ്പാനിഷ് ഭാഷയില്‍ നമ്മുടെ ഒളിച്ചു കളി പോലുള്ള ഒരുതരം കളിയാണ്. നോവലില്‍ ഇടവിട്ട് വരുന്ന അദ്ധ്യായങ്ങളിലായി ഫ്ലോറ  ട്രിസ്റ്റന്റെയും പോള്‍ ഗോഗിന്റെയും ജീവിതം വരുന്നുണ്ടെങ്കിലും ഇവര്‍ ജീവിതത്തില്‍ പരസ്പരം കണ്ടിട്ടില്ല. പോള്‍ ജനിക്കുന്നതിനു മുമ്പ് തന്നെ ഫ്ലോറ ട്രിസ്റ്റന്‍ മരിച്ചിരുന്നു.

1844 ല്‍ ഫ്ലോറയുടെ യൗവ്വനകാലത്ത'ഫ്ലോറിറ്റ,ഇന്ന് മുതല്‍ നീ ലോകം മാറ്റി മറിക്കാന്‍ പോകുന്നു' എന്ന ആത്മഗതത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ഒരു ധനികന്റെ അവിഹിത സന്തതിയായ ഫ്ലോറ ഒരു പ്രസ് ജീവനക്കാരിയാണ്. ദാരിദ്യ്രത്തിന്റെയും അവജ്ഞയുടെയും പരിഹാസത്തിന്റെയും മടുപ്പിക്കുന്ന അന്തരീക്ഷം. പ്രസ് ഉടമയാകട്ടെ തീര്‍ത്തും മദ്യപാനിയും സിഫിലിസ് രോഗിയും സര്‍വോപരി സ്‌ത്രീകളോട് അന്തസില്ലാതെ പെരുമാറുന്നവനുമായ ഒരു ദുഷ്ടനും. കടുത്ത ദാരിദ്ര്യം ഫ്ലോറയെ ഇയാളുടെ ഭാര്യയാക്കുന്നു.

എന്നാല്‍ പിന്നീട് ഇവയെല്ലാം വിട്ട് ട്രേഡ് യൂണിയന്‍ സംഘാടനവുമായി ബന്ധപ്പെട്ട് ഫ്രാന്‍സ് ആകെ സഞ്ചരിക്കുന്ന ഫ്‌ലോറയെ ആണ് നാം കാണുന്നത്. കത്തോലിക്കാ സഭയുടെയും ഭരണകൂടത്തിന്റെയും സകലവിധ എതിര്‍പ്പുകള്‍ക്കിടയിലും ഫ്ലോറ തന്റെ ലക്ഷ്യത്തിനായി പോരാടുകയാണ്.

ഫ്ലോറ തന്റെ കുടുംബം ഉപേക്ഷിച്ച് ട്രേഡ് യൂണിയന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പോകുമ്പോള്‍ ഗോഗിനാകട്ടെ ഫ്രാന്‍സിലെ തന്റെ കുടുംബവും സൗഭാഗ്യങ്ങളും ഉപേക്ഷിക്കുന്നത് ചിത്ര രചനക്കായുള്ള യഥാര്‍ത്ഥ പരിസരവും പ്രചോദനവും തേടിയാണ്. ഫ്രഞ്ച് പോളിനേഷ്യയിലെ താഹിതിയില്‍  മതായിയാ എന്ന ചെറുപട്ടണത്തിലാണ്  ചിത്രകാരന്‍ എത്തിപ്പെടുന്നത്. പല വിധ ജോലികളിലും ഈ കാലഘട്ടത്തില്‍ അദ്ദേഹം ഏര്‍പ്പെടുന്നുണ്ട്. പല വിധ സ്ത്രീ ബന്ധങ്ങളിലും. എന്നാല്‍ താഹിതിയിലെ അനുഭവങ്ങളെ നേരില്‍ പകര്‍ത്തുകയല്ല, ആ ജീവിതത്തിലെ മടുപ്പുകളെയാണ് ഗോഗിന് തന്റെ ചിത്രങ്ങളില്‍ വരച്ചു ചേര്‍ത്തത്.തന്റെ പ്രസിദ്ധമായ 'മനോവ തുപാപ്പാവു' ((Spirit of the Dead Watching) എന്ന ചിത്രം ഇവിടെ വച്ചാണ് അദ്ദേഹം വരയ്ക്കുന്നത്.

ഫ്ലോറ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു ആന്റി ബൂര്‍ഷ്വ ദേശീയഗാനം കംപോസ് ചെയ്യുന്നു. ഇത്  തന്റെ ഭര്‍ത്താവിന്റെ ഹീനമായ ഇടപെടലുകള്‍ മൂലം അവര്‍ക്ക്  പെറുവിലേക്ക് ഒളിച്ചു പോരേണ്ടി വന്നു.

രണ്ടു കാലഘട്ടങ്ങളിലായാണ് ഫ്ലോറയും ഗോഗിനും ജീവിച്ചതെങ്കിലും സമാന്തരമായ സമാനതകള്‍ ഇരുവരുടെയും ജീവിതത്തില്‍ കാണാം. ഇരുവരും ജന്മദേശമായ ഫ്രാന്‍സ് ഉപേക്ഷിക്കുകയാണ്. തന്റെ ഭര്‍ത്താവില്‍ നിന്നേറ്റ ഒരു വെടിയുണ്ടയുമായാണ് ഫ്ലോറ ട്രിസ്റ്റാന്‍ ജീവിച്ചതെങ്കില്‍, സിഫിലിസ് രോഗ ബാധിതനായാണ് ഗോഗിന്‍ ജീവിക്കുന്നത്.ഫ്ലോറ പുതിയ ലോകം എന്ന ആശയത്തില്‍ വിശ്വസിച്ചിരുന്നു. മുഴുവന്‍ അമേരിക്കയും (വടക്കും തെക്കും ഉള്‍പ്പെടെ) ഭാവിയുടെ ഈറ്റില്ലമായാണ് അവര്‍ കരുതിയത്.എന്നാല്‍ പെറു  മറ്റു രാജ്യങ്ങളെക്കാള്‍ സാംസാരികമായി ഉയര്ന്നു നില്‍ക്കുന്നുവെന്നും അവര്‍ വിശ്വസിച്ചു. കൊളോണിയല്‍ ഭരണ അനുഭവങ്ങള്‍ ശിഥിലമാക്കിയ ജീവിതാനുഭവങ്ങള്‍ ഉള്ള ഗോഗിന്‍ തന്റെ  പുതു ലോകം അദ്ദേഹത്തിന്റെ ഭാവനാ സാമ്രാജ്യത്തിലൂടെയാണ് പടുത്തുയര്‍ത്താന്‍ ശ്രമിച്ചത്.

ചിത്രകലയിലെ തനതു ശൈലിയില്‍ നിന്ന് മാറിയുള്ള വേറിട്ട സുന്ദര്യാത്മകതയാണ് ഗോഗിന്‍ സ്വീകരിച്ചത്. അതേക്കുറിച്ച് ഗോഗിന്‍ തന്റെ വളരെ കുറച്ചു മാത്രമുള്ള സുഹൃത്തുക്കളില്‍ ഒരാളായ പാസ്ടരോട് ചോദിക്കുന്നു : 'ജീവിതം എന്നാല്‍ പരിചിതമല്ലാത്ത എന്തിന്റെയോ സൗന്ദര്യമല്ലേ പാസ്റ്റര്‍ ?' തങ്ങളുടെ ജീവിതകാലത്തു പരിമിതമായ പ്രശസ്തിയില്‍ ജീവിച്ചുവെങ്കിലും അര്‍ഹിച്ച അംഗീകാരം മരിക്കുന്നതു വരെ ഈ പ്രതിഭകള്‍ക്ക് ലഭിച്ചില്ല.

പോള്‍ ഗോഗിന്‍ന്റെ കലാ ജീവിധം ആരംഭിച്ചത് പെറുവില്‍ നിന്നായിരുന്നു. മാറിയോ വര്‍ഗാസ് യോസ എന്ന പെറുവിയന്‍ എഴുത്തുകാരനെ ഈ ജീവിതം സ്വാധീനിച്ചതില്‍ അത്ഭുതമില്ല.ഈ നോവലില്‍ യോസയിലെ എഴുത്തുകാരനെക്കാള്‍ നമ്മള്‍ കാണുന്നത് ഗോഗിന് എന്ന ചിത്രകാരനെ തന്നെയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top